X

വയനാട്ടില്‍ ഇനി ഓപ്പറേഷന്‍ മഞ്ഞക്കൊന്ന

രാംദാസ് എം കെ

ജൈവവൈവിധ്യത്തിന്റെ ഒടുവിലത്തെ തുരുത്തും നഷ്ടമായി വനങ്ങള്‍ വിടവാങ്ങാനൊരുങ്ങുകയാണ്. വിഭവങ്ങളുടെ അമിത ചൂഷണത്തിലൂടെ തിരശ്ശീല മാറിയ വനങ്ങളുടെ കഥയല്ല ഇപ്പോള്‍ പുറത്തുവരുന്നത്. മരം വെട്ടിയും മണ്ണ് കൈയ്യേറിയും സൃഷ്ടിച്ച വനനശീകരണം മാത്രമല്ല ഈ പ്രതിസന്ധിക്ക് കാരണം. ഇവിടെയും മനുഷ്യന്‍ തന്നെ യഥാര്‍ത്ഥ പ്രതി. അമിതാര്‍ത്തിയുടെയും ദുരയുടെയും ഫലം. വികസനത്തിന്റെ തെറ്റായ രേഖപ്പെടുത്തലുകള്‍. ആസൂത്രണ പിഴവുകള്‍. പരിസ്ഥിതി അനുകൂല പ്രത്യയശാസ്ത്രത്തിന്റെ അഭാവം.

വൈദേശിക സസ്യങ്ങളുടെ വ്യാപനം സൃഷ്ടിക്കുന്ന ഗുരുതര പ്രതിസന്ധി നേരിടുകയാണ് വനങ്ങള്‍. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലാണ് വിദേശസസ്യജനുസ്സുകളുടെ കടന്നുവരവിന്റെ ദുരന്തഫലങ്ങള്‍ വ്യക്തമാകുന്നത്. സംസ്ഥാനത്തെ വനവിസ്തൃതിയില്‍ പകുതിയിലധികവും വൈദേശിക സസ്യവര്‍ഗ്ഗങ്ങളുടെ പിടിയിലമര്‍ന്നതായാണ് പഠനം നല്‍കുന്ന കാതലായ വിവരം.

സ്വാഭാവിക ജൈവവൈവിധ്യത്തിന്റെ ശോഷണത്തിനു പിന്നില്‍ ആസൂത്രിതവും അല്ലാതെയുമുള്ള നിരവധി കാരണങ്ങളുണ്ട്. വയനാട് വന്യജീവി സങ്കേതത്തെ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായുള്ള മുത്തങ്ങ വനം ഏഷ്യന്‍ ആനകളുടെ പ്രധാന ആവാസകേന്ദ്രമായാണ് അറിയപ്പെടുന്നത്. ജൈവസമ്പത്തിന്റെ കലവറ എന്ന നിലയില്‍ ശ്രദ്ധേയമായ വയനാട്ടില്‍ വനങ്ങളില്‍ വൈദേശിക സസ്യവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന മഞ്ഞക്കൊന്ന വ്യാപകമായിരിക്കുന്നു എന്ന കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. വിദേശി എന്നതിനപ്പുറം അധിനിവേശ സ്വഭാവം പുലര്‍ത്തുന്നു എന്ന പ്രത്യേകതയും സെന്ന സ്‌പെക്ടാസിലിസ് എന്ന ശാസ്ത്രീയനാമം പേറുന്ന മഞ്ഞക്കൊന്നയ്ക്കുണ്ട്.

ഇടത്തരം ഇലകളും മഞ്ഞപ്പൂക്കളുമുള്ള ഈ ചെടിയുടെ വ്യാപനസ്വഭാവമാണ് മറ്റൊരു പ്രത്യേകത. വന്യജീവി സങ്കേതത്തിനകത്തും പുറത്തും മഞ്ഞക്കൊന്ന നിറഞ്ഞിരിക്കുന്നു. ഏതാണ്ട് നാല് ലക്ഷത്തിലധികം മഞ്ഞക്കൊന്നകള്‍ വയനാട് വന്യജീവി സങ്കേതത്തിനകത്തുണ്ട് എന്നാണ് കണക്ക്. അധികം ഉയരമൊന്നുമില്ലാത്ത ഈ ചെടി തണല്‍മരമായും വിറകിനും ഉപയോഗിക്കാമെന്ന സൗകര്യവും മഞ്ഞക്കൊന്നയുടെ വ്യാപനത്തിനു മറ്റൊരു കാരണമായി. കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ മഞ്ഞക്കൊന്ന നട്ടുവളര്‍ത്തിയത് കുരുമുളകിന് താങ്ങുകാലായാണ്.

മുത്തങ്ങവനത്തില്‍ വിശാലമായ മഞ്ഞക്കൊന്ന പാടങ്ങള്‍ ഇപ്പോള്‍ കാണാം. ചതുപ്പുനിലങ്ങളെയും വയലുകളെയും വറ്റിച്ചുകൊണ്ട് മഞ്ഞക്കൊന്നത്തോട്ടങ്ങള്‍ വിപുലമാവുകയാണ്. റോഡരികിലും വീടുകള്‍ക്കു സമീപവും മഞ്ഞക്കൊന്ന ചെടികളുണ്ട്.

അമേരിക്കന്‍ ഭൂഖണ്ഡത്തിലാണ് സൈന സ്‌പെക്ടാലിസിസ് ചെടിയുടെ ജനനമെന്നാണ് സസ്യ-ശാസ്ത്രമതം. മഞ്ഞക്കൊന്ന ഇങ്ങിവിടെ  വയനാട്ടിലെത്തിയതിന്റെ കഥ മറ്റൊരസംബന്ധമാണ്. വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി, പൊന്‍കൂഠി എന്നിവിടങ്ങളിലുള്ള  സാമൂഹ്യവനവിഭാഗം നേഴ്‌സറികളിലാണ് പിറവി. ഇതേക്കുറിച്ചുള്ള ഉദ്യോഗസ്ഥരുടെ വാദം പരിഹാസവും ഒപ്പം രോഷവും ജനിപ്പിക്കും. പത്തുപതിനഞ്ചു കൊല്ലം മുമ്പ് വയനാട്ടിലെ കര്‍ഷകര്‍ കണിക്കൊന്ന ചെടികള്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. അങ്ങനെ വികസിപ്പിച്ചു നല്‍കിയ കണിക്കൊന്നയാണ് ഈ മഞ്ഞക്കൊന്ന. സാമൂഹ്യവനവല്‍ക്കരണ വിഭാഗത്തിന് ഈ വിദേശ ഇനത്തെ എങ്ങനെ ലഭിച്ചു എന്നതിന് ഇപ്പോഴെന്തായാലും ഉത്തരമില്ല.

ജൈവവ്യൂഹം നിലനില്‍ക്കുന്നതു മണ്ണിന്റെ പുറംതോടിലാണ്. ചെടികളുടെ ഇലകള്‍ വീണ് ദ്രവിച്ച് പുഴുവും ചെറുജീവികളും ബാക്ടീരിയകളും നുരയുന്ന ഈ പുറംതോടാണ് സൂക്ഷ്മജീവികളുടെ ആവാസകേന്ദ്രം. ഈ പ്രത്യേകതയാണ് കാടിനെ ജൈവസമ്പത്തിന്റെ പ്രഭവകേന്ദ്രമായി നിലനിര്‍ത്തുന്നത്. നൂറ്റാണ്ടുകളായി സഹസ്രാബ്ദങ്ങളും അതിജീവിച്ചുള്ള ജീവി സംസര്‍ഗത്തിലൂടെയാണ് സ്വാഭാവിക പരിസ്ഥിതി ആവാസവ്യവസ്ഥ പരുവപ്പെടുന്നത്. ഓരോ പ്രദേശത്തും നിലനില്‍ക്കാനുള്ള ജന്തുസസ്യജാലങ്ങളുടെ കഴിവ് രൂപപ്പെടുന്നതും ഈ പ്രക്രിയയുടെ ഭാഗമായാണ്. അതുകൊണ്ടാണ് ഏഷ്യന്‍ ആനകളുടെ ഇഷ്ടവാസകേന്ദ്രമായി മുത്തങ്ങ നിലനില്‍ക്കുന്നത്. മനുഷ്യനും ഇഴുകിച്ചേര്‍ന്നാണ് ഇത്തരം മലമുകളിലെ വാസത്തിന് അടിത്തറ പാകിയത്. മുത്തങ്ങ പിതൃഭൂമിയാണെന്നവകാശപ്പെടുന്ന പണിയന്റെ വാദം അംഗീകരിക്കപ്പെടേണ്ടിവരുന്നതും ഇക്കാരണം കൊണ്ടുകൂടിയാണ്.

ഈയൊരാവാസ കേന്ദ്രത്തിലേക്കാണ് വനവല്‍ക്കരണത്തിന്റെ പേരില്‍ മഞ്ഞക്കൊന്ന പോലുള്ള കെട്ടിയെഴുന്നള്ളിപ്പുകള്‍ നടത്തുന്നത്. മേല്‍വിവരിച്ച ഉദ്യോഗസ്ഥ അശ്രദ്ധയോ അജ്ഞതയോ ആകില്ല പ്രധാന വില്ലന്‍. മേല്‍മണ്ണില്ലാതാക്കി വെള്ളം വറ്റിച്ച് പക്ഷികളെയും മൃഗങ്ങളെയും ആട്ടിയോടിച്ച് സൃഷ്ടിക്കുന്ന തരിശ്ശിന്റെ സമ്പന്നത ആസ്വദിക്കന്ന അനുഭവിക്കുന്ന നിഗൂഢശക്തികള്‍ തന്നെയാവണം ഈ ഉദ്യമത്തിനു പിന്നില്‍. ഉദാഹരണങ്ങള്‍ നിരവധിയാണ്. വയനാടന്‍ കാടുകളെ തഴുകിവളര്‍ത്തിയിരുന്ന മുളങ്കാടുകള്‍ മാവൂര്‍ ഗ്വാളിയോര്‍ റണ്‍സെന്ന ഭീമനുവേണ്ടി മുച്ചൂട്ടും വെട്ടിമുടിച്ചത് ഓര്‍ക്കണം. ഒടുവില്‍ നിര്‍മ്മാണശാലയ്ക്ക് താഴിട്ട് ഉടമകള്‍ മുങ്ങിയപ്പോഴുള്ള നഷ്ടക്കണക്കുകള്‍ പരിശോധിക്കപ്പെട്ടതാണ്. ചാലിയാറെന്ന പുഴ വിഷമയമായി. വയനാടന്‍ വനങ്ങളിലെ ലക്ഷക്കണക്കിന് നീരുറവകള്‍ എന്നന്നേക്കുമായി വരണ്ടുണങ്ങി. ലക്ഷക്കണക്കിന് മനുഷ്യരുടെ മണ്ണും കൃഷിയും ഒടുവില്‍ ജീവിതവും  തകര്‍ത്തു. പണിയന്‍ പണിയേയില്ലാത്തവനായി.  മഴ ഇല്ലാതായി. വെയില്‍ കനത്തു. കാലംതെറ്റി രൂപം തെറ്റി മഴ പെയ്തു. ചൂടുകൂടി. വീടുകള്‍ക്കുള്ളില്‍ പങ്ക കറങ്ങി. കുഴല്‍ക്കിണറുകള്‍ ഭൂഗര്‍ഭജലം ഊറ്റിയെടുത്തു.

അക്വേഷ്യയുടെ വരവും അങ്ങനെ തന്നെ. റോഡരികിലും പുറമ്പോക്കിലും വെള്ളക്കെട്ടിലും പള്‍പ്പിന്റെ മഹത്വം വിളമ്പി അക്വേഷ്യ നട്ടു. നഴ്‌സറികള്‍ പെരുകി. ഇവിടെയും നടത്തിപ്പുകാരന്‍ സൗജന്യ വനവല്‍ക്കരണ വിഭാഗം തന്നെയായിരുന്നു. യൂക്കാലിപ്റ്റസ് വ്യാപകമായതും മറ്റൊന്നും കൊണ്ടായിരുന്നില്ല. ലോകബാങ്കിന്റെ ഉപാധികളാണ് ഭരണാധികാരികള്‍ നടപ്പാക്കിയതെന്നറിയുമ്പോഴേക്കും  കാലം കടന്നുപോയിരുന്നു.

സാമൂഹികമായ അധിനിവേശം ഇന്ത്യന്‍ ജനതയ്ക്ക് പരിചിതമാണ്. നൂറ്റാണ്ടുകള്‍ അടിമകളായാണ് ഒരു ജനത അതിന് വഴങ്ങിയത്. പുതിയ രൂപത്തില്‍, ഭാവത്തില്‍ വ്യാപാരത്തിന്റെ മറവില്‍ ഇപ്പോഴും ഇതെല്ലാം ആവര്‍ത്തിക്കപ്പെടുന്നു. പുതിയ ചെടികളും ഒച്ചുകളും കീടങ്ങളും കടന്ന് വരുന്നു. അങ്ങിനെ അടിമത്തത്തിന്റെ നവഭാവത്തിലേക്ക് നടന്നടക്കുകയാണോ നമ്മള്‍ ഒരിക്കല്‍ കൂടി എന്ന സംശയമുണരുകയാണ്. വനം സംരക്ഷിക്കാനും വ്യാപിപ്പിയ്ക്കാനും ലക്ഷ്യമിട്ടാണ് നാട്ടില്‍ വനംവകുപ്പും പരിസ്ഥിതി വകുപ്പുമെല്ലാം നിലവില്‍ വന്നത്. ഇത്തരം സംവിധാനങ്ങളുടെ വികലമായ നയം നടത്തിപ്പുകളാണ് ഇപ്പോള്‍ വെളിച്ചത്താവുന്നത്. മാത്രമല്ല, ഈ സ്ഥാപനങ്ങളൊക്കെ ഉദ്ദേശലക്ഷ്യങ്ങളില്‍ നിന്നും എത്രയേറെ അകന്നുവെന്ന് മഞ്ഞക്കൊന്നയും അക്കേഷ്യയും യൂക്കാലിപ്റ്റസുമൊക്കെ തെളിയിക്കുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം 

നില്‍പ്പുസമരം: ചര്‍ച്ച പരാജയം
നിങ്ങളൊരുത്തരം തന്നേ പറ്റൂ- ഗീതാനന്ദന്‍ സംസാരിക്കുന്നു
ഇനിയും ഇവരെ മഴയത്തും വെയിലത്തും നിര്‍ത്തണോ?-നില്‍പ്പുസമര വേദിയില്‍ സാറാ ജോസഫ്
ജയലക്ഷ്മിയല്ല, മത്സരിക്കേണ്ടിയിരുന്നത് ഞാന്‍- സി കെ ജാനു തുറന്നടിക്കുന്നു
ഭയമായി മാത്രം അവശേഷിക്കുന്ന വയനാട്ടിലെ മാവോയിസ്റ്റ് ഭീക്ഷണി

വൈദേശിക സസ്യവര്‍ഗ്ഗത്തില്‍ പെടുന്ന 82 ഇനം സസ്യങ്ങള്‍ കേരളത്തില്‍ വ്യാപകമാവുന്നതായി ജൈവ വൈവിദ്ധ്യ ബോര്‍ഡ് പുറത്തിറക്കിയ പട്ടിക സൂചിപ്പിയ്ക്കുന്നു. ഇവയില്‍ ഏറെയും അധിനിവേശ സ്വഭാവം പുലര്‍ത്തുന്നവയുമാണ്.  അധിവേശ സ്വഭാവം പുലര്‍ത്തുന്നവയില്‍ മഞ്ഞക്കൊന്നയും യൂക്കാലിപ്റ്റസും അക്കേഷ്യയും അരിപ്പൂച്ചെടിയും ഉള്‍പ്പെടും. കൂടാതെ, പൈനിസെറ്റം, മൈമോസ ഇന സസ്യങ്ങള്‍, സ്പാഗ്മാറ്റിക് വര്‍ഗ്ഗം, ആഫ്രിക്കന്‍ പൂപ്പല്‍, പാര്‍ത്തീനിയം, കുടമരം, കമ്മ്യൂണിസ്റ്റ് പച്ച, തത്തമ്മ ചെടി, കാട്ടുകരയാമ്പു, സെന്ന ടോറ, സിംഗപ്പൂര്‍ ഡെയ്‌സി, ആസാം പച്ച എന്നിവയും അധിനിവേശ സ്വഭാവം പുലര്‍ത്തുന്നവയാണ്.

അരിപ്പൂവിന്റെ വ്യാപനം ധൃതഗതിയിലാണ്. ലെന്‍സാന കാമറ എന്ന ശാസ്ത്രനാമമുള്ള അരിപ്പൂ തെക്ക്-മധ്യ അമേരിക്കന്‍ രാജ്യങ്ങളിലാണ് ഉത്ഭവിച്ചത്. ഇപ്പോള്‍ അറുപത് രാജ്യങ്ങളില്‍ ഏകദേശം 650 ഇനങ്ങളിലായി ലെന്‍സാന പടര്‍ന്നു പന്തലിയ്ക്കുന്നുണ്ട്. മുത്തങ്ങ വനത്തിന്റെ ഹൃദയഭാഗം കൊങ്ങിണി എന്നുകൂടി അറിയപ്പെടുന്ന ഈ ചെടി കീഴടക്കിയിരിക്കുകയാണ്.

ഈ ചെടിക്കൂട്ടങ്ങളെ ആനകള്‍ക്ക് ഭയമാണ്. ആനകളുടെ പ്രധാന ഭക്ഷണമായ പുല്ലിനെ ഇല്ലാതാക്കി അടിത്തട്ട് തരിശാക്കി മാറ്റുന്നത് ഈ ചെടികളുടെ പ്രത്യേകതയാണ്. തീയിലോ കാറ്റിലോ മഴയിലോ നശിക്കുന്നതല്ല ഈ ഇനത്തില്‍ പെട്ട ചെടികള്‍. റോഡരുകിലും പുറംപോക്കിലും നിറയെ അരിപ്പൂ കാടുകളാണ്. കാട്ടുതീ വ്യാപകമാവാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ലെന്‍സാനയുടെ സാന്നിധ്യമാണെന്ന തിരിച്ചറിവും ഉണ്ടായിട്ടുണ്ട്.

തെക്കെ അമേരിക്കന്‍ വംശജനായ തൊട്ടാവാടിയും പ്രശ്‌നകാരിയാണ്. മിമോസ പുഡില എന്ന വര്‍ഗത്തില്‍ പെടുന്ന പൊതുവെ ടച്ച് മീ നോട്ട് എന്ന് വിളിപ്പേരുള്ള നിരവധിയിനം തൊട്ടാവാടികള്‍ വനത്തില്‍ ഉള്‍പ്പെടെ വ്യാപകമായിട്ടുണ്ട്. സ്വാഭാവിക ജൈവ സമ്പത്തിനെ തുടച്ചുനീക്കിയാണ് ഇത്തരം വൈദേശിക ഇനങ്ങള്‍ അരങ്ങ് കീഴടക്കുന്നതെന്നതാണ് വാസ്തവം.

സുഗന്ധമോ കായോ വിത്തോ ഇല്ലാത്ത സ്പാഗ്മാറ്റിക് ഇനത്തില്‍ പെടുന്ന പുല്‍ച്ചെടി വിദേശിയാണ്. കണ്ടെയ്‌നര്‍ പാര്‍ക്ക് ചെയ്ത ഇടങ്ങളിലാണ് ഈ പുല്ല് ആദ്യം കണ്ടുതുടങ്ങിയത്. കൊച്ചി തുറമുഖ തഴച്ചുവളര്‍ന്ന ഈ വിദേശപ്പുല്ലിന്റെ ഭംഗി കണ്ട് റിസോര്‍ട്ടുകാര്‍ ഗാര്‍ഡനിലേക്ക് പ്രവേശിപ്പിച്ചെന്ന് അനുഭവമതം. കൊച്ചിയിലേയും കോട്ടയത്തേയും വന്‍കിട കടകള്‍ക്കും ഹോട്ടലുകള്‍ക്കും മുന്നില്‍ പുല്‍ത്തകിടിയായും പൂന്തോട്ടത്തിലെ ആകര്‍ഷക ഇനമായും ഇവനെ കാണാം.

പാര്‍ത്തീനിയം വയനാട്ടിലെത്തുന്നത് അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമാണ്. അവിടെ നിന്നും ഇറക്കിയ ചാണകത്തില്‍ നിന്നാണ് പാര്‍ത്തീനിയത്തിന്റെ വയനാടന്‍ അധിനിവേശം ആരംഭിക്കുന്നത്. ബര്‍മ്മയില്‍ നിന്നുള്ള മരം ഇറക്കുമതി സമ്മാനിച്ചത് നിരവധി പുതിയ ഇനം സസ്യങ്ങളെയും ജന്തുക്കളെയുമാണ്. തലനാരിഴ കീറി പരിശോധിക്കുന്നതിലൂടെ കണ്ടെത്താവുന്ന വസ്തുതകള്‍ ഇനിയും ഏറെ ഉണ്ടാവാം.

കേരള വനഗവേഷണ കേന്ദ്രം ആപത്ത് ചൂണ്ടിക്കാണിച്ചു കഴിഞ്ഞു. മുത്തങ്ങയിലെ മഞ്ഞക്കൊന്നയെ കീഴടക്കാനാവുമോ എന്ന പരിശോധന തുടങ്ങി കഴിഞ്ഞു. മുതത്തങ്ങ വനകാര്യാലയത്തിന് സമീപമുള്ള മഞ്ഞക്കൊന്നകളുടെ ഫ്‌ളവറിംഗ് തടഞ്ഞുകൊണ്ട്, വ്യാപനം തടയാനാവുമോ എന്ന് പരിശോധിക്കുകയാണ് വനഗവേഷണ കേന്ദ്രം എന്റമോളജി വിഭാഗം തലവന്‍ ഡോക്ടര്‍ ടി വി സജീവിന്റെ നേതൃത്വത്തിലുള്ള സംഘം. പതിവ് പോലെ ഉദ്ഘാടനവും സെമിനാറുമായി അവസാനിക്കുമോ ഈ ഓപ്പറേഷന്‍ മഞ്ഞക്കൊന്ന എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

This post was last modified on September 10, 2014 9:42 am