ടീം അഴിമുഖം / എഡിറ്റോറിയല്‍
സാധാരണ അവര്‍ ഒരേ ശബ്ദത്തിലാണ് സംസാരിക്കുക. എന്നാല്‍ ജനങ്ങള്‍ ‘ഭാരത് മാതാ കി ജയ് ‘ വിളിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ശബ്ദം അതിശയകരമാംവിധം വ്യത്യസ്തമായിരുന്നു.
ഈയിടെ നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ഇങ്ങനെ പറയുന്നു: ‘ഭരണഘടന ഇന്ത്യയെ ഭാരതം എന്നും പരാമര്‍ശിക്കുന്നുണ്ട്. ഭാരതത്തിന്റെ വിജയം ഉദ്‌ഘോഷിക്കാന്‍ വിസമ്മതിക്കുന്നത് ഭരണഘടനയോടുള്ള അനാദരവിനു തുല്യമാണ്.’
മുന്‍കാല ചരിത്രം അനുസരിച്ച് ഈ നിലപാടിനെ ആര്‍എസ്എസ് ശക്തമായി അനുകൂലിക്കേണ്ടതാണ്. എന്നാല്‍ യൂണിഫോം മാറ്റത്തില്‍ ശ്രദ്ധയൂന്നുന്ന ആ സംഘടന ഇതില്‍ അല്‍പം അയഞ്ഞ നിലപാടാണ് എടുത്തത്.
ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞത് ഇങ്ങനെയാണ്: ‘ഈ രാജ്യത്ത് ജീവിക്കുന്ന എല്ലാവരും നമ്മുടെ സ്വന്തമാണ്. നമ്മുടെ ആശയസംഹിതയും ചിന്തയും അവരുടെമേല്‍ അടിച്ചേല്‍പ്പിക്കാനാകില്ല’. ഭാരത് മാതാ കി ജയ് സ്വമനസാലെ വിളിക്കേണ്ടതാണെന്നും അപൂര്‍വമായി കാണപ്പെപ്പെടുന്ന നയതന്ത്രജ്ഞതയോടെ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
അടുത്തകാലത്ത് നാം അഭിമുഖീകരിക്കുന്ന പലവിധ പ്രശ്‌നങ്ങള്‍ നോക്കുമ്പോള്‍ ഈ മുദ്രാവാക്യം വിളിക്ക് വലിയ പ്രാധാന്യമില്ല. നാലു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നു. ഭയപ്പെടുത്തുന്ന വിധത്തില്‍ കര്‍ഷകര്‍ തുടരെത്തുടരെ ജീവിതം അവസാനിപ്പിക്കുന്നു. നിയമപരമായി തൊഴിലെടുക്കുന്ന കന്നുകാലി കച്ചവടക്കാര്‍ അതിന്റെ പേരില്‍ കൊല്ലപ്പെടുന്നു; ഒരു കുട്ടി ഉള്‍പ്പെടെ. ഭീകരപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെട്ട സംഭവങ്ങള്‍ പരിഹരിക്കാതെ തുടരുന്നു; അതിര്‍ത്തിപ്രശ്‌നങ്ങള്‍, ആരോഗ്യമില്ലാത്ത സമ്പദ് വ്യവസ്ഥ അങ്ങനെ പലതും. എന്നാല്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന് ഇതൊന്നും വലിയ വിഷയങ്ങളേ അല്ല. നിങ്ങള്‍ മറ്റൊരു രാജ്യക്കാരനാണെങ്കില്‍, മേക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികളില്‍ പണം നിക്ഷേപിക്കാന്‍ ആലോചിക്കുന്ന ആളാണെങ്കില്‍ ഇവിടേക്കൊന്നു നോക്കുക; ആളുകള്‍ ഭാരത് മാതാ കി ജയ് വിളിക്കണോ തുടങ്ങി കഴമ്പില്ലാത്ത കാര്യങ്ങളില്‍ ബഹളം കൂട്ടുന്ന നേതൃത്വത്തെയാണ് നിങ്ങള്‍ക്ക് കാണാനാവുക.
ദേശഭക്തി ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുക എന്നത് ഇപ്പോള്‍ ഇന്ത്യനായി കണക്കാക്കപ്പെടുന്നതിന്റെ മാനദണ്ഡമാണ്. 15 മിനിട്ടിലധികം അധികാരികളുടെ ശ്രദ്ധയോ മാധ്യമശ്രദ്ധയോ അര്‍ഹിക്കാത്ത ജെഎന്‍യു സംഭവത്തില്‍ തങ്ങള്‍ ‘ദേശസ്‌നേഹയുദ്ധം’ വിജയിച്ചെന്നു പ്രഖ്യാപിക്കാന്‍ പോലും സര്‍ക്കാര്‍ തയാറാവുക; അതും അന്നുവരെ അറിയപ്പെടാതിരുന്ന ഒരു വിദ്യാര്‍ഥിയെ പരാജയപ്പെടുത്തി എന്ന മട്ടില്‍.
ഇനിയിപ്പോള്‍ ശിവസേനയുടെ ഊഴമാണ്. ജമ്മു-കശ്മീരില്‍ ബിജെപിയുടെ സഖ്യകക്ഷിയായ പിഡിപിയുടെ നേതാവ് മെഹബൂബ മുഫ്തി ഭാരത് മാതാ കി ജയ് വിളിച്ച് ദേശസ്‌നേഹം തെളിയിക്കണമെന്നാണ് അവരുടെ ആവശ്യം. കാശ്മീരില്‍ നിന്നുള്ള ഈ തീപ്പൊരി നേതാവ് ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. പക്ഷേ, ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയുടേതാണ് ഈ ആവശ്യമെന്നതിനാല്‍ അവരുടെ പ്രതികരണം ഉണ്ടാവുമെന്ന് ഉറപ്പാണ്; അതത്ര നിസാരവുമായിരിക്കില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെങ്കില്‍ ലോകമെങ്ങും ചുറ്റിനടന്ന് വ്യവസായികളെ ഇന്ത്യയിലേക്കു ക്ഷണിക്കുന്ന തിരക്കിലാണ്. ചുവപ്പുനാട ഇല്ലാതാക്കുമെന്നും കാര്യങ്ങള്‍ സുഗമമായി നടക്കുമെന്നുമുള്ള ഉറപ്പില്‍ നിര്‍മ്മാണയൂണിറ്റുകള്‍ സ്ഥാപിക്കാനായി വരൂ എന്നാണ് അദ്ദേഹത്തിന്റെ ക്ഷണപത്രം. ഈ ശ്രമങ്ങള്‍ പ്രശംസിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പുറത്തുനിന്നുനോക്കുന്ന ഒരാളെ സംബന്ധിച്ച് ഇന്ത്യയ്ക്കകത്ത് കാര്യങ്ങള്‍ അത്ര പ്രോത്സാഹനജനകമല്ല. മുദ്രാവാക്യങ്ങള്‍, ദേശസ്‌നേഹം, മറ്റ് ബാലിശമായ കാര്യങ്ങള്‍ എന്നിവയില്‍ മുഴുകിയിരിക്കുന്ന, ഗൗരവമായ കാര്യങ്ങള്‍ക്കു വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത രാജ്യമെന്നതാണ് അവര്‍ക്കു മുന്നില്‍ നമ്മുടെ പ്രതിച്ഛായ.
എല്ലാ ദിവസവും രാവിലെ എണീറ്റ് ഭാരത് മാതാ കി ജയ് എന്നു മുദ്രാവാക്യം മുഴക്കുകയാണെങ്കില്‍ നമ്മുടെ വാതില്‍ക്കല്‍ കരാറുകളും നിക്ഷേപവുമായെത്തുന്നവരുടെ നീണ്ടനിര കാണാനാകുമോ? വമ്പന്‍ രാഷ്ട്രങ്ങള്‍ക്കൊപ്പം ചേരുകയാണെന്നാണു നാം അവകാശപ്പെടുന്നത്. അത് ശരിയുമാണ്. പാക്കിസ്ഥാനെ ബഹുദൂരം പിന്നിലാക്കി ഇപ്പോള്‍ ഏഷ്യയില്‍ ചൈനയ്‌ക്കൊപ്പമെത്താനാണ് നമ്മുടെ ശ്രമം. (യാഥാര്‍ത്ഥ്യമെന്നതിലുപരി ഇപ്പോള്‍ അത് ആഗ്രഹം മാത്രമാണെന്നത് വേറെ കാര്യം). എന്നാല്‍ ഈ മുദ്രാവക്യം മുഴക്കല്‍, തീവ്ര ദേശീയത എന്നിവയെല്ലാം കൊണ്ട് നാം നല്‍കുന്ന സന്ദേശം ഇതാണ് – നാം കാര്യഗൗരവമുള്ള ഒരു രാജ്യമല്ല.
ഭരണകക്ഷിയിലെ പല സംഘടനകളും നേതാക്കളും കാണിച്ച, കാണിച്ചു കൊണ്ടിരിക്കുന്ന അസഹിഷ്ണുത സൃഷ്ടിച്ച പ്രതികൂല പ്രതിഛായയില്‍ നിന്ന് അത്ര പെട്ടെന്നൊന്നും രക്ഷപ്പെടാനും നമുക്കാവില്ല. ചൈനയ്ക്കു പകരമാകാവുന്ന രാജ്യം എന്ന്‍ ഏതാനും വര്‍ഷം മുന്‍പ് നമുക്കുണ്ടായിരുന്ന സ്ഥാനത്താണ് ഇതെന്നോര്‍ക്കണം.
വികസന അജണ്ട ഉയര്‍ത്തിക്കാട്ടി അധികാരത്തില്‍ വന്ന ഭരണകക്ഷി ഇപ്പോള്‍ ജനവിധി പാടേ മറന്ന മട്ടാണ്. ചില അഭിപ്രായങ്ങള്‍ ദേശവിരുദ്ധമാണോ അല്ലയോ, ചില നേതാക്കള്‍ക്ക് ആവശ്യത്തിന് ദേശസ്‌നേഹമുണ്ടോ, സവര്‍ക്കര്‍ക്ക് മറ്റ് സ്വാതന്ത്ര്യ സമര പോരാളികള്‍ക്കൊപ്പം പ്രാമുഖ്യം ലഭിക്കുന്നുണ്ടോ, ഇന്ത്യന്‍ സംസ്‌കാരവും ധര്‍മവിചാരവും പാഠപുസ്തകങ്ങള്‍ വഴി യുവാക്കളിലേക്കെത്തിക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് അവരുടെ ശ്രദ്ധ.
ആഗോളതലത്തില്‍ ഇന്ത്യയ്ക്കു പ്രാമുഖ്യം ഉറപ്പാക്കാന്‍ ഇക്കാര്യങ്ങള്‍ക്കൊന്നുമാകില്ല. നമുക്ക് വളരെയേറെ പ്രശ്‌നങ്ങളുണ്ട്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും യാത്രാസൗകര്യങ്ങളുമാണ് ഒന്ന്. ജാതി, മത, സമുദായ അക്രമങ്ങളാണ് മറ്റൊന്ന്. കാര്യങ്ങളുടെ നടപ്പാക്കല്‍ സുഗമമാക്കല്‍ ഇനിയും നടപ്പായിട്ടില്ല. ഇവയൊക്കെ ശരിയാക്കാന്‍ ശ്രമിക്കുന്നതിനുപകരം മുദ്രാവാക്യങ്ങളെച്ചൊല്ലി തര്‍ക്കിച്ച് സമയം കളയുകയാണ് നാം.
ഗണ്യമായ ജനസംഖ്യ, ജനാധിപത്യം, സംസ്‌കാരം, കഴിവുകള്‍ എന്നിവയുണ്ടായിട്ടും നമ്മെ ആരും ഗൗരവമായി പരിഗണിക്കുന്നില്ല. ആത്മവിശ്വാസമുണ്ടാക്കാന്‍ നമ്മുടെ രാഷ്ട്രീയസംവിധാനത്തിന് ആകുന്നില്ല എന്നത് ഒരു കാര്യം. എന്നാല്‍ ഇന്ന് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍വന്ന ഒരു സര്‍ക്കാര്‍ നമുക്കുണ്ട്. ഇന്ത്യയെ അലട്ടുന്ന എല്ലാ പ്രശ്‌നങ്ങളിലും ശ്രദ്ധിക്കുമെന്നായിരുന്നു അവരുടെ വാഗ്ദാനം. എന്നാല്‍ മുദ്രാവാക്യ ബഹളങ്ങളും ബീഫ് നിരോധനങ്ങളും അങ്ങിങ്ങു നടക്കുന്ന അക്രമങ്ങളും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണു ചെയ്തത്. പ്രതിച്ഛായ കൂടുതല്‍ മോശമാക്കുകയും.
രാഷ്ട്രീയ സംവിധാനത്തില്‍നിന്ന് കുറച്ചുകൂടി വിവേകമുള്ള പ്രവൃത്തികള്‍ ഉണ്ടായാല്‍ ഇത്തരം നിസാരപ്രശ്‌നങ്ങള്‍ മാറ്റിവച്ച് യഥാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകും. രണ്ടുവര്‍ഷമായി അധികാരത്തിലിരിക്കുന്ന ഒരു കക്ഷിയില്‍ നിന്ന് ഇത്രയെങ്കിലും നമുക്കു പ്രതീക്ഷിക്കാനാകണം. ഏതാനും ചിലരെ ഒഴിവാക്കിയാല്‍ പ്രതിപക്ഷത്തിനും ഇത്തരം കാര്യങ്ങളില്‍ വലിയ ആകുലതയുള്ളതായി തോന്നുന്നില്ല. രാജ്യത്തെ ജനങ്ങളില്‍ ഭൂരിപക്ഷം പേരുടെയും ജീവിതത്തില്‍ ക്രിയാത്മക മാറ്റമൊന്നും വരുത്താന്‍ ഉതകാത്ത ഇത്തരം മുഷിപ്പന്‍ വിഷയങ്ങള്‍ മാറ്റിവച്ച് ശരിയായ ദിശയില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും തയ്യാറായേ തീരൂ.
തീവ്രദേശീയതയും അതേപ്പറ്റിയുള്ള സംവാദങ്ങളും ടെലിവിഷന്‍ ഷോകള്‍ ഇളക്കിമറിക്കാനും റാലികളില്‍ കയ്യടി നേടാനും സഹായിച്ചേക്കും. അത് പാര്‍ശ്വങ്ങളില്‍ ഒതുങ്ങേണ്ടതാണ്. ഇപ്പോഴത്തേതുപോലെ പ്രധാനപരിപാടിയായി മാറാന്‍ അതിനെ അനുവദിച്ചുകൂടാ.
This post was last modified on April 3, 2016 12:37 pm
Leave a Comment