മ്യാ ഫ്രേസിയര്‍
സാമ്പത്തിക നേട്ടമുള്ള, നിരുപദ്രവമെന്നു തോന്നിക്കുന്ന കാര്യങ്ങളില്‍ മാത്രമായിരുന്നു ഇതുവരെ ഗൂഗിള്‍ ഇടപെട്ടിരുന്നത്: ഉദ്ധാരണക്കുറവിനുള്ള മരുന്നുകളുടെ പരസ്യങ്ങള്‍ എവിടെ കൊടുക്കണം, അമേരിക്കയിലെ സ്പോര്‍ട്സ് ബാറുകള്‍ എവിടെയൊക്കെയാണ്, ആഗോള തിരച്ചിലിന്റെ കുത്തക നിലനിര്‍ത്താനായി എന്തൊക്കെ സൌജന്യ സൌകര്യങ്ങള്‍ തുടങ്ങി പലകാര്യങ്ങളിലുമായിരുന്നു ഗൂഗിളിനു താല്പര്യം. എന്നാല്‍ അതില്‍നിന്നെല്ലാം ഗൂഗിള്‍ വളരെയേറെ മാറിയിരിക്കുന്നു.
അടുത്തകാലത്തായി രാജ്യതാല്‍പര്യങ്ങളില്‍ വരെ ഇടപെടാന്‍ ഗൂഗിള്‍ തുടങ്ങിയത് ശ്രദ്ധിക്കുക. രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് കുത്തകവിരുദ്ധനിയമം ഗൂഗിളിനെതിരെ പ്രയോഗിക്കാന്‍ ആലോചനകള്‍ തുടങ്ങിയപ്പോഴാണ് ഗൂഗിള്‍ സുരക്ഷാ പ്രശ്നം പോലുള്ള മേഖലകളില്‍ വരെ ഇടപെടാന്‍ തുടങ്ങിയത്. ഇന്ന് രാജ്യാന്തര കാര്യങ്ങളിലിടപെടുന്ന ഏറ്റവും സ്വാധീനമുള്ള സര്‍ക്കാരിതര പ്രസ്ഥാനം ഗൂഗിളാണെന്ന് നിസ്സംശയമായും പറയാം. ദേശരാഷ്ട്രങ്ങളുടെ പരിപൂര്‍ണ അധികാര പരിധിയിലുള്ള സുരക്ഷാമേഖലയില്‍ ഗൂഗിള്‍ നടത്തുന്ന ഇടപെടലുകള്‍ അതാണ് സൂചിപ്പിക്കുന്നത്. ഗൂഗിള്‍ ഇടപെടുന്ന മേഖലകള്‍ നിരവധിയാണ്. അവര്‍ ആയുധ ഇടപാടുകളുടെ വിശദാംശങ്ങളെ പിന്തുടരുന്നു; വരാന്‍ പോകുന്ന പ്രകൃതിക്ഷോഭങ്ങളെപ്പറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാനുള്ള യന്ത്രസംവിധാനങ്ങള്‍ കോടികള്‍ മുടക്കി സ്ഥാപിക്കുന്നു; ഫ്ളൂവിന്റെ സംക്രമണത്തെ നിരീക്ഷിക്കാനുള്ള സംവിധനങ്ങള്‍ ചെയ്യുന്നു; ഒപ്പം ആഗോളതലത്തില്‍ അമേരിക്കയുടെ താല്പര്യ സംരക്ഷകരായി അവരുടെ സെന്‍സര്‍ ജോലിയും ചെയ്യുന്നു. ഇതിനും പുറമെ, ലോകത്തിലെ ഏറ്റവും വലിയ സുരക്ഷാപ്രശനമായ അതിര്‍ത്തി തര്‍ക്കത്തില്‍വരെ ഗൂഗിള്‍ ഇടപെടുന്നു. ഉദാഹരണമായി, ബ്രസീലിയന്‍ ആമസോണ്‍ വനങ്ങളില്‍ നടക്കുന്ന കടന്നുകയറ്റങ്ങളുടെ തെളിവുണ്ടാക്കാന്‍ ആദിവാസിവിഭാഗങ്ങള്‍ക്ക് ഗൂഗിള്‍ എര്‍ത്തിന്റ്റെ സഹായം കൊടുക്കുകയുണ്ടായി.
സര്‍ക്കാര്‍ വകുപ്പിന്റെ എതിര്‍പ്പിനെ മറികടന്നാണ് ഗൂഗിളിന്റെ എക്സിക്യുട്ടീവ് ചെയര്‍മാന്‍ എറിക് ഷിമിഡ് (Eric Schmidt) നോര്‍ത്ത് കൊറിയ സന്ദര്‍ശിച്ചത്. ഇന്റര്‍നെറ്റ് സംവിധാനങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനെ അനുവദിച്ചുകൂടാ എന്നാണ് അദ്ദേഹം മ്യാന്മാറില്‍വെച്ചു നടത്തിയ ഒരു പ്രസംഗത്തില്‍ പറഞ്ഞത്. (അറിഞ്ഞിരിക്കേണ്ട മറ്റൊരു രഹസ്യം ഷിമിഡാണ് The New American Foundation Board-ന്റ്റെ ചെയര്‍മാന്‍ എന്നതാണ്).
ഗൂഗിള്‍ ലോകവ്യാപകമായി അവരുടെ അധികാരം സാങ്കേതികവിദ്യയുടെ മേഖലയില്‍ വ്യാപിപ്പിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ഗൂഗിളിനെ നിയന്ത്രിക്കാന്‍ പറ്റുമോ എന്നതിനേക്കാള്‍ ഗൂഗിളുമായി മത്സരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പറ്റുമോ എന്ന ചോദ്യമാണ് പ്രധാനം. ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ സാധ്യമല്ലാത്ത തരത്തില്‍ ഗൂഗിള്‍ ഇപ്പോള്‍ ശക്തരാണ്. ഇക്കഴിഞ്ഞ ജനുവരിയിലാണ് യുഎസ്സ് കുത്തകവിരുദ്ധ അന്വേഷണ നടപടികള്‍ക്കെതിരെ ഗൂഗിള്‍ വിജയംവരിച്ചത്. രണ്ടുവര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ യൂറോപ്യന്‍ നിയന്ത്രണസംവിധാനങ്ങളുമായി ഗൂഗിള്‍ ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തു.
Google idea-യെന്ന അവരുടെ “think / do tank”ന്റ്റെ പേരിലാണ് രാജ്യഭരണകാര്യങ്ങളില്‍ ഗൂഗിള്‍ ഏറ്റവും സ്പഷ്ടമായി ഇടപെടല്‍ നടത്തുന്നത്. ഗൂഗിള്‍ ഐഡിയ തുടങ്ങാന്‍ വേണ്ടിയാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റ്റെ ഡിജിറ്റല്‍ നയതന്ത്രമേഖലയിലെ ഉദയതാരം എന്ന് പേരെടുത്ത ജറെദ് കോഹന്‍ (Jared Cohen) 2010 ഒക്ടോബര്‍ മാസത്തില്‍ ഗൂഗിളില്‍ ചേര്‍ന്നിരുന്നു. തീവ്രനിലപാടുകളെ എതിര്‍ക്കേണ്ടതിന്റ്റെ ആവശ്യകത, മാഫിയകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനം, നിലവിലുള്ള രാജ്യഭരണ സംവിധാനങ്ങളുടെ ദുര്‍ബലത എന്നീ ത്രയാനുമാനങ്ങളുടെ മുകളിലാണ് ഗൂഗിള്‍ ഐഡിയയുടെ തുടക്കം. ഗൂഗിള്‍ അവരുടെ ഈ ഘടകംവഴി ഭരണസ്ഥാപനങ്ങളുമായി ചേര്‍ന്ന് മയക്കുമരുന്ന് കള്ളക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയ നിയമവിരുദ്ധകൂട്ടുകെട്ടുകളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. മാത്രമല്ല, യുഎസ് സര്‍ക്കാരിന്റെ വാര്‍ത്താവിതരണവിഭാഗമായ Voice of America-യുമായി ചേര്‍ന്ന് സോമാലിയയില്‍ ഫോണ്‍വഴിയുള്ള ഭരണഘടനാ വിശകലനം നടത്തുകയും ചെയ്തിരുന്നു.
കാലങ്ങളായി അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രധാന സംരംഭമായ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ വരെ ഗൂഗിള്‍ ഇടപെടാന്‍ തുടങ്ങി. ഇന്തോനേഷ്യയില്‍ നിന്നുള്ള ഒരു മുന്‍ ജിഹാദിക്കും സ്വീഡനില്‍ നിന്നുള്ള ഒരു നിയോ നാസിയും സോമാലിയയില്‍ പതിനഞ്ചുവര്‍ഷമായി ശത്രുക്കള്‍ പിടിച്ചു വെച്ചിരുന്ന ഒരു കാനഡക്കാരനും തമ്മിലെന്തു വ്യത്യാസമാണെന്നാണ് ജറെദ് കോഹെന്‍ ചോദിക്കുന്നത്. പരസ്യങ്ങളില്‍ നിന്നുള്ള ലാഭാമാല്ലാതെ ചിലത് ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക് ഗൂഗിള്‍ ഐഡിയ തുടങ്ങിവെച്ചു. ഇതില്‍ അംഗങ്ങള്‍ ആയതാവട്ടെ മതതീവ്രവാദികള്‍, വലതുപക്ഷദേശീയവാദികള്‍, ഫാസിസ്റ്റുകള്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്നവരായിരുന്നു; ഒപ്പം തീവ്രവാദത്തിന്റെ ഇരകളും. തീവ്രവാദത്തിനെതിരെയുള്ള ഈ നെറ്റ്വര്‍ക്കില്‍ ചര്‍ച്ചകള്‍ നടക്കുക ആഗോള തലത്തിലാണ്. ടെററിസ്റ്റുകളുടെ ഫേസ്ബുക്ക് എന്നാണു ഈ നെറ്റ്വര്‍ക്കിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. അമേരിക്കയുടെ ഫോറിന്‍ പോളിസി തീരുമാനിക്കുന്ന ഉപരിവര്‍ഗ്ഗത്തിനിടയില്‍ മറ്റേതൊരു ഗവണ്മെന്റിനെക്കാളും എളുപ്പത്തില്‍ സ്വാധീനം ചെലുത്താന്‍ ഗൂഗിളിന് ഇതിലൂടെ സാധിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ 231 മുന്‍ തീവ്രവാദികളും അക്രമങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരുമാണ് തീവ്രവാദവിരുദ്ധ പോരാട്ടത്തില്‍ ചേര്‍ന്നത്. പ്രൈവറ്റ് സെക്റ്റര്‍ അംഗങ്ങളും എന്‍ ജി ഓ ജോലിക്കാരും അകാദമിക്കുകളും ഒക്കെ ഇന്ന് ഇതില്‍ അംഗങ്ങളാണ്.
തീവ്രവാദവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഗൂഗിള്‍ പ്രവേശിച്ചതോടെ സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സൂക്ഷമമായ നിരീക്ഷണത്തിനു വിധേയമായിത്തുടങ്ങി. മതതത്വസംഹിതയിയില്‍ മാറ്റംവരുത്തി വരുംകാലങ്ങളില്‍ മതതീവ്രവാദത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളില്‍ പാശ്ചാത്യ സര്‍ക്കാരുകള്‍ ലക്ഷ്യം കാണുന്ന കാര്യം സംശയമാണെന്നാണ് ന്യൂ യോര്‍ക്ക് സര്‍വകലാശാലയിലെ നിയമവിദഗ്ധന്‍ സാമുവേല്‍ റാസ്‌കൊഫ് (Samuel Rascoff) പറയുന്നത്. 2012 ജനുവരി മാസം പുറത്തുവന്ന സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന മുസ്ലിം തീവ്രവാദത്തിനെതിരെ മുഖ്യധാര ദൈവശാസ്ത്രത്തെ മുന്നോട്ടുവെക്കാനുള്ള ശ്രമങ്ങളെപ്പറ്റിയുള്ള പഠനത്തിലാണ് റാസ്കൊഫ് ഇത് സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ ശ്രമങ്ങളെ വിമര്‍ശിക്കുന്നതോടൊപ്പം സ്വകാര്യമേഖല ഭീകരവിരുദ്ധ മുന്നേറ്റങ്ങളില്‍ ഇടപെടുന്നതിനേയും റാസ്കൊഫ് വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാരിന്റെ നിയന്ത്രണമില്ലാതെ സ്വകാര്യമേഖല ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലിടപെടുന്നത് രഹസ്യസ്വഭാവമുള്ള രാജ്യസുരക്ഷയെ സംബധിച്ച് അത്ര ശുഭകരമല്ല എന്നാണദ്ദേഹം നിരീക്ഷിക്കുന്നത്. സത്യത്തില്‍ ഗൂഗിളിനു രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളുമായുള്ള ബന്ധമെന്തെന്ന്‍ ഒട്ടും വ്യക്തമല്ല. സുതാര്യതയാണ് മുഖമുദ്രയെന്നു പറയുമ്പോഴും ഗൂഗിളിന് ദേശീയ സുരക്ഷ ഏജന്‍സിയുമായി രഹസ്യകോഡുകളുടെയും സൈബര്‍സുരക്ഷയുടെയും പേരിലുള്ള ബന്ധം നിഗൂഢമാണ്.
ഷിമിഡും കൊഹെനും ചേര്‍ന്നു പ്രസിദ്ധികരിച്ച “The New Digital Age: Reshaping the Future of People, Nations and Business,” പുതിയ പഠനം രാജ്യരക്ഷാസംവിധാനങ്ങളുമായുള്ള, പ്രത്യേകിച്ച്, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ഗൂഗിളിന്റെ കൂട്ടുചെരലിനെപ്പറ്റി സൂചനകള്‍ നല്‍കുന്നുണ്ട്. ഗൂഗിളിന്റെ പക്കലുള്ള വിവരശേഖരങ്ങളുടെ സൂക്ഷ്മമായ വിശകലനം തീവ്രവാദ പ്രവര്‍ത്തനങ്ങളെയും, തീവ്രവാദികളെയും മുന്‍കൂട്ടിക്കാണാനും, പിടികൂടാനും സഹായിക്കുന്നുണ്ട് എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, അതിനുശേഷമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം മനുഷ്യര്‍ക്കും മാനുഷിക നിയമങ്ങള്‍ക്കുമാണ്. ഗൂഗിളല്ലാതെ മറ്റേതു രാജ്യേതര പ്രസ്ഥാനത്തിനാണ് ഇത്രയധികം വിവരശേഖരമുള്ളത് എന്നവര്‍ ചോദിക്കുന്നു. നിലവിലുള്ള സംവിധാനത്തില്‍ രാജ്യസുരക്ഷാനിയമങ്ങളോട് പൂര്‍ണമായും സഹകരിച്ചുകൊണ്ട് തീവ്രവാദവിരുദ്ധപോരാട്ടത്തില്‍ പങ്കെടുക്കുകയാണ് ഗൂഗിള്‍ ചെയ്യാന്‍ ശ്രമിക്കുന്ന കാര്യമെന്നാണ് ഈ പഠനം മുന്നോട്ടുവെക്കുന്നത്. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ രാജ്യസുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് ജനവികാരമെന്നാണ് ഷിമിഡും കൊഹെനും പറയുന്നത്.
ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അരാജകത്വ പരീക്ഷണമായിരിക്കും ഇന്റര്‍നെറ്റ് എന്നാണ് ‘പുതിയ ഡിജിറ്റല്‍ യുഗത്തില്‍’ ഷിമിഡും കൊഹെനും പറയുന്നത്. മാത്രമല്ല, ഒരു നേതൃത്വരഹിത അരാജക ലോകത്തെപ്പറ്റിയുള്ള ക്ളാസ്സിക്കലായ അന്താരാഷ്ട്ര – പഠന സിദ്ധാന്തങ്ങളെ ശരിവെക്കുന്നതുമാണ് ഇന്റെര്‍നെറ്റ് ലോകത്തിന്‍റെ വളര്‍ച്ച. ഇന്റര്‍നെറ്റിനെ കോഡ് യുദ്ധങ്ങളും സൈബര്‍ യുദ്ധങ്ങളും കൈയടക്കിയക്കൊണ്ടിരിക്കുന്ന, തീവ്രവാദികള്‍ സ്വൈര്യവിഹാരം നടത്തുന്ന, അവിശുദ്ധ ശൃംഖലകള്‍ക്ക് ലോകത്താകമാനം പടര്‍ന്നെത്താന്‍ സഹായിക്കുന്ന കലുഷിതമായ ഒരു ഇടമായിട്ടാണ് ഷിമിഡും കൊഹെനും ഇന്റര്‍നെറ്റിനെ വിവരിക്കുന്നത്. രാജ്യസുരക്ഷയിലുള്ള ഗൂഗിളിന്റെ കൂടിവരുന്ന അടുപ്പത്തെ ന്യായികരിക്കാനാണ് അവര്‍ ഈ നിരീക്ഷണം മുന്നോട്ടുവെക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു സംഗതി അധികാരത്തിനുവേണ്ടിയുള്ള ഇപ്പോള്‍ നടക്കുന്ന പോരാട്ടങ്ങള്‍ മിക്കതും പൌരന്‍മ്മാരും സര്‍ക്കാരും തമ്മിലാണെന്നതാണ്. ഇത് ഗൂഗളിന്‍റെ രാജ്യാന്തരതലത്തിലുള്ള വളര്‍ച്ച സൃഷ്ട്ടിക്കുന്ന യഥാര്‍ത്ഥ പ്രശനത്തില്‍ നിന്ന് ചര്‍ച്ചയെ വഴിതിരിക്കുന്നത്തിനുള്ള ശ്രമമാണ്. ആഗോളതലത്തില്‍ അതിര്‍ത്തികളുടെ നിയന്ത്രണമില്ലാതെ കോടിക്കണക്കിനു ഉപഭോക്താക്കളുള്ള ഗൂഗിളിനെ രാജ്യാന്തരതലത്തില്‍ ഉത്തരവാദിത്തമുള്ള ഒരു പ്രസ്ഥാനമാക്കാനുള്ള എന്ത് സംവിധാനമാണ് നിലവിലുള്ളത്? ഗൂഗിള്‍ തീര്‍ച്ചയായും അവരുടെ കൈയിലുള്ള വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പകര്‍ത്തിയെടുക്കാനും ഉപയോഗിക്കാനും നല്‍കുന്നുണ്ട്. എന്നാല്‍, ഗൂഗിള്‍ ആ വിവരങ്ങളെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം.
രാജ്യകാര്യങ്ങളിലുള്ള ഗൂഗിളിന്‍റെ താല്പര്യം അത്ര രഹസ്യമല്ല. ഒരു മാര്‍ഗദര്‍ശക സംവിധാനത്തിന്‍റെ ആവശ്യകതയാണ് ഷിമിഡും കൊഹെനും അവരുടെ പഠനത്തില്‍ ഊന്നിപ്പറയുന്നത്. ഇത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്വതന്ത്രവിപണിയുടെ മോഡലായി ആഡം സ്മിത്ത് മുന്നോട്ടുവേച്ചതിന്റെ മറ്റൊരു മുഖമാണ്. സാമ്പദ്വ്യവസ്ഥയില്‍ സര്‍ക്കാറിന്റെ പങ്ക് എന്തായിരിക്കണമെന്നത് ഇന്നും സജീവമായി നില്‍ക്കുന്ന ഒരു ചര്‍ച്ചാവിഷയമാണ്. ഗൂഗിളിനെ ഒരു മാര്‍ഗദര്‍ശക സംവിധാന മോഡലായി ഷിമിഡും കൊഹെനും തുറന്നുകാട്ടുന്നില്ല. ഒട്ടും ലളിതമല്ലാത്ത, ഒരിക്കലും അവസാനിക്കാത്ത നാറാണത്തുഭ്രാന്തന്റെ കല്ലുരുട്ടല്‍ പോലെയുള്ള ആഗോളസുരക്ഷ എന്ന ഉദ്യമം ഏറ്റെടുക്കാന്‍ ഭയമില്ലാത്ത ഗൂഗിളിനെത്തന്നെയാണ് അവര്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്.
(സ്ളേറ്റ് മാഗസിന്‍)
This post was last modified on January 2, 2017 5:13 pm
Leave a Comment