X

പുരുഷന്മാര്‍ക്കായുള്ള അക്കാദമിക് ദന്തഗോപുരങ്ങള്‍

മേരി ആന്‍ മേസന്‍
(സ്ളേറ്റ്)

 

രണ്ടായിരത്തില്‍ ഞാന്‍ ബെര്‍ക്ക്ലിയിലെ എന്റെ ഒന്നാം വര്‍ഷ ഗ്രാജുവേറ്റ് ക്ലാസില്‍ എത്തിയപ്പോള്‍ ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളാണ് ക്ളാസിലുള്ളത്. ഗ്രാജുവെറ്റ് ഡിവിഷന്റെ ആദ്യ സ്ത്രീ ഡീനാണ് ഞാന്‍. എഴുപതുകളിലെ ഫെമിനിസ്റ്റ് ആയ ഞാന്‍ ഒന്നമ്പരന്നു, “വിപ്ലവം കഴിഞ്ഞോ? നമ്മള്‍ ജയിച്ചോ?” ഇല്ല. അന്ന് ഉച്ചകഴിഞ്ഞ് എന്റെ ആദ്യ ഡീന്‍സ് മീറ്റിങ്ങിനിരുന്നപ്പോള്‍ കാണാനായത് ആകെ നരച്ച തലയുള്ള ആണുങ്ങളെ മാത്രം. അടുത്തയാഴ്ച ആദ്യ ജനറല്‍ ഫാക്കല്‍റ്റി മീറ്റിംഗ് വെച്ചപ്പോഴും അധ്യാപകരുടെ നാലിലൊന്നുമാത്രമാണ് സ്ത്രീകള്‍, അതും ജൂനിയര്‍ അധ്യാപകര്‍.

 

ബെര്‍ക്ക്ലിയിലെ ഞങ്ങളുടെ ഗവേഷകസംഘം ദശാബ്ദങ്ങളോളം ഗവേഷണം നടത്തി. എന്തുകൊണ്ടാണ് സ്ത്രീകള്‍ പഠനം തുടങ്ങുന്നുണ്ടെങ്കിലും ഫുള്‍ പ്രൊഫസര്‍മാരും ഡീന്‍മാരും പ്രസിഡന്ടുമാരുമായി ഈ ദന്തഗോപുരത്തിന്റെ മുകളിലെത്താത്തത്? ഉത്തരം നിങ്ങള്‍ പ്രതീക്ഷിച്ചതുതന്നെ. കുട്ടികള്‍. അക്കാദമിക കരിയറിനുമുന്നില്‍ സ്ത്രീകള്‍ ഒരു ‘കുട്ടി-പെനാല്‍റ്റി’ അടയ്ക്കുകയാണ്. കുട്ടികള്‍ പല കാലങ്ങളില്‍ പല തരത്തിലാണ് മുന്നിലെത്തുക.

 

ഞങ്ങളുടെ ഗവേഷണത്തിന്റെ പ്രധാന കണ്ടെത്തല്‍ അക്കാദമിക കരിയറില്‍ കുടുംബമുണ്ടാകുന്നത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കുമ്പോള്‍ പുരുഷന്മാരെ അത് അനുകൂലിക്കുകയാണ് ചെയ്യുന്നത് എന്നാണ്. പുരുഷന്മാര്‍ക്ക് കുട്ടികള്‍ കരിയറില്‍ ഗുണകരമാണ്. സ്ത്രീകള്‍ക്ക് ദോഷവും. ഇതിനെല്ലാം ഇടയിലൂടെ മികച്ച അക്കാദമിക്കുകളാകുന്ന സ്ത്രീകള്‍ അതിനായി വലിയ വില നല്‍കുന്നുണ്ട്. അവര്‍ വിവാഹിതരാവുകയോ അമ്മമാരാവുകയോ ചെയ്യുക കുറവാണ്.

 

വിവാഹവും കുട്ടികളുമൊക്കെ പുരുഷന്മാരുടെ അക്കാദമിക് കരിയറിനു തിളക്കം കൂട്ടുമ്പോള്‍ സ്ത്രീകളെ ഇവയൊക്കെ പ്രതികൂലമായി ബാധിക്കാറാനു പതിവ്. ഫാക്കല്‍റ്റി റാങ്കുകളില്‍ മികച്ചരീതിയില്‍ ഉയര്‍ന്നുവരുന്ന സ്ത്രീകള്‍ അതിനായി വലിയ വിലയും കൊടുക്കേണ്ടിവരാറുണ്ട്. പലപ്പോഴും ഇത് വിവാഹമോ കുട്ടികളോ വേണ്ട എന്നുവയ്ക്കലാവും. ഐവി ലീഗ് കോളേജുകളുടെ പ്രസിഡന്ടുമാരായൊക്കെ സ്ത്രീകള്‍ വന്നുതുടങ്ങുന്ന ഒരു സമയമാണിത്. എന്നാല്‍ അതിലും കൂടുതല്‍ വിവാഹിതകളായ സ്ത്രീകളെ കാണാന്‍ കഴിയുക പാര്‍ട്ട്ടൈം അധ്യാപനത്തിലാണ്. അക്കാഡമിക്സിലെ ഏറ്റവും വേഗം വളരുന്ന ഒരു വിഭാഗമാണിത്. കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ പിഎച്ച്ഡി എടുക്കുക എന്നാല്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ അധ്യാപകരെ കിട്ടുക എന്നതാണ് നിര്‍ഭാഗ്യവശാല്‍ അര്‍ഥം. 

 

 

ആരാണ് ജയിക്കുക, ആരാണ് തോല്‍ക്കുക എന്നത് തീരുമാനിക്കുക ആദ്യവര്‍ഷങ്ങളാണ്. വിവാഹിതരാവുകയോ കുട്ടിയുണ്ടാവുകയൊ ഒക്കെ ചെയ്യുന്ന പുരുഷ ഗവേഷകരെക്കാള്‍ കൂടുതലായി തങ്ങളുടെ അക്കാദമിക് കരിയര്‍ വേണ്ട എന്ന് തീരുമാനിക്കുക സ്ത്രീ ഗവേഷകരാണ്. യൂണിവേഴ്സിറ്റികളില്‍ നിന്ന് അവര്‍ക്ക് യാതൊരു പിന്തുണയും ലഭിക്കാറില്ല. അവരുടെ അധ്യാപകര്‍ തന്നെ അവരെ തുടരുന്നതില്‍ നിന്ന് നിരുല്സാഹപ്പെടുത്താറാണ് പതിവ്. ബെര്‍ക്ക്ലിയിലെ ഞങ്ങളുടെ ഒരു ഗ്രാജുവേറ്റ് വിദ്യാര്‍ഥി പറഞ്ഞതിങ്ങനെ: ഗര്‍ഭത്തിനുമുന്‍പ് വിദ്യാര്‍ഥിനിയുടെ കഴിവിനെപ്പറ്റി യാതൊരു സംശയവും ഇല്ലെങ്കിലും ഗര്‍ഭിണിയാകുന്നതോടെ അധ്യാപകര്‍ക്കുമുന്നില്‍ തനിക്ക് ഡിഗ്രി പൂര്‍ത്തിയാക്കാനുള്ള കഴിവുണ്ട് എന്ന് തെളിയിക്കേണ്ടതായി വരുന്നു.” ഒരു പോസ്റ്റ്‌ ഡോക്റ്ററല്‍ പാര്‍ട്ടിക്കിള്‍ ഫിസിസിസ്റ്റ് കേസു കൊടുത്ത സംഭവവും ഉണ്ടായിട്ടുണ്ട് ഇവിടെ. അവര്‍ക്ക് കുട്ടിയുണ്ടായപ്പോള്‍ അവരുടെ അഡ്വൈസര്‍ അവരെ അക്ഷരാര്‍ത്ഥത്തില്‍ ബ്ലാക്ക്ലിസ്റ്റ് ചെയ്യുക തന്നെ ചെയ്തു. പ്രസവിച്ചയുടന്‍ തിരികെയെത്തിയില്ലെങ്കില്‍ അവര്‍ക്ക് റെക്കമെന്‍ടെഷന്‍ ലെറ്റര്‍ നല്‍കില്ല എന്നായിരുന്നു അഡ്വൈസറുടെ ഭീഷണി.

 

ഇത്തരമൊരു ജോലിക്ക് അപേക്ഷിക്കുന്നതിനുമുന്‍പേ ജോലി ഉപേക്ഷിക്കലാണ് പല സ്ത്രീകളും ചെയ്യാറ്. കുട്ടികളുണ്ടെങ്കില്‍ ഇത്തരമൊരു ജോലി നടക്കില്ല എന്നാണ് അവര്‍ മനസിലാക്കിയിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ഡോക്ടറല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഞങ്ങള്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് എഴുപതു ശതമാനം സ്ത്രീകളും ഏതാണ്ട് പകുതിയോളം പുരുഷന്മാരും അക്കാദമിക് ജോലി കുടുംബജീവിതത്തിനു ചേര്‍ന്നതല്ല എന്ന് കരുതുന്നവരാണ് എന്നാണ്. വേറെയൊരിനം ആളുകളുള്ളത് ഭാര്യയും ഭര്‍ത്താവും പി എച്ച് ഡിക്കാരാകുന്ന അവസ്ഥയാണ്‌. ഇതില്‍ ആരെങ്കിലും ഒരാള്‍ തങ്ങളുടെ കരിയര്‍ വിട്ടുകളയേണ്ടി വരാറുണ്ട്. പലപ്പോഴും അത് സ്ത്രീ ആയിരിക്കുകയും ചെയ്യും. ഇനിയും ചില സാഹചര്യങ്ങളില്‍ ഭര്‍ത്താവിന്റെ അക്കാദമികമല്ലാത്ത ജോലിയും സ്ത്രീകളുടെ പിഎച്ച് ഡിക്ക് തുരങ്കം വയ്ക്കാറുണ്ട്. ഞങ്ങളുടെ ഒരു ബയോളജി ഗ്രാജുവെറ്റ് വിദ്യാര്‍ഥിനി പറയുന്നത് ഇങ്ങനെയാണ്.: “എന്റെ ഭര്‍ത്താവിനു അദ്ദേഹത്തിന്റെ ജോലി വളരെയിഷ്ടമാണ്. പക്ഷെ അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് വേറെ എങ്ങോട്ടും താമസം മാറ്റാന്‍ കഴിയില്ല. ഇത് എന്റെ പോസ്റ്റ്‌ ഡോക്ടറല്‍ സാധ്യതകളെ വല്ലാതെ ചുരുക്കുന്നുണ്ട്. ഒരേ നഗരത്തില്‍ താമസിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുക സാധ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. എന്തായാലും ഞാന്‍ ഇപ്പോള്‍ അതെപ്പറ്റി കൂടുതല്‍ ചിന്തിക്കാറില്ല.”

 

പിന്നീടാണ് ജോലിയുടെ ഇന്റര്‍വ്യൂ വരിക. ഞങ്ങള്‍ സംസാരിച്ച ഒരു ഉദ്യോഗാര്‍ഥി പറയുന്നത് ഇങ്ങനെ: “ഒരു ഇന്റര്‍വ്യൂവിനു പോയിരുന്ന്, എന്റെ കുട്ടിയുടെ കാര്യം പറഞ്ഞപ്പോഴേ കമ്മിറ്റിയിലുള്ളവരുടെ മുഖം മാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതായിരുന്നു എന്റെ ജോലിയുടെ അവസാനം. ജോലി കിട്ടാതിരുന്നതില്‍ പല കാരണങ്ങളും ഉണ്ടായിരിക്കാം. എന്നാല്‍ എനിക്ക് ഒരു കുട്ടിയുണ്ട് എന്നതാണ് ഒരു പ്രധാന കാരണമെന്നാണ് ഞാന്‍ കരുതുന്നത്.” അമ്മമ്മാര്‍ വളരെ വേഗം അക്കാദമികജോലികള്‍ ഉപേക്ഷിക്കുമെന്നാണ് ധാരണ.

 

എന്നാല്‍ സ്ത്രീകള്‍ക്ക് ഒരു സദ്വാര്‍ത്തയുമുണ്ട്. പാര്‍ട്ട്‌ടൈം ജോലികള്‍ ഒരു മോശം കാര്യമല്ല. പാര്‍ട്ട്ടൈം ലെക്ചറര്‍മാരായി ജോലിനോക്കുന്ന ഭൂരിഭാഗം ആളുകളും പിന്നീട് ഗവേഷണ – മുഴുവന്‍ സമയ അധ്യാപന ജോലികളിലേക്ക് തിരിചെത്താറുണ്ട് എന്നാണ് ഞങ്ങള്‍ മനസിലാക്കിയത്. എന്നാല്‍ അവിവാഹിതരായ കുട്ടികളില്ലാത്ത സ്ത്രീകളാണ് അമ്മമാരെയും ഭാര്യമാരെയും അവിവാഹിതരായ പുരുഷന്മാരെയുംകാള്‍ മുന്‍പേ ആദ്യജോലികള്‍ കണ്ടെത്തുക. അവര്‍ക്കൊപ്പം നില്‍ക്കുന്നത് ഒരുപക്ഷെ വിവാഹിതരായ അച്ഛന്മാരാവും.

 

 

ഒരു അസിസ്റ്റന്റ്റ് പ്രോഫസറുടെ ‘പ്രഷര്‍കുക്കര്‍ വര്‍ഷങ്ങള്‍’ ശരാശരി നാലുമുതല്‍ ഏഴുവരെയാണ്. അതിനുശേഷമാണ് യൂനിവേഴ്സിറ്റി പദവികള്‍ ഉയര്‍ത്തണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത്. ഈ കാലഘട്ടം കഴിയുമ്പോള്‍ പൊതുവേ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ തുടരവസരങ്ങള്‍ ലഭിക്കാതിരിക്കലാണ് പതിവ്. പ്രത്യേകിച്ച് ശാസ്ത്രവിഷയങ്ങളില്‍ കുട്ടികളാണ് പ്രധാന പ്രതിബന്ധമാകുന്നത് എങ്കിലും കുട്ടികളില്ലാത്ത സ്ത്രീകളുടെ കഥയും വ്യത്യസ്തമല്ല. ഈ യുദ്ധം ജയിക്കുന്ന സ്ത്രീകള്‍ പലപ്പോഴും തനിച്ചു മുന്നോട്ടുപോകുന്നവരാണ്. പുരുഷ പ്രൊഫസര്‍മാരെക്കാള്‍ ഡിവോഴ്സ് റേറ്റ് കൂടുതലും വിവാഹറേറ്റ് കുറവും ഒക്കെയുള്ളത്‌ സ്ത്രീ പ്രൊഫസര്‍മാര്‍ക്കാണ്.

 

അസിസ്റ്റന്‍റ് പ്രൊഫസര്‍ കടമ്പ കടക്കുന്ന സ്ത്രീകള്‍ കരിയറിന്റെ പകുതിയില്‍ വെച്ച് മെല്ലെപ്പോക്കും തുടങ്ങാറുണ്ട്‌. ഒരു ഫുള്‍പ്രൊഫസറായി മാറണമെങ്കില്‍ സ്ത്രീകള്‍ ആരെക്കാളും കൂടുതല്‍ സമയമെടുക്കും. അതിനുശേഷം പൊതുവേ കുട്ടികള്‍ കരിയറിനെ വൈകിക്കാറില്ല. പ്രധാനകാരണം അപ്പോഴേയ്ക്കും കുട്ടികള്‍ വളര്‍ന്നുവലുതായിട്ടുണ്ടാവും എന്നതാണ്. എന്നാല്‍ ഒരു ഫുള്‍ പ്രൊഫസര്‍ സ്ഥാനം വരെയെത്തുന്ന സമയമാകുമ്പോഴേയ്ക്കും വിവാഹിതരാണ് എന്നത് സ്ത്രീക്കും പുരുഷനും ഒരേപോലെ ഗുണകരമാകുന്നതായാണ് കണ്ടുവരുന്നത്.

 

പുരുഷന്മാരും സ്ത്രീകളും ഒരേ പ്രായത്തിലാണ് റിട്ടയറാകുന്നത്. എന്നാല്‍ റിട്ടയര്‍മെന്റിനുശേഷം സ്ത്രീകള്‍ക്ക് പ്രതീക്ഷിക്കാന്‍ കുറവുസമ്പാദ്യമാണുണ്ടാവുക. റിട്ടയര്‍മെന്റ് പ്രായത്തില്‍ സ്ത്രീകളുടെ ശമ്പളം ഏകദേശം 29 ശതമാനം കുറവാണ്. ഇതിന്റെ പ്രധാനകാരണം സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന മാതൃഉത്തരവാദിത്തങ്ങളാണ്. ഓരോ കുട്ടിയും സ്ത്രീയുടെ ശമ്പളം കുറയ്ക്കുന്നുണ്ട്. എന്നാല്‍ പുരുഷന്മാരുടെ ശമ്പളത്തിന്മേല്‍ കുട്ടികള്‍ വലിയ ബാധ്യതയൊന്നും തീര്‍ക്കുന്നില്ല.

 

എല്ലാ സ്ത്രീഅധ്യാപകരും ഒരു “ബേബി പെനാല്‍റ്റി” അടയ്ക്കുന്നുണ്ട്. എന്നാല്‍ സയന്‍സ് വിഷയങ്ങളില്‍ (ബയോളജി, ഫിസിക്സ്, എന്ജിനീയറിംഗ്, മാത്സ്, ചില സാമൂഹ്യശാസ്ത്രവിഷയങ്ങള്‍ എന്നിവ) ഇതിന്റെ ആഘാതം വളരെ കൂടുതലായി കാണാം. ഇത്തരം വിഷയങ്ങള്‍ പഠിക്കാനെത്തുന്ന സ്ത്രീകളുടെ എണ്ണം വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ അതെ അളവില്‍ തന്നെ കോഴ്സ് നിറുത്തുന്നവരുടെ എണ്ണവും കൂടുന്നു. പരിശീലനം ലഭിച്ച കഴിവുള്ള ആളുകളെയാണ് ഇത്തരത്തില്‍ നഷ്ടമാകുന്നത്. ഇവരില്‍ നിക്ഷേപിക്കപ്പെട്ട പണവും ഇതിലൂടെ നഷ്ടമാകുന്നുണ്ട്. ഒരു യുവശാസ്ത്രജ്ഞയെ ഗവേഷണതലം വരെ എത്തിക്കുന്നതില്‍ ഫെഡറല്‍ ഗവണ്മെന്റിനു കുറച്ച് ആയിരം ഡോളറുകലെങ്കിലും ചെലവുണ്ട്. പോസ്റ്റ്‌ഡോക്ടറല്‍ പഠനകാലത്തിന്‍റെ തുടക്കത്തില്‍ തന്നെയാണ് ഇത്തരം കോഴ്സ് ഉപേക്ഷിക്കലുകള്‍ സംഭവിക്കുന്നത്‌. ന്യൂറോസയന്‍സില്‍ പോസ്റ്റ്‌ ഡോക് ചെയ്യുന്ന ജെന്നിഫര്‍ എന്ന സ്ത്രീ ഞങ്ങള്‍ ഈ പഠനത്തിനുവേണ്ടി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞതു ഇങ്ങനെയാണ്: “ഇത്തരമൊരു ജോലിയില്‍ തുടരാനാകുമെന്നു തോന്നുന്നില്ല. എനിക്ക് കുട്ടിയുണ്ടായയുടന്‍ ആളുകളുടെ സമീപനവും മാറി. കുടുംബത്തിനുവേണ്ടി സ്ഥാനങ്ങള്‍ വേണ്ടെന്നുവയ്ക്കുന്നവരെയാണ് എനിക്ക് ചുറ്റിലും കാണാന്‍ കഴിയുന്നത്.”

 

 

അക്കാദമികമേഖല അമ്മമാരോട് ഇങ്ങനെ പെരുമാറുന്നതെന്താണ്? മിക്കവാറും അക്കാദമിക കരിയറുകളുടെയും ഭാവി നിര്‍ണ്ണയിക്കുന്നത് മുപ്പതുവയസിനും നാല്‍പ്പതുവയസിനുമിടയിലുള്ള ദശാബ്ദത്തിലാണ്. ആ സമയത്തിനിടെ ഒരു ട്രാക്കില്‍ വീഴാന്‍ കഴിഞ്ഞാല്‍ കഴിഞ്ഞു. ഇല്ലെങ്കില്‍ ഈ മേഖലയില്‍ സമയം ചെലവഴിക്കുന്നത് വെറുതെയാണ് എന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ കുട്ടികള്‍ വേണമെന്ന് തീരുമാനിക്കുന്ന സ്ത്രീകളില്‍ പലര്‍ക്കും കുട്ടികള്‍ ഉണ്ടാവുന്നതും ഇതേ ദശാബ്ദത്തില്‍ തന്നെയാണ്. അക്കാദമികജോലികളില്‍ ഉയരുന്ന സ്ത്രീകളില്‍ പ്രത്യുല്‍പ്പാദനശേഷി കുറയുന്നത് അവിചാരിതമായല്ല. ജോലിയില്‍ ഒരു സ്ഥാനത്തെത്താന്‍ ഒരു കുടുംബമോ കുട്ടികളോ ഉള്‍പ്പെടുന്ന ഒരു ബ്രേക്ക് എടുക്കുന്നതിനു മുന്‍പേ തന്നെ നാല്‍പ്പതുവയസ് കഴിഞ്ഞിരിക്കും. കുടുംബവും പഠന-ഗവേഷണങ്ങളും ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന തരം ഒരു സമ്പ്രദായത്തെപ്പറ്റി ചിന്തിക്കാന്‍ യൂണിവേഴ്സിറ്റികള്‍ മെനക്കെടാറുമില്ല.

 

അപ്പോള്‍ ഉത്തരമെന്താണ്? ബിസിനസോ നിയമമോ പഠിക്കുക എന്നതോ? ഈ മേഖലകളിലും സ്ത്രീകള്‍ പ്രത്യേകതരം സംഘര്‍ഷങ്ങള്‍ നേരിടുന്നുണ്ട്. എല്ലാത്തിനുമൊടുവില്‍ എവിടെയും സ്ത്രീകള്‍ ഇത്തരമൊരു അവസ്ഥയാണ് നേരിടുന്നത്. ഏറ്റവുമുയരത്തില്‍ സീഈഓമാരായും സര്‍വകലാശാലാമേധാവികളായും ഉയര്‍ന്ന ശാസ്ത്രജ്ഞരായും കുറച്ചുസ്ത്രീകളുണ്ടാവും. മധ്യവര്‍ത്തികളായി ചിലര്‍, പലരും പാര്‍ട്ട്‌ ടൈം അധ്യാപകരായും മറ്റും ജോലി ചെയ്യുന്നുണ്ടാവും. അല്ലെങ്കില്‍ ജോലി തന്നെ ഉപേക്ഷിച്ചിട്ടുണ്ടാവും. ഈ അവസാനത്തെ സംഘത്തില്‍ ഉള്ളത് മുഴുവനും തന്നെ കുട്ടികളുള്ള സ്ത്രീകളാണ്. ഉയര്‍ന്ന നിലയില്‍ എത്തിയ സ്ത്രീകളില്‍ പലരും കുട്ടികള്‍ വേണ്ട എന്ന് തീരുമാനിച്ചതുകൊണ്ട് അവിടെയെത്തിയവരാവും. സീഈഓമാരുടെ ഇടയില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം 84 ശതമാനം പുരുഷന്മാരും വിവാഹിതരായ അച്ഛന്മാരാകുമ്പോള്‍ വെറും 49 ശതമാനം സ്ത്രീകള്‍ മാത്രമാണ് വിവാഹിതരായ അമ്മമാര്‍.

 

തുടക്ക ശമ്പളമെന്തായിരിക്കണമെന്നത് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് ഫാക്കല്‍റ്റി മീറ്റിങ്ങുകളില്‍ കൂടുതല്‍ വാദിക്കേണ്ടിവരുന്നു, പ്രൊമോഷന്‍ തീരുമാനിക്കല്‍ നീതിപൂര്‍വമായി നടക്കാന്‍ കൂടുതല്‍ പണിയെടുക്കേണ്ടിവരുന്നു. എങ്കിലും ഒരു സ്ത്രീ അധ്യാപിക ഒരു മീറ്റിങ്ങില്‍ നിന്ന് അല്‍പ്പം നേരത്തെ ഇറങ്ങുന്നത് കുട്ടിയെ ഡേകെയറില്‍ നിന്ന് വിളിക്കാനോ മുലപ്പാല്‍ പമ്പ് ചെയ്തുവയ്ക്കാനോ ആണെങ്കില്‍ അവളുടെ കരിയര്‍ ട്രാക്ക് ഒരിക്കലും ഒരു പുരുഷന്‍റെതിനോട് സമമാകില്ല.

 

ഇത്തരം കരിയറുകളിലെല്ലാം എന്തുതരം ഘടനാമാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു സന്തുലനാവസ്ഥയുണ്ടാകുമെന്ന് എല്ലാവര്ക്കുമറിയാം. അച്ഛന്മാര്‍ക്കും അമ്മമാര്‍ക്കും ഒരേപോലെ ശമ്പളത്തോടുകൂടിയുള്ള പ്രസവാവധികള്‍, ഫ്ലെക്സിബിളായ ജോലിയിടങ്ങള്‍, ഫ്ലെക്സിബിളായ കരിയര്‍ ട്രാക്ക്, റീ-എന്റര്‍ പോളിസി, ചൈല്‍ഡ് കെയര്‍ അസിസ്ടന്‍സ്, ഇരട്ടകരിയര്‍ അസിസ്ടന്‍സ് തുടങ്ങിയവ വേണ്ടതാണ്. ഈ പോളിസികള്‍ നടപ്പില്‍ വരുത്തിയ സര്‍വകലാശാലകളിലും കോര്‍പ്പറേഷനുകളിലും ജോലിയില്‍ ഗുണകരമായ വ്യത്യാസങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിനു ബെര്‍ക്ക്ലിയില്‍ മാതാപിതാക്കളായ ആളുകള്‍ക്ക് ഗുണകരമായ പോളിസികള്‍ ആരംഭിച്ചശേഷം ആളുകള്‍ക്ക് ജോലിയോടുള്ള സമീപനം തന്നെ മാറിയിട്ടുണ്ട്. അസിസ്ടന്റ്റ് പ്രൊഫസര്‍മാര്‍ക്ക് കൂടുതല്‍ കുട്ടികള്‍ ഉണ്ടാകാനും തുടങ്ങി.

 

കരിയറും കുട്ടികളെയും ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന തരം പോളിസികള്‍ സ്ത്രീകള്‍ ആവശ്യപ്പെടെണ്ട സമയമായിരിക്കുന്നു.

 

This post was last modified on January 2, 2017 5:28 pm