X

ബള്‍ബ് കൊണ്ടുവന്ന മാറ്റങ്ങള്‍

സിന്ധ്യ ഗ്രാബര്‍
(സ്ലേറ്റ്)

 

നമ്മുടെ നിത്യജീവിതത്തെ വല്ലാതെ മാറ്റിമറിച്ച ഒരു ലളിതമായ കണ്ടുപിടിത്തമുണ്ട്. ലൈറ്റ് ബള്‍ബ്. എന്നാല്‍ അപ്രതീക്ഷിതമായി നിന്നുപോയാലല്ലാതെ അതേപ്പറ്റി നമ്മള്‍ അങ്ങനെ കാര്യമായൊന്നും ചിന്തിക്കാറില്ല. എങ്കിലും വികസിതരാജ്യങ്ങളിലെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഈ ചെറിയ ഉപകരണം ചിന്തിക്കാനാവാത്തത്ര മാറ്റങ്ങളാണ് കൊടുക്കുന്നത്.

 

സാധാരണയായി പറയുന്നതുപോലെ തോമസ്‌ എഡിസന്‍ ലൈറ്റ് ബള്‍ബ് പൂര്‍ണ്ണമായി കണ്ടുപിടിച്ചതൊന്നുമല്ല. ദശാബ്ദങ്ങളുടെ ഗവേഷണത്തിനെ ആസ്പദമാക്കി വൈദ്യുതി കൊണ്ട് വെളിച്ചമുണ്ടാക്കാനുള്ള ഒരു മാര്‍ഗമാണ് എഡിസന്‍ കണ്ടെത്തിയത്. എങ്കിലും എഡിസന്‍ നിമിത്തം 1882ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ആദ്യമായി ലൈറ്റ്ബള്‍ബുകള്‍ തെളിഞ്ഞു. ന്യൂയോര്‍ക്ക് ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടര്‍ പറയുന്നത് ഇങ്ങനെ: “കടകളിലും ബിസിനസ് സ്ഥാപനങ്ങളിലും ഇന്നലെ വിചിത്രമായ ഒരു പ്രകാശമുണ്ടായിരുന്നു. ഗ്യാസ് ലൈറ്റുകളുടെ പുകപിടിച്ച വെളിച്ചത്തിനുപകരം തെളിച്ചമുള്ള അണയാത്ത ഒരു പ്രകാശം. അത് ഉള്‍ത്തളങ്ങളെ പ്രകാശപൂരിതമാക്കി. ജനാലകളിലൂടെ ഇളകാതെ നില്‍ക്കുന്ന വെളിച്ചം കാണാമായിരുന്നു… എഡിസന്റെ ലൈറ്റ്ബള്‍ബുകള്‍ ആദ്യമായി ഉപയോഗിച്ച സന്ധ്യയായിരുന്നു ഇന്നലെ.”

 

അന്നുമുതല്‍ നമ്മള്‍ അതിന്റെ ഗുണങ്ങള്‍ അനുഭവിക്കുകയാണ്. ആലോചിച്ചുനോക്കുക: ജനാലയിലൂടെ രാത്രി വീണുതുടങ്ങുന്നു, മുറി ഇരുളുന്നു. നിങ്ങള്‍ അനായാസം നടന്നുപോയി ഒരു സ്വിച്ച് ഇടുന്നു. അങ്ങനെ ചെയ്തത് ഒരു വലിയ പ്രവൃത്തിയായി നിങ്ങള്‍ തിരിച്ചറിയുന്നുപോലുമില്ല. ബള്‍ബ് തെളിയുന്നതോടെ നിഴലുകള്‍ മറയുന്നു. നിങ്ങളുടെ വീടു പകല്‍ പോലെ പ്രകാശിക്കുന്നു. നിങ്ങള്‍ പുസ്തകം വായിക്കുന്നു, ഭക്ഷണം പാകം ചെയ്യുന്നു, കുട്ടികള്‍ ഹോംവര്‍ക്ക് ചെയ്യുന്നു.

 

 

എന്നാല്‍ ഈ സ്വിച്ച് ഇടാന്‍ കഴിയാത്ത ലോകത്തിലുള്ള ബാക്കിയുള്ള മനുഷ്യരുടെ ജീവിതങ്ങള്‍ ആകാശത്തില്‍ പ്രകാശിക്കുന്ന സൂര്യനെ മാത്രം ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. സൂര്യന്‍ അസ്തമിച്ച ശേഷം അവര്‍ക്ക് പ്രകാശം വേണമെങ്കില്‍ മെഴുകുതിരികളോ മണ്ണെണ്ണയൊ വേണം, ഇവയൊക്കെ ചെലവു കൂടിയതും അപകടം നിറഞ്ഞതും അന്തരീക്ഷമലിനീകരണമുണ്ടാക്കുന്നതും ഒക്കെയാണ്. ആഫ്രിക്കയിലെ ചില പ്രദേശങ്ങളില്‍ ആളുകള്‍ മണ്ണെണ്ണ വിളക്കുകള്‍ക്കുവേണ്ടി തങ്ങളുടെ സമ്പാദ്യത്തിന്റെ മുപ്പതുശതമാനത്തോളം ചെലവാക്കുന്നു. ഇവ കത്തിക്കുന്നതിലൂടെ പുറത്തുവരുന്ന കാര്‍ബണ്‍ ഡയോക്സൈഡ് കാലാവസ്ഥാവ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നു. ഒരു അടഞ്ഞ വീട്ടില്‍ അത് കത്തിക്കുന്നത് പല പാക്കറ്റ് സിഗരറ്റ് ശ്വസിക്കുന്നതിനുതുല്യമാണ്. മണ്ണെണ്ണ കത്തുന്നത് കണ്ണുകളെ അലോസരപ്പെടുത്തുന്നതുകാരണം പഠിക്കുന്ന കുട്ടികള്‍ ഹോംവര്‍ക്ക് ചെയ്യുന്നതിന് പകരം വിളക്ക് കെടുത്തുന്നു.

 

എന്നാല്‍ ലൈറ്റ് ബള്‍ബ് ഉള്ള വീടുകളില്‍ സാധ്യതകള്‍ ഏറെയാണ്‌. സ്ത്രീകള്‍ക്ക് വീടുകളില്‍ ചെറിയ കടകള്‍ തുടങ്ങാം, തുന്നലോ ഭക്ഷണം പാകം ചെയ്യാലോ ചെയ്തു പണം സമ്പാദിക്കാം. കുട്ടികള്‍ക്ക് പഠിക്കാം, ഒരു ആണ്‍കുട്ടിയോ പെണ്കുട്ടിയോ പഠനം ഉപേക്ഷിക്കാതിരിക്കാന്‍ ഒരു ലൈറ്റ് ബള്‍ബിനെക്കൊണ്ട് സാധിക്കും. കുടുംബങ്ങള്‍ വായിക്കുകയോ മറ്റുള്ളവരെ വായിക്കാന്‍ പഠിപ്പിക്കുകയോ ചെയ്യും. ഒരു കടയുടമയ്ക്ക് ഏറെ നേരം തന്റെ കട തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും, കൂടുതല്‍ പണം സമ്പാദിക്കാനും കുഞ്ഞുങ്ങളെ സ്കൂളിലയയ്ക്കാനും കഴിയും. അതുകൊണ്ടാണ് ലോകത്തിലെ പല സംഘടനകളും മനുഷര്‍ക്ക് വെളിച്ചം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്.

 

 

എഡിസന്‍ നിര്‍മിച്ച ഇന്കാന്‍ഡസന്റ് ബള്‍ബ് ഒരു ഫിലമന്റ് കൊണ്ടാണ് പ്രവര്‍ത്തിക്കുക. വൈദ്യുതി അതിലൂടെ കടന്നുപോകുമ്പോള്‍ ചൂടും പ്രകാശവും ഉണ്ടാവുന്നു. എന്നാല്‍ ഉപയോഗിക്കപ്പെടുന്ന ഊര്‍ജത്തിന്റെ തൊണ്ണൂറ്റിയഞ്ചുശതമാനവും ചൂടായി നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ പല ഗവണ്‍മെന്‍റുകളും ഇന്കാന്‍ഡസന്റ്കള്‍ ഉപയോഗിക്കുന്നതിനു എതിരായിട്ടുണ്ട്. 1940കളില്‍ നിര്‍മ്മിക്കപ്പെട്ട കോമ്പാക്റ്റ് ഫ്ലൂറസന്റ്റ് ലൈറ്റുകള്‍ എന്ന സീഎഫ് എലുകലാണ് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഊര്‍ജം ഉപയോഗിക്കുന്നത്.

 

ലൈറ്റിംഗിലെ ഏറ്റവും പുതിയ കണ്ടെത്തല്‍ ലൈറ്റ് എമിറ്റിംഗ് ഡയോഡുകള്‍ എന്ന എല്‍ ഇ ഡികളാണ്. എല്‍ ഇ ഡിയില്‍ വൈദ്യുതി നല്‍കുമ്പോള്‍ ഇലക്‌ട്രോണുകള്‍ സഞ്ചരിക്കുന്നത്തിലൂടെയാണ് പ്രകാശം ലഭിക്കുന്നത്. അവ കൂടുതല്‍ കാലം നിലനില്‍ക്കുകയും അവിശ്വസനീയമാം വിധം ഊര്‍ജം സംരക്ഷിക്കുകയും ചെയ്യും. ഒരേയൊരു പ്രശ്നം വെളുത്തനിറത്തിലുള്ള എല്‍ ഇ ഡികളുടെ വിലയാണ്.

 

എന്നാല്‍ എല്‍ ഇ ഡികള്‍ സോളാര്‍ ഊര്‍ജത്തോട് വളരെ എളുപ്പത്തില്‍ ചേര്‍ത്തുവയ്ക്കാന്‍ സാധിക്കും. ദരിദ്രരാജ്യങ്ങളില്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്ന ഒരു സൌരോര്‍ജവിളക്ക് വലിയ കാര്യം തന്നെയാണ്. ലൈറ്റ് അപ്പ്‌ ദി വേള്‍ഡ് ഫൌണ്ടേഷന്‍ പോലുള്ള സംഘടനകള്‍ സോളാര്‍ പാനലുകളെ എല്‍ ഇ ഡികളുമായി ചേര്‍ത്തുപയോഗിക്കുന്നുണ്ട്. സോളാര്‍ സിസ്റ്റര്‍ എന്ന സംഘടന ആഫ്രിക്കന്‍ സ്ത്രീകള്‍ക്ക് സോളാര്‍ ലൈറ്റ് ബള്‍ബ് നിര്‍മ്മാണത്തിലും വിപണനത്തിലും പരിശീലനം നല്‍കുന്നു. കെനിയയിലെ എം-കോപ എന്ന സംഘടനയാവട്ടെ ഇരുനൂറു ഡോളറിന് സോളാര്‍ പാനലുകളും വിളക്കും ഒരു സെല്‍ഫോണ്‍ ചാര്‍ജറുമാണ് നല്‍കുന്നത്. ഇത് വാങ്ങുന്നവര്‍ പല തവണകളായി ഒരു വര്‍ഷം കൊണ്ട് ഈ തുക കൊടുത്തുതീര്‍ത്താല്‍ മതിയാകും.

 

 

കമ്പനികള്‍ പല തരം എല്‍ ഇ ഡി ബള്‍ബുകള്‍ നിര്‍മ്മിക്കാനും ശ്രദ്ധിക്കുന്നുണ്ട്. ഉദാഹരണത്തിന് നോ – കേറോ (മണ്ണെണ്ണ വേണ്ട എന്ന അര്‍ത്ഥമാണ് പേരിന്) അവരുടെ പുതിയ ബള്‍ബ് പുറത്തിറക്കി. അതിനെ വൈദ്യുതി ഉപയോഗിച്ചും സോളാര്‍ പാനല്‍ ഉപയോഗിച്ചും ചാര്‍ജ് ചെയ്യാനാകും. പോരാത്തതിന് മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള ഔട്ട്‌ലറ്റും ഉണ്ട്. വികസിതരാജ്യങ്ങളില്‍ പല വിതരണക്കാരും ഗവന്മേന്റ്റ് – ഗവന്മേന്റ്റ് ഇതര സംഘടനകള്‍ വഴിയും അവര്‍ ആയിരക്കണക്കിന് ബള്‍ബ് യൂണിറ്റുകള്‍ വിറ്റുകഴിഞ്ഞു.

 

ഈ വെളിച്ചം ആളുകളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്. ഒരു ലൈറ്റ് ബള്‍ബിനു ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയും. ലോറ സ്ടാച്ചല്‍ എന്ന കാലിഫോര്‍ണിയ സ്വദേശിയായ ഗൈനക്കോളജിസ്റ്റ് നൈജീരിയയില്‍ ഒരു ഗവേഷണയാത്രയിലെത്തിയപ്പോള്‍ ഒരു അടിയന്തിര സിസേറിയനിടയില്‍ വെളിച്ചം പോയി. തന്റെ പക്കല്‍ ഉണ്ടായിരുന്ന ടോര്‍ച്ച് ഉപയോഗിച്ച് അവര്‍ ശാസ്ത്രക്രിയ പൂര്‍ത്തിയാക്കിയെങ്കിലും അന്ന് പല ശസ്ത്രക്രിയകളും മാറ്റിവയ്ക്കേണ്ടിവരികയും ആളുകള്‍ മരിക്കുകയും ഒക്കെയുണ്ടായി. വെളിച്ചം ഇല്ലാത്തതുകൊണ്ട് മാത്രം. ഇത് നൈജീരിയയില്‍ മാത്രമല്ല, ആഫ്രിക്കയുടെ പലയിടത്തും ഇതേ അവസ്ഥയാണ്. തിരിച്ചെത്തിയ ലോറ ഭര്‍ത്താവിനോടൊപ്പം സോളാര്‍ സൂട്ട്കേസ് ഡിസൈന്‍ ചെയ്തു. ഈ സൂട്ട്കേസുകളില്‍ ആശുപത്രി മേല്‍ക്കൂരയില്‍ ഘടിപ്പിക്കാവുന്ന സോളാര്‍ പാനലുകളും ഊര്‍ജം സംഭരിക്കാനുള്ള ഒരു ബാറ്ററിയും റീചാര്‍ജ് ചെയ്യാവുന്ന എല്‍ ഇ ഡി ലൈറ്റ്കളും ഒരു ഹെഡ്ലാംപും ആശയവിനിമയത്തിനുള്ള വാക്കിടോക്കികളും ഒരു ഫീറ്റല്‍ ഹാര്‍ട്ട് റേറ്റ് മോണിട്ടറും ഉണ്ട്. ഈ സോളാര്‍ വെളിച്ചം ഇന്ന് ആഫ്രിക്കയിലും ഏഷ്യയിലും മധ്യഅമേരിക്കയിലും ഉള്ള ഇരുപത്തിയേഴു രാജ്യങ്ങളില്‍ ജീവനുകള്‍ രക്ഷിക്കുന്നു.

 

ഈ സാങ്കേതികവിദ്യയില്‍ വലിയ കാര്യമൊന്നുമില്ലെന്ന് തോന്നിയേക്കാം. എന്നാല്‍ ലോകജനസംഖ്യയുടെ ഇരുപതുശതമാനത്തിന് പ്രവര്‍ത്തിക്കുന്ന വിശ്വസിക്കാവുന്ന ഒരു ലൈറ്റ്ബള്‍ബ് ദൈവം അയച്ചതുപോലെയാണ്. 

This post was last modified on January 2, 2017 5:27 pm

Related Post
Leave a Comment