X

ബീഫ് കേവലം ഭക്ഷണത്തിന്റെ പ്രശ്‌നമല്ല: സന്തോഷ് ഏച്ചിക്കാനം

ഭക്ഷണപാത്രത്തിലേക്കുള്ള ഭരണകൂടത്തിന്റെ കൈകടത്തല്‍ കേവലം ഭക്ഷണത്തിന്റെ പ്രശ്‌നമല്ലെന്ന് പ്രമുഖ സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനം പറഞ്ഞു. എറണാകുളം ഗവ. ലോ കോളേജില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തിയ ബീഫ് ഫെസ്റ്റില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍ അജണ്ടയുള്ള കേന്ദ്രസര്‍ക്കാര്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണ്. സ്വാമി വിവേകാനന്ദന്റെ ഫ്‌ളക്‌സ് അടിച്ച് നാടുനീളെ പതിപ്പിക്കുന്നവര്‍ അദ്ദേഹവും ബീഫ് കഴിച്ചിരുന്നുവെന്ന് മറക്കരുതെന്നും ഏച്ചിക്കാനം പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച പ്രമുഖ ചലച്ചിത്ര-നാടക നടി സജിത മഠത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭരണത്തിന് കീഴില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നതായി പറഞ്ഞു. ഗുലാം അലിയെ പോലുള്ള കലാകാരന്മാരെ പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കാത്തത് വഴി മുഴുവന്‍ ഇന്ത്യാക്കാര്‍ക്കും നഷ്ടമുണ്ടാകുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ബീഫ് ഫെസ്റ്റിവല്‍ പോലുള്ള പരിപാടികള്‍ വലിയ രാഷ്ട്രീയ മാറ്റത്തിന് കാരണമാകണമെന്നും, ഭരണകൂടത്തിന്റെ ഇത്തരം കൈകടത്തലുകള്‍ക്കെതിരെ പ്രതികരിക്കാതെ വയ്യെന്നതുകൊണ്ടാണ് താനിന്നിവിടെ നില്‍ക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിക്ക് കെ.എസ്.യു വും എം.എസ്.എഫും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തിയത് വേറിട്ട കാഴ്ചയായി. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിന് മുന്നില്‍ അദ്ധ്യാപിക ദീപ നിശാന്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ ലോ കോളേജ് പ്രതിനിധി സംഘം പങ്കെടുക്കുമെന്ന് എസ്.എഫ്.ഐ ഭാരവാഹികള്‍ പറഞ്ഞു.

 

This post was last modified on October 8, 2015 3:39 pm