അഴിമുഖം പ്രതിനിധി
ബിഹാറിലെ ബതാനി തോല ഗ്രാമത്തില്‍ സവര്‍ണജാതിക്കാരുടെ സ്വകാര്യ സായുധ സേനയായ രണ്‍വീര്‍ സേന 21 ദളിതരേയും മുസ്ലീങ്ങളെയും കൂട്ടക്കൊല നടത്തിയിട്ട് 20 വര്‍ഷമാകുന്നു. ദളിതര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും നേരെ ഈ രാജ്യത്തു നടക്കുന്ന അതിക്രമങ്ങള്‍ ഇവിടെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഒരു ഓര്‍മപ്പെടുത്തലാണ് ഇന്നും ഈ സംഭവം.
വിചാരണ കോടതി 2010ല്‍ മൂന്നുപേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം പാട്‌ന ഹൈക്കോടതി ബതാനി തോല കൂട്ടക്കൊലക്കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ഇപ്പോഴും സുപ്രീം കോടതിയിലാണ്.
1996 ജൂലായ് 11ന് ഉച്ചകഴിഞ്ഞാണ് ബീഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ ബതാനി തോല എന്ന ചെറുഗ്രാമത്തില്‍ ഭൂമിഹാര്‍ വിഭാഗത്തിലെ ഭൂവുടമകളുടെ സ്വകാര്യ സായുധസേനയായ രണ്‍വീര്‍ സേന 21 ദളിതരേയും മുസ്ലീങ്ങളെയും കൂട്ടക്കൊല നടത്തിയത്. ഇതില്‍ 20ഉം സ്ത്രീകളും കുട്ടികളുമായിരുന്നു. കൂട്ടക്കുരുതി മൂന്നുമണിക്കൂര്‍ നീണ്ടുനിന്നെങ്കിലും വെറും 100 മീറ്റര്‍ അകലെയുണ്ടായിരുന്ന പോലീസുകാര്‍ തിരിഞ്ഞുനോക്കിയില്ല.
ഭോജ്പൂര്‍, ആര്‍വാല്‍, ജെഹാനാബാദ്, പാട്‌ന ജില്ലകളില്‍ രണ്‍വീര്‍ സേന നടത്തിയ, ഭൂരഹിതരും ദളിതരുമായ 400ഓളം പേരുടെ ജീവനെടുത്ത കൂട്ടക്കൊല പരമ്പരകളില്‍ ആദ്യത്തേതായിരുന്നു ബതാനി തോലയിലേത്.
കൊലപാതകങ്ങള്‍ നടത്തിയ പല സവര്‍ണ ജാതിക്കാരും വിചാരണ ചെയ്യപ്പെട്ടെങ്കിലും നിയമസംവിധാനം ഇതുവരെ ആരെയും ശിക്ഷിച്ചില്ല. വിചാരണ കോടതി ശിക്ഷിച്ചെങ്കിലും പാട്‌ന ഹൈക്കോടതി ഇവരെ വെറുതെ വിട്ടു. മറ്റ് മൂന്നു കൂട്ടക്കൊല കേസുകളിലെ പ്രതികളെയും തൊട്ടടുടുത്തവര്‍ഷം ഇതേ കോടതി വെറുതെ വിട്ടു.
1970കള്‍ മുതല്‍ വിവിധ ഇടതുപക്ഷ സംഘടനകളുടെ ഒപ്പം അണിചേര്‍ന്ന കീഴ്ജാതിക്കാരായി മുദ്രകുത്തപ്പെട്ടവര്‍ നിയമപ്രകാരമുള്ള കൂലി ലഭിക്കാനും, കുടിയൊഴിപ്പിക്കലിനെതിരെയും, സ്ത്രീകളുടെ അഭിമാനത്തിനും വേണ്ടി തങ്ങളെ അടിച്ചമര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ മുന്നേറ്റം നടത്തി. ഈ മുന്നേറ്റത്തെ അടിച്ചമര്‍ത്താനും, തങ്ങളുടെ സാമൂഹ്യസാമ്പത്തിക അധികാരഘടന നിലനിര്‍ത്താനുമായി വിവിധ അധീശ ജാതികള്‍ കീഴ്ജാതിക്കാരുടെ അംഗബലം കുറയ്ക്കാനും അവരെ ശിക്ഷിക്കാനുമായി അതിക്രൂരമായ പരസ്യ അതിക്രങ്ങള്‍ നടത്താന്‍ തുടങ്ങി. ദൃക്‌സാക്ഷികളുണ്ടായിട്ടും ബതാനി തോലയിലെ പോലെ കോടതിക്ക് ഇവരെ ശിക്ഷിക്കാനാവശ്യമായ തെളിവുണ്ടെന്ന് തൃപ്തികരമായ രീതിയില്‍ തോന്നിയില്ല എന്നത് അത്ഭുതകരമാണ്. എന്നാല്‍ ഭൂരഹിതരും അടിച്ചമര്‍ത്തപ്പെട്ടവരുമാണ് പ്രതികളെങ്കില്‍ കോടതികളില്‍ മറ്റൊരു വിധിയാണ് കാത്തിരിക്കുന്നതെന്നതാണ് വൈരുദ്ധ്യം. ഉദാഹരണത്തിന് ബാര കൂട്ടക്കൊലയില്‍ ടാഡ നിയമം ഉപയോഗിച്ചു. ശിക്ഷിക്കപ്പെട്ടവര്‍ ഇപ്പൊഴും തടവിലാണ്.
ബതാനി തോല കൂട്ടക്കൊലയില്‍ അന്വേഷണത്തിലും വിചാരണയിലും കുറവുകളുണ്ടെങ്കിലും ദൃക്‌സാക്ഷി മൊഴികളെ പട്‌ന ഹൈക്കോടതി അവഗണിക്കുകയായിരുന്നു. പ്രതികള്‍ പകല്‍ വെളിച്ചത്തില്‍ തങ്ങളാരെന്നു വെളിപ്പെടുത്തി നടക്കുകയില്ലെന്നും, ദൃക്‌സാക്ഷികള്‍ ജീവനോടെയിരിക്കാന്‍ സാധ്യതയില്ലെന്നും, യഥാര്‍ത്ഥ കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിച്ച് പ്രതികളെ കള്ളക്കേസില്‍ കുടുക്കിയെന്നും കോടതി പറഞ്ഞു.
ഇക്കഴിഞ്ഞ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ജെ ഡി (യു)-ആര്‍ ജെ ഡി സഖ്യം അധികാരത്തില്‍ വന്നത് ദളിതരുടെയും മഹാദളിതരുടെയും വോട്ടുകള്‍ നേടിയാണ്. ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഒരുപോലെ ഈ അതിക്രമങ്ങളുടെ സൂത്രധാരന്മാരെ സംരക്ഷിക്കുന്നു എന്ന് ഇടതുപക്ഷ സംഘടനകള്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ തങ്ങള്‍ ഇരകള്‍ക്കു കിട്ടേണ്ട നീതിക്കുവേണ്ടിയാണു ശ്രമിക്കുന്നതെന്നു പുതിയ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അവരുടെ പ്രതിബദ്ധതയുടെ ആഴം കണ്ടറിയണം.
This post was last modified on July 15, 2016 8:52 am
Leave a Comment