X

ഈജിപ്തില്‍ നിന്ന്‍ അമേരിക്ക പിന്‍മാറേണ്ടതിന്റെ കാരണങ്ങള്‍

ഈജിപ്തിനു നല്‍കുന്ന എല്ലാ സൈനികസഹായങ്ങളും യു.എസ്. നിര്‍ത്തലാക്കണം.

 

ഫ്രെഡ് കപ്ളാന്‍
(സ്ളേറ്റ്)
 
 
അതെ, പെട്ടെന്നായിരുന്നു. എളുപ്പവുമായിരുന്നു; ധാര്‍മ്മികമായി തൃപ്തിപ്പെടുത്തുന്നതും. ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെയോ ഈജിപ്ഷ്യന്‍ ജനതയ്ക്കിടയില്‍ അമേരിക്കയ്ക്കുള്ള ഖ്യാതിയെയോ മധ്യപൗരസ്ത്യരാഷ്ട്രീയത്തിലെ രൂപരേഖകളെയോ ഈ സഹായം നിര്‍ത്തല്‍ ഏതെങ്കിലും വിധത്തില്‍ സ്വാധീനിക്കുമോ? സഹായം തുടരുന്നതില്‍ ഇങ്ങനെയെന്തെങ്കിലും ഫലങ്ങളുണ്ടോ? അമേരിക്കന്‍ നയങ്ങള്‍ ഈജിപ്തില്‍ എന്തുതരം മാറ്റം ഉണ്ടാക്കാനാണ് നാം ഇഷ്ടപ്പെടുക? ഈജിപ്തിലെ കാര്യങ്ങളില്‍ എത്രത്തോളം ഇടപെടാന്‍ നമുക്ക് കഴിയും? 
 
സൂഫാന്‍ ഗ്രൂപ്പ് അതിന്റെ ഏറ്റവുമൊടുവിലത്തെ ‘IntelBrief’-ല്‍ ഭൗമരാഷ്ട്രീയനയനിര്‍മ്മാണത്തെ ‘നിരപ്പില്ലാത്ത നിലത്ത് ഒറ്റച്ചക്രവണ്ടിയോടിച്ചുകൊണ്ട് വ്യത്യസ്ത വലുപ്പത്തിലുള്ള കത്തികള്‍ അമ്മാനമാടുന്നതിനു സമാനം’ എന്ന ഒരു സങ്കീര്‍ണ്ണ പശ്ചാത്തലത്തില്‍ നിര്‍വ്വചിക്കുന്നു. ‘ഏതാനും പേര്‍ക്കേ ഇത് ചെയ്യാന്‍ തന്നെ കഴിയൂ; നന്നായി ചെയ്യാന്‍ സാധിക്കുന്നവര്‍ അതിലും കുറവായിരിക്കും.’
 
അപ്പോള്‍, പ്രസിഡന്റ് ഒബാമ കഴിഞ്ഞ വ്യാഴാഴ്ച്ച അധികം നിരാശനായി കാണപ്പെട്ടതില്‍ ആശ്ചര്യമൊന്നുമില്ല. മാര്‍ത്താസ് വിന്‍യാര്‍ഡില്‍ ഗോള്‍ഫ് കളിക്ക് അവധി കൊടുത്തുകൊണ്ട്, കെയ്‌റോയില്‍ ശാന്തരായ സമരക്കാരെ ക്രൂരമായി നേരിട്ട ജന. അബ്ദുല്‍ ഫത്താഹ് അല്‍സിസിയുടെ നടപടിക്ക് മറുപടിയായി അടുത്ത മാസത്തെ ഒന്നിച്ചുള്ള സൈനികപരിശീലനം യു.എസ് നിരസിക്കുന്നതായി പ്രഖ്യാപിച്ചത് അതാണല്ലോ. എന്നാല്‍ പ്രതിവര്‍ഷമുള്ള150 കോടി (1.5 ബില്യണ്‍) ഡോളര്‍ സൈനിക സഹായത്തെക്കുറിച്ച് എന്തെങ്കിലും പറയുകയോ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മോര്‍സിയുടെ പുറത്താക്കലിനെ ‘അട്ടിമറി’യെന്ന് — യു.എസ്. നിയമപ്രകാരം സഹായം തടയാന്‍ തക്കതായ പ്രസ്താവന —വിശേഷിപ്പിക്കാന്‍ തുനിയുകയോ ഒബാമ ചെയ്തിട്ടില്ല.
 
 
വിദേശനയത്തിന്റെ കാര്യമെടുത്താല്‍, ഒബാമ ഒരിക്കലും രാഷ്ട്രതാല്പര്യത്തെ അവഗണിച്ച് ഒരു ധാര്‍മ്മിക നിലപാടെടുക്കാന്‍ തുനിഞ്ഞിട്ടില്ല. അദ്ദേഹം ജോര്‍ജ്ജ് ഡബ്ള്യൂ. ബുഷിനെ അദ്ദേഹത്തിന്റെ ധാര്‍മ്മിക പ്രവണതകളുടെ പേരില്‍ വിമര്‍ശിച്ചിരുന്നു. അവര്‍ പുറത്തുവിട്ട ഭീഷണ നയങ്ങളെക്കുറിച്ചും ഏറ്റവും മുഖ്യമായ ഇറാഖ് അധിനിവേശം സദ്ദാം ഹുസൈനെ വീഴ്ത്തിയെങ്കിലും ഇറാനെ കരുത്തേറ്റുകയും അല്‍ഖൈദയെ ഉത്തേജിപ്പിക്കുകയും പ്രദേശത്തെ പലമാതിരി അസ്ഥിരപ്പെടുത്തുകയും ചെയ്തു. അക്കാര്യത്തിലൊക്കെ അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു.
 
അതിനാല്‍ ഈജിപ്തിലെ നടപടിയില്‍ തന്റെ നിലപാട് ഉറപ്പിക്കുന്നതിന് ഒബാമ ചോദിച്ചിരിക്കാവുന്ന ഒന്നാമത്തെ ചോദ്യം തീര്‍ച്ചയായും ആ നയം X അല്ലെങ്കില്‍ Y അല്ലെങ്കില്‍ Z എങ്ങനെ യു.എസ്. താത്പര്യത്തെ ബാധിക്കും എന്നായിരിക്കും.
 
ഈജിപ്തുമായുള്ള സഖ്യം ഈ താത്പര്യങ്ങളെ പല വിധത്തില്‍ തുണച്ചിട്ടുണ്ട്. ഈജിപ്ത് – ഇസ്രയേല്‍ സമാധാന ഉടമ്പടി അമേരിക്കയുടെ ഈ മേഖലയിലെ മുഖ്യകൂട്ടാളിയ്ക്ക് 30 വര്‍ഷം അതിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ ആശ്വാസം നല്‍കിയിട്ടുണ്ട്. ഇത് തങ്ങള്‍ ആകെ വളയപ്പെട്ടു എന്ന പ്രതീതിയുണ്ടാക്കാതെ വടക്കുനിന്നും കിഴക്കുനിന്നുമുള്ള ഭീഷണികളില്‍ ശ്രദ്ധിക്കാന്‍ അവരെ സഹായിച്ചു. വടക്കന്‍ സീനായിലെ ഭീകരവാദിസംഘങ്ങളെ അമര്‍ച്ചചെയ്യുന്നതിലും ഈജിപ്ഷ്യന്‍ സേന സക്രിയമാണ്. ഇറാന്റെ കടന്നുകയറ്റത്തിനെതിരെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ഒരു പ്രതിരോധ ഭിത്തിയായി അത് നിന്നിട്ടുണ്ട്. അവര്‍ യു.എസ്. സേനയ്ക്ക് വ്യോമയാനത്തിനും സൂയസ് തോട് വഴിയുള്ള ത്വരിതഗമനത്തിനും അനുമതി നല്‍കിയിട്ടുണ്ട്. 
 
 
ഇവ ചെറിയ കാര്യങ്ങളല്ല. എന്നിരുന്നാലും ഈജിപ്തിന്റെ നേതാക്കള്‍ ഈ കാര്യങ്ങള്‍ ചെയ്യുന്നത് അമേരിക്കന്‍ ഔദാര്യം നിമിത്തമല്ല; അവരുടെ താല്പര്യം അതാണെന്നതുകൊണ്ടാണ്. ഈജിപ്തുകാര്‍ ഇസ്രയേലുമായി ഒരു യുദ്ധത്തിനോ ആയുധമത്സരത്തിനോ പ്രേരണ ചെലുത്താന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ അവരുടെ വടക്കന്‍ അതിര്‍ത്തികളില്‍ ഭീകരവാദികള്‍ സ്വതന്ത്രമായി വിഹരിക്കുന്നത് ആഗ്രഹിക്കുന്നില്ല. വ്യോമയാനാവകാശങ്ങള്‍ക്കും സൂയസ് വഴിയുള്ള സഞ്ചാരത്തിനും അമേരിക്കന്‍ സൈന്യം ഉദാരമായ ഒരു സാന്നിധ്യം അല്ലായിരുന്നെങ്കില്‍ പ്രതിസന്ധിഘട്ടങ്ങളില്‍ ചില വിമുഖതകള്‍ അവരില്‍ നിന്നും പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ പല പ്രതിസന്ധികളിലും യു.എസ്സും ഈജിപ്തും ഒരേ പക്ഷത്തു തന്നെയാണ്. അവര്‍ അങ്ങനെയല്ലെങ്കില്‍ അതിന്റേതായ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്നും അവര്‍ക്കറിയാം. ഒരു കാലത്ത് അറബ് ലോകത്ത് വഹിച്ചതു പോലെ രാഷ്ട്രീയമായോ ഭൂമിശാസ്ത്രപരമായോ വ്യതിരിക്തമായ പങ്ക് ഈജിപ്ത് ഇന്ന് വഹിക്കുന്നുമില്ല.
 
വാഷിങ്ടണ്‍ – കെയ്‌റോ കൂട്ടുകെട്ടിന്റെ തുടക്കം ആലോചിക്കുന്നത് നന്നായിരിക്കും.1973ലെ യോം കിപ്പുര്‍ യുദ്ധത്തിലെ തന്റെ ദയനീയപരാജയത്തിനു ശേഷം ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്ത് സോവിയറ്റ് യൂണിയനുമായുള്ള തന്റെ ഉറച്ച സഖ്യം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ശീതസമരകാലത്തെ ഭൗമരാഷ്ട്രീയത്തിന്റെ പശ്ചത്തലത്തില്‍, ഈജിപ്തിനെപ്പോലെ അത്ര വലുപ്പവും ഉചിതസ്ഥാനവുമുള്ള രാജ്യത്തിന് ഒന്നല്ലെങ്കില്‍ മറ്റൊരു വന്‍ശക്തിയുടെ സംരക്ഷണം ആവശ്യമുണ്ടായിരുന്നു. അതിനാല്‍ സാദത്ത് ഐക്യനാടുകളിലേക്ക് തിരിഞ്ഞു. ഐക്യനാടുകളാകട്ടെ, സസന്തോഷം ആയുധങ്ങളും സഹായങ്ങളും എല്ലാ വിധത്തിലുമുള്ള ഉപദേശങ്ങളും നല്‍കി (അന്നുമുതല്‍ ഇസ്രയേല്‍ കഴിഞ്ഞാല്‍ അമേരിക്കന്‍ സൈനിക പിന്തുണ സ്വീകരിക്കുന്നവരില്‍ രണ്ടാമത് ഈജിപ്താണ്.) പകരമായി സാദത്ത് ഇസ്രയേലുമായി ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടുകയും പല അന്തര്‍ദ്ദേശീയ പ്രശ്‌നങ്ങളിലും പടിഞ്ഞാറിനെ പിന്തുണയ്ക്കുകയും ചെയ്തു. ഈ നയം മാറ്റം സാദത്തിനെ ഇസ്ളാംവാദികളാല്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയെങ്കിലും ഈജിപ്ഷ്യന്‍ സേന അമേരിക്കയുടെ തണലില്‍ ഭദ്രമായി നിന്നു. തുടര്‍ന്നുള്ള ഈജിപ്ഷ്യന്‍ ഗവണ്മെന്റുകളും ഇതേ തണലിലായിരുന്നു.
 
 
ഇത് തീര്‍ച്ചയായും ഈജിപ്ഷ്യന്‍ ഗവണ്മെന്റ് എന്നാല്‍ ഈജിപ്ഷ്യന്‍ സൈന്യമാണ് എന്നതുകൊണ്ടാണ്. (ജനറലായിരുന്ന) ഹുസ്‌നി മുബാറക്കിന്റെ ഭരണത്തിലും മോര്‍സിയുടെ ഭരണത്തിലും — ഇവിടൊരു ശ്രദ്ധേയവസ്തുതയുണ്ട് — രണ്ടു പ്രസിഡന്റുമാരുടെയും പതനത്തിലേക്ക് നയിച്ച വന്‍പ്രക്ഷോഭങ്ങളുടെ സമയത്തും ഇത് അങ്ങനെത്തന്നെയായിരുന്നു. ഭരണക്രമം അപര്യാപ്തമാകുകയും സാമ്പത്തികസ്ഥിതി തകര്‍ച്ചയുടെ വക്കെത്തുകയും ചെയ്തപ്പോള്‍ ഇവരെ നിഷ്‌കാസനം ചെയ്യുന്നത് തങ്ങളുടെ അവകാശങ്ങള്‍ക്ക് നിരക്കുന്നതായി ജനറല്‍മാര്‍ കരുതി. അവര്‍ — ജനറല്‍മാര്‍ — രാഷ്ട്രീയവ്യവസ്ഥയുടെയും ഒരു പരിധി വരെ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയുടെയും ചുമതലക്കാരായിരുന്നു എന്നതാണ് കാരണം.
 
ഒരു കാര്യം ഓര്‍ക്കുക, അറബ് വസന്തം ഒരു പുതിയ ക്രമം വിളംബരം ചെയ്തിട്ടില്ല. അത് പഴയ ക്രമത്തിന്റെ തകര്‍ച്ച സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. സ്വേച്ഛാധികാരത്തിന്റെ മറുവശം ‘ജനാധിപത്യ’മോ ‘സ്വാതന്ത്ര്യ’മോ ആകണമെന്നില്ല. മറ്റൊരു വിധത്തില്‍ ചിന്തിക്കുന്നത് ശീതസമരകാലത്തെ വൈകാരികതയ്ക്ക് വഴങ്ങുകയായിരിക്കും; ഈ ആശയം അമേരിക്കന്‍ ഭരണക്രമത്തിന്റെ ഉദയം തുടങ്ങുന്ന സോവിയറ്റ് ഭരണക്രമത്തിന്റെ വീഴ്ച്ചയുടെ ഘട്ടത്തില്‍ നിന്ന് തുടങ്ങുന്നതാണ്. എന്നാല്‍, അപ്പോഴും, പുതിയ ഭരണക്രമങ്ങള്‍ ‘ജഫേര്‍സണിയന്‍’ തത്ത്വങ്ങള്‍ പാലിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒരു നിയതമായ ശക്തികേന്ദ്രങ്ങള്‍ ഇല്ലാത്ത ഒരു ലോകത്ത് സ്വേച്ഛാഭരണക്രമത്തിന്റെ തകര്‍ച്ച അതുതന്നെയാണ് അര്‍ത്ഥമാക്കുന്നത്. അതിന്റെ അനന്തരഫലങ്ങള്‍ എത്രത്തോളവുമാകാം. അത് നല്ലൊരു പങ്ക് പ്രസ്തുത രാജ്യത്തിന്റെ ആന്തരിക സമൂഹക്രമത്തെ — അതിന്റെ സാക്ഷരതാനിലയെ, സാമ്പത്തിക സുസ്ഥിതിയെ, അടിസ്ഥാനമായ അധികാരഘടനയെ — ആശ്രയിച്ചിരിക്കും.
 
ഈജിപ്തില്‍ ആവേശകരമായ തെരുവുസമരങ്ങളെ യഥാര്‍ത്ഥത്തില്‍ പടിഞ്ഞാറന്‍ ചായ്വുള്ള, ഇംഗ്ളീഷ് സംസാരിക്കുന്ന, നവമാധ്യമോത്സുകരായ യുവജനങ്ങളാണ് ഉത്തേജിപ്പിക്കുകയും നയിക്കുകയും ചെയ്തത് എന്നത് വിഷയമായില്ല. നിരവധി വരുന്ന ജനസംഖ്യയില്‍ പ്രക്ഷോഭകാരികള്‍ക്ക് അത്ര വലിയ ‘ഇടം’ ഒന്നുമുണ്ടായിരുന്നില്ല എന്ന വസ്തുതയാണ് അധികം ശ്രദ്ധേയം. തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്കായിരുന്നു പ്രവര്‍ത്തനക്ഷമമായ ആ സ്ഥാനം ഉണ്ടായിരുന്നത്. അവരായിരുന്നു മുസ്ളീം ബ്രദര്‍ഹുഡ്. തെരഞ്ഞെടുപ്പുമാത്രം ജനാധിപത്യം കൊണ്ടുവരില്ല; ജനാധിപത്യസ്ഥാപനങ്ങള്‍കൂടി വേണം. പതിറ്റാണ്ടുകള്‍ നീണ്ട മുബാറക്കിന്റെ ഭരണത്തില്‍ അങ്ങനെ ഒരു സ്ഥാപനവും ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ അധികാരം ഉണ്ടായിരുന്നവര്‍ തന്നെ അധികാരത്തിലേറുകയായിരുന്നു എന്നു പറയാം. അത് സൈന്യമാണ്. അത് തുടരുകയും ചെയ്യുന്നു.
 
 
അതിനാല്‍, കെയ്‌റോയുടെ തെരുവുകളില്‍ നടക്കുന്ന ഭീതിദമായ സംഭവങ്ങള്‍ നിരീക്ഷിക്കുമ്പോള്‍, പരിണാമം എന്തായാലും സൈന്യം അധികാരത്തില്‍ തുടരാനാണ് ഇട എന്ന് ഒബാമ മനസ്സിലാക്കണം. യു.എസ്സിന് ഈജിപ്തില്‍ സ്വാധീനമുണ്ടാക്കണമെന്നുണ്ടെങ്കില്‍ അത് ഈജിപ്ഷ്യന്‍ സേന വഴി ആകും. അതുകൊണ്ട്, എന്താണ് ആത്യന്തികമായി ചെയ്യേണ്ടത് എന്നതിനെ കുറിച്ച് അദ്ദേഹത്തിന്റെ ഭരണകൂടത്തിനകത്ത് വാഗ്വാദം തുടരുമ്പോള്‍ രക്തച്ചൊരിച്ചിലിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റ്റെ ആദ്യപ്രതികരണം ആശ്ചര്യകരമാം വിധം ചുരുങ്ങിയതായിരുന്നു. 
 
പക്ഷേ, നമ്മുടെ ഔദാര്യവും സഹിഷ്ണുതയുമൊക്കെ മാറ്റിനിര്‍ത്തിക്കൊണ്ട് ചിന്തിച്ചാല്‍ തന്നെ, ഇക്കാര്യത്തില്‍ അമേരിക്കക്ക് എത്രത്തോളം ഇടപെടാനാകും എന്നത് ഒരു പ്രശ്നമാണ്. നൂറി അല്‍ മാലികിയുടെ ഭരണക്രമം ഇറാഖിലും ഹമീദ് കര്‍സായിയുടെ ഭരണക്രമം അഫ്ഗാനിസ്താനിലും നിലനില്‍ക്കാന്‍ അമേരിക്ക കോടിക്കണക്കിനു ഡോളറുകള്‍ വിനിയോഗിച്ചിട്ടുണ്ട്. പക്ഷേ, അതോന്നും നമുക്കെതിരെ തിരിയാതിരിക്കാനുള്ള കാര്യങ്ങളല്ല, അവസരം വരുമ്പോള്‍ അവരത് ചെയുന്നുമുണ്ട്. 
 
ശീതസമരകാലത്ത് സാദത്ത് യു.എസ്. താത്പര്യങ്ങള്‍ ഒരു ആവശ്യമെന്നോണം പാലിച്ചിരുന്നു. വന്‍ ശക്തികളിലൊന്നിന്റെ ആശ്രയവും സഹായവും അദ്ദേഹത്തിന് ആവശ്യമുണ്ടായിരുന്നു. ഇപ്പോള്‍ ഈജിപ്ഷ്യന്‍ ജനറല്‍മാര്‍ക്ക് മുട്ടുമടക്കേണ്ട ആവശ്യമില്ല. അവരുടെ താത്പര്യങ്ങള്‍ അമേരിക്കയുടേതുമായി ചേരാത്തപ്പോള്‍ സ്വന്തം താത്പര്യങ്ങളുമായി മുന്നോട്ടുപോകാന്‍ അവര്‍ക്ക് കഴിയും. അമേരിക്കന്‍ യുദ്ധക്കളരികളില്‍ അവര്‍ ചെലവഴിച്ച വര്‍ഷങ്ങളെക്കാള്‍ അമേരിക്കന്‍ യുദ്ധന്യായീകരണങ്ങള്‍ പഠിക്കുകയും അമേരിക്കന്‍ ജനറലുകള്‍ക്കൊപ്പം മേളിക്കുകയും ചെയ്യുന്നു — അതാണ് കാര്യം. ജോയിന്റ് സ്റ്റാഫ് ചീഫിന്റെ ചെയര്‍മാന്‍ ജന. മാര്‍ട്ടിന്‍ ഡെംപ്‌സിയുടെ സമാധാനത്തിനുള്ള അഭ്യര്‍ത്ഥനകള്‍ക്കും ഇതേ കാര്യത്തിന് പ്രതിരോധസെക്രട്ടറി ചക് ഹഗെല്‍ നിത്യേന നടത്തിയ ഫോണ്‍ വിളികളുമൊക്കെ പാഴാകുണെങ്കില്‍ അത് തന്നെയാണ് കാര്യം.
 
അമേരിക്ക ഈജിപ്ഷ്യന്‍ സൈന്യത്തിന് സഹായം നല്‍കുന്നത് തുടര്‍ന്നാലും ഇല്ലെങ്കിലും അമേരിക്കയുടെ സ്വാധീനം — അഥവാ അതിന്റെ അഭാവം — തുല്യമായിരിക്കും എന്ന് ഉറപ്പാണ്. ഒരുപക്ഷേ, എന്ത് നടപടിക്രമമായിരിക്കും യു.എസ്. താത്പര്യങ്ങള്‍ നല്ലവിധം സംരക്ഷിക്കുക എന്നതിന് വ്യക്തതയില്ലെങ്കില്‍ അതിനുപകരം യു.എസ്. മൂല്യങ്ങള്‍ പിന്തുടരുന്നതിന് വ്യക്തമായ ഒരു വഴിയെങ്കിലും അതുണ്ടാക്കിയേക്കും. 
 
അതിനാല്‍ത്തന്നെ അനിശ്ചിതത്വങ്ങളുടെയും ധര്‍മ്മസങ്കടങ്ങളുടെയും എല്ലാ വിധ അപകട സാധ്യതകളുടെയും പൂര്‍ണ യഥാര്‍ഥ്യ ബോധത്തോടെ ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയുന്നു. ഈജിപ്തിനു നല്‍കുന്ന എല്ലാ സൈനികസഹായങ്ങളും അമേരിക്ക ഉടന്‍ നിര്‍ത്തലാക്കണം.
 
 
(Fred Kaplan is Slate‘s “War Stories” columnist and author of the book, The Insurgents: David Petraeus and the Plot to Change the American Way of War.)
 

This post was last modified on January 2, 2017 5:14 pm