X

കാലം മാറുകയാണ്, കാഴ്ചയും; ഇനി അഴിമുഖം യുട്യൂബ് ചാനലും

ടീം അഴിമുഖം

കാലം മാറുകയാണ്, വായനയും. ഈയൊരു തിരിച്ചറിവാണ് അഴിമുഖം.കോം. ലോകത്തിലെ ഏറ്റവും മികച്ച മാധ്യമ ശൈലികളും ശീലങ്ങളും മലയാളിബൗദ്ധികതയുമായി ചേര്‍ത്തുവയ്ക്കാനാണ് അഴിമുഖം ശ്രമിക്കുന്നത്. മലയാളം ഇന്നുവരെ കാണാത്ത മാധ്യമപ്രവര്‍ത്തന മികവും സങ്കീര്‍ണമായ ആഗോള സാഹചര്യങ്ങളുടെ സൂക്ഷ്മമായ വിലയിരുത്തലുകളുമാണ് അഴിമുഖം വായനക്കാരിലെത്തിക്കുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റ്, ഫോറിന്‍ പോളിസി, ഗ്‌ളോബല്‍ ടൈംസ്, സ്‌ളേറ്റ്, ബ്‌ളൂംബര്‍ഗ് ന്യൂസ്, ഡെയ്‌ലി യൊമിയൂറി തുടങ്ങിയ ലോകോത്തര മാധ്യമങ്ങളുടെ പങ്കാളിത്തമുള്ള മലയാളത്തിലെ ഏക മാധ്യമസ്ഥാപനവും അഴിമുഖമാണ്.  ചുരുങ്ങിയ കാലം കൊണ്ടുതന്നെ വായനക്കാര്‍ക്കിടയില്‍ സ്വന്തമായൊരിടം നേടിയെടുക്കാന്‍ അഴിമുഖത്തിന് സാധിച്ചിട്ടുണ്ടെന്ന തിരിച്ചറിവോടുകൂടിയാണ് ഞങ്ങള്‍ അതിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുന്നത്.

മലയാളിക്ക് ഇതുവരെ ശീലമില്ലാത്ത രീതിയില്‍ വായനയ്ക്ക് ഒരു ദൃശ്യാനുഭവം പകരാനാണ് ഞങ്ങളുടെ അടുത്ത ശ്രമം. വിവരവിനിമയം മാത്രമല്ല മാധ്യമപ്രവര്‍ത്തനത്തിന്റെ കാതലെന്ന് അഴിമുഖം ഇതിനകം വായനക്കാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ചരിത്രവും ഭാവിയും വാര്‍ത്തകളുടെ ഉറവിടമാണെന്നും വിശകലനങ്ങളും കണ്ടെത്തലുകളും മാധ്യമപ്രവര്‍ത്തനത്തിന്റെ അന്തഃസത്തയാണെന്നും അഴിമുഖം വിശ്വസിക്കുന്നു. ദൃശ്യവിസ്മയങ്ങളുടെ സാങ്കല്‍പ്പിക സൃഷ്ടിയല്ല,  മറിച്ച് യാഥാര്‍ത്ഥ്യങ്ങളുടെ ഏറ്റുപറച്ചിലാണ് നൂതന ഉദ്യമത്തിലൂടെ ടീം അഴിമുഖം ലക്ഷ്യമിടുന്നത്. ആകാശചാനലുകള്‍ സൃഷ്ടിച്ചെടുത്ത മലയാളി ദൃശ്യസംസ്‌കാരത്തെ പൊളിച്ചെഴുതാനുള്ള ശ്രമമാണിത്.

നാഗരികതയ്‌ക്കൊപ്പം ഗ്രാമീണതയെയും ഗൗരവത്തോടെ സമീപിക്കുന്നതാണ് അഴിമുഖത്തിന്റെ നയം. ധനാഢ്യനും പരിഷ്‌കാരിക്കും ബഹിഷ്‌കൃതനും ഒറ്റപ്പെട്ടവനും ഏകാകിക്കുമെല്ലാം അഴിമുഖത്തില്‍ ഒരേസ്ഥാനമാണ്.

ഇത്തരത്തില്‍ സമഗ്രമായ ഒരു വായനാനുഭവത്തിന് കൂടുതല്‍ വിശ്വസനീയതയും ഗൗരവവും പകരുക എന്ന ഉദ്ദേശത്തോടെ അഴിമുഖം യു-ട്യൂബ് ചാനല്‍ ആരംഭിക്കുകയാണ്. കേരളീയ സമൂഹത്തെ പിന്നോട്ടു തിരിഞ്ഞുനോക്കാനും മുന്നോട്ടു കുതിക്കാനും പ്രേരിപ്പിക്കുകയെന്ന ദൗത്യമാണ് പുതിയ ഉദ്യമത്തിലൂടെ ഞങ്ങളും ഏറ്റെടുക്കുന്നത്. നമ്മുടെ മിക്ക അനുഭവങ്ങളും ഉപഭോഗങ്ങളും ദൃശ്യാധിഷ്ഠിതമായ ഒരു കാലത്താണ് നടക്കുന്നത്. അക്ഷരങ്ങള്‍ വാക്കുകളായി രൂപംമാറി വാചകങ്ങളായി ഒഴുകി ആശയവിനിമയത്തിന്റെ മഹാപ്രവാഹത്തില്‍ ലയിക്കുന്നു. അഴിമുഖം യുട്യൂബ് ചാനലിന്റെ പ്രൊമോ ഇതിന്റെ ഭാഗമാണ്. ഒപ്പം, ഞങ്ങളുടെ വഴികളിലുണ്ടാവുന്ന ഇടര്‍ച്ചകള്‍ വിമര്‍ശന ബുദ്ധിയോടെ ചൂണ്ടിക്കാണിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഇതോടൊപ്പം തന്നെ വായനക്കാരുടെ ദൃശ്യസംഭാവനകളും ഞങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

പ്രശസ്ത സംഗീതജ്ഞനായ ഷഹബാസ് അമനാണ് അഴിമുഖം യു-ട്യൂബ് ചാനലിന്റെ പ്രൊമോയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. പ്രശസ്ത ദൃശ്യമാധ്യമ പ്രവര്‍ത്തകനും അഴിമുഖം യു-ട്യൂബ് ചാനല്‍ ടീം ലീഡറുമായ എം കെ രാംദാസ് ദൃശ്യഭാഷ്യം ചമച്ചിരിക്കുന്നു. പുതിയ സംരംഭത്തിന് എല്ലാ വായനക്കാരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.

അഴിമുഖം യുടൂബ് ചാനല്‍ സന്ദര്‍ശിക്കൂ..
https://www.youtube.com/c/AzhimukhamMalayalam?gvnc=1

This post was last modified on February 16, 2015 3:25 pm