X

സംസ്ഥാനങ്ങളെ വിഭജിക്കുക തന്നെ വേണം

ടീം അഴിമുഖം
 
 
ഉത്തര്‍പ്രദേശ് ഒരു സ്വതന്ത്രരാജ്യമായിരുന്നെങ്കില്‍ എന്നോര്‍ക്കുക. എങ്കില്‍ ചൈന, ഇന്ത്യ, അമേരിക്ക, ഇന്തോനേഷ്യ എന്നിവയ്ക്കു ശേഷം ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള അഞ്ചാമത്തെ രാജ്യമായി അതു മാറുമായിരുന്നു. 2011-ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച് 199,581,477 ആണ് ഉത്തരപ്രദേശിലെ ജനസംഖ്യ. ബ്രസീല്‍ എന്ന രാജ്യത്തിനു സമാനമാണ് 246,000 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഉത്തര്‍പ്രദേശിലെ ജനസംഖ്യ. എന്നിട്ടും രണ്ടു ദശലക്ഷം ജനങ്ങളുള്ള ഖത്തറിന്റെ വലുപ്പം മാത്രമേ യു.പിയുടെ സാമ്പത്തികാവസ്ഥയ്ക്കുള്ളൂ. വ്യക്തിഗത വരുമാനത്തിലുള്ള ദാരിദ്ര്യം തെളിയിക്കുന്നതാണ് ഈ കണക്കുകള്‍. ഇന്ത്യയില്‍ രണ്ടു ദശകക്കാലമായുള്ള വന്‍കുതിപ്പിലും ഉത്തര്‍പ്രദേശിന്റെ മൊത്തം ആഭ്യന്തരോല്‍പ്പാദനം (ജി.ഡി.പി) കെനിയ എന്ന രാജ്യത്തിനൊപ്പമേയുള്ളൂ. 85 ലോക്‌സഭാംഗങ്ങളുമായി ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക റോള്‍ കൈകാര്യം ചെയ്യുന്ന യു.പി സാമ്പത്തിക മാനദണ്ഡത്തില്‍ ഇപ്പോഴും താഴെത്തട്ടിലാണെന്നതാണ് വസ്തുത.  
 
തെലങ്കാന എന്ന സംസ്ഥാനം യാഥാര്‍ഥ്യത്തോടടുക്കുമ്പോള്‍ തന്നെ മറ്റു ചെറു സംസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള ആവശ്യവും ശക്തമാവുന്നുണ്ട്. മറ്റൊരു സംസ്ഥാന പുന:സംഘടനാ കമ്മിഷന്‍ രൂപവല്‍ക്കരിക്കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ച് ചര്‍ച്ചയുയര്‍ത്തുന്നതാണ് ഈ സാഹചര്യം. അങ്ങനെയൊന്നു വേണമെന്നു തന്നെ നമുക്കു പറയേണ്ടി വരും. ഇന്ത്യ കൂടുതല്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടോ? ഓരോ സംസ്ഥാനത്തും ശരാശരി 35 ദശലക്ഷം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. താരതമ്യപ്പെടുത്തുമ്പോള്‍ ബ്രസീലില്‍ 70 ലക്ഷം, അമേരിക്കയില്‍ 60 ലക്ഷം, നൈജീരിയയില്‍ 40 ലക്ഷം എന്നിങ്ങനെയാണ് ഈ ജനസംഖ്യാ കണക്കുകള്‍. ഭൂമിശാസ്ത്രപരമായി വിലയിരുത്തിയാലും സംസ്ഥാനങ്ങളുടെ വലുപ്പം അധികം അമ്പരപ്പിക്കുന്നതല്ല. ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ശരാശരി 1,10,000 ചതുരശ്രകിലോമീറ്റര്‍ വലുപ്പമുള്ളതാണ്. അമേരിക്കയില്‍ ഇതു ശരാശരി രണ്ടു ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ ബ്രസീലില്‍ മൂന്നു ലക്ഷം ചതുരശ്ര കിലോമീറ്ററുമാണ്. അതേസമയം, ജര്‍മ്മന്‍ ലാന്‍ഡറുകള്‍ 22,000 ചതുരശ്ര കിലോമീറ്ററും സ്വിസ് കാന്റണുകള്‍ 1588 ചതുരശ്ര കിലോമീറ്ററും മാത്രമേ വലുപ്പമുള്ളൂ…
 
 
ഭരണം മെച്ചപ്പെടാനും വികസനം കാര്യക്ഷമമാവാനും ചെറു സംസ്ഥാനങ്ങളുടെ രൂപവല്‍ക്കരണം ഉപകരിക്കുമോ? പുതിയ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരണത്തോടെ ജനസാന്ദ്രത വര്‍ധിക്കുമെന്നതാണ് ഒരു ഘടകം. പുതിയ സംസ്ഥാനങ്ങള്‍ക്ക് പുതിയ തലസ്ഥാനങ്ങള്‍ വേണം, ഭരണസംവിധാനമുണ്ടാവണം, ഹൈക്കോടതികള്‍ വേണം, ഇതെല്ലാം കൈകാര്യം ചെയ്യാനുള്ള മനുഷ്യശേഷിയും ഉണ്ടാവണം. ജി-20 രാജ്യങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏറ്റവും കുറഞ്ഞ തൊഴില്‍ സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. ഇങ്ങനെ പൊതുമേഖലാ തൊഴില്‍ ശേഷിയിലുള്ള അഭാവം നികുതി, നീതിനിര്‍വ്വഹണം, സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം പോലുള്ള അടിസ്ഥാനാവശ്യങ്ങള്‍ എന്നിവയെയൊക്കെ സാരമായി ബാധിക്കുന്നു. സംസ്ഥാനങ്ങളുടെ വലുപ്പം കുറയ്ക്കലും ഭരണം മെച്ചപ്പെടുത്തലും തമ്മില്‍ ഒരു ബന്ധവുമില്ല. ഭൂമിശാസ്ത്രപരമായ വെല്ലുവിളി നേരിടാനും സാമൂഹ്യമായ ഉള്ളടക്കം കാര്യക്ഷമമാക്കാനും ഇങ്ങനെ പൊതുചെലവ് മെച്ചപ്പെടുത്താനും കഴിയുമെന്നാണ് ചെറു സംസ്ഥാന രൂപവല്‍ക്കരണത്തിനു ശക്തമാക്കുന്ന വാദം.
 
വൈവിധ്യം കുറയ്ക്കുന്നതാണ് ചെറു സംസ്ഥാനങ്ങള്‍. വന്‍തോതിലുള്ള വൈവിധ്യം ഭരണപരമായ കണക്കുകൂട്ടലുകളെയും രാഷ്ട്രീയസങ്കീര്‍ണ്ണതകളെയും ബാധിക്കും. ഭാഷാപരമായി സംസ്ഥാനങ്ങളെ വിഭജിക്കണമെന്നുള്ള 1950-ലെ ആശയം ഭരണം മെച്ചപ്പെടുത്താന്‍ വേണ്ടിയായിരുന്നു. മറാത്തി, ഗുജറാത്തി ഭാഷകളുണ്ടായിരുന്ന ബോംബെ പ്രസിഡന്‍സിയിലെയും തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ നാലു ഭാഷകളുണ്ടായിരുന്ന മദ്രാസ് പ്രസിഡന്‍സിയിലെയും അനുഭവം ഓര്‍ക്കുക. വൈവിധ്യമെന്നത് ഭാഷയുടേതു മാത്രമല്ല, സാമ്പത്തികവും സംസ്‌കാരവുമൊക്കെ ഇതിന്റെ ഭാഗമാണ്. തീരദേശ ആന്ധ്രയുടെ സാമ്പത്തിക സംസ്‌കാരം തെലങ്കാനയില്‍ നിന്നു വ്യത്യസ്തമാണ്. മറാത്താവാഡ, പടിഞ്ഞാറന്‍ മഹാരാഷ്ട്ര, തീരദേശ മഹാരാഷ്ട്ര, മുംബൈ എന്നിവിടങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് വിദര്‍ഭ. ഒട്ടേറെ വൈവിധ്യങ്ങളുണ്ടെങ്കിലും ഭരണകൂടം സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുകൂലമായി ഹൈജാക്കു ചെയ്യുമെന്നതിനാല്‍ വിഭവസ്രോതസ്സുകള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാവില്ല. രാഷ്ട്രീയവും നയപരവുമായ പിന്നോട്ടടി ഇല്ലാതാക്കാന്‍ ചെറുസംസ്ഥാനങ്ങള്‍ക്കു കഴിയുകയില്ല. എന്നാല്‍, ഇത്തരം പിറകോട്ടടികള്‍ക്ക് വര്‍ധിച്ച വൈവിധ്യമല്ല കാരണമെന്ന് ഉറപ്പാക്കാന്‍ ചെറുസംസ്ഥാനങ്ങള്‍ക്കു കഴിയും. 
 
 
അധികാരകേന്ദ്രമായിരുന്നിട്ടും ഹൈദരാബാദൊഴികെ ആന്ധ്രയില്‍ തെലങ്കാനയടക്കമുള്ള ദരിദ്രമേഖലകളിലെ വികസനാവശ്യങ്ങള്‍ എങ്ങനെ തഴയപ്പെട്ടു? ആന്ധ്രയിലെ ഉന്നതവിഭാഗം അധികാരം പിടിച്ചടക്കിയെന്നതാണ് ഉത്തരം. ആന്ധ്രയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും വ്യവസായ കുടുംബങ്ങള്‍ക്കുമൊക്കെ ഹൈദരാബാദില്‍ വന്‍തോതില്‍ ഭൂമിയുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആര്‍. റെഡ്ഢിയും അദ്ദേഹത്തിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഢിയും തെലങ്കാനയെ എതിര്‍ത്തതിനു പിന്നില്‍ ഹൈദരാബാദിലെ ഭൂമിയിലുള്ള താല്‍പര്യങ്ങളാണ്. തെലങ്കാന സംസ്ഥാന രൂപവല്‍ക്കരണം വൈകിയതിന് ആന്ധ്രയിലെ ഈ രാഷ്ട്രീയ നേതാക്കളുടെ ബിനാമി ഭൂമി ഇടപാടുകളും കാരണമായി. ആന്ധ്രയിലെ മറ്റു സംസ്ഥാനങ്ങളിലുള്ള അവരുടെ നിക്ഷേപം വന്‍തോതിലുള്ള ഭൂമി വിലക്കയറ്റത്തിനും കാരണമായി.
 
തെലങ്കാന വിഭജന ശേഷമുള്ള ആന്ധ്രയുടെ പുതിയ തലസ്ഥാനമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഓംഗോളില്‍ ഭൂമിക്ക് വന്‍തോതില്‍ വില ഉയര്‍ന്നു കഴിഞ്ഞു. ഇവിടെ സര്‍ക്കാരിനു മാത്രമായി 30,000 ഏക്കര്‍ ഭൂമിയുണ്ട്. നഗര – സംസ്ഥാനങ്ങള്‍ തമ്മിലുള്ള ശാക്തീകരണം സാധ്യമാക്കാനുള്ള ആശയമായും ചെറുസംസ്ഥാന രൂപവല്‍ക്കരണം മാറേണ്ടതുണ്ട്. കാരണം, നഗരങ്ങളാണ് ഇപ്പോള്‍ സ്വന്തം ആവശ്യങ്ങളനുസരിച്ചുള്ള വലിയ അധികാരകേന്ദ്രങ്ങളായി മാറുന്നത്. ഉദാഹരണത്തിന്, മുംബൈ മെട്രോപൊളിറ്റന്‍ മേഖലയില്‍ 1.8 കോടിയാണ് ജനസംഖ്യ. യൂറോപ്യന്‍ യൂണിയനു സമാനമാണിത്. നഗരത്തിനു പുറത്തു നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയക്കാര്‍ക്ക് മുംബൈ നഗരത്തെ ഭരിക്കാനാവില്ല. ഭരണം കാര്യക്ഷമമാക്കാന്‍ കോര്‍പ്പറേറ്റ് രീതിയിലുള്ള ശൈലിയാണ് നഗരങ്ങള്‍ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന നഗരഭരണകൂടങ്ങള്‍ക്ക് ഭരണപരമായ വീഴ്ച വരുത്തിയാല്‍ മുനിസിപ്പല്‍ കമ്മിഷണര്‍മാരെ പുറത്താക്കാനുള്ള അധികാരം പോലുമില്ല. അതെല്ലാം ഇപ്പോഴും സംസ്ഥാന സര്‍ക്കാരുകള്‍ക്കേ ചെയ്യാനാവൂ. ഇങ്ങനെ അധികാരങ്ങളില്ലാതെ നിയന്ത്രിക്കപ്പെടുന്നതാണ് ഈ നഗരഭരണകൂടങ്ങള്‍. അതുകൊണ്ടു തന്നെ ഭരണം മെച്ചപ്പെടുത്തുന്നതിനേക്കാള്‍ കൂടുതല്‍ പണമുണ്ടാക്കുന്നതിലേയ്ക്ക് ഇത്തരം ഭരണകൂടങ്ങളിലെ ജനപ്രതിനിധികളുടെ താല്‍പര്യം മാറുന്നു.
 
 
ഡല്‍ഹിയില്‍ പോലും ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമല്ല. അതു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിധിയിലാണ്. ഇന്ത്യയില്‍ യു.പിയില്‍ നാലു സംസ്ഥാനങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കുന്നു. ഇതിനായി മായാവതി സര്‍ക്കാര്‍ പ്രത്യേക പ്രമേയവും പാസ്സാക്കിയിരുന്നു. പിന്നീടതൊരു തിരഞ്ഞെടുപ്പു തന്ത്രമാണെന്ന് തെളിഞ്ഞു. ആന്ധ്ര, മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവയെ മൂന്നാക്കാം. ഗുജറാത്തിനെ സൗരാഷ്ട്ര, കച്ച് എന്നീ ഭാഗങ്ങളാക്കി മുറിക്കാം. തമിഴ്‌നാടിനും കേരളത്തിനും രണ്ടാവാനുള്ള സാധ്യതകളുണ്ട്. കാശ്മീരിനെ വാലി, ജമ്മു, ലഡാക്ക് എന്നിങ്ങനെ മൂന്നാക്കി വിഭജിക്കാം. ഇതിനെല്ലാമുപരി നഗര രൂപവല്‍ക്കരണത്തിനും സാധ്യത തെളിയുന്നു. അങ്ങനെയെങ്കില്‍ അതു മുംബൈയില്‍ നിന്നു തന്നെ തുടങ്ങാം!
 

This post was last modified on January 2, 2017 5:22 pm