X

കള്ളപ്പണത്തില്‍ മോദി വഴുതി വീഴുമ്പോള്‍

വിദേശ ബാങ്കുകളിൽ നിഷേപിച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് എല്ലാ ഇന്ത്യക്കാർക്കും 15 ലക്ഷം വച്ച് വിതരണം ചെയ്യും എന്ന നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ബി ജെ പിയുടെ  പ്രധാന തിരഞ്ഞെടുപ്പ്  മുദ്രാവാക്യമായിരുന്നു. എന്നാൽ ഭരണം കിട്ടി 100 നാൾക്കകം തന്നെ ഇത്തരം പണം തിരികെ കൊണ്ടുവരുന്നത്  അസാധ്യമാണെന്ന് പ്രധാനമന്ത്രിക്ക് തുറന്നു സമ്മതിക്കേണ്ടിവന്നിരിക്കുന്നു. 2011ൽ ബി ജെ പി പുറത്തുവിട്ട കണക്ക് പ്രകാരം 500 മില്യണ്‍ അമേരിക്കൻ ഡോളർ മുതൽ 1.4 ട്രില്ല്യൻ അമേരിക്കൻ ഡോളർ വരെ ഇന്ത്യക്കാർ സ്വിസ് ബാങ്കിൽ മാത്രമായി നിക്ഷേപിച്ചിട്ടുണ്ട്. 2012ൽ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ധവളപത്ര പ്രകാരം 2.1 ബില്ല്യണ്‍ അമേരിക്കൻ ഡോളറാണ് കള്ളപ്പണ നിക്ഷേപം. 

എന്താണ് കള്ളപ്പണം? നികുതി അടക്കാതെയും, അഴിമതിയിലൂടെയും അതോടൊപ്പം തന്നെ ഹവാല-മയക്കുമരുന്ന് തുടങ്ങിയ ഇടപാടിലൂടെയുംസമ്പാദിക്കുന്ന പണമാണ് ഇത്തരത്തിൽ നിക്ഷേപിക്കുന്നത്. എന്നാൽ ഇത് മാത്രമാണ് രാജ്യത്തെ കള്ളപ്പണം എന്ന് അർത്ഥമില്ല. മാത്രവുമല്ല രാജ്യത്ത് ഇത്തരം പണം നിക്ഷേപിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളാണ് പലപ്പോഴും സ്വിസ് ബാങ്കുകളിലേക്ക് പണം ഒഴുകുന്നതിന് കാരണം. നമ്മുടെ സാമ്പത്തിക ക്രമം പൂർണ്ണമായും സ്വകാര്യവൽക്കരിക്കപ്പെടുന്നതോടെ ഇത്തരം പണത്തിന്റെ ഒഴുക്കിൽ കുറവുണ്ടാകും. നികുതി നിർണ്ണയത്തിൽ ഉണ്ടാകുന്ന സമൂലമായ മാറ്റത്തോടെ ഇത്തരം പണം ഇവിടെ തന്നെ നിക്ഷേപിക്കപ്പെടുന്ന അവസ്ഥയും ഉണ്ടാകും. മാത്രവുമല്ല നമ്മുടെ രാജ്യത്ത് ഇത്തരത്തിൽ പണം ഉണ്ടാക്കാൻ കഴിയുന്ന ഒരു സാമ്പത്തിക ക്രമമാണ് ബി ജെ പി സര്‍ക്കാരും പിന്തുടരുന്നത്. 

ഒരുപക്ഷേ വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചതിനേക്കാൾ കുടുതൽ പണം ഇത്തരം വ്യക്തികളും കമ്പനികളും രാജ്യത്ത് തന്നെ നിക്ഷേപിച്ചിട്ടുണ്ട്. ഈ പണം കേവലം നികുതിവെട്ടിപ്പ്  മാത്രമല്ല. പകരം രാജ്യത്ത് വലിയ തോതില്‍ പണം ഉണ്ടാകുന്നു എന്നും അർത്ഥമാക്കുന്നുണ്ട്. അത്തരത്തിൽ പണം സമ്പാദിക്കാൻ കഴിയുന്ന തരത്തിൽ രാജ്യത്തെ സമ്പദ്ഘടന മാറിക്കഴിഞ്ഞു. 1997 ൽ സ്വമേധയാ 30 ശതമാനം നികുതി അടച്ച് കള്ളപ്പണം വെളുപ്പിക്കാൻ അവസരം നല്കിയിരുന്നു. എകദേശം 10,050 കോടി രൂപ സർക്കാരിന് നികുതി ഇനത്തിൽ അന്നു പിരിഞ്ഞുകിട്ടി. എന്നാൽ രാജ്യത്തെ എല്ലാ കള്ളപ്പണവും ഇത്തരത്തിൽ വെളുപ്പിക്കാൻ കഴിഞ്ഞില്ല. കാരണം നികുതി അടക്കാത്ത എന്നാൽ നിയമപരമായ സ്രോതസുകളിൽ നിന്നുള്ള പണമാണ് വെളുപ്പിക്കാൻ അവസരം നല്കിയത് . അത്തരം ഒരു പദ്ധതി വീണ്ടും പരീക്ഷിക്കാൻ സർക്കാർ മടിക്കുന്നതെന്തിനാണ്? കള്ളപ്പണത്തിന്റെ തോതിൽ ഉണ്ടായ മാറ്റം ഒരു പ്രധാനകാരണം കുടിയാണ്. ആഗോളവൽക്കരണത്തിന്റെ തോതിൽ ഉണ്ടായ മാറ്റവും വൻതോതിൽ ഉണ്ടായ സ്വകാര്യവല്കരണവും സാമ്പത്തികമേഖലയിൽ സർക്കാർ നിയന്ത്രണം ഇല്ലാതെ ലാഭം ഉണ്ടാക്കാൻ കഴിയുന്ന അവസ്ഥ സൃഷ്ടിച്ചിടുണ്ട്. രാജ്യത്തെ നിയമവ്യവസ്ഥ പോലും ഇത്തരത്തിൽ മാറി കഴിഞ്ഞിരിക്കുന്നു.  

വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെ കൊണ്ടുവരും എന്ന പ്രഖ്യാപനം നടപ്പിലാക്കാൻ കഴിയില്ല എന്ന് സർക്കാരിന് തന്നെ ഇപ്പോള്‍ തുറന്നു സമ്മതിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. ഇത്തരം പണം ഒരിക്കലും രാജ്യത്തേക്ക് കൊണ്ടുവരാൻ കഴിയില്ല എന്ന് ഇതിനര്‍ത്ഥമില്ല. മറിച്ച് ഇത്തരം വ്യക്തികളും കമ്പനികളും നടത്തുന്ന ഇടപാടുകൾ നിയന്ത്രിക്കാൻ ഇന്നത്തെ സാമ്പത്തിക്രമത്തിൽ കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം. കാരണം ഈ പണം ഒരു സമാന്തര സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ്. ഇന്ത്യയിലെ സമാന്തര സമ്പദ് വ്യവസ്ഥ രാജ്യത്തെ മൊത്തം സമ്പത്തിന്റെ 75 ശതമാനത്തിനടുത്ത് വരും എന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് രാജ്യത്തെ ഉല്പാദന സംവിധാനത്തിന് അതീതമായിട്ടാണ് ഇത്തരം സമാന്തര സാമ്പത്തിക വ്യവസ്ഥ നിലനില്‍ക്കുന്നത്. രാജ്യത്തെ രാഷ്ട്രീയ സംവിധാനങ്ങൾ പോലും ഇത്തരം സമാന്തര സമ്പദ് വ്യവസ്ഥയെ ആശ്രയിച്ചാണ് നിലനില്ക്കുന്നത് തന്നെ. ഓരോ തിരഞ്ഞെടുപ്പ് സമയത്തും രാഷ്ട്രീയ പാര്‍ട്ടികള്‍ ചിലവാക്കുന്ന പണത്തിന്റെ ശരിയായ കണക്കെടുത്താല്‍ ഇത് മനസിലാവും. ബി ജെ പി ഈ കാര്യത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടികളെക്കാള്‍ വളരെ മുന്നിലും ആണ്. 

സ്വിസ് ബാങ്കിൽ നിന്ന് പണം കൊണ്ടുവന്നാൽ പോലും അതൊരിക്കലും മുഖ്യധാര കച്ചവടക്കാരുടെ കള്ളപ്പണം ആകില്ല. പകരം ചില ഹവാല ഇടപാടുകാരുടെ പണം മാത്രമായിരിക്കും. മാത്രവുമല്ല ഈ പണത്തിന്  അറിയപ്പെടുന്ന ഉടമസ്ഥനും ഉണ്ടായിരിക്കണം. എന്നാൽ ഇതല്ല പലപ്പോഴും കള്ളപ്പണത്തിന്റെ അവസ്ഥ. തികച്ചും സ്വകാര്യമായി സൂക്ഷിക്കുന്ന ഇത്തരം പണത്തിന്റെ ഉടമകളെ മറച്ചു പിടിക്കുന്നതിന് കൂടിയാണ് സ്വിസ് ബാങ്കുകളിൽ നിക്ഷേപിക്കുന്നത് തന്നെ. അതുകൊണ്ട് ഈ പണം എളുപ്പത്തിൽ രാജ്യത്തേക്ക് മടക്കി കൊണ്ടുവരാൻ കഴിയില്ല. രാജ്യത്തെ സമാന്തര സാമ്പത്തിക വ്യവസ്ഥയുടെ കു‌ടെ ഭാഗമായ ഇത്തരം പണത്തിന്റെ ഉറവിടമായി മുതലാളിത്ത സാമ്പത്തിക വിദഗ്ദർ പറയുന്ന കാരണം രാജ്യത്തെ സാമ്പത്തിക നിയന്ത്രണമാണ്.  അതായത് സാമ്പത്തിക വ്യവസ്ഥ കൂടുതൽ സ്വതന്ത്രമാകുന്നതോടെ ഇത്തരം സമാന്തര സാമ്പത്തിക വ്യവസ്ഥ ഇല്ലാതാകും.  എന്നാൽ കോര്‍പ്പറേറ്റ് നികുതിയിൽ വൻ ഇളവുകളും മറ്റ് നിരവധി സാമ്പത്തിക സഹായങ്ങളും നൽകിയിട്ടും സമാന്തര സാമ്പത്തിക വ്യവസ്ഥയിൽ ഒരു  മാറ്റവും ഉണ്ടായില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ സമാന്തര സാമ്പത്തിക  വ്യവസ്ഥയെ നിയന്ത്രിക്കാത്തിടത്തോളം കള്ളപ്പണം നിയന്ത്രിക്കല്‍ പ്രയോഗികമാകില്ല.

സര്‍ക്കാരിന് കിട്ടേണ്ട നികുതിപ്പണമാണ് ഇത്തരത്തിൽ  നഷ്ടപ്പെടുന്നത്. അതായത് രാജ്യത്തെ  പ്രകൃതി  വിഭവങ്ങളും തൊഴിൽ ശക്തിയും ചൂഷണം ചെയ്ത് നേടിയ ലാഭത്തിൽ സമുഹത്തിന്റെ വിഹിതം കടത്തികൊണ്ട് പോകുന്നു എന്ന് അർഥം. അതുകൊണ്ട് തന്നെ അത് പൊതുപണമാണ്. എന്നാൽ ഈ കാര്യത്തിൽ സർക്കാർ കാണിക്കുന്ന താല്പര്യം കേവലം കക്ഷിരാഷ്ട്രീയ താല്പര്യത്തിനപ്പുറം പോകാൻ ഇടയില്ല. കാരണം ഇത്തരം സമാന്തര സാമ്പത്തിക വ്യവസ്ഥ  നല്കുന്ന അനുകുല്യത്തിലാണ് ബി ജെ പി യും നിലനില്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ തല്കാലിക ഇടപെടലുകൾക്കപ്പുറം ഈ വിഷയത്തിൽ കാര്യമായ ഒരു നടപടിയും ഉണ്ടാകാൻ പോകുന്നില്ല. 

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:

This post was last modified on December 16, 2016 12:29 pm