X

പോലീസിനെ ഇറക്കി സര്‍ക്കാര്‍; മക്കള്‍ക്ക് താന്‍ മതിയെന്ന് ജസീറ

ജസീറയുടെ സമരത്തെ പൊളിക്കാന്‍ സര്‍ക്കാര്‍ ഒടുവില്‍ മറ്റുവഴികള്‍ തേടുന്നു. സെക്രട്ടറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന ജസീറയ്‌ക്കൊപ്പമുള്ള കുഞ്ഞുങ്ങളെ ഏറ്റെടുക്കാനായി ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെത്തിയത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. കണ്ണൂര്‍ മാടായി പ്രദേശത്തെ മണല്‍ കടത്ത് തടയണമെന്നാവശ്യപ്പെട്ട് ഏറെദിവസങ്ങളായി സെക്രട്ടറിയറ്റിനു മുന്നില്‍ കഴിയുന്ന ജസീറയ്‌ക്കൊപ്പമുള്ള കുട്ടികള്‍ സുരക്ഷിതരല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പോലീസുമായി എത്തിയത്. എന്നാല്‍ കുട്ടികളെ വിട്ടുകൊടുക്കാന്‍ ജസീറ തയാറായില്ല. തന്റെ കുട്ടികളുടെ സംരക്ഷണത്തിന് അവരുടെ അമ്മയായ താന്‍ മാത്രം മതിയെന്ന് ജസീറ പറഞ്ഞു. ഒടുവില്‍ ഏറെ നേരത്തെ തര്‍ക്കത്തിനൊടുവില്‍ പോലീസും ചൈല്‍ഡ്‌ലൈന്‍കാരും മടങ്ങിപ്പോയി. കണ്ണൂരില്‍ സമരം ചെയ്യുമ്പോഴും ഇതേ കാരണങ്ങള്‍ പറഞ്ഞ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുഞ്ഞിനെയും ജസീറയെയും കൊണ്ടുപോയിരുന്നു. എന്നാല്‍ ജസീറയുടെ പ്രതിരോധത്തിനുമുന്നില്‍ അവര്‍ക്ക് കുഞ്ഞിനെയും ജസീറയെയും തിരിച്ചയക്കേണ്ടി വന്നു.
 
ഇതിനിടെ സമര സ്ഥലത്തെത്തി ഇവരുടെ ചിത്രമെടുക്കുകയും സംസാരിക്കുകയും ചെയ്ത യുവാവിനെ പോലീസ് പിടച്ചുകൊണ്ടുപോയതും നാടകീയ രംഗങ്ങള്‍ക്കിടയാക്കി. തന്നെ കാണാനെത്തിയ യുവാവിനെ പോലീസ് പിടികൂടിയതില്‍ പ്രതിഷേധിച്ച് ജസീറ കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൈക്കുഞ്ഞായ മുഹമ്മദിനെയും ഒപ്പമെടുത്തായിരുന്നു പ്രതിഷേധം. കുളനട സ്വദേശി ധനേഷ് എന്ന പത്രപ്രവര്‍ത്തകവിദ്യാര്‍ത്ഥിയാണ് താനെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. തുടര്‍ന്നു ഐഡന്റിറ്റി കാര്‍ഡ് കാണിച്ചെങ്കിലും ഇയാളെ മൂന്നു മണിക്കൂറോളം സ്‌റ്റേഷനില്‍ പിടിച്ചുവച്ചു. തുടര്‍ന്ന് ഗോവിന്ദ് എന്ന സുഹൃത്തെത്തിയാണ് ഇയാളെ സ്‌റ്റേഷനില്‍ നിന്ന് ഇറക്കിയത്. പത്രപ്രവര്‍ത്തക വിദ്യാര്‍ഥിയാണ് താനെന്നു പറഞ്ഞിട്ടും പോലീസ് യുവാവിന്റെ ഐഡി കാര്‍ഡ് വാങ്ങി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാലാണ് പിടികൂടി ചോദ്യംചെയ്തതെന്നും പിന്നീട് ഇയാളെ വിട്ടയച്ചെന്നും പോലീസ് പറഞ്ഞു.
 
 
മാടായി കടപ്പുറത്തെ മണല്‍മാഫിയ്‌ക്കെതിരെ കഴിഞ്ഞ ഒരുമാസത്തോളമായി ജെസീറ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുകയാണ്. മക്കളായ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനി റിസ്‌വാന, അഞ്ചാം ക്ളാസുകാരി ഷിഹാന, കൈക്കുഞ്ഞായ മുഹമ്മദ് എന്നിവരും ഇവര്‍ക്കൊപ്പം സെക്രട്ടറിയറ്റ് നടയിലാണ് കഴിയുന്നത്. കുട്ടികളെ ഏറ്റെടുക്കാന്‍ വനിതാ ജീവനക്കാരും വനിതാ പോലീസുമാണ് വരേണ്ടതെന്ന് ജസീറ പറഞ്ഞു. എന്തുവന്നാലും സ്വന്തം മക്കളെ വിട്ടുതരില്ല എന്നും നിലപാടെടുത്തു. തന്റെ സമരത്തെ പൊളിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ജില്ലാ കളക്ടറെക്കൊണ്ട് റിപ്പോര്‍ട്ട് തയാറാക്കി തന്നെ ഭയപ്പെടുത്താനാണ് ശ്രമമെന്നും അവര്‍ പറഞ്ഞു. തര്‍ക്കം ഏറെനേരം നീണ്ടെങ്കിലും കുട്ടികളെ വിട്ടുകൊടുക്കില്ലെന്ന് ജസീറ കടുത്ത നിലപാടെടുത്തതോടെ പോലീസും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും മടങ്ങിപ്പോവുകയായിരുന്നു. ജസീറ സമരം തുടരുകയാണ്. 
 
മണല്‍കടത്തിനെതിരെയുള്ള ജസീറയുടെ സമരം തട്ടിപ്പാണെന്ന് വിശദീകരിച്ച് കഴിഞ്ഞദിവസം കണ്ണൂര്‍ ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവര്‍ ചുണ്ടിക്കാട്ടിയ പ്രശ്‌നത്തില്‍ അധികൃതര്‍ വേണ്ട നടപടിയെടുത്തിട്ടുണ്ടെന്നും സമരം അനാവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ടിലെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ജസീറ.
 

This post was last modified on January 2, 2017 5:14 pm