X

ചരിത്രത്തില്‍ ഇന്ന്: ബേനസീര്‍ ഭൂട്ടോയും വി പി സിംഗും

1988 ഡിസംബര്‍ 2
ബേനസീര്‍ ഭൂട്ടോ പാകിസ്താന്‍ പ്രധാനമന്ത്രിയാകുന്നു

പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന സുള്‍ഫികര്‍ അലി ഭൂട്ടോയുടെ മകളായ ബേനസീര്‍ ഭൂട്ടോ 1988 ഡിസംബര്‍ 2 ന് ഒരു ഇസ്ലാമിക രാഷ്ട്രത്തിലെ ആദ്യത്തെ വനിത പ്രധാനമന്ത്രിയെന്ന വിശേഷണത്തോടെ പാകിസ്താനില്‍ അധികാരമേറ്റു. ജനറല്‍ സിയ ഉള്‍ ഹഖിന്റെ 11 വര്‍ഷത്തെ പട്ടാളഭരണം അവസാനിച്ചതിനെ തുടര്‍ന്നാണ് ബേനസീര്‍ പ്രധാനമന്ത്രിയാകുന്നത്.

എന്നാല്‍ അധികാരത്തിലെത്തി രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ പ്രധാനമന്ത്രി സ്ഥാനം ബേനസീറിന് ഒഴിയേണ്ടി വന്നു. അഴിമതിയാരോപണത്തെ തുടര്‍ന്ന് 1990 ഓഗസ്റ്റ് 6 ന് പ്രസിഡന്റ് ഗുലാം ഇസഹാഖ് ഖാന്‍ ബേനസീര്‍ മന്ത്രിസഭയെ പുറത്താക്കുകയായിരുന്നു. 1993 ഒക്ടോബറില്‍ ബേനസീര്‍ ഭൂട്ടോ വീണ്ടും പാകിസ്താന്റെ പ്രധാനമന്ത്രിയായി തിരിച്ചെത്തി. മൂന്നു വര്‍ഷത്തിനുശേഷം ഈ മന്ത്രിസഭയും വീണു. ഇത്തവണ പ്രസിഡന്റ് ഫറീഖ് ലഗാരിയാണ് ബേനസീറിനെ പുറത്താക്കിയത്.

1989 ഡിസംബര്‍ 2
വി പി സിംഗ് ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നു

വിശ്വ പ്രതാപ് സിംഗ് എന്ന വി പി സിംഗ് 1989 ഡിസംബര്‍ 2 ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ഉന്നതമായി ഈ പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ ഉയര്‍ച്ചയും അവിടെ നിന്നുള്ള പതനവും തികച്ചും നാടകീയമായിരുന്നു. രാജീവ് ഗാന്ധി മന്ത്രി സഭയില്‍ ധനമന്ത്രിയായിരുന്ന സിംഗ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.

കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയം നയിച്ച സിംഗ് ഇടതു-വലതു പാര്‍ട്ടികളുടെ സഹായത്തോടെയാണ് അധികാരത്തില്‍ എത്തുന്നത്. ജാതിരാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിച്ചിരുന്ന വി പി സിംഗാണ് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം പിന്നാക്കജാതിക്കരുടെ സംവരണം നടപ്പിലാക്കുന്നത്. ഈ നടപടി തന്നെയാണ് അദ്ദേഹത്തിന്റെ പതനത്തിലേക്കും നയിച്ചത്. 1990 നവംബര്‍ 10 ന് വി പി സിംഗ് മന്ത്രിസഭ താഴെ വീണു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

 

This post was last modified on December 2, 2014 12:47 pm