പുതുവര്‍ഷം ആരംഭിച്ച് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ തന്നെ ജീവിക്കാന്‍ സുരക്ഷിതമല്ലാത്ത നഗരം എന്ന ചീത്തപ്പേര് നേടിയെങ്കിലും ലോകത്തിലെ ഏറ്റവും ചലനാത്മകമായ നഗരമെന്ന ഖ്യാതിയും ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരുവിന്. ചൈനയിലെ ഷങ്ഹായിയെയും അമേരിക്കയുടെ ബോസ്റ്റണെയും എന്തിന് സാക്ഷാല്‍ സിലിക്കണ്‍ വാലിയെ പോലും പിന്നിലാക്കാന്‍ ബംഗളൂരുവിന് സാധിച്ചുവെന്നത് നിസാര കാര്യമല്ല. സിലിക്കണ്‍ വാലി, ഷങ്ഹായി, ബോസ്റ്റണ്‍ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനത്ത്.
ലോകത്തിലെ ഏറ്റവും ചലനാത്മകമായ പത്ത് നഗരങ്ങളില്‍ ഇന്ത്യയുടെ മറ്റൊരു ഐടി നഗരമായ ഹൈദ്രാബാദ് അഞ്ചാം സ്ഥാനത്ത് ഇടംപിടിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തിന്റെ ഐടി തലസ്ഥാനമാകുകയെന്ന രണ്ട് നഗരങ്ങളും തമ്മിലുള്ള പോരാട്ടം വീണ്ടും മൂര്‍ച്ഛിച്ചിരിക്കുകയാണ്. അതേസമയം അടുത്തകാലത്തുണ്ടായ പുകശല്യം സല്‍പ്പേരിനെ ബാധിച്ചെങ്കിലും ലോകത്തിലെ ഏറ്റവും ചലനാത്മകമായ 30 നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ ഡല്‍ഹിക്കും സാധിച്ചു.
ജനസംഖ്യ, സാങ്കേതിക വിദ്യ, ഗതാഗത സൗകര്യം, ഉല്‍പ്പാദനക്ഷമത, കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങള്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നടത്തുന്നത്. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയായ ജെയിംസ് ലാംഗ് ലാസെല്ലെ(ജെഎല്‍എല്‍) വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ പുറത്തിറക്കിയ റാങ്കിംഗ് ആണിത്. ഈ ബഹുമതി ആഗോള തലത്തില്‍ തങ്ങളെ ശ്രദ്ധേയരാക്കുമെന്നും വിദേശ സഹകരണങ്ങളും നിക്ഷേപങ്ങളും ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും ഈ ബഹുമതി കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നുവെന്നും കര്‍ണാടക ഐടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖഗ്രേ അറിയിച്ചു.
ലോകത്തെ ചലനാത്മകമായ മുപ്പത് നഗരങ്ങളില്‍ ഇന്ത്യയില്‍ നിന്നും പൂനെ, ചെന്നൈ, മുംബൈ എന്നീ നഗരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ, മെല്‍ബണ്‍, ലോസ് ആഞ്ജല്‍സ്, സ്‌റ്റോക്‌ഹോം എന്നീ നഗരങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ നഗരങ്ങള്‍ മാറ്റങ്ങളെയും സാങ്കേതിക വിദ്യയെയും സമന്വയിപ്പിക്കുന്നതായി ജെഎല്‍എല്‍ പറയുന്നു.
ജീവിക്കാനുള്ള സുരക്ഷിതത്വം ഈ റാങ്കിംഗില്‍ മാനദണ്ഡമാകാത്തത് വിമര്‍ശനത്തിന് ഇടയായിട്ടുണ്ട്. സുരക്ഷിത നഗരങ്ങളായി അറിയപ്പെടുന്ന സാന്‍ഫ്രാന്‍സിസ്‌കോ(21) ആദ്യമായി 20 നഗരങ്ങളില്‍ നിന്നും ഹോങ് കോങ് മുപ്പത് നഗരങ്ങളില്‍ നിന്നും പുറത്തായി. അതേസമയം അന്തരീക്ഷമലിനീകരണം ഇതില്‍ പരിഗണിച്ചിട്ടുമില്ല. മോശം കാലവസ്ഥയും അന്തരീക്ഷവുമുള്ള ഡല്‍ഹി(23)യും ബെയ്ജിംഗും(13) ആദ്യ മുപ്പത് നഗരങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്തു.
Leave a Comment