X

ബാര്‍: യു ഡി എഫ് രാഷ്ട്രീയത്തില്‍ ഹൈക്കോടതി വിധിയുണ്ടാക്കാന്‍ പോകുന്ന പൊല്ലാപ്പുകള്‍

സാജു കൊമ്പന്‍

തീര്‍ത്തും അപ്രതീക്ഷിതമായി, ഘട്ടം ഘട്ടമായുള്ള മദ്യ നിരോധനം ഒരു തുണ്ടു കടലാസ് പൊക്കിപ്പിടിച്ച് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചത് മുതല്‍ മദ്യ നിരോധനനയമെന്ന കുഞ്ഞിന്‍റെ പിതൃത്വം ഏറ്റെടുക്കാനുള്ള തിക്കും തിരക്കും നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറത്തുവന്ന ഇന്നലെയും അതു തുടര്‍ന്നു എന്നുമാത്രമല്ല ഇക്കാര്യത്തില്‍ ശക്തമായ എതിര്‍ അഭിപ്രായങ്ങള്‍ യു ഡി എഫിനകത്ത് നിലനില്‍ക്കുന്നുണ്ട് എന്ന് വ്യക്താമാക്കുന്നതുമായിരുന്നു വിവിധ യു ഡി എഫ് നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങള്‍.

വിധി സര്‍ക്കാരിന്റെ മദ്യ നയത്തെ കോടതി അംഗീകരിച്ചതിന്റെ തെളിവായിട്ടാണ് മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡണ്ടും ഒരേ സ്വരത്തില്‍ പറഞ്ഞത്. അത്ര ആത്മവിശ്വാസമുണ്ടായിരുന്നില്ലെങ്കിലും കെ ബാബുവും ഇത് തന്നെ ആവര്‍ത്തിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആണെങ്കില്‍ ഭാഗികമായി അംഗീകരിച്ചു എന്ന പ്രയോഗത്തെ മാധ്യമങ്ങളുടെ വ്യാഖ്യാനമായി തള്ളിക്കളയുകയായിരുന്നു. 709 ബാറുകള്‍ പൂട്ടാനിരുന്ന സ്ഥാനത്ത് കോടതി അനുമതി കൊടുത്തത് വെറും 41 ബാറുകള്‍ക്കാണ്. ബാക്കി ബാറുകളെല്ലാം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് പോലെ പൂട്ടി തന്നെ കിടക്കും. അപ്പോഴതങ്ങനെ ഭാഗികമാകും എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം.

മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരനായ കെ പി സി സി വൈസ് പ്രസിഡണ്ട് വി ഡി സതീശനും കോണ്‍ഗ്രസ് എം എല്‍ എ ടി എന്‍ പ്രതാപനും പുതിയ വിധിയിലെ വിവേചനത്തെക്കുറിച്ചാണ് പറയാനുണ്ടായിരുന്നത്. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്കുക വഴി ബാറുടമകള്‍ ആരോപിച്ച വിവേചനത്തെ കൂടുതല്‍ ബലപ്പെടുത്തുകയാണ് കോടതി ചെയ്തിരിക്കുന്നത് എന്നാണ് രണ്ടു പേരുടെയും വ്യാഖ്യാനം. അതില്‍ കാര്യമില്ലേ എന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല. ബാര്‍ ഉടമകള്‍ ഉന്നയിച്ച വിവേചനത്തെ കോടതി അഡ്രസ്സ് ചെയ്തു എന്നതിന് പ്രത്യക്ഷ തെളിവാണല്ലോ ഫോര്‍ സ്റ്റാറിനും ഫൈവ് സ്റ്റാറിനും ഇടയിലുള്ള തരം തിരിവ് വേണ്ട എന്ന വിധി.

ഇനി ഘടക കക്ഷികളുടെ കാര്യമെടുത്താല്‍ പി സി ജോര്‍ജ്ജും ഷിബു ബേബിജോണും ആന്റണി രാജുവും ജോണി നെല്ലൂരുമൊക്കെ തങ്ങളുടെ മുന്‍ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ടാണ് കോടതി വിധിയോട് പ്രതികരിച്ചത് എന്ന് കാണാം. യാതൊരു ആലോചനയുമില്ലാതെ തീരുമാനമെടുത്തത്തിന്റെ ഫലമാണ് ഇത്തരമൊരു കോടതി വിധി എന്നും അവര്‍ പറയാതെ പറഞ്ഞു വെയ്ക്കുന്നു. ഒരു പടി കൂടി കടന്നു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പി സി ജോര്‍ജ്ജ് പറഞ്ഞത് ഡിവിഷന്‍ ബെഞ്ചിലും മേല്‍ക്കോടതിയിലും അപ്പീല്‍ പോയി ത്രീ സ്റ്റാറും ടു സ്റ്റാറുമൊക്കെ വീണ്ടും തുറക്കുന്ന അവസ്ഥ ഉണ്ടാക്കരുതേ എന്നാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം 

ബാര്‍ ലൈസന്‍സ്: ആരുടെ പോക്കറ്റാണ് ഇനിയും നിറയാനുള്ളത്?
കാണേണ്ടത് ഞങ്ങളുടെ കണ്ണീര്‍, ബാറുടമകളുടേതല്ല
ബാര്‍ പൂട്ടി; മലയാളികളുടെ കെട്ട് വിട്ടു തുടങ്ങിയെന്ന് പഠനം
ആദിവാസി നില്‍പ്പ് സമരം, മദ്യ നിരോധനം: സംവിധായകന്‍ ജോയ് മാത്യു പ്രതികരിക്കുന്നു
ലഹരിയെ സദാചാരപട്ടികയില്‍ നിന്നു മോചിപ്പിക്കേണ്ടതുണ്ട്- ഡോ. എ.കെ ജയശ്രീ സംസാരിക്കുന്നു

എന്തായാലും വിജയത്തിന്‍റെ ക്രെഡിറ്റ് അവകാശപ്പെടുമ്പോഴും എടുത്ത തീരുമാനത്തില്‍ അസംതൃപ്തിയും ആശങ്കയും കൊണ്ടുനടക്കുകയാണ് യു ഡി എഫും കോണ്‍ഗ്രസും എന്നത് വിധി പുറത്തുവന്നതോടെ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ മദ്യ നയം എന്ന് പറയുമ്പോഴും കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ അങ്ങനെ ഒരു നയമില്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ദേശീയ നേതൃത്വവും ചടങ്ങിനുള്ള ചില അനുകൂല പ്രസ്താവനകള്‍ അല്ലാതെ മറ്റൊന്നും ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന് മുന്‍പായി അവതരിപ്പിച്ചത് കണ്ടിട്ടില്ല.

ഒരു ജനതയുടെ സാമൂഹ്യ ജീവിതത്തെയും സാംസ്കാരിക ജീവിതത്തെയും സമ്പദ്ഘടനയെയും ക്രമസമാധാനത്തെയുമൊക്കെ നേരിട്ട് ബാധിക്കുന്ന വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയെക്കാവുന്ന ഒരു തീരുമാനം ചില നേതാക്കളുടെ ഈഗോയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി എടുത്തിരിക്കുന്നു എന്നത് തന്നെയാണ് പൊതുസമൂഹത്തിലെ ഒരു വിഭാഗം കോടതി വിധിയുടെ ഘട്ടത്തിലും ചര്‍ച്ച ചെയ്തത്. ഇത്തരം ചര്‍ച്ചകള്‍ക്കിടയില്‍ സര്‍ക്കാര്‍ നയത്തെ അനുകൂലിച്ച് സംസാരിച്ചവരാരും ഈ ഒരു സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന് വ്യക്തമായി പറയുന്നില്ല. ഗവണ്‍മെന്‍റിന് ശാസ്ത്രീയവും സുവ്യക്തവുമായ എന്തെങ്കിലും പദ്ധതി ഇക്കാര്യത്തില്‍ ഉണ്ടോ എന്നും വ്യക്തമാക്കപ്പെട്ടിട്ടില്ല. മദ്യപന്മാരുടെ ദാഹം അടക്കാന്‍ തത്ക്കാലം ബിവറേജസ് ഔട്ലേറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടല്ലോ എന്ന് തന്നെയായിരിക്കും ഇവരുടെ ഉള്ളിലെ ആശ്വാസം.

എന്തായാലും ബാര്‍ വിഷയത്തില്‍ കലങ്ങുന്നത് കേരളം മാത്രമായിരിക്കില്ല യു ഡി എഫ് രാഷ്ട്രീയം കൂടിയായിരിക്കും എന്ന് തീര്‍ച്ചയായിരിക്കുകയാണ്. ജസ്റ്റീസ് സുരേന്ദ്ര മോഹന്റെ വിധി എരിതീയില്‍ എണ്ണയൊഴിക്കലായിരിക്കും കുറച്ചു കാലത്തെങ്കിലും യു ഡി എഫിന്.

This post was last modified on October 31, 2014 10:23 am