X

മുടിക്ക് നല്ലത് ചൂട് വെള്ളമോ തണുത്ത വെള്ളമോ!

ശ്രദ്ധയോടെ സംരക്ഷിച്ചില്ലെങ്കില്‍ മുടിയുടെ ആരോഗ്യം തകരാറിലായത് തന്നെ

ശ്രദ്ധയോടെ സംരക്ഷിച്ചില്ലെങ്കില്‍ മുടിയുടെ ആരോഗ്യം തകരാറിലായത് തന്നെ. മുടിയുമായി ബന്ധപ്പെട്ട ഓരോ പ്രശ്‌നത്തെയും ഗൗരവത്തോടെ കാണണം. മാത്രമല്ല ദൈനംദിന പരിചരണവും ശ്രദ്ധാപൂര്‍വമാകേണ്ടതുണ്ട്. ഷാംപുവിന്റെയും കണ്ടീഷണറിന്റെയും ഗുണമേന്മ മാത്രമല്ല, മുടി കഴുകുന്ന വെള്ളത്തിന്റെ താപനില വരെ പ്രധാനമാണ്.

ചൂട് കൂടിയ വെള്ളം തല കുളിക്കാനെടുക്കുന്നത് പ്രായമായവര്‍ തടയാറുണ്ട്. അതേ സമയം തണുത്ത വെള്ളത്തേക്കാള്‍ ചൂട് വെള്ളം മുടിയെ വൃത്തിയാക്കുമെന്ന് പറയുന്നവരും ഏറെയാണ്.

ചൂട് വെള്ളം തലയില്‍ ഒഴിക്കുമ്പോള്‍ അതിലെ നീരാവി ത്വക്കിലെ സുഷിരങ്ങളെ തുറക്കും. ഇത് എണ്ണയില്‍ നിന്നുള്ള പോഷകങ്ങളും നീരാവിയും വലിച്ചെടുക്കാന്‍ തലയോട്ടിയെ സഹായിക്കുകയാണ്. ഇങ്ങനെ മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുകയും ചെയ്യും. മാത്രമല്ല ആവശ്യമില്ലാത്ത എണ്ണയും അഴുക്കുകളും നീക്കം ചെയ്യാനും ചൂട് വെള്ളം നല്ലതാണ്.

എന്നാല്‍ ചൂട് വെള്ളത്തിന്റെ അമിത ഉപയോഗം മുടിക്ക് ആവശ്യമുള്ള ഓയിലുകളെയും ഒഴുക്കി കളയും. ഈര്‍പ്പം പോയി തലയോട്ടിയും മുടിയും വരണ്ട് പോകാനും സാധ്യതയുണ്ട്. ഇത് മുടി കാഴ്ചയില്‍ െ്രെഡയും പരുക്കനും ആക്കും.

മുടിയിലെ നനവ് നില നിര്‍ത്തുന്നതാണ് തണുത്ത വെള്ളത്തിന്റെ പ്രധാന ഗുണം. തലയോട്ടിയും വരണ്ട് പോകാതെ സൂക്ഷിക്കുന്നു. തലയോട്ടിയിലെ സുഷിരങ്ങളെ അടച്ച് അഴുക്കും എണ്ണയും അകത്ത് പോകാതെയും കാക്കും. തുറന്ന സുഷിരങ്ങള്‍ അടഞ്ഞവയേക്കാള്‍ മലിനീകരണം, മെഴുക്ക് തുടങ്ങിയവ മുടിയെ നശിപ്പിക്കുന്നതിന് കാരണമാകുന്നെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പക്ഷേ മുടിയില്‍ അധികമാകുന്ന നനവ് മുടിയില്‍ ഒട്ടലുണ്ടാക്കും. കനവും ഉള്ളും തോന്നാതെ മുടി പതിഞ്ഞ് കിടക്കാന്‍ തണുത്ത വെള്ളം കാരണമായേക്കാം.

അതായത് തണുത്ത വെള്ളത്തിന്റെയും ചൂട് വെള്ളത്തിന്റെയും മാത്രം ഉപയോഗം മുടിയുടെ ആരോഗ്യത്തേയും സൗന്ദര്യത്തേയും ബാധിക്കും. ഇവ രണ്ടും ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഗുണങ്ങളെടുത്ത് ദോഷങ്ങളെ ഒഴിവാക്കുകയും ചെയ്യാം.

സ്‌റ്റെപ്പ് 1
ചൂട് വെള്ളത്തില്‍ തന്നെ തുടങ്ങാം. ചെറു ചൂടാണ് വേണ്ടത്. തിളച്ച വെള്ളം തലയോട്ടിയിലെ തൊലിയില്‍ പൊള്ളലുണ്ടാക്കും. ആദ്യം സ്ഥിരമായി ഉപയോഗിക്കുന്ന ഷാംപൂ തലയോട്ടിയില്‍ നന്നായി മസ്സാജ് ചെയ്യുക. ആവശ്യമില്ലാത്ത അഴുക്കും എണ്ണയുമെല്ലൊം ഇളക്കണം.

സ്‌റ്റെപ്പ് 2
ചെറു ചൂടുള്ള വെള്ളത്തില്‍ മുടിയും തലയോട്ടിയൂം നന്നായി കഴുകുക. ഷാംപൂവിന്റെ അംശമെല്ലാം കളഞ്ഞ് വൃത്തിയാക്കുക. ഇനി കണ്ടീഷണര്‍ പുരട്ടുക.

സ്‌റ്റെപ്പ് 3
കണ്ടീഷണര്‍ കഴുകേണ്ടത് തണുത്ത വെള്ളത്തിലാണ്. ഇപ്പോള്‍ മുടിക്ക് ആവശ്യമുള്ള ഈര്‍പ്പവും പോഷകങ്ങളും ലഭിച്ചു കാണും.

ഇനി ധൈര്യമായി മുടി ഉണക്കി ഇഷ്ടമുള്ള സറ്റൈലിലേക്ക് മാറ്റാം!

Leave a Comment