X

ഐ ആം വൈല്‍ഡ്- ബിന്ദി രാജഗോപാല്‍

അമൃത വിനോദ് ശിവറാം

വലിയൊരു തൂണിനു മുകളില്‍ കൂടുകൂട്ടുന്ന കഴുകന്‍, ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയാല്‍ കൊച്ചി മെട്രോയ്ക്കായി കെട്ടിപ്പൊക്കിയ തൂണല്ലേ അതെന്ന് ആരും സംശയിച്ചു പോകും. സംശയമല്ല സംഭവം ശരിതന്നെ, പക്ഷെ അതൊരു പെയിന്റിംഗ് ആണെന്നു മാത്രം. പുതുതലമുറയിലെ പ്രമുഖ ചിത്രകാരി ബിന്ദി രാജഗോപാല്‍ വരച്ചത്. പുരോഗതിയിലേക്ക് നടന്നു നീങ്ങുന്ന സമൂഹത്തിന്റെ മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നു, തൂണിന് മുകളില്‍ കൂടുകൂട്ടുന്ന കഴുകന്‍. ആവാസ വ്യവസ്ഥ നഷ്ടപ്പെടുന്ന ജീവജാലങ്ങളുടെ ഒരു നേര്‍ക്കാഴ്ചയാണ് ബിന്ദിയുടെ പെയിന്റിംഗുകള്‍. പ്രകൃതി സ്‌നേഹിയായ ചിത്രകാരി എന്നു വേണമെങ്കില്‍ ബിന്ദിയെപ്പറയാം. പ്രായോഗിക വശങ്ങള്‍ മനസ്സിലാക്കാതെ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും, അതിന്റെ ബുദ്ധിമുട്ടനുഭവിക്കുന്ന ജീവജാലങ്ങളുമെല്ലാം ചിത്രങ്ങളിലൂടെ ജീവന്‍ വച്ച് നമ്മോടു സംവദിക്കുന്നു. ഒരേ സമയം ആ ചിത്രങ്ങള്‍ നമ്മെ ആസ്വാദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചിത്രങ്ങള്‍ കാണുന്ന ഏതൊരു സാധാരണക്കാരനും അതിലെ സന്ദേശം മനസ്സിലാകണം, അതവനെ ചിന്തിപ്പിക്കുകയും വേണമെന്ന പക്ഷമാണ് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ജേതാവ് കൂടിയായ ബിന്ദിയുടേത്.

മുപ്പത് വര്‍ഷമായി ചിത്രകലാ രംഗത്ത് സജീവമാണ് ബിന്ദി. തൃപ്പൂണിത്തുറ ആര്‍എല്‍വിയില്‍ നിന്ന് എംഎഫ്എ നേടിയ ഇവര്‍ വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ അന്‍ഡ് ഇന്നൊവേഷനില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. ചെറുപ്പം മുതലെ ചിത്രങ്ങളായിരുന്നു ബിന്ദിയുടെ സ്വപ്‌നങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നത്. എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിക്ക് സമീപമുള്ള താമസം, സി.എന്‍ കരുണാകരനെപ്പോലുള്ള അതുല്യ ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനങ്ങള്‍ കാണാനും ചിത്ര കലയിലേക്ക് ആകൃഷ്ടയാകാനും കാരണമായി. മകളുടെ കഴിവുകണ്ട് അവള്‍ക്കിഷ്ടമുള്ളത് ചെയ്യട്ടെ എന്നായിരുന്നില്ല മാതാപിതാക്കളുടെ തീരുമാനം. അച്ഛനെക്കാളുപരി അധ്യാപികയായ അമ്മ മകളുടെ കഴിവുകള്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. പഠിച്ച് ഏതെങ്കിലും സര്‍ക്കാര്‍ ജോലി നേടാന്‍ നോക്കുന്നതിന് പകരം പടംവരച്ച് നടക്കുന്നു എന്ന അമ്മയുടെ കുറ്റപ്പെടുത്തലുകളാണ് ബിന്ദിയിലെ ചിത്രകാരിയെ ഇതു തന്നെ തന്റെ വഴി എന്ന ഉറച്ച തീരുമാനത്തിലെത്തിച്ചത്.

ചിത്രകാരന്മാരോടുള്ള നമ്മുടെ സമീപനം മാറി വരുന്നതേയുള്ളൂ. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രകല പഠിക്കണമെന്ന് ഒരു പെണ്‍കുട്ടി പറയുമ്പോള്‍ അത് അംഗീകരിക്കാന്‍ തന്നെ ബുദ്ധിമുട്ടുള്ള സാഹചര്യമായിരുന്നെന്ന് പറയേണ്ടതില്ലല്ലോ. മുടിയും താടിയും വളര്‍ത്തി ബുദ്ധിജീവി ചമഞ്ഞ് നടക്കുന്ന ചിത്രകാരന്മാരാണ് കോമാളി വേഷം കെട്ടി കലയെ പുച്ഛമുളവാക്കുന്ന ഒരു സംഭവമാക്കി മാറ്റിയതെന്ന പൊതു നിഗമനത്തെ ബിന്ദി ശരിവക്കുന്നു. ഒരു നല്ല കലാകാരനാവാന്‍ വേഷം കെട്ടലുകളാവശ്യമില്ല. ചെയ്യുന്ന ജോലിയിലെ ആത്മാര്‍ത്ഥതയാണ് പ്രതിഫലമായി കിട്ടുന്നത്. അതിന് സ്ഥിരപരിശ്രമം ആവശ്യമാണ്. അത്തരം പരിശ്രമങ്ങള്‍ ഫലം കാണാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്ന് ബിന്ദിയുടെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.

“ചിത്രകല മാത്രം ഉപജീവനമാക്കി ആര്‍ക്കും ജീവിക്കാന്‍ സാധിക്കില്ല. വര്‍ഷത്തില്‍ രണ്ടോ മൂന്നോ പടങ്ങള്‍ മാത്രമെ ചിലപ്പോള്‍ വിറ്റുപോയെന്ന് വരൂ. സിഎന്‍ കരുണാകരന്റെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ മരണശേഷം ലക്ഷങ്ങള്‍ക്ക് വിറ്റു പോകുന്നത് കൊണ്ട് എന്താണ് നേട്ടം?” ബിന്ദി ചോദിക്കുന്നു.

“ജീവിച്ചിരിക്കുമ്പോഴാണ് കലാകാരന് അംഗീകാരവും ആദരവും കിട്ടേണ്ടത്. മലയാളിക്ക് ചിത്രകാരന്മാരോടുള്ള സമീപനത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ബിനാലെകൊണ്ട് കഴിഞ്ഞിട്ടുണ്ട്. നല്ലൊരു തുക നല്‍കി ചിത്രങ്ങള്‍ വാങ്ങാന്‍ തയ്യാറാകുന്ന സമീപനത്തിലേക്ക് ആര്‍ട്ട് ഡീലേഴ്‌സും, ആര്‍ട്ട് കളക്‌ടേഴ്‌സും എത്തപ്പെടുന്നത് കലാകാരന്മാര്‍ക്ക് ഉപകാരപ്പെടും. മിക്ക ചിത്രകാരും നേരിടുന്ന മറ്റൊരു ഭീഷണി ചിത്രങ്ങളുടെ പ്രിന്റ് വില്‍പ്പനയാണ്. പ്രദര്‍ശനം നടക്കുന്ന ഹാളില്‍വന്ന് ഫോട്ടോ എടുത്ത് വീട്ടില്‍ ആളെ ഇരുത്തി വരപ്പിച്ച് ഓണ്‍ലൈന്‍ വഴിയും മറ്റും വില്‍പ്പന നടത്തുന്ന ആര്‍ട്ട് ഡീലേഴ്‌സ് പോലുമുണ്ടെന്ന്.” ബിന്ദി പറയുന്നു.

2006-ലാണ് ബിന്ദി ആദ്യ സോളോ ഷോ നടത്തുന്നത്. 2010ല്‍ ‘റിംഗ്‌സ് ഓഫ് കോന്‍സ്റ്റലേഷന്‍സ്’ എന്ന പെയിന്റിംഗിനും 2014-ല്‍ ‘ഐ വാണ്ട് ടു ഫ്‌ളൈ ലൈക്ക് എ ബേഡ് ‘ എന്ന ഇന്‍സ്റ്റലേഷനും സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിക്കുകയുണ്ടായി. പിന്നീട് നിരവധി ദേശീയ അന്തര്‍ദേശീയ ഷോ കളില്‍ സാന്നിദ്ധ്യമറിയിച്ചു. 2012-ല്‍ കൊച്ചി മുസിരിസ് ബിനാലെയില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ന്യൂയോര്‍ക്ക് ബിനാലെയില്‍ പങ്കെടുക്കാനുള്ള അവസരം കിട്ടിയെങ്കിലും ആറ് മാസം നാട്ടില്‍നിന്ന് വിട്ട് നില്‍ക്കാനുള്ള ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് അതുപേക്ഷിക്കുകയുണ്ടായി. 

ചിത്രകലയും അദ്ധ്യാപനവുമാണ് തന്റെ ഇഷ്ടപ്പെട്ട മേഖലകളെന്ന് ബിന്ദി പറയുന്നു. നിരവധി പ്രമുഖ ചിത്രകാരന്മാരെ രാജ്യത്തിന് സമ്മാനിച്ച നാടാണ് കേരളം. നമ്പൂതിരി, സി.എന്‍ തുടങ്ങി പുതു തലമുറയിലെ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, രതീ ദേവി പണിക്കര്‍ തുടങ്ങിയ പ്രമുഖരുടെ ഇടയിലെ ശക്തമായ സാന്നിദ്ധ്യമാണ് പ്രകൃതിയുടെ ഈ ചിത്രകാരി. ആശയത്തിലും ശൈലിയിലുമുള്ള വ്യത്യാസങ്ങളാണ് ഓരോരുത്തരെയും അവരുടെ നിലകളില്‍ വ്യത്യസ്തരാക്കുന്നതെന്ന് ബിന്ദി പറയുന്നു. പ്രകൃതിയാണ് ഏറ്റവും സൗന്ദര്യമുള്ള വസ്തു. അതിനെ പലരീതിയിലും നശിപ്പിക്കുന്നതു കാണുമ്പോള്‍ തോന്നുന്ന വികാരത്തില്‍ നിന്നാണ് തന്റെ കോണ്‍സെപ്റ്റ് ഓഫ് പെയിന്റിങ്ങ് ഉണ്ടാകുന്നത്. കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പമെത്താന്‍, വെമ്പുന്ന മനസ്സുമായി നടക്കുന്ന മനുഷ്യന്റെ നവനിര്‍മ്മിതികള്‍ കാലഹരണപ്പെട്ട കോട്ടകള്‍ പോലെ പൊങ്ങുന്നു. കോട്ടയ്ക്ക് നടുവില്‍ ദിശയറിയാതെ ശ്വസംമുട്ടി ജീവിക്കുന്നൊരു തലമുറ. അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളുടെ സ്രോതസുകള്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. അതാണ് ബിന്ദി ചിത്രങ്ങളിലൂടെ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നത്. ഒരു ഭിത്തിയുടെ ഒരു പ്രത്യേക സ്ഥാനത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന ചിന്തയെന്ന ചിത്രത്തെ കുറച്ചുകൂടി വിശാലമായി ചിന്തിപ്പിക്കാനുതകുന്ന പ്രതലത്തിലേക്ക് കൊണ്ടുവരുകയാണ് ഇന്‍സ്റ്റലേഷന്‍ എന്ന മാധ്യമത്തിലൂടെ ബിന്ദി ചെയ്യുന്നത്.

പ്രകൃതി ശാന്തവും സുന്ദരവുമാണ് അതേസമയം ഉഗ്രരൂപം പ്രാപിക്കുന്ന സംഹാരരൂപിണിയായി, മനുഷ്യനെ നേരിടാന്‍ അവള്‍ ഒരുങ്ങുകയാണെന്ന സന്ദേശത്തെ പകര്‍ന്നു നല്‍കിക്കൊണ്ടാണ് ‘ഐ ആം വൈല്‍ഡ്’ എന്ന പേരില്‍ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ബിന്ദിയുടെ ഇന്‍സ്റ്റലേഷന്‍ കം എക്‌സിബിഷന്‍ ഓഗസ്റ്റ് 15ന് നടന്നത്. പത്ത് നില കെട്ടിടത്തിന് മുകളില്‍പ്പോലും വൃക്ഷത്തൈകള്‍ വളര്‍ന്നുകയറാന്‍ ശ്രമിക്കുന്നത് നാം സാധാരണ കാണാറുണ്ട്. വൃക്ഷങ്ങള്‍ക്ക് വളാരാന്‍ സ്ഥലമില്ലാതാകുമ്പോള്‍ അതിന്റെ സ്ഥായീഭാവത്തിന് മാറ്റം വരുന്നു, വൈല്‍ഡാകുന്നു. ദുരന്തങ്ങള്‍ വിതച്ചുകൊണ്ട് പ്രകൃതി മനുഷ്യന് നേര്‍ക്ക് അതിന്റെ അതൃപ്തി വിളിച്ചറിയിക്കുന്നു. കറുപ്പും വെളുപ്പും ചുവപ്പും നിറങ്ങളുപയോഗിച്ചാണ് ഇതില്‍ പ്രകൃതിയെ ചിത്രീകരിച്ചിരിക്കുന്നത്. ഉണങ്ങിയ മരങ്ങളും ഇലകളും തിളക്കുന്ന ഭൂമിയുമാണ് ചിത്രങ്ങളിലെയും ഇന്‍സ്റ്റലേഷനിലെയും പ്രധാന പ്രമേയം. ഇന്റര്‍ നാഷണല്‍ ഷോകള്‍ക്കായി ‘ഐ ആം വൈല്‍ഡ്’ ഡോക്യുമെന്റ് ചെയ്ത് കലയുടെ പുതിയ വാതായനങ്ങളിലേക്ക് കടക്കുവാനൊരുങ്ങുകയാണ് ഈ ചിത്രകാരി.

(മാധ്യമ പ്രവര്‍ത്തകയാണ് അമൃത)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

This post was last modified on September 7, 2015 8:34 am