X

ഡിസംബര്‍ ആറ്: വേദനിച്ചത് മുസ്ലീങ്ങള്‍ മാത്രമല്ല ഒരു രാഷ്ട്രമാണ്- എം എന്‍ കാരശ്ശേരി പ്രതികരിക്കുന്നു

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 22 വര്‍ഷം തികയുന്നു. 22 വര്‍ഷക്കാലത്തിനിടയില്‍ ഇന്ത്യന്‍ ജനാധിപത്യവും സാമൂഹ്യ ജീവിതവും വലിയ മാറ്റങ്ങളിലൂടെയാണ് കടന്നു പോയത്. അന്ന് വിത്തുപാകപ്പെട്ട  സംഘപരിവാര്‍ രാഷ്ട്രം ഇന്ന് പരിപൂര്‍ണാര്‍ത്ഥത്തില്‍ നിലവില്‍ വന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെയും അതുവഴി ഇന്ത്യന്‍ ജനതയുടെ സൂമൂഹിക, സാംസ്കാരിക, സാമ്പത്തിക ചുറ്റുപാടുകളില്‍ വന്ന മാറ്റങ്ങളെയും പരിശോധിക്കുകയാണ് അഴിമുഖം. പ്രമുഖരുടെ അഭിപ്രായങ്ങള്‍, വിലയിരുത്തലുകള്‍. വായിക്കുക. 

 

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ മുസ്ലിം ജനസാമാന്യം മാത്രമല്ല ഇന്ത്യന്‍ സമൂഹം ഒന്നാകെത്തന്നെയും കൈക്കൊള്ളേണ്ട നിലപാടുകളെക്കുറിച്ച് സാമൂഹ്യ ചിന്തകനായ എം എന്‍ കാരശ്ശേരി പ്രതികരിക്കുന്നു(തയ്യാറാക്കിയത് സുഫാദ് ഇ മുണ്ടക്കൈ)

‘ബാബറി ദിനാചരണത്തെ എതിര്‍ക്കുന്ന ഒരാളാണ് ഞാന്‍. കാരണം ബാബരി ദിനാചരണം എന്ന് പറയുന്നത് ഇന്നത്തെ പരിതസ്ഥിതിയില്‍ തീര്‍ച്ചയായിട്ടും ഇവിടെ ജനങ്ങളുടെ ഇടയില്‍ ഒരു വിഭാഗീയത ഉല്‍പ്പാദിപ്പിക്കാന്‍ മാത്രമേ ഉപകരിക്കുന്നുള്ളൂ. അതായത് ബാബറി പള്ളി പൊളിക്കപ്പെട്ടു. വലിയൊരപരാധമായിരുന്നു അത്. പള്ളി പുനര്‍നിര്‍മ്മിക്കണമെന്ന് ഒരു വിഭാഗവും പള്ളി പൊളിച്ച് രാമക്ഷേത്രം പുനര്‍നിര്‍മ്മിക്കലാണ് വലിയ പ്രശ്‌നമെന്ന് വേറൊരു കൂട്ടരും നിലപാടെടുത്താല്‍ ഇവിടെ രാഷ്ട്രീയ-സംസ്‌കാര-സാമൂഹിക ജീവിതം, സ്വസ്ഥത തുടങ്ങിയവയൊന്നും ഉണ്ടാവില്ല. ബാബറി ദിനാചരണം എന്ന് പറഞ്ഞ് ഇവിടെ കുറച്ച് കാലം ഹര്‍ത്താലും ബന്ദുമൊക്കെ നടത്തിയിരുന്നു. അത് കൊണ്ടൊന്നും പ്രയോജനമുണ്ടായിട്ടില്ല. ഉപദ്രവം മാത്രമേ ഉണ്ടായിട്ടുള്ളൂ. കേരളത്തിലും പുറത്തുമൊക്കെ സമൂഹങ്ങള്‍ തമ്മില്‍ പരസ്പരമുള്ള വിശ്വാസം കളയാനും, ഒന്നു കൂടി അകലം ഉണ്ടാക്കാനും, രാഷ്ട്രീയക്കാര്‍ക്ക് മുതലെടുക്കാനും സാധിക്കുന്നു എന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടെന്ന് വിചാരിക്കാത്ത ഒരാളാണ് ഞാന്‍.

സോഷ്യല്‍ മീഡിയകളിലൂടെ മസ്ജിദ് നിര്‍മ്മിക്കണമെന്നും ക്ഷേത്രം നിര്‍മ്മിക്കണമെന്നുമെല്ലാം വാദിക്കുന്നവര്‍ എന്തിനാണിങ്ങനെ കോമരം തുള്ളുന്നത്? ഇങ്ങനെ വികാരം കൊണ്ട് തുള്ളിയിട്ട് അവനവനും മറ്റുള്ളവര്‍ക്കും ആപത്ത് എന്നല്ലാതെ ആര്‍ക്കെങ്കിലും എന്തെങ്കിലും ഉപകാരമുണ്ടോ? ദൈവത്തെ രക്ഷിക്കാന്‍ നടക്കുകയാണ് ഇവരൊക്കെ. ദൈവം ഇവരുടെ രക്ഷകനാണെന്ന് ഇവര്‍ പറയുന്നു. എല്ലാ വിഭാഗങ്ങള്‍ക്കും ദൈവത്തെ രക്ഷിക്കാന്‍ ക്വട്ടേഷന്‍ സംഘം വേണം എന്നാണോ? ദൈവത്തിന്റെ പേരിലാണ് പൈശാചികമായ വാദം ഉപയോഗിക്കുന്നത്. പൈശാചികമായ, വെറുപ്പിന്റെ ഭാഷ ദൈവത്തിന്റെയോ മതത്തിന്റെയോ ഭാഷയല്ല. അത് അക്രമികളുടെ ഭാഷയാണ്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ കണ്ടിടത്തോളം വൈകാരികമായ വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ തോല്‍പിക്കുക എന്നാണ് പലരുടെയും ഉദ്ദേശം. അത് മറ്റൊരു സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്ത് തോല്‍പ്പിക്കുന്നത് പോലെയാണ്. ഒരു വിഭാഗം അവരുടെ സമുദായത്തിന്റെ അന്തസ്സ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി മറുവിഭാഗത്തെ തെറി വിളിക്കുന്ന അവസ്ഥയാണുള്ളത്. അപ്പോള്‍ അവരുടെ അന്തസ്സ് തന്നെയാണ് പോകുന്നത് എന്ന് അവര്‍ അറിയുന്നില്ല. ഇങ്ങനെ ഹിന്ദു പാരമ്പര്യത്തെ തെറി പറയുന്ന മുസ്ലിമും, മുസ്ലിം പാരമ്പര്യത്തെ തെറി പറയുന്ന ഹിന്ദുവും സ്വന്തം പാരമ്പര്യത്തെ നിന്ദിക്കുകയാണ് ചെയ്യുന്നത്. മുസ്ലീങ്ങളോട് അവരുടെ വേദഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ളത് അന്യസമുദായങ്ങളുടെ മതാചാരങ്ങളേയും അവരുടെ ആരാധനാലയങ്ങളേയും ബഹുമാനിക്കണം എന്നാണ്. അല്ലാതെ അവരെ നിന്ദിക്കണം, പുച്ഛിക്കണം എന്നല്ല. സല്‍ബുദ്ധി ഉള്ള ആളുകളെ ഖുര്‍ആന്‍ താക്കീത് ചെയ്യുന്നത് ‘മറ്റുളവരുടെ ആരാധനാമൂര്‍ത്തികളെ നീ പരിഹസിക്കരുത്. അങ്ങനെ വന്നാല്‍ നിന്റെ ആരാധ്യനെ അവര്‍ നിന്ദിക്കും’ എന്നാണ്. ഖുര്‍ആന്റെ താക്കീതൊന്നും അവര്‍ക്കൊരു പ്രശ്‌നമല്ല. അവര്‍ക്ക് അവരുടെ വികാരവും അവരുടെ പൊങ്ങച്ചവും അവരുടെ അഹങ്കാരവുമാണ് ഇവിടെ വിഷയം.’

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ചിക്കാഗോയിലെ സര്‍വ്വമതസമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ട് സ്വാമി വിവേകാനന്ദന്‍ അഭിമാനപൂര്‍വ്വം പറഞ്ഞത് ‘ഭാരതം ലോക മതങ്ങളുടെ സംഗമഭൂമിയാണ്’ എന്നാണ്. ഭാരതം ലോകരാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ ഒരു വിസ്മയമായി തീര്‍ന്നതും അത് കൊണ്ടാണ്.

അന്ന് തകര്‍ന്ന് തരിപ്പണമായത് ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്, ഭരണഘടനയാണ്. നമ്മള്‍ ഓമനിച്ച് തോളിലേറ്റി നടക്കുന്ന സംസ്‌കാരമാണ്. വേദനിച്ചത് മുസ്ലീങ്ങള്‍ മാത്രമല്ല ഒരു രാഷ്ട്രമാണ്. ആ തകര്‍ച്ചയില്‍ ദുഃഖിക്കുന്നവര്‍ക്ക് മാത്രമേ ഇന്ത്യയെ ഒന്നിച്ച് നിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

This post was last modified on December 6, 2014 10:40 am