X

ബോ ക്സിലായ് ഏറെ സുഹൃത്തുക്കളെ സൃഷ്ടിച്ചു; ശത്രുക്കളേയും

(ബ്ളൂംബര്‍ഗ് ന്യൂസ്) 

 

ഒടുവില്‍ ബോ ക്സിലായിയുടെ അപ്പീല്‍ സ്വീകരിക്കാന്‍ ചൈനീസ് കോടതി  ഉത്തരവിട്ടിരിക്കുന്നു. രണ്ടാഴ്ച മുന്‍പ്, തന്നെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള വിധി കേട്ടപ്പോള്‍ ബോ ക്സിലായിയുടെ മുഖത്ത് ഒരു മന്ദഹാസം പരന്നിരുന്നു. ചിലപ്പോള്‍ അതിലെ വൈരുദ്ധ്യം അയാള്‍ക്ക് പിടികിട്ടിയത്കൊണ്ടായിരിക്കാം. കോടതിമുറിയില്‍ ചിലപ്പോള്‍ അയാള്‍ തോറ്റേക്കാം. എന്നാല്‍ ചൈനയുടെ ഉന്നത ഭരണവൃത്തങ്ങളില്‍ ബോ ക്സിലായിയുടെ രീതികള്‍ വിജയം കണ്ടിരിക്കുന്നു. 

നിയമവാഴ്ച്ചയുടെ വിജയവും, അഴിമതിക്കെതിരായ പാര്‍ടിയുടെ പോരാട്ടത്തിലെ വലിയൊരു നീക്കവുമായാണ് ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങള്‍ ബോയുടെ ശിക്ഷയെ അവതരിപ്പിക്കുന്നത്. പ്രസിഡണ്ട് ക്സി ജീന്‍പിങ്ങിന്‍റെ നിര്‍ഭയത്വത്തെ മുഖപ്രസംഗങ്ങള്‍ വാനോളം പുകഴ്ത്തുന്നു. എന്നാല്‍ ഇതൊരു രാഷ്ട്രീയ അടിച്ചമര്‍ത്തലാണെന്നും അതില്‍ കൂടുതലോ കുറഞ്ഞോ ഒന്നുമല്ലെന്നും മിക്ക ചൈനക്കാര്‍ക്കുമറിയാം.

ചോങ്ക്വിങ്ങില്‍ പാര്‍ടി സെക്രട്ടറിയായിരിക്കെ ബോ നടത്തിയ ക്രൂരമായ അഴിമതി വിരുദ്ധ നടപടികള്‍- ഒരു ആരോപിതന്‍ തടവുമുറിയുടെ ചുവരില്‍ തലയിടിച്ചു മരിച്ചതടക്കം- മിക്ക രാഷ്ട്രീയ എതിരാളികളെയും ഇല്ലാതാക്കിയിരുന്നു. പക്ഷേ, അതയാള്‍ക്ക്  നിരവധി സുഹൃത്തുക്കളെയും അത്രയും തന്നെ ശത്രുക്കളേയും ഉണ്ടാക്കിക്കൊടുത്തു. അഴിമതി വിരുദ്ധനെന്ന ബോയുടെ വളരുന്ന ജനകീയത ക്സിയെ വിറളിപിടിപ്പിച്ചു. അതേസമയം ബോ താഴെയിറക്കിയ നിക്ഷിപ്തതാത്പര്യക്കാര്‍ പ്രതികാരത്തിനുള്ള ആദ്യ അവസരത്തില്‍ തന്നെ ചാടിവീണു.

തല തകര്‍ക്കുന്ന കാര്യത്തില്‍ മാത്രമേ ക്സിയുടെ അഴിമതി വിരുദ്ധ പരിപാടിക്ക് ബോയുടെതില്‍ നിന്നും വ്യത്യാസമുള്ളൂ. “ബോ കുടുംബത്തിന്‍റെ ഉയര്‍ച്ചയും വീഴ്ച്ചയും”(The Rise and Fall of the House of Bo) എന്ന പുസ്തകം എഴുതിയ ജോണ്‍ ഗാര്‍നൌട് പറയുന്നപോലെ,ഇരുകൂട്ടരും ആദ്യം തങ്ങളുടെ ശത്രുക്കളുടെ സഹായികളെ ഇല്ലാതാക്കി. പിന്നെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് അടുത്തു. (ബോയുടെ പോലീസ് മേധാവി ചെങ്ദുവിലുള്ള യു .എസ് കോണ്‍സുലേറ്റില്‍ അഭയം തേടുകയും ഒരു ബ്രിട്ടീഷ് വ്യാപാരിയുടെ കൊലപാതകത്തില്‍ ബോയുടെ ഭാര്യക്കുള്ള പങ്ക് വെളിപ്പെടുത്തുകയും ചെയ്തതോടെയാണ് ബോയുടെ കേസ് വെളിയില്‍ വന്നത്). ആഴത്തില്‍ വേരോടിയ സ്വജന പക്ഷപാത ശൃംഖലകള്‍ക്കെതിരാണ് തങ്ങളെന്നാണ് ഇരുവരും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
 

തന്‍റെ പിടി അയയുന്നു എന്നു തോന്നിയപ്പോള്‍ ചൈനയിലെ മറ്റൊരു നേതാവും ഈ തന്ത്രം പ്രയോഗിച്ചിട്ടുണ്ട്: മാവോ സേതൂങ്. 1960-കളില്‍ തന്‍റെ എതിരാളികളെ ഒതുക്കാന്‍ മാവോ കുടിലമായ പ്രചാരണം തുടങ്ങി. മര്‍ദ്ദനവും,വ്യാജ കുറ്റസമ്മതങ്ങളും, കപട വിചാരണകളും എല്ലാം ഇതിന്‍റെ ഭാഗമായിരുന്നു. ഇതിന്‍റെ ഇരകളില്‍ രണ്ടു പേര്‍ ക്സിയുടെയും ബോയുടെയും പിതാക്കന്മാരായിരുന്നു. ഇരുവരും ഉപ പ്രധാനമന്ത്രിമാരായിരുന്നു അപ്പോള്‍. നീണ്ടകാലം തടവില്‍ കിടന്ന് പീഡനങ്ങളേറ്റവര്‍.

അത്തരം അടിച്ചമര്‍ത്തലുകളെ ക്സി ചോദ്യം ചെയ്യുമെന്ന് പലരും കരുതിയിരിക്കാം. എന്നാല്‍ ബ്ലോഗെഴുത്തുകാര്‍ക്കെതിരെയും മറ്റ് വിമര്‍ശകര്‍ക്കെതിരെയും വ്യാപകമായ അടിച്ചമര്‍ത്തലാണ് ക്സിയും നടത്തിയത്.

നവംബറില്‍ നടക്കാന്‍ പോകുന്ന പാര്‍ടി യോഗത്തില്‍ വിപണി അനുകൂല പരിഷ്കാരങ്ങളുടെ ഒരു പരമ്പര പ്രഖ്യാപിക്കുന്നതിനു  മുമ്പായി ക്സി തന്‍റെ സ്ഥാനം ഉറപ്പിക്കുന്നു എന്നു മാത്രമാണു ഇതിലെ ഏക ഗുണപരമായ ഘടകം. ബോയെ ഒതുക്കിയതിലൂടെ നവ-മാവോവാദി അനുയായികളിലൂടെ വിപണി പരിഷ്ക്കാരങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ കഴിയാവുന്ന ശക്തനായ ഒരു എതിരാളിയെ ക്സി ഇല്ലാതാക്കി. ഇതോടെ അപകടകരമായ വിധത്തില്‍ അസന്തുലിതമായ ചൈനയുടെ സമ്പദ് വ്യവസ്ഥയിലെ സര്‍ക്കാരിന്‍റെ പങ്ക് കുറക്കാന്‍ ആശയതലത്തിലെങ്കിലും ക്സിക്കു ഇനി ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാം.

എന്നാല്‍ ബോയുടെ വിചാരണയോ, വിധിയോ ഒന്നുംതന്നെ അത്തരമൊരു ശുഭാപ്തിവിശ്വാസത്തിന് ഇട നല്‍കുന്നില്ല. വര്‍ഷങ്ങളായുള്ള യുക്തിരഹിതമായ സാമ്പത്തിക സഹായംമൂലം കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞതായി മാറിയ പൊതുമേഖലയെ പുതിയ പരിഷ്ക്കാരങ്ങള്‍ കാര്യമായിത്തന്നെ വിഷമത്തിലാക്കും. ഈ അനുഭവം കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുന്നതുപോലെയാകുമെന്ന്  പ്രധാനമന്ത്രി ലീ കേക്വിയാങ് അണികള്‍ക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. പ്രത്യേക ലക്ഷ്യങ്ങളുള്ള അടിച്ചമര്‍ത്തലുകള്‍, അതെത്ര ശക്തമായാലും,  ഇതൊന്നും സാധ്യമാക്കാന്‍ പോകുന്നില്ല. ചുരുക്കം ചില രാഷ്ട്രീയ കുടുംബങ്ങളും,സ്വജന പക്ഷപാത ശൃംഖലകളും മാത്രം ഭരണകൂടത്തിന്‍റെ അടിച്ചമര്‍ത്തലിന് പാത്രമാവുമ്പോള്‍ മറ്റെല്ലാവരും അധികാരകേന്ദ്രത്തിന്‍റെ തണലില്‍ അഭയം തേടും.

ക്സിക്കും നേതൃത്വത്തിനും ബോയെപ്പോലുള്ള  തുറന്ന എതിര്‍പ്പുകള്‍ ഇനി ഏറെ നേരിടേണ്ടി വരില്ല. എന്നാല്‍ പാര്‍ടിയുടെ വിശ്വാസ്യത അതിവേഗം ജീര്‍ണ്ണമായി പോവുകയാണ്. ശത്രുക്കളോട് നിര്‍ദയമായി പെരുമാറാന്‍ തനിക്കാവുമെന്ന് ക്സി ഈ വിധിയിലൂടെ തെളിയിച്ചിരിക്കുന്നു. തന്‍റെ സുഹൃത്തുക്കളെ ചൈനയുടെ പുതിയ നേതാവ് എന്നാണ് പിടികൂടുന്നതെന്ന് കാത്തിരുന്ന് കാണാം.

 

 

This post was last modified on January 2, 2017 5:21 pm