X

ബാര്‍ കോഴ; സര്‍, അന്വേഷിക്കാതെ എങ്ങനെ തെളിവ് കണ്ടെത്താനാകും?

സുധീപ് ജെ സലിം

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ എം മാണി  മൂന്ന് തവണയായി ഒരു കോടി രൂപ ബാര്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നിട്ട് ആറു മാസം പിന്നിടുന്നു. ആരോപണത്തില്‍ ക്വിക് വെരിഫിക്കേഷന് ശേഷം അന്വേഷണം  ആരംഭിച്ച  വിജിലന്‍സ്, ഒടുവില്‍ മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തയ്യാറെടുക്കുകയാണ്. മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള തെളിവില്ലെന്നാണ്  വിജിലൻസ്എഡിജിപി  ഷേയ്ക്ക് ദർബേഷ്സാഹിബ്, വിജിലൻസ് ഡയറക്ടർ വിൻസൺ എം പോളിന് നല്‍കിയ റിപ്പോർട്ട്. 

മാണിക്കെതിരെ കുറ്റപത്രത്തിനു മതിയായ തെളിവില്ലെന്ന വിജിലൻസ് നിയമോപദേഷ്ടാവ് സി സി അഗസ്റ്റിന്റെ ഉപദേശം ശരിവച്ചുകൊണ്ടാണ് എഡിജിപി യുടെ തീരുമാനം. അഴിമതി നിരോധന നിയമത്തിലെ എഴ്, 13 (1) ഡി വകുപ്പുകൾ പ്രകാരമാണ് മാണിക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണം നടത്തിയത്. ഈ വകുപ്പുകൾ പ്രകാരം കുറ്റപത്രം സമർപ്പിക്കാൻ ആവശ്യമായ തെളിവുകൾ അന്വേഷണസംഘം കണ്ടെത്തിയില്ലെന്നാണ് എഡിജിപിയുടെ നിഗമനം.

മാണി കോഴ ആവശ്യപ്പെട്ടതിനും വാങ്ങിയതിനും തെളിവില്ല. കോഴപ്പണം കണ്ടെത്താന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞില്ല. കോഴ നൽകിയെന്നു പറയുന്നവർക്കു പ്രത്യുപകാരം ചെയ്തതായും തെളിഞ്ഞിട്ടില്ല. ഇത്തരത്തില്‍ ഇതുവരെ കണ്ടെത്തിയ തെളിവുകൾ ദുർബലമാണെന്ന വിജിലൻസ് നിയമോപദേഷ്ടാവ് സി സി അഗസ്റ്റിന്റെ  നിലപാടിനോടും എഡിജിപി യോജിപ്പ് രേഖപ്പെടുത്തുന്നു. ഇനി ഇക്കാര്യത്തിൽ വിജിലൻസ് ഡയറക്ടറാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. മതിയായ തെളിവുണ്ടെന്ന നിലയിൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആർ സുകേശൻ നൽകിയ റിപ്പോർട്ടിനോട് എഡിജിപി വിയോജിച്ചുവെന്ന് കാര്യം കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക.

ഇത് ഇതുവരെ നടന്ന കഥയുടെ സംക്ഷിപ്ത രൂപം. 

എന്നാല്‍  ഈ കഥ  തുടക്കം മുതല്‍ വീക്ഷിക്കുന്ന  ഏതൊരാളുടെ മനസ്സിലും അത്ര ചെറുതല്ലാത്ത ചില സംശയങ്ങള്‍ ഉടലെടുക്കും. 

സംശയം ഒന്ന് – കൃത്യമായ നടപടി ക്രമങ്ങള്‍ പാലിച്ചാണോ വിജിലന്‍സ് ബാര്‍ കോഴ ആരോപണങ്ങള്‍ അന്വേഷിച്ചത്?

സംശയം രണ്ട്-  അങ്ങനെയെങ്കില്‍ ആരോപണ വിധേയനായ വ്യക്തിക്ക്  തെളിവ് നശിപ്പിക്കാന്‍ സമയം നല്‍കാതെ 24 മണിക്കൂറിനകം കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുകയല്ലേ ആദ്യം വേണ്ടിയിരുന്നത്?

സംശയം മൂന്ന് – ഉദ്യോഗസ്ഥര്‍ക്കും മറ്റും എതിരെ  ഊമക്കത്തുകളുടെ പോലും അടിസ്ഥാനത്തില്‍ കൈക്കൂലി കേസുകള്‍ എടുക്കാറുള്ള വിജിലന്‍സ്, ആദ്യം ചെയ്യുക ആരോപണ വിധേയരെ കസ്റ്റഡിയില്‍ എടുക്കുകയല്ലേ ചെയ്യാറ്?

സംശയം നാല് – മാണിക്ക് കോഴ നല്‍കിയതായി മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ച ബിജു രമേശ് കോടതി മുന്‍പാകെ നല്‍കിയ രഹസ്യ മൊഴിയിലും വിജിലന്‍സിന്റെ ചോദ്യം ചെയ്യലിലും അക്കാര്യത്തില്‍ ഉറച്ചു നിന്നു. ആരോപണം ഉന്നയിച്ച ആള്‍ അതില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ ആരോപണ വിധേയനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യാനുള്ള ഉത്തരവാദിത്വം വിജിലന്‍സില്‍ നിക്ഷിപ്തമല്ലെന്നുണ്ടോ?

സംശയം അഞ്ച് – കോഴ വാങ്ങിയെന്ന് ആരോപണം ഉയരുമ്പോള്‍, നല്‍കിയെന്നു പറയപ്പെടുന്ന പണം കണ്ടെത്തുക എന്നത് അന്വേഷണ സംഘത്തിന്റെ  പ്രധാന ദൌത്യത്തില്‍ ഒന്നല്ലേ? അത്തരത്തില്‍ കോഴപ്പണം കണ്ടെത്താന്‍ ഏതെങ്കിലും ദുര്‍ബല ശ്രമമെങ്കിലും വിജിലന്‍സിന്റെ ഭാഗത്ത്‌ നിന്നുണ്ടായോ? ഉണ്ടായെങ്കില്‍ ആദ്യം ചെയ്യേണ്ടത്  പണം ഒളിപ്പിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ദ്രുത ഗതിയില്‍ പരിശോധന നടത്തുകയല്ലെ വേണ്ടിയിരുന്നത്? അങ്ങനെയെങ്കില്‍ ആരോപണ വിധേയനായ  കെ എം മാണിയുടെ വസതികളിലും ഓഫിസുകളിലും പാര്‍ട്ടി ഓഫിസുകളിലും പരിശോധന നടത്തുകയുണ്ടായോ? ഇനിയിപ്പോള്‍ പണം ബാങ്കില്‍ നിക്ഷേപിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് മാണിയുടെയും അദ്ദേഹത്തിന്റെ അടുത്ത  ബന്ധുക്കളുടെയും ബാങ്ക് അക്കൌണ്ടുകള്‍ പരിശോധിക്കുകയോ, മരവിപ്പിക്കുകയോ ചെയ്യുകയുണ്ടായോ? 

സംശയം ആറ്- വിവിധ ബാറുടമകളില്‍ നിന്ന് പിരിച്ചാണ് കോഴ പണം സമാഹരിച്ചത്  എന്നാണല്ലോ വെളിപ്പെടുത്തല്‍. അങ്ങനെയെങ്കില്‍ പിരിച്ച തുക എവിടെ സുക്ഷിച്ചു? ആരു സുക്ഷിച്ചു? അതുമായി ബന്ധപ്പെട്ട രേഖകള്‍ ഉണ്ടോ? ബാര്‍ ഹോട്ടല്‍ ഉടമ അസ്സോസിയേഷന്റെ ഓഫീസുകളിലോ  ഭാരവാഹികളുടെ വീടുകളിലോ അത്തരത്തില്‍ മേല്പറഞ്ഞ വസ്തുതകള്‍ കണ്ടെത്താനായി ഏതെങ്കിലും പരിശോധന നടത്തുകയുണ്ടായോ?

ആകെ  പത്തുകോടി രൂപ പിരിച്ചതായി വെളിപ്പെടുത്തല്‍ ഉണ്ടായല്ലോ? ആ പണം കണ്ടെത്തുവാനോ അതിന്റെ ഉറവിടം അന്വേഷിക്കുവാനോ വിജിലന്‍സ് സംഘം ശ്രമിച്ചോ?രാജ്കുമാര്‍ ഉണ്ണി അടക്കമുള്ള ബാര്‍ ഹോട്ടല്‍ അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ് എടുത്തു അന്വേഷണം നടത്താന്‍ എന്തായിരുന്നു നിയമ തടസ്സം? 

സംശയം ഏഴ്- കെ.എം മാണിയുടെ പാലായിലെ വീട്ടില്‍  മൂന്ന് തവണയായി പണം എത്തിച്ചുവെന്നും  മാണി പണം  വാങ്ങി ഭാര്യ കുട്ടിയമ്മയെ ഏല്പ്പിച്ചുവെന്നും ആരോപണം ഉയര്‍ന്നല്ലോ? ഇതില്‍ രണ്ടാമത്തെ ആരോപണം ഉന്നയിച്ചത് പൂഞ്ഞാര്‍ എം എല്‍ എ യും ആ സമയത്ത് സര്‍ക്കാര്‍ ചീഫ് വിപ്പുമായിരുന്നു പി സി ജോര്‍ജ്ജ് ആയിരുന്നു . നിയമസഭ സാമാജികന്റെ ആരോപണത്തെ വിജിലന്‍സ്  മുഖവിലക്കെടുക്കില്ല  എന്നുണ്ടോ? 

ഏതായാലും അത്തരത്തില്‍ ആരോപണം ഉയര്‍ന്ന സ്ഥിതിക്ക് കെ എം മാണിയുടെ വസതിയില്‍ പണം നല്‍കി എന്ന് പറയപെടുന്ന ദിവസം അവിടെ ജോലിയില്‍ ഉണ്ടായിരുന്ന ഗണ്‍മാന്‍ അടക്കമുള്ള പോലീസുകാര്‍, മറ്റു ജീവനക്കാര്‍ എന്നിവരെ ക്രിമിനല്‍ നടപടി ചട്ടത്തിലെ 160-ആം വകുപ്പനുസരിച്ച് നോട്ടീസ് നല്‍കി വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയല്ലേ നടപടിക്രമം? 

മാണി പണം വാങ്ങി കുട്ടിയമ്മക്ക് കൈ മാറി എന്ന ആരോപണം ഉയര്‍ന്ന സ്ഥിതിക്ക് അവരെയും നോട്ടീസ് നല്‍കി വിളിച്ചു വരുത്തി ചോദ്യം ചെയ്യേണ്ടതല്ലേ? അവരെ കൂട്ടുപ്രതി ആക്കാന്‍ മതിയായ വകുപ്പുകള്‍ നിയമത്തില്‍ ഇല്ലെന്നുണ്ടോ? അതല്ലേ സര്‍ നടപടി  ക്രമം? അങ്ങനയല്ലേ ശരിയായ ദിശയില്‍ പ്രവര്‍ത്തിക്കുന്ന ഒരു അന്വേഷണ സംഘം തെളിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കേണ്ടത്? 

സര്‍, തെളിവുകള്‍ ആകാശത്ത്  നിന്ന് പൊട്ടിവീണ് കിട്ടിയ ചരിത്രമില്ലല്ലോ? അന്വേഷണ സംഘം  ശരിയായ മാര്‍ഗ്ഗത്തിലൂടെ അത് കണ്ടെത്തുകയല്ലേ വേണ്ടത്? ഇവിടെ അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ വിജിലന്‍സിന്റെ ഭാഗത്തുനിന്നു അങ്ങനെ ശ്രമം ഉണ്ടായോ? പിന്നെ എങ്ങനെയാണ് സര്‍ കെ എം മാണിക്കെതിരെ ബാര്‍ കോഴ ആരോപണത്തില്‍ തെളിവില്ലെന്ന് നിങ്ങള്‍ കണ്ടെത്തിയത്?

മുന്നൂറുപേരെ  ചോദ്യം ചെയ്തിട്ടും മാണിക്കെതിരെ  തെളിവ് കണ്ടെത്താനായില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. മുന്നൂറ് അല്ല, സര്‍, കേരളത്തിലെ മൂന്നര കോടി ജനത്തിനെ ചോദ്യം ചെയ്താലും തെളിവുണ്ടാകില്ല! കാരണം സിമ്പിളാണ്, കേസുമായി ഒരു തരത്തിലും  ബന്ധമില്ലാത്ത ആരെയെങ്കിലുമൊക്കെ ചോദ്യം ചെയ്താല്‍ എങ്ങനെ തെളിവ് ലഭിക്കും?

ഈ കേസില്‍ വേണ്ടത്ര തെളിവ് സമാഹരിക്കാന്‍ മുപ്പതില്‍ താഴെ പേരെ മാത്രം  ചോദ്യം ചെയ്താല്‍ പോരേ?

1) കെ എം മാണി 2) ബിജു രമേശ്‌ 3) ബാര്‍ ഹോട്ടല്‍ ഉടമ അസോസിയേഷന്‍ ഭാരവാഹികള്‍ 4) മാണിയുടെ വീട്ടില്‍ ജോലിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ /മറ്റു ജീവനക്കാര്‍ 5) മണിയുടെ വീട്ടില്‍ പണവുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവര്‍ 6) മാണിയുടെ ഭാര്യ കുട്ടിയമ്മ 7) മാണിയുടെ ഓഫീസ്‌ ജീവനക്കാര്‍ /സഹായികള്‍.  

ഇവരില്‍ എത്രപേര്‍ ആ മുന്നൂറു പേരില്‍ ഉണ്ടായിരുന്നു സര്‍.

കേസുമായി നേരിട്ട് ബന്ധത്തിന് സാധ്യത ഉള്ളവരും ദൃക്സാക്ഷികളും ആയിട്ടുള്ള  ഇവരില്‍ നിന്നോക്കയല്ലേ യഥാര്‍ത്ഥത്തില്‍ തെളിവ് ലഭിക്കുക?

ഇനി മറ്റൊന്ന് കൂടി .. ബിജു രമേശിന്റെ ഡ്രൈവര്‍  അമ്പിളിയുടെ നുണപരിശോധന  ഫലം കെ എം മാണിക്കെതിരായിരുന്നില്ലേ? നുണ പരിശോധന ഫലം എതിരായി വന്നാല്‍ അന്വേഷണവുമായി മുന്നോട്ടു പോകമെന്നിരിക്കെ, അതിന് തയ്യാറാകുന്നില്ലെങ്കില്‍  അമ്പിളിയെ എന്തിനു പരിശോധനക്ക് വിധേയനാക്കി?

കോടതി മുന്‍പാകെ  നുണ പരിശോധന ഫലം തെളിവായി നില നില്‍ക്കില്ലായിരിക്കും, പക്ഷെ അന്വേഷണ ഉദ്യോഗസ്ഥന് തെളിവ്  കണ്ടെത്താനുള്ള  ദിശ സൂചികയായി അത് നിലനില്‍ക്കില്ല എന്ന് പറയാനാകുമോ? 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തീര്‍ന്നില്ല സര്‍ സംശയങ്ങള്‍.. 

ക്വിക് വെരിഫിക്കേഷനില്‍ കണ്ടെത്തിയ എന്തെന്തു നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ബാര്‍ കോഴ അന്വേഷിച്ചത്? 1964 ല്‍  രൂപികരിച്ച സ്വതന്ത്ര അന്വേഷണ ഏജന്‍സി ആണല്ലോ വിജിലന്‍സ്, അതിന് ശേഷം നാളിതുവരെ ക്വിക് വെരിഫിക്കേഷന് ശേഷം എത്ര കേസുകള്‍ തെളിവില്ലന്ന കാരണത്താല്‍ ഉപേക്ഷിക്കുകയുണ്ടായി?

സംശയങ്ങളും ചോദ്യങ്ങളും തീരുന്നില്ല സര്‍ , 

എങ്കിലും അവസാനമായി  ഒരു കാര്യം കൂടി അറിയാന്‍ താല്പര്യം ഉണ്ട്. 

വിജിലന്‍സ് നിയമ ഉപദേഷ്ടാവ് സി സി അഗസ്റ്റിന്‍ വ്യക്തിപരമായോ രാഷ്ട്രീയപരമായോ നല്‍കിയ ഒരു ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുവാനായിരുന്നെങ്കില്‍ എന്തിനായിരുന്നു ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍?

ആറുമാസത്തിലധികം നീണ്ട ഈ അന്വേഷണത്തിന്റെ  പ്രസക്തി എന്തായിരുന്നു? നിയമം ആരുടെ വഴിക്കാണ് സര്‍ പോകുന്നത്?

തെളിവുകള്‍ ഇല്ലാതാക്കി പുകമറ സൃഷ്ടിച്ച് ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് തന്നെ  ശ്രമിക്കുന്നു എന്ന് ജനം മനസ്സിലാക്കിയാല്‍ അവരെ കുറ്റം പറയരുത്. 

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on June 14, 2015 2:44 pm