X

കണ്ടാലും കണ്ടാലും മതിവരാത്ത കടലുള്ള നാട്

നേരം വെളുത്തു തുടങ്ങുന്നതേയുള്ളു. പുറത്ത് അമ്പലമണി കേള്‍ക്കാം. ഇഞ്ചിയും ഗ്രാമ്പുവും ഏലക്കയും ഒക്കെയിട്ട ഒരു മസാല കാപ്പി കുടിച്ചോണ്ട് നേരം വെളുക്കുന്നത് കാണാം എന്നാലോചിച്ചാണ് മുറിക്ക് പുറത്തേക്കിറങ്ങിയത്. രാവിലെ അമ്പലത്തില്‍ പോയിട്ട് ജോലിക്ക് കേറാനായി വരുന്ന നിഷ ദേവേച്ചയാണ് കതകു തുറന്നപ്പോ ആദ്യം കണ്ടത്. അങ്ങനെ നിഷയുമായി പതുക്കെ റെസ്‌റ്റോറന്ടിലേക്ക് നടന്നു. കടലിനടുത്താണ് ഹോട്ടല്‍. പുറത്തേക്കിറങ്ങി അല്പം നടന്നാല്‍ തിരമാലകള്‍ വന്നു വെറുതെ കാലില്‍ തൊട്ടിട്ടു പോകും. മസാല കാപ്പി കുടിക്കുന്നതിനിടയില്‍ തോപ്പുംപടിക്കാരന്‍ ബോണിയെയും തലയോലപ്പറമ്പുകാരന്‍ നവാസിക്കയെയും കണ്ടു. കുശലന്വേഷണത്തിനു ശേഷം അവരു പോയി. ഇപ്പോ ഞാനും എന്റെ മസാല കാപ്പിയും എന്റെ മുന്‍പില്‍ ഇന്ത്യന്‍ മഹാസമുദ്രവും.
 
 
ഇത് സാന്‍സിബാര്‍.
 
ഇരുപതിനായിരം വര്‍ഷത്തിലേറെയായി മനുഷ്യര്‍ താമസിക്കുന്ന ഒരു കിഴക്കനാഫ്രിക്കന്‍ ദ്വീപാണ് സാന്‍സിബാര്‍. കണ്ടല്‍കാടുകള്‍ നിറഞ്ഞ കരപ്രദേശവും പവിഴപ്പുറ്റുകള്‍ നിറഞ്ഞ കടോലരവും ചേര്‍ന്നതാണ് ഇവിടം. പ്രകൃതിദത്തമായ തുറമുഖം കൊണ്ട് അനുഗ്രഹീതം. കണ്ടല്‍ക്കാടുകളും പവിഴപ്പുറ്റുകളും സാന്‍സിബാറിനെ എല്ലാത്തരം കടലാക്രമണങ്ങളില്‍ നിന്നും സംരക്ഷിച്ച്, ഈ നാടിനെ കൂടുതല്‍ സുന്ദരിയും സുരക്ഷിതയുമാക്കുന്നു.  
 
 
ഈ മസാലകാപ്പിക്ക് നമ്മുടെ നാട്ടിലെ ചുക്ക് കാപ്പിയുടെ രുചിയാണ്. അത് പോലെയാണ് സാന്‍സിബാറും. സാന്‍സിബാര്‍ പണ്ട് പുസ്തകങ്ങളിലൊക്കെ വായിച്ചു പരിചയമുള്ള ഒരു പഴയ കേരളമാണ്. നീലാകാശം നിഴലിക്കുന്ന കടല്‍ത്തീരങ്ങളും ചെമ്മണ്ണ് നിറഞ്ഞ നാട്ടുവഴികളും വാഴത്തോപ്പുകളും തെങ്ങിന്‍ത്തോപ്പുകളും ആമ്പല്‍കുളങ്ങളും കപ്പയും ഇഞ്ചിയും കുരുമുളകും ഗ്രാമ്പുവും പിന്നെ പഴയ മണ്‍വീടുകളും റാന്തല്‍ വിളക്കും തേങ്ങയരച്ച മീന്‍കറിയും ചേമ്പിന്‍ പുഴുക്കും എല്ലാം മലയാളിയുടെ മനസ്സില്‍ മലനാടിന്റെ നനവെത്തിക്കും.
 
ടാന്‍സാനിയായുടെ ഭാഗമാണെങ്കിലും സ്വയം ഭരണധികാരമുള്ള സാന്‍സിബാറില്‍ കടല്‍മാര്‍ഗവും വിമാനത്തിലും എത്തി ചേരാം .
 
ദാര്‍- എസ്- സലാമില്‍ നിന്നും ആധുനിക സംവിധാനങ്ങളോടു കുടിയ കിളിമഞ്ചാരോ അതിവേഗബോട്ടുകളാണ് സാന്‍സിബാറിലേക്ക് ഉള്ളത്. മൂന്ന് തട്ടുകളുള്ള കിളിമഞ്ചാരോ ആഴക്കടലിലൂടെ രണ്ടു മണിക്കൂറിനുള്ളില്‍ നമ്മളെ സാന്‍സിബാറിലെത്തിക്കും. ആര്‍ത്തിരമ്പുന്ന തിരമാലകളെ കീറിമുറിച്ചാണ് നമ്മുടെ യാത്ര. കട്ടമരങ്ങളിലെ പാരമ്പര്യ മത്സ്യതൊഴിലാകളാണ് ആഴക്കടലിലെ മനുഷ്യ സാന്നിദ്ധ്യം. സാന്‍സിബാറിലേക്കുള്ള സ്ഥിരം യാത്രക്കാരും പല രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളും സഹയാത്രികരായി ഉണ്ടാകും. പലരെയും കടല്‍ ചൊരുക്ക് ബാധിക്കും. കടല്‍കാറ്റേറ്റു കടലിനെ കണ്ടു സമയം വേഗം പോകും.
 
 
തീരത്തോട് അടുക്കുമ്പോഴേ പഴയകാല പ്രതാപം വിളിച്ചോതി സ്‌റ്റൊണ്‍ ടൌണ്‍ നമ്മളെ സ്വാഗതം ചെയ്യും. ആകാശനീലിമ നിഴലിക്കുന്ന കടല്‍. കടലിന്നടിയിലെ പവിഴപുറ്റുകള്‍ വരെ കാണാം. തീരത്ത് എത്തി കഴിഞ്ഞാല്‍ എമിഗ്രഷന്‍ പരിശോധന ഉണ്ടാകും. നല്ല തിരക്കുണ്ടാകും. കേറാനും ഇറങ്ങാനും ഉള്ള ആളുകള്‍, സാധങ്ങള്‍. ബാഗുകളുടെ പരിശോധന കഴിഞ്ഞു ഇറങ്ങുമ്പോ ടാക്‌സി ഡ്രൈവര്‍മാരുടെ നീണ്ടനിര കാത്തു നില്പുണ്ടാകും. അതു ഭേദിച്ചു പുറത്തേക്കിറങ്ങുമ്പോഴേക്കും ചരിത്രം ഉണര്‍ന്നിരിക്കുന്ന ഒരു പട്ടണത്തില്‍ നാം എത്തികഴിഞ്ഞു. 
 
 
ഈ മണ്ണിലൂടെയാണ് നമ്മുടെ യാത്ര 
 
സാന്‍സിബാറിലേക്ക് കാലെടുത്തു വെയ്ക്കുന്നത് തന്നെ ചരിത്രം ഉറങ്ങാതെ ഇന്നും തലയുയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന സ്‌റ്റോണ്‍ ടൌണിലേക്കാണ്. പവിഴപ്പുറ്റുകള്‍ കൊണ്ട് തീര്‍ത്ത മുന്നും നാലും നിലകളുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളും ഇടനാഴികളും ചേര്‍ന്ന ഒരു ചരിത്രസംരക്ഷിത മേഖലയാണ് സ്‌റ്റോണ്‍ ടൌണ്‍. പൈതൃക സംരക്ഷിത മേഖല ആയത് കൊണ്ട് തന്നെ ഇവിടെ കെട്ടിടങ്ങള്‍ പൊളിക്കാനോ പുതിയത് പണിയാണോ പാടില്ല .
 
 
ചരിത്രത്തിലേക്ക് പിറകോട്ടു നടക്കുമ്പോള്‍ സാന്‍സിബാര്‍ ഒരു മത്സ്യബന്ധന ഗ്രാമമായിരുന്നു. ആഫ്രിക്കന്‍ വംശജര്‍ മാത്രം താമസിച്ചിരുന്ന ഒരു തീരദേശ പ്രദേശം. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വ്യാപാര പാതയില്‍ കിടന്ന പ്രകൃതിദത്ത തുറമുഖമുള്ള ഇവിടെ വളരെ വേഗം തന്നെ അറബിക്കച്ചവടക്കാര്‍ എത്തി. യൂറോപ്പിലേക്കുള്ള യാത്രാമദ്ധ്യേ ഉള്ള വിശ്രമകേന്ദ്രമായിരുന്നു ആദ്യം ഇവിടം. കാലക്രെമേണ ഇതൊരു വാണിജ്യകേന്ദ്രമായി മാറി.
 
ഇസ്ലാം മതസ്ഥാപനത്തോട് കൂടി അറബികള്‍ക്കൊപ്പം ഇസ്ലാം മതവും സാന്‍സിബാറില്‍ എത്തി. കച്ചവടക്കാരായ അറബികള്‍ക്കൊപ്പം ഇന്ത്യക്കാരും സാന്‍സിബാറിലെത്തി. സാന്‍സിബാറിലെ പ്രധാന കച്ചവട വസ്തുക്കളായ ആനക്കൊമ്പ്, തേന്‍, തടി എന്നിവയ്ക്ക് പകരം ഇന്ത്യയിലെ കച്ചില്‍ നിന്നുമുള്ള കപ്പലുകളില്‍ അരി, ഇരുമ്പ്, തുണി അങ്ങനെ പലതും കൈമാറ്റം ചെയ്തുവന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ആധിപത്യത്തിന് മുന്‍പ് തന്നെ മനുഷ്യര്‍ ഭൂഖണ്ട സീമകള്‍ നീന്തിക്കടന്നു പരസ്പരം ബന്ധം പുലര്‍ത്തി വന്നിരുന്നു എന്നുള്ളത് ആശ്ച്ചര്യജനകം തന്നെ.  
 
 
കച്ചവടത്തിനെത്തിയ ഗുജറാത്തികള്‍ ആദ്യം ദേശാടനക്കിളികളെ പോലെ ആയിരുന്നു – കുറച്ചു നാള്‍ ഇവിടെ, കുറച്ചു നാള്‍ അവിടെ. എന്നാല്‍ കാലക്രെമേണ ബനിയന്‍ എന്ന് സാന്‍സിബാറുകാര്‍ വിളിക്കുന്ന ഗുജറാത്തികള്‍ അവരുടെ കുടുംബങ്ങളെയും സാന്‍സിബാറിലേക്ക് കൊണ്ട് വന്നു. എന്നാല്‍ ഗുജറാത്തി ഹിന്ദുക്കള്‍ തദ്ദേശിയരില്‍ നിന്നും പൂര്‍ണമായും അകലം പാലിച്ചു പോന്നു. അവര്‍ സസ്യാഹാരം മാത്രം കഴിക്കുകയും മതാചാരങ്ങള്‍ കൃത്യമായി അഷ്ഠിക്കുകയും വ്യാപാരപരമല്ലാത്ത കാര്യങ്ങള്‍ക്ക് ഈ നാട്ടിലെ ജനങ്ങളില്‍ നിന്ന് പൂര്‍ണമായ അകലം പാലിക്കുകയും ചെയ്തു. ഇപ്പോഴും ഗുജറാത്തികളുടെ പിന്‍തലമുറക്കാര്‍ ഇവിടെയുണ്ട്. നിഷ ദേവെച്ച അവരില്‍ ഒരാളാണ്. എന്നും അമ്പലത്തില്‍ പോവുകയും മതാചാരങ്ങള്‍ അനുഷ്ഠിക്കുകയും സാന്‍സിബാറില്‍ തന്നെയുള്ള ഗുജറാത്തിയെ കല്യാണം കഴിക്കയും സാന്‌സിബാറി ഗുജറാത്തിയായി ജീവിക്കുന്ന അനേകം പേരില്‍ ഒരാള്‍.
 
 
ദീപാവലി സാന്‍സിബാറില്‍ പൊതു അവധിയാണ്. എന്തിനെയും എതിര്‍പ്പില്ലാതെ സ്വീകരിക്കുന്ന ആഫ്രിക്കന്‍ മനസ്സിന്റെ പ്രതീകമായി ഗുജറാത്തി ക്ഷേത്രം ഇന്നും സാന്‍സിബാറില്‍ നമ്മളെ എതിരേല്‍ക്കുന്നുണ്ട്. സ്‌റ്റോണ്‍ ടൌണിലെ നിര്‍മാണ ശൈലിയിലും ഗുജറാത്തി സ്വാധീനം കാണാന്‍ സാധിക്കും. ഏറ്റവും പ്രശസ്തമായ സാന്‍സിബാര്‍ കതകുകള്‍ ഇതിന് ഉദാഹരണമാണ്. ഓരോ കതകും വ്യത്യസ്തമാണ്. ആനകളുടെ ആക്രമണത്തില്‍ നിന്നും രക്ഷനേടാനുള്ള കുര്‍ത്ത ഭാഗങ്ങളും ദുഷ്ടാത്മക്കളില്‍ നിന്നും രക്ഷ നേടാന്‍ ദൈവങ്ങളെ ആവേശിപ്പിച്ചിരുത്തുന്ന താമര, തുളസി തുടങ്ങിയ കൊത്തുപണികളും ഈ കതകുകളില്‍ കാണാം
 
ഒമാന്‍ സുല്‍ത്താന്മാര്‍ സാന്‍സിബാര്‍ പിടിച്ചെടുത്തത്തിനു ശേഷം സാന്‍സിബാറില്‍ സുഗന്ധവ്യഞ്ജന കൃഷി വ്യാപാരാടിസ്ഥാനത്തില്‍ ആരംഭിച്ചു. കയ്യറ്റുമതി- ഇറക്കുമതി വ്യാപാരം വിപുലപ്പെടുത്തി. സാന്‍സിബാറിന്റെ തെരുവുകളില്‍ എല്ലാം മസാല കാപ്പിയുടെ മണമാണ്. ഇവിടുത്തെ മണ്ണില്‍ എല്ലാം വിളയും. ഇഞ്ചി, മഞ്ഞള്‍, ഗ്രാമ്പു, പട്ട, കുരുമുളക്, ഏലക്ക അങ്ങനെ എല്ലാം. ഗ്രാമങ്ങളില്‍ എല്ലാം തന്നെ ഗവണ്‍മെന്റിന്റെതും സ്വകാര്യ വ്യക്തികളുടെതുമായ ഫാമുകളുണ്ട്. ഏക്കറുകണക്കിന് വരുന്ന തെങ്ങിന്‍ തോപ്പുകളുണ്ട്, വാഴത്തോട്ടങ്ങളുണ്ട്. അങ്ങനെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാടാണ് സാന്‍സിബാര്‍. കേരളത്തില്‍ നിന്ന് വരുന്ന ഒരാള്‍ക്ക് നാട്ടിപുറത്തെ വഴിയിലൂടെ നടക്കുന്നു എന്നേ തോന്നുള്ളൂ. മലയാളികളായ ഒരുപാടു പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അതിരുകള്‍ നീന്തി കടന്നവരാണല്ലോ എന്നും മലയാളികള്‍.
 
 
പണ്ടുകാലത്ത് അടിമക്കച്ചവടം ആയിരുന്നു സാന്‍സിബാറിന്റെ മറ്റൊരു വരുമാന മാര്‍ഗം. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള അടിമകളെ വില്കാനും ലേലം വിളിക്കാനും കയറ്റി അയക്കാനും സാന്‍സിബാര്‍ തുറമുഖം ഉപയോഗിച്ചിരുന്നു. കാലത്തിന്റെ ശാപം നിറഞ്ഞ നാളുകളെ ഓര്‍മിപ്പിച്ചു കൊണ്ട് അടിമ ചന്ത നിലനിന്നിരുന്ന സ്ഥലം ഇന്നും ഇവിടെ ഉണ്ട്.
 
 
സാന്‍സിബാറിന്റെ മറ്റൊരു ആകര്‍ഷണീയത ജോസനി കാടുകളാണ്. മനുഷ്യന്റെ ചൂഷണം മുലം കാടിന്റെ പകുതിയിലേറെ നശിപ്പിക്കപ്പെട്ടുവെങ്കിലും കാടിന്റെ മക്കളെ തന്നെ ഇപ്പോള്‍ സംരക്ഷണ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. കാടിന്റെ മക്കള്‍ തന്നെയാണ് കാടിനെ പരിപാലിക്കുന്നത്, അതില്‍ നിന്നുള്ള വരുമാനം കൊണ്ടവര്‍ ജീവിക്കുന്നു. ചൂഷണമില്ല, ചൂഷണത്തിനു അനുവദിക്കുകയുമില്ല. ജോസനി കാടുകളിലെ പുള്ളിപുലികള്‍ക്ക് വംശനാശം നേരിട്ടുവെങ്കിലും ഇവിടെ മാത്രം കണ്ടു വരുന്ന ചുവന്ന കൊളബുസ് കൊരങ്ങന്മാര്‍ ഇപ്പോഴുമുണ്ട്. പഴങ്ങള്‍ കഴിക്കാത്ത, ഇലകള്‍ മാത്രം കഴിക്കുന്ന കൊളബാസ് കൊരങ്ങന്മാരും മനുഷ്യരും പരസ്പരം ബഹുമാനിച്ചും സ്‌നേഹിച്ചും ജോസനിയില്‍ ജീവിക്കുന്നു .
 
 
സാന്‍സിബാറിലെ കടല്‍ ആരെയും മോഹിപ്പിക്കും. ആകാശ നീലയാണ് കടലിന്. പവിഴപ്പുറ്റുകള്‍ക്കൊപ്പം പോകാം. ഡോള്‍ഫിനുകളെ കാണാം. കടല്‍ മത്സ്യം ചുട്ടുകഴിക്കുന്നതിനു വേണ്ടിയുള്ള ‘ഫുര്‍ധനി’ വളരെ പ്രശസ്തമാണ്. കടലിന്റെ ഈ സൗന്ദര്യമാണ് ലോകത്തെമ്പാടുമുള്ള വിനോദ സഞ്ചാരികളെ സാന്‍സിബാറിലേക്ക് ആകര്‍ഷിക്കുന്നത്.
 
 
മനസ് കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ മാത്രമുള്ള, പ്ലാസ്റ്റിക് ചവറുകൂനകളില്ലാത്ത ക്രിക്കറ്റിനെയും ബോളിവുഡ് പാട്ടുകളേയും സ്‌നേഹിക്കുന്ന, സല്‍മാന്‍ ഖാനെയും ഷാരുക് ഖാനെയും ആരാധിക്കുന്ന, മനുഷ്യരുള്ള, കണ്ടാലും കണ്ടാലും മതിവരാത്ത കടലുള്ള നാടാണ് സാന്‍സി ബാര്‍.
 
 
ചിത്രങ്ങള്‍: വില്‍ക്കിന്‍സന്‍ പുളിത്തറ ജോര്‍ജ്
 

This post was last modified on January 2, 2017 5:28 pm

Related Post
Leave a Comment