X

ബാര്‍ കോഴ: ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു; കോഴമുനയില്‍ മറ്റൊരു മന്ത്രിയും

പി കെ ശ്യാം

പൂട്ടിയ ബാറുകൾ തുറക്കാൻ ഒരുകോടി കൈക്കൂലി വാങ്ങിയെന്ന ധനമന്ത്രി കെ.എം.മാണിക്കെതിരെ ബാറുടമകളുടെ ആരോപണം സർക്കാരിനെ മറിച്ചിടാന്‍ തക്ക ശേഷിയുള്ളത്. തങ്ങൾ പറയുന്നത് നൂറു ശതമാനം സത്യമാണെന്നും ബോംബുകൾ ഇനിയുമുണ്ടെന്നും ബാറുടമകളുടെ നേതാവ് ബിജു രമേശ് പറയുന്നത് പരിഗണിച്ചാൽ സർക്കാർ കൂട്ടക്കുഴപ്പത്തിലേക്കാണ് നീങ്ങുന്നത്. ഒരു മന്ത്രി നേരിട്ട് കൈക്കൂലിവാങ്ങിയെന്ന ആരോപണം ഇത് നടാടെയാണ്. ഇതുവരെ കണ്ടത് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് തോന്നിപ്പിക്കുന്ന വിവരങ്ങളാണ് ഞങ്ങളുടെ അന്വേഷണത്തിൽ വെളിവായതും.

കെ.എം.മാണി മാത്രമല്ല, ഒരു പ്രമുഖനായ ഘടകക്ഷി മന്ത്രിക്കും ബാർ കോഴയിൽ പങ്കുണ്ടെന്ന വ്യക്തമായ സൂചനകളാണ് ലഭിക്കുന്നത്. ബാർ തുറക്കുന്നത് പരസ്യമായി എതിർക്കുന്ന ഈ മന്ത്രി നാലു കോടി കോഴ ആവശ്യപ്പെട്ടതായും രണ്ടു കോടി നൽകിയതായുമാണ് വിവരം. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ബാറുടമകളുടെ സംഘടനയിലെ പേരു വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത വ്യക്തി വെളിപ്പെടുത്തുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപായിരുന്നു ഈ ഇടപാടുകളെല്ലാം നടന്നതെന്നും ഇവർ പറയുന്നു. 

ഇക്കൊല്ലം ഫെബ്രുവരിയിലാണ് ബാർ കോഴയുടെ തുടക്കമെന്ന് കരുതാവുന്ന സംഭവങ്ങൾ ഉടലെടുത്തത്. ഏപ്രിലിലാണ് ബാറുകൾക്ക് ലൈസൻസ് പുതുക്കാനുള്ളത്. ഇതിനായി ഫെബ്രുവരി മുതൽ തന്നെ അപേക്ഷകളെത്തി തുടങ്ങി. ധനവകുപ്പിന് കീഴിലുള്ള നികുതിവിഭാഗത്തിന്റെ അനുമതിയും കൂടിയുണ്ടെങ്കിലേ ലൈസൻസ് പുതുക്കാനാവൂ. ലൈസൻസ് പുതുക്കാനുള്ള അപേക്ഷകളെത്തിതുടങ്ങിയപ്പോഴേ കോഴയ്ക്കുള്ള കരുക്കൾ നീക്കിത്തുടങ്ങിയിരുന്നു എന്നുവേണം മനസിലാക്കാൻ. നിലവാരമില്ലാത്ത ബാറുകളെക്കുറിച്ചുള്ള സി.എ.ജി റിപ്പോർട്ട് ആയുധമാക്കിയും കോഴയ്ക്ക് ഗൂഢാലോചന നടന്നു. 

നിലവാരമില്ലാത്തതിനാൽ പൂട്ടിയിട്ട 418 ബാറുകൾ തുറക്കാൻ മൊത്തം 10 കോടി രൂപയാണ് സർക്കാരിലെ ഒരു ഉന്നതകേന്ദ്രം കോഴ ആവശ്യപ്പെട്ടതെന്നാണ് വിവരം. ബാറുടമകൾ ഈ വിവരം സർക്കാരിലെ രണ്ടു മന്ത്രിമാരെ അറിയിച്ചു. പണം നൽകേണ്ടെന്നായിരുന്നു ഇരുവരുടേയും ഉപദേശം. അതിനിടയിൽ പൂട്ടിയ 418 ബാറുകൾ തുറക്കേണ്ടതില്ലെന്ന് എക്സൈസ് മന്ത്രി കെ.ബാബു ഉറച്ചനിലപാടെടുക്കുകയും ചെയ്തു. കോടികൾ മറിയുന്ന വൻവ്യവസായം ഏതു വിധേനയും പുനരുജ്ജീവിപ്പിക്കണമെന്ന് മനസിലുറച്ച് ബാറുടമകൾ പണപ്പെട്ടികളുമായി രാഷ്ട്രീയക്കാരുടെ പിന്നാലെ നടന്നു.

അങ്ങനെ പൊതുതിരഞ്ഞെടുപ്പിന് വിജ്ഞാപനമായി. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ എല്ലാം ശരിയാക്കിത്തരാം, എല്ലാ ബാറുകളും തുറക്കാം, തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒന്നരക്കോടി നൽകണമെന്നായി സർക്കാരിന്റെ ഭാഗമായ ഒരു ഉന്നതൻ ആവശ്യപ്പെട്ടു. ബാറുടമകൾ പിരിവെടുത്ത് ഈ പണം കൈമാറി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സുധീരന്റെ ഇടപെടലോടെ സ്ഥിതിഗതികൾ വീണ്ടും കലങ്ങിമറിഞ്ഞു. ഫൈവ് സ്റ്റാർ ഒഴികെ ഒറ്റ ബാറും വേണ്ടെന്ന തീരുമാനത്തിലേക്ക് മുഖ്യമന്ത്രി എത്തി. (സ്വന്തം തടിരക്ഷിക്കാനെടുത്ത ഈ തീരുമാനത്തിന് പിന്നില്‍ കോടികളുടെ കോഴക്കഥകളെക്കുറിച്ച് നേരത്തേ അദ്ദേഹത്തിനും അറിവുണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ തോന്നുന്ന സംശയം). അതോടെ ബാറുടമകൾ ഉടക്കായി. ഉടമകൾ അസോസിയേഷനെതിരേ തിരിഞ്ഞതോടെ നേതാക്കളുടെ നില പരിങ്ങലിലുമായി. 

ബാറുകളെല്ലാം പൂട്ടിയസ്ഥിതിക്ക് തങ്ങൾ നൽകിയ ഒന്നരക്കോടി തിരിച്ചുതന്നേ മതിയാവൂ എന്ന നിലപാടിലായി ബാറുടമകൾ. ആകെ ബഹളമായി. കോഴക്കഥ പുറത്തുപറയുമെന്ന ഭീഷണിവരെയെത്തി. ഇതോടെ സർക്കാരിലെ ഉന്നതൻ വലഞ്ഞു. ഒരുദിവസം ബാറുടമകളുടെ നേതാവിനെ ഉന്നതൻ വിളിച്ചുവരുത്തി. നിങ്ങൾ തന്നതിൽ ഒരു കോടി കള്ളനോട്ടാണെന്നായിരുന്നു ഉന്നതന്റെ പക്ഷം. ബാക്കി അമ്പത് ലക്ഷം താൻ പറയുന്നയാളിൽ നിന്ന് വാങ്ങിക്കൊള്ളാനും നിർദ്ദേശിച്ചു. ഉന്നതന്റെ വർത്തമാനം കേട്ട് കണ്ണുതള്ളിപ്പോയെന്ന് ബാറുടമ. നൽകിയത് കള്ളനോട്ടല്ലെന്ന് എങ്ങനെ തെളിയിക്കും. അഥവാ തെളിയിച്ചാൽ ഉന്നതൻ അംഗീകരിക്കുമോ? ഒടുവിൽ കിട്ടിയതും വാങ്ങി പോരുകയായിരുന്നു എന്നാണ് അറിയുന്നത്. 

സംസാരിക്കുന്ന തെളിവുകൾ
കോഴ ആരോപണം നൂറു ശതമാനം സത്യമാണെന്നും സംസാരിക്കുന്ന തെളിവുകൾ തന്റെ പക്കലുണ്ടെന്നും ബാറുടമ അസോസിയേഷൻ നേതാവ് ബിജു രമേശ് പറയുന്നു. “ധാരാളം അഴിമതിയും കോഴക്കളികളുമാണ് ഇവിടെ നടക്കുന്നത്. അതിൽ ഒന്നെങ്കിലും ജനം അറിയണം. അതുകൊണ്ടാണ് ഇതൊക്കെ വിളിച്ചുപറയേണ്ടി വന്നത്. ഇപ്പോൾ ചിലരൊക്കെ ചാനലിലൂടെ തനിക്കെതിരെ കേസെടുക്കണം അന്വേഷിക്കണം എന്നൊക്കെയാണ് പറയുന്നത്. കുറ്റം ചെയ്തവർക്കെതിരെയാണ് കേസെടുക്കേണ്ടത്. കേസ് സി.ബി.ഐ അന്വേഷിച്ചാൽ സംസാരിക്കുന്ന തെളിവുകൾ നൽകാൻ തയ്യാറാണ്”, അദ്ദേഹം പറഞ്ഞു.

ചോദിച്ചത് അഞ്ചുകോടി
ബാറുകൾ അടച്ചു പൂട്ടാതിരിക്കുന്നതിന് മന്തിസഭയിൽ അനുകൂലമായ തീരുമാനമുണ്ടാക്കുന്നതിന് അഞ്ചു കോടി രൂപയാണ് കെ.എം മാണി ആവശ്യപ്പെട്ടിരുന്നതെന്നാണ് ബിജുവിന്റെ ആരോപണം. ആദ്യം 15 ലക്ഷവും പിന്നീട് 85 ലക്ഷവും മന്ത്രി കെ.എം. മാണിയെ ഏൽപ്പിക്കുകയായിരുന്നു. മാണിയുമായി അടുപ്പമുള്ളവരും അസോസിയേഷനിൽപ്പെട്ട കോട്ടയം ജില്ലയിലെ ചിലരുമായിട്ടാണ് കെ.എം മാണിയെ കണ്ട് പണം കൈമാറിയത്. 418 ബാറുകൾ പൂട്ടാനുള്ള തീരുമാനം കൈക്കൊള്ളുന്നതിനു മുമ്പായിരുന്നു ഇത്. എന്നാൽ കാബിനറ്റിൽ ഈ വിഷയം ചർച്ചയ്ക്കു വന്നപ്പോൾ നിയമവശം പഠിക്കാനുണ്ടെന്നു പറഞ്ഞ് മന്ത്രി മാണി തന്നെ ഇടപെട്ട് മാറ്റിവയ്ക്കുകയായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചപ്പോൾ ആർക്കും പണം നൽകരുതെന്നായിരുന്നു ലഭിച്ച മറുപടി. ഇതിനിടയിൽ വി.എം സുധീരൻ 418 ബാറുകൾ തുറക്കുന്നതിനെതിരെ രംഗത്തെത്തിയതോടെയാണ് പണം നൽകിയിട്ടും പ്രയോജമില്ലെന്ന് മനസിലായത്. അതുകൊണ്ടാണ് ബാക്കി നാലു കോടി രൂപ നൽകേണ്ടതില്ലെന്ന് അസോസിയേഷൻ തീരുമാനിച്ചു. പിന്നീടാണ് പ്രതിഛായ വർദ്ധിപ്പിക്കാനുള്ള മത്സരത്തിൽ 312 ബാറുകൾ കൂടി പൂട്ടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്. ഒരു ഗൂഡാലോചനയുടേയും ഭാഗമായിട്ടല്ല ഇതൊക്കെ വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു. 

This post was last modified on November 2, 2014 8:20 am