X

പുസ്തകത്തിന്‍റെ നിറം വെച്ച് ബുക്ക്ഷെല്‍ഫ് അടുക്കുന്നത് പൊങ്ങച്ചമോ?

ക്രിസ്റ്റിന്‍ ഹോഹനാഡേല്‍ (സ്ലേറ്റ്)

ഞാന്‍ ചിലപ്പോഴൊക്കെ ഒരു ഇന്റീരിയര്‍ ഡിസൈനറായും ജോലിചെയ്യാറുണ്ട്. ആളുകള്‍ തങ്ങളുടെ ജീവിതങ്ങള്‍ എങ്ങനെ ജീവിക്കണം എന്നതിനനുസരിച്ച് വീടൊരുക്കുന്നതിനുപകരം പോപ്പുലറായ ശൈലികള്‍ക്ക് പിറകെ പോകുന്നത് ഞാന്‍ സ്ഥിരം കാണാറുണ്ട്‌. ഈയിടെ ഒരു ചെറിയ കുടുംബത്തിനുവേണ്ടി വീടോരുക്കിയപ്പോള്‍ അവരുടെ പുസ്തകങ്ങള്‍ സൂക്ഷിക്കാനായി ഒരു ബുക്ക്ഷെല്‍ഫ് സജ്ജീകരിച്ചു. ഭര്‍ത്താവ് അല്‍പ്പമൊന്നുമടിച്ച ശേഷം എന്നോട് ചോദിച്ചു, പുസ്തകങ്ങള്‍ നിറം വെച്ച് തരം തിരിക്കാന്‍ അയാള്‍ക്ക് ഇഷ്ടമാണ്, അത് ബോറാകുമോ എന്ന്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി അങ്ങനെയൊരു ബുക്ക്ഷെല്‍ഫ് കണ്ടപ്പോള്‍ അത് വളരെ ഫ്രഷ്‌ ആയി തോന്നിയെന്നും എന്റെ ബുക്ക്ഷെല്‍ഫ് അങ്ങനെ അടുക്കിയപ്പോള്‍ എനിക്ക് സംതൃപ്തി തോന്നിയെന്നും ഞാന്‍ അയാളോട് പറഞ്ഞു. ഒരു പച്ചയോ മഞ്ഞയോ പുറംചട്ടയുള്ള പുസ്തകത്തിനും ഒരേ പച്ച നിറമോ മഞ്ഞ നിറമോ ആവില്ല. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മനോഹരമായിരുന്നു അടുക്കിവെച്ച ഷെല്‍ഫ്. നിറങ്ങളെ എങ്ങനെ അടുക്കണമെന്ന് ആലോചിച്ചത് എന്നെ ഏറെ രസിപ്പിച്ചു. കറുപ്പും വെളുപ്പും കവറുകള്‍ ഉള്ള പുസ്തകങ്ങള്‍ എവിടെ വയ്ക്കണമെന്നതും ഒരു ചോദ്യമായിരുന്നു. ഞാന്‍ കറുത്തവ ഏറ്റവും താഴെയും വെളുത്തവ മുകളിലും നിറമുള്ളവ ഇടയിലുള്ള കള്ളികളിലുമാണ് അടുക്കിയത്. വീട്ടിലെത്തിയ അതിഥികള്‍ രണ്ടാമതൊന്നുകൂടി എന്റെ ബുക്ക്ഷെല്‍ഫില്‍ നോക്കിയ ശേഷം പുഞ്ചിരിച്ചു, ഞാനും.
 

ഇന്റീരിയര്‍ ഡിസൈനിന്റെ ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കുന്ന ഒരാളായത് കൊണ്ട് കളര്‍കോഡട് ബുക്ക്ഷെല്‍ഫുകള്‍ പിന്നീട് ഞാന്‍ എല്ലായിടത്തും കാണാന്‍ തുടങ്ങി. ഞാനും ഒരു ഫാഷന് ഇരയായോ എന്ന് സന്ദേഹിച്ചു. നിറം അനുസരിച്ച് അടുക്കിയ ബുക്ക്ഷെല്‍ഫുകള്‍ ഭിത്തിയില്‍ പതിപ്പിച്ച മാന്‍കൊമ്പുകളും ഗ്രാനൈറ്റ് കൌണ്ടര്‍ ടോപ്പും പോലെ ആവര്‍ത്തനവിരസമായോ എന്ന് ഞാന്‍ സംശയിച്ചു.

എന്നാല്‍ എനിക്കത് പ്രശ്നമല്ല എന്ന് ഒടുവില്‍ ഞാന്‍ മനസിലാക്കി. നിങ്ങള്‍ക്കും അതൊരു പ്രശ്നമാകാന്‍ പാടില്ല.

വിഷയമോ തലക്കെട്ടോ അനുസരിച്ചല്ലാതെ നിറം വെച്ച് പുസ്തകങ്ങള്‍ അടുക്കുന്നതും ഒരു ശൈലിയാണ്. എന്നാല്‍ ഓരോ തവണയും അതൊരു നല്ല ഡിസൈന്‍ ആണോ അതോ നിങ്ങള്‍ ഒരു മണ്ടനാണോ എന്ന് ചോദ്യമുയരും. പുസ്തകങ്ങളെ ഭംഗികൂട്ടാനുള്ള വസ്തുക്കളായി കാണുന്നത് ശരിയാണോ എന്നാണ് ചോദ്യം.
 

ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത് കൃത്യമായി തരം തിരിച്ചല്ലാതെ നിറം വെച്ച് അടുക്കിയ ഒരു ഷെല്‍ഫില്‍ നിന്ന് പുസ്തകങ്ങള്‍ കണ്ടുപിടിക്കാന്‍ പറ്റില്ലെന്നാണ്. 

എന്നാല്‍ മഴവില്‍ നിറമുള്ള ബുക്ക്ഷെല്‍ഫിന്റെ ഉപകാരത്തെപ്പറ്റിയും ചിലത് പറയാനുണ്ട്. ഒന്നാമത് അത് കണ്ടാല്‍ ഭംഗിയാണ്. പുസ്തകങ്ങള്‍ വായിക്കുന്ന തിരക്കില്‍ അടുക്കിവയ്ക്കാന്‍ മറന്നുപോകുന്ന ഒരാളുടെ കുഴഞ്ഞുമറിഞ്ഞ ഷെല്‍ഫിനുള്ളതുപോലെ ഒരു ഭംഗി ഇതിനുമുണ്ട്.

എല്ലാവര്ക്കും അടിയന്തിരമായി ഒരു പുസ്തകത്തില്‍ നിന്ന് എന്തെങ്കിലും കണ്ടെത്തേണ്ട ആവശ്യമുണ്ട്, അല്ലാതെ ഗൂഗിള്‍ ഒന്നും ഉപയോഗിക്കുകയേയില്ല എന്നുള്ള വാശികളൊക്കെ നമുക്ക് മാറ്റിവയ്ക്കാം. അറിവ് സ്വന്തം വിരല്‍ത്തുമ്പില്‍ വേണമെന്ന് ആഗ്രഹിക്കുന്ന ആളുകളായിരുന്നു ഒരു കാലത്ത് പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇന്ന് കാലം മാറി, അറിവിന്റെ രീതികളും.  

മാത്രമല്ല നിങ്ങള്‍ തിരയുന്ന ഒരു പുസ്തകം കണ്ടെത്താന്‍ നിറം ഒരു നല്ല സൂചികയല്ല എന്ന് ആരുപറഞ്ഞു? സാമ്പ്രദായികരീതികളില്‍ പുസ്തകങ്ങള്‍ അടുക്കുന്നത് എല്ലാവര്ക്കും പറഞ്ഞിട്ടുള്ള കാര്യമല്ല. ചില ആളുകള്‍ കാഴ്ച കൊണ്ട് ഓര്‍മ്മിക്കുന്നവരാണ്, കഴിഞ്ഞ വേനലില്‍ വായിച്ച നീലച്ചട്ടയുള്ള പുസ്തകം കണ്ടെത്താനാവും ചിലപ്പോള്‍ ഇത് ആരെഴുതി എന്നോ പേരെന്തായിരുന്നു എന്നോ ഓര്‍ക്കുന്നതിനെക്കാള്‍ ചിലര്‍ക്ക് എളുപ്പം.
 

മാത്രമല്ല ആളുകള്‍ ഇപ്പോള്‍ തങ്ങളുടെ ഫോണുകളില്‍, കിന്‍ഡിലുകളില്‍ എല്ലാം വായിക്കുകയാണ്. പുസ്തകങ്ങള്‍ പലപ്പോഴും ഷെല്‍ഫില്‍ നിന്ന് എടുക്കാറുപോലുമില്ല. പഴയ ടൈപ്റൈറ്ററുകളും ടെലിഫോണുകളും പോലെ ഒരു കാഴ്ചവസ്തുവായി പലപ്പോഴും പുസ്തകങ്ങള്‍ മാറാറുമുണ്ട്. എന്നാല്‍ വീടോരുക്കുന്നവര്‍ സദാ ഒരു ഭംഗിയുള്ള വസ്തുവായി പുസ്തകങ്ങളെ കാണുന്നു. വായിക്കാനുള്ള ഒന്ന് എന്നതിനോടൊപ്പം തന്നെ ഭംഗിയുള്ള ഒരു വസ്തുവുമാണ് പുസ്തകം. പേപ്പര്‍ ബുക്കുകള്‍ അവസാനിച്ചുപോകാതിരിക്കാനായി പ്രസാധകര്‍ തൊടാനും വായിക്കാനും ഇഷ്ടം തോന്നുന്ന തരം ഭംഗിയുള്ള പുസ്തകങ്ങള്‍ ഒരുക്കുന്നതില്‍ ഇപ്പോള്‍ കൂടുതല്‍ ശ്രധിക്കാറുമുണ്ട്.

നിറം വെച്ച് തരം തിരിച്ച ബുക്ക്ഷെല്‍ഫുകളെ വെറുപ്പോടെ കാണുന്നവര്‍ ബുക്ക്ഷെല്‍ഫ് എന്നത് തന്നെ ഒരു ട്രോഫി പോലെയാണ് എന്നത് മറന്നുപോകരുത്. താന്‍ വായിച്ച പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ആളുകളെ അറിയിക്കാനാണ്. ആളുകള്‍ ഒരു വ്യക്തിയെ മനസിലാക്കാന്‍ അയാള്‍ മരുന്നുകള്‍ സൂക്ഷിക്കുന്ന ഷെല്‍ഫ് അല്ല പരിശോധിക്കുക എന്നും ഓര്‍ക്കുക. ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ മാത്രമല്ല, നമ്മുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും കൂടിയാണ് നമ്മള്‍ ബുക്ക്ഷെല്‍ഫില്‍ അടുക്കി വയ്ക്കുന്നത്.

അവസാനമായി ഒരു മുറിയുടെ ഭിത്തിയിലെ നിറം മാറ്റുന്നതിനെക്കാള്‍ അനായാസം നിങ്ങള്‍ക്കുതന്നെ മാറ്റിവയ്ക്കാവുന്ന ഒന്നാണ് പുസ്തകങ്ങളെ നിറമനുസരിച്ച് അടുക്കുന്നത്. അങ്ങനെ അടുക്കുമ്പോള്‍ ചിലപ്പോള്‍ വര്‍ഷങ്ങളായി നിങ്ങള്‍ തൊടാതെ കിടന്ന ഒരു പുസ്തകത്തെ കയ്യിലെടുക്കും. ചിലപ്പോള്‍ ഷെല്‍ഫ് ഡിസൈന്‍ മറന്നു നിങ്ങള്‍ വായനയില്‍ മുഴുകും.  

Kristin Hohenadel’s writing on design has appeared in publications including the New York TimesFast CompanyVogueElle DecorLonny, and Apartment Therapy.

This post was last modified on January 2, 2017 5:36 pm