“രണ്ടു ഫോടോഗ്രാഫേഴ്സ് തമ്മിലുള്ള ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍,” പ്രശസ്ത ഫോട്ടോഗ്രാഫറും മലയാള മനോരമയിലെ പിക്ചര്‍ എഡിറ്ററുമായ ബി ജയചന്ദ്രന്‍ ഈ കഴിഞ്ഞ ദിവസം അന്തരിച്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയെ ഓര്‍മ്മിക്കുന്നു. 2005 മുതല്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ നിര്‍ദ്ദേശ പ്രകാരം തിരുവിതാംകൂറിന്റെ ദൃശ്യ പാരമ്പര്യത്തെ പ്രത്യേകിച്ചും ഫോട്ടോഗ്രാഫിയെ ഡോക്കുമെന്‍റ് ചെയ്യുന്നതിന്‍റെയും റിസ്റ്റോര്‍ ചെയ്യുന്നതിന്‍റെയും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ജയചന്ദ്രന്‍. മാര്‍ത്താണ്ഡ വര്‍മ്മയുടെ നിര്‍ദ്ദേശ പ്രകാരം ചിത്രങ്ങളുടെ റിസ്റ്റൊറേഷന്‍ ജോലികള്‍ ചെയ്യുന്നതിനുവേണ്ടി അനുവദിച്ചു കിട്ടിയ ഭജനപ്പുര കൊട്ടാരത്തിനോടു ചേര്‍ന്ന പഴയ അതിഥി മുറിയില്‍ ബി ജയചന്ദ്രന്‍ അഴിമുഖം പ്രതിനിധി സാജു കൊമ്പനോട് സംസാരിക്കുന്നു.
അടിസ്ഥാനപരമായി തമ്പുരാന്‍ (ഞാന്‍ തമ്പുരാന്‍ എന്നാണ് വിളിക്കാറ്) ഒരു വിഷ്വല്‍ ആര്‍ട്ടിസ്റ്റാണ്. പ്രത്യേകിച്ചും ഫോട്ടോഗ്രാഫിയില്‍ അസാധാരണമാം വിധമുള്ള താത്പര്യവും അറിവും അദ്ദേഹത്തിനുണ്ടായിരുന്നു. 12 വയസുള്ളപ്പോള്‍ ചേട്ടന്‍ വാങ്ങിച്ചു കൊടുത്ത റോളിഫ്ലെക്സ് ക്യാമറയിലാണ് അദ്ദേഹത്തിന്റെ തുടക്കം. തിരുവിതാംകൂറിന്റെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ മാത്രമല്ല, യാത്രാ പ്രിയനായതുകൊണ്ടു തന്നെ യാത്രയിലുടനീളം മനസില്‍ പതിയുന്ന ദൃശ്യങ്ങളും അദ്ദേഹം പകര്‍ത്തിവച്ചിരുന്നു. ചരിത്രത്തിന്‍റെ സൂക്ഷിപ്പുകാരനായിരുന്നു അദ്ദേഹം. ഈ ഫോട്ടോഗ്രാഫുകള്‍ മാത്രമല്ല, പത്രം വായിക്കാന്‍ തുടങ്ങിയ കാലം മുതല്‍ പ്രധാനപ്പെട്ട സംഭവങ്ങളും ചിത്രങ്ങളും വെട്ടിയെടുത്തു സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇന്നും അതൊരു ദിനചര്യ പോലെ തുടരുന്നു. ചരിത്രം സൂക്ഷിച്ചുവെക്കാനുള്ള തമ്പുരാന്‍റെ മനസാണ് വിഷ്വല്‍ ഹിസ്റ്ററി ഓഫ് ട്രാവന്‍കൂര്‍ എന്ന പ്രൊജെക്ടിന്‍റെ ആത്മാവ്.
1982ല്‍ മലയാള മനോരമയിലെ ജോലിയുമായി ബന്ധപ്പെട്ടാണ് ഞാന്‍ തമ്പുരാനെ പരിചയപ്പെടുന്നത്. ഒരു പത്ര ഫോട്ടോഗ്രാഫര്‍ എന്ന നിലയിലുള്ള ബന്ധം. തിരുവിതാംകൂറിന്റെ വളരെ സമ്പന്നമായ ദൃശ്യ കലാ പാരമ്പര്യത്തെ റിസ്റ്റോര്‍ ചെയ്തു സൂക്ഷിക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചപ്പോള്‍ മലയാള മനോരമയില്‍ ജോലി ചെയ്യുകയാണെന്ന പരിമിതി ഞാന്‍ പറഞ്ഞു. ഉടന്‍ തന്നെ കമ്പനിയുമായി ബന്ധപ്പെട്ട് അതിനു വേണ്ട അനുമതി തമ്പുരാന്‍ തന്നെ വാങ്ങി തരികയായിരുന്നു.
ഞാന്‍ ആദ്യം ചെയ്തത് ഏകദേശം ഇരുപത്തിനായിരത്തോളം വരുന്ന ഈ ചിത്രങ്ങളെ ഡോക്കുമെന്‍റ് ചെയ്യുകയായിരുന്നു. എല്ലാം നെഗറ്റീവുകളായിരുന്നു. ഫോട്ടോഗ്രാഫി കണ്ടു പിടിച്ചതുമുതലുള്ള ഗ്ലാസ് നെഗറ്റീവ്സും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവയെല്ലാം പ്രിന്‍റെടുത്തു. ഓരോ ചിത്രവും എന്താണ്, ഏത് വര്‍ഷമാണെടുത്തത്, അതിന്‍റെ ടെക്നോളജി, ആരാണ് ഫോടോ എടുത്തത് എല്ലാം ഡോക്കുമെന്‍റ് ചെയ്തു. യാത്ര ഏറെ ഇഷ്ടപ്പെടുന്ന എന്നെ സംബന്ധിച്ചിടത്തോളം തിരുവിതാംകൂറിന്റെ ദൃശ്യ ചരിത്രത്തിലേക്കുള്ള ഒരു സഞ്ചാരമായിരുന്നു ഈ പ്രോജക്റ്റ്.
ചരിത്രത്തില്‍ അസാധാരണമായ അറിവുള്ളയാളായിരുന്നു മാര്‍ത്താണ്ഡ വര്‍മ്മ. തിരുവിതാംകൂറിന്‍റെ ചരിത്രവുമായി ബന്ധപ്പെട്ട് എന്തുകാര്യം ചോദിച്ചാലും അദ്ദേഹം മനസില്‍ നിന്നെടുത്ത് പറഞ്ഞു തരുമായിരുന്നു. മാത്രമല്ല കൊട്ടാരവുമായി ബന്ധപ്പെട്ട് എന്തു സംഭവം നടന്നാലും സ്വയം ഫോട്ടോ എടുത്തു വെക്കുകയോ അല്ലെങ്കില്‍ മറ്റാരെക്കൊണ്ടെങ്കിലും എടുപ്പിക്കുകയോ ചെയ്യുമായിരുന്നു. ചരിത്രം വളരെ ശ്രദ്ധാപൂര്‍വവും ശാസ്ത്രീയമായും ആര്‍ക്കൈവ് ചെയ്തു സൂക്ഷിച്ചുവെക്കണമെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്‍റേത്.
തമ്പുരാന്‍ ഒരു വിഷ്വല്‍ ആര്‍ട്ടിസ്റ്റായതുകൊണ്ടു തന്നെ അദ്ദേഹവുമായുള്ള ആശയവിനിമയം വളരെ എളുപ്പത്തില്‍ സാധിച്ചിരുന്നു. ഞാന്‍ പറയുന്നതു അദ്ദേഹത്തിനും അദ്ദേഹം പറയുന്നതു എനിക്കും എളുപ്പത്തില്‍ മനസിലാവുമായിരുന്നു. അതുകൊണ്ടു തന്നെ ഇത്ര വലിയ ഒരു റിസ്റ്റൊറേഷന്‍ പ്രോജക്റ്റ് ചെയ്യുമ്പോഴുണ്ടായേക്കാവുന്ന ആശയകുഴപ്പങ്ങളോ പ്രശ്നങ്ങളോ ഒന്നും വര്‍ക്കിനെ ബാധിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് എന്തു പറയാനുണ്ടെങ്കിലും എനിക്കു കൊട്ടാരത്തിലേക്ക് പോകാം. രാജാവിനെ കാണാന്‍ പ്രത്യേക അനുവാദമൊന്നും എടുക്കേണ്ടി വന്നിരുന്നില്ല. ഏതു സമയം വേണമെങ്കിലും ഫോണില്‍ വിളിക്കാം. അല്ലെങ്കില്‍ എല്ലാ ദിവസവും പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വരുമ്പോള്‍ ഇവിടെ വരും. ചെയ്തുകൊണ്ടിരിക്കുന്ന വര്‍ക്കിനെക്കുറിച്ച് അഭിപ്രായം പറയും.ആവശ്യമായ നിര്ദേശങ്ങള്‍ തരും. അനാവിശ്യമായ നിര്‍ദേശങ്ങളോ നിര്‍ബന്ധങ്ങളോ തമ്പുരാന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ഒട്ടുമിക്ക ചിത്രങ്ങളെയും റിക്രിയേറ്റ് ചെയ്യുകയാണ് ചെയ്തത്. കാലപ്പഴക്കം കൊണ്ടുണ്ടായ പ്രശ്നങ്ങളെ എണ്ണച്ചായം കൊണ്ട് പൂര്‍ത്തിയാകുകയായിരുന്നു. ശരിക്കും എണ്ണച്ചായം ബെയ്സായെടുത്ത് ഒരു സ്വതന്ത്രമായ ആര്‍ട് വര്‍ക്കാണ് നടത്തിയിരിക്കുന്നത്. ബ്ലാക് ആന്‍റ് വൈറ്റിലുള്ള ചിത്രങ്ങളെ അതേ രീതിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഫോടോഗ്രാഫര്‍ എന്നതിനേക്കാളുപരി ഞാനൊരു ചിത്രകാരനും കൂടിയാണ്. എന്‍റെ അച്ഛന്‍ ഒരു ചിത്രകാരനായിരുന്നു. അതില്‍ നിന്നുള്ള അനുഭവം ഈ വര്‍ക്കില്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
ഡോക്കുമെന്‍റഷന്‍ ഓഫ് ട്രാവങ്കൂര്‍ ഹിസ്റ്ററി എന്ന ഈ പ്രൊജെക്ടിന്‍റെ ഏറ്റവും വലിയ നേട്ടം ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ ചിത്രാലയം സ്ഥാപിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ്. രംഗ വിലാസം കൊട്ടാരത്തിലാണ് അത് പ്രവര്‍ത്തിക്കുന്നത്. 1935ല്‍ മ്യൂസിയമായി സ്ഥാപിക്കപ്പെട്ട കൊട്ടാരം 1952ല്‍ കേരള സര്ക്കാര്‍ കെ എസ് ആര്‍ ടി സിക്കു കൊടുക്കുകയായിരുന്നു. പിന്നീട് 2005ല്‍ കോടതി വിധിയെത്തുടര്‍ന്നു അത് വിണ്ടും രാജ കുടുംബത്തിന്‍റെ കയ്യിലായി. കഴിഞ്ഞ ജൂണില്‍ കേന്ദ്ര മന്ത്രി എ കെ ആന്‍റണിയാണ് ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ ചിത്രാലയം ഉദ്ഘാടനം ചെയ്തത്.എന്‍റെ മുന്‍പിലെത്തിയ 6000ത്തോളം വരുന്ന മികച്ച ഫോട്ടോഗ്രാഫുകളില്‍ നിന്നു വളരെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത 219 ചിത്രങ്ങളാണ് മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇത് 1600കള്‍ മുതലുള്ള തിരുവിതാംകൂറിന്‍റെ ദൃശ്യ ചരിത്രം കൂടിയാണ്. അതുകൊണ്ടു തന്നെ വലിയ അക്കാദമികമായ പ്രാധാന്യം കൂടി ഈ റിസ്റ്റൊറേഷന്‍ പ്രക്രിയയ്ക്കുണ്ട്.
ചിത്രാലയം കൂടാതെ നാലു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘ട്രാവന്‍കൂര്‍, എ സാഗ ഓഫ് ബെനെവളന്‍സ്’ എന്ന ഡോക്കുമെന്‍ററിയും ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിട്ടുണ്ട്. മാടമ്പ് കുഞ്ഞുകുട്ടനാണ് തിരക്കഥ എഴുതിയത്. മാടമ്പാണ് തിരക്കഥയെങ്കിലും രാജാവിന്‍റെ തിരുവിതാംകൂര്‍ ചരിത്രത്തിലുള്ള അഗാധമായ അറിവ് ഡോക്കുമെന്‍ററിക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഡോകുമെന്‍ററി ചിത്രാലയത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ മനോരമയ്ക്ക് വേണ്ടി ദ വിഷ്വല്‍ ഹിസ്റ്ററി ഓഫ് ട്രാവങ്കൂര്‍ എന്ന പുസ്തകവും ഇതിനെ അടിസ്ഥാനമാക്കി ചെയ്തിട്ടുണ്ട്. മറ്റൊന്നു തമ്പുരാനുമായി നടത്തിയിട്ടുള്ള ദീര്‍ഘമായ സംഭാഷണങ്ങളുടെ മുപ്പതോളം ഓഡിയോ ടേപ്പുകളാണ്. തിരുവിതാംകൂറിന്‍റെ ദൃശ്യ ചരിത്രത്തെക്കുറിച്ചുള്ള അമൂല്യ ശബ്ദ രേഖകളാണ് ഈ സംഭാഷണങ്ങള്‍.
തുറന്ന മനസ്, തികഞ്ഞ പണ്ഡിതന്‍, ഭാഷാ പ്രവീണന്‍, ചരിത്ര കുതുകി, ചരിത്രത്തിന്‍റെ സൂക്ഷിപ്പുകാരന്‍…ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയെക്കുറിച്ച് ബി ജയചന്ദ്രനു പറയാന്‍ ഇനിയുമേറെയുണ്ട്. മാര്‍ത്താണ്ഡ വര്‍മ്മയുടെ നിര്യാണത്തോടെ തിരുവിതാംകൂറിന്‍റെ ദൃശ്യ ചരിത്രം സംരക്ഷിക്കാനുള്ള ഈ ഉദ്യമം ഏതു തരത്തില്‍ മുന്‍പോട്ടു പോകുമെന്ന് പറയാന്‍ പറ്റില്ല. എന്തായാലും ഫോട്ടോഗ്രാഫി ആത്മാവില്‍ കൊണ്ടു നടക്കുന്ന കലാകാരനായ തമ്പുരാന്‍റെ നിര്‍ദേശങ്ങള്‍ ഇതിനെ മുന്‍പോട്ടു നയിക്കാന്‍ ഇനിയുണ്ടാകില്ല എന്ന യഥാര്‍ഥ്യം ബി ജയചന്ദ്രനെ അല്പമൊന്നു അധീരനാക്കുന്നുണ്ട്.
This post was last modified on January 2, 2017 5:27 pm
Leave a Comment