UPDATES

ചെഗുവേരയുടെ കാര്യത്തില്‍ തീരുമാനമായി, ഗോഡ്സെയുടെയും; ബിജെപി ശിബിരത്തിന്റെ നീക്കിബാക്കികള്‍

ഒടുവിൽ കേരള ബിജെപി ഒരു തീരുമാനത്തിൽ എത്തി; എംടി, കമൽ, ചെഗുവേര വിഷയങ്ങളിൽ ഭിന്ന സ്വരം ഉയർത്തിയ എഎൻ രാധാകൃഷ്ണനെയും സികെ പദ്മനാഭനെയും ഒരുമിച്ചു കൊണ്ടുപോകുക

കെ എ ആന്റണി

കെ എ ആന്റണി

ഒടുവിൽ കേരള ബിജെപി ഒരു തീരുമാനത്തിലെത്തി. എംടി, കമൽ, ചെഗുവേര വിഷയങ്ങളിൽ ഭിന്നസ്വരം ഉയർത്തിയ എഎൻ രാധാകൃഷ്ണനെയും സികെ പദ്മനാഭനെയും ഒരുമിച്ചു കൊണ്ടുപോകുക. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഈ ഭിന്ന സ്വരങ്ങൾ തുടർന്നും ഉണ്ടായാൽ അത് ദോഷത്തെക്കാൾ ഏറെ ഗുണവും ചെയ്യുമെന്ന നിഗമനത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വവും അവരെ നയിക്കുന്ന ആർഎസ്എസും ഒടുവില്‍ എത്തിച്ചേർന്നിരിക്കുന്നത്. കോട്ടയത്ത് നടക്കുന്ന ശിബിരം തീർന്നയുടൻ മൃദുഭാഷികളും തീവ്ര പക്ഷക്കാരും കേരളത്തിലെ ഇരുപതു ലോക്സഭാ മണ്ഡലങ്ങളിലും സജീവമാകും.

ഇങ്ങനെയൊരു സമവായത്തിന് പിന്നിലെ തല എംടി രമേശിന്റേതാണ് എന്നൊക്കെ വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെങ്കിലും അത് അത്ര ശരിയല്ലെന്ന വിവരവും സംഘപരിവാരത്തിനുള്ളിലെ ജനാധിപത്യവാദികൾക്കിടയിൽ നിന്നും ലഭ്യമാണ്. ബിജെപിയിലെ ചെഗുവേര പക്ഷക്കാരനായ സി കെ പിയേയും ചെഗുവേര വിരുദ്ധനായ രാധാകൃഷ്ണനെയും ഒരുമിച്ചു കൊണ്ടുപോകാനുള്ള തീരുമാനത്തിന് പിന്നിലെ യഥാർത്ഥ തല പാർട്ടിയിൽ ആർഎസ്എസ്സിന്റെ ചുമതല വഹിക്കുന്ന എം ഗണേഷിന്റേതും കേരള സംഘികൾക്കിടയിലെ തിങ്ക് ടാങ്കായ ടിജി മോഹൻദാസിന്റേതുമാണത്രെ.

തല ആരുടേതും ആകട്ടെ. പാർട്ടിക്കുള്ളിലെ ബഹുസ്വരത  അംഗീകരിക്കുന്നതിന്   ഒപ്പം സാഹിത്യകാരന്മാരെയും സാംസ്‌കാരിക പ്രവർത്തകരെയും അടച്ചാക്ഷേപിക്കുന്ന ഒരു രാഷ്ട്രീയ പ്രമേയത്തിനും കോട്ടയം ശിബിരം അംഗീകാരം നൽകിയിട്ടുണ്ട്. കേരളത്തിലെ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരും പക്ഷം പിടിക്കുന്നുവെന്നാണ് പ്രമേയത്തിലെ ആക്ഷേപം. പക്ഷം എന്നു പറയുമ്പോൾ ഇടതുപക്ഷം എന്ന് തന്നെയാണ് ബിജെപി അർത്ഥമാക്കുന്നത്. ആർഎസ്എസ്-ബിജെപി പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ ഇവർ മൗനം പാലിക്കുന്നു എന്നതാണ് സംഘികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത്തരക്കാർ സിപിഎമ്മിന് വേണ്ടി കുഴലൂത്തു നടത്തുകയാണെന്നും പുരസ്കാരങ്ങളും സ്ഥാനമാനങ്ങളും കാംക്ഷിച്ചാണ്‌ ഇങ്ങനെ ചെയ്യുന്നത് എന്നും പ്രമേയം പറയുന്നു. പ്രമേയത്തിന് പിന്നിലെ തല ആരുടേത് എന്ന് ആലോചിച്ചു വെറുതെ തലപുകയ്ക്കേണ്ടതില്ല. പ്രമേയം താനും കൂടി ചേർന്നാണ് ഡ്രാഫ്ട് ചെയ്തതെന്ന് മഹാനായ ടിജി തുറന്നു സമ്മതിച്ചിട്ടുണ്ട്.

ലക്‌ഷ്യം നോട്ടു വിഷയത്തിൽ നരേന്ദ്ര മോദിയെ വിമർശിച്ച എംടിയും തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മോദിയെയും സുരേഷ് ഗോപിയേയുമൊക്കെ വിമർശിച്ച കമലും ആണെന്ന് വ്യക്തം. എംടിക്ക് അടുത്തിടെ ദേശാഭിമാനി പുരസ്‌കാരം നൽകി ആദരിച്ചത് സംഘികൾക്ക് തീരെ സുഖിച്ചിട്ടില്ല. തപസ്യയുടെയോ ജന്മഭൂമിയുടെയോ അതുമല്ലെങ്കിൽ പരമേശ്വർജിയുടെ ഭാരതീയ വിചാര കേന്ദ്രം വകയായോ ഒരു  പുരസ്കാരം നൽകി എംടിയെ കൂടെ നിര്‍ത്താം എന്ന് വിചാരിച്ചാൽ ഒരു പക്ഷെ എംടി അത് നിഷേധിച്ചാലോ എന്ന ചിന്ത തന്നെയാവണം എംടിയെ തുടർന്നും ആക്രമിക്കാൻ പ്രേരിപ്പിക്കുന്നത്.

ലോക്സഭ തിരഞ്ഞെടിപ്പിന് ഇനിയും നാളേറെയുണ്ടെങ്കിലും നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ച ഒരു സീറ്റ് നൽകുന്ന പ്രത്യാശ ചെറുതൊന്നുമല്ല. ലോക്സഭയിലേക്കു ചുരുങ്ങിയത് മൂന്നു സീറ്റെങ്കിലും ജയിക്കണം എന്നാണ് അമിത് ഷാ നൽകിയിട്ടുള്ള നിർദ്ദേശം. അത് കിട്ടണമെങ്കിൽ ന്യൂനപക്ഷ വോട്ടുകൂടി ലഭിക്കണം. നസ്രാണി വോട്ടിൽ കടന്നു കയറാൻ എളുപ്പ മാർഗം കെഎം മാണിയെ കൂടെ കൂട്ടുക എന്നതാകയാൽ ആ വഴിക്കുള്ള ശ്രമം ശക്തിപ്പെടുത്താനും ശിബിരത്തിൽ തീരുമാനമായിട്ടുണ്ട്. ഇത് കൂടാതെ സകലമാന അരമനകളും തങ്ങൾ പണ്ട് തീവ്രവാദി റിക്രൂട്ടിങ് കേന്ദ്രങ്ങൾ എന്ന് മുദ്ര കുത്തിയ മദ്രസ്സകളും കയറി ഇറങ്ങാനും തീരുമാനിച്ചാണ് ശിബിരത്തിനു കൊടി ഇറങ്ങിയത്.

ചെഗുവേര വിഷയത്തിൽ സികെപിക്ക് സംഘി നേതൃത്വം നൽകിയ നിർദ്ദേശം ഇങ്ങനെ. ചെഗുവേരയെ വായിച്ചോളൂ, പക്ഷെ നേതാവാക്കി കൊണ്ടുനടക്കരുത്. ഇന്ത്യയിൽ തന്നെ ധാരാളം നേതാക്കൾ ഉള്ളപ്പോൾ എങ്ങോ കിടക്കുന്ന ചെഗുവേരയെ ഇങ്ങോട്ടു കെട്ടിയെടുക്കേണ്ട എന്ന മുന്നറിയിപ്പും ഉണ്ട്. ഇന്ത്യയിലെ ഈ നേതാക്കന്മാർ ആരൊക്കെ എന്ന് വ്യക്തമാക്കിയിട്ടില്ല. ഈ നേതാക്കളുടെ കൂട്ടത്തിൽ ഗോഡ്‌സെ പെടുമോ എന്ന്  മാത്രമേ അറിയേണ്ടതുള്ളൂ.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍