UPDATES

ബ്ലോഗ്

സ്വന്തം വീടും പറമ്പും വിറ്റു സതീശൻ പാച്ചേനി കണ്ണൂർ ഡി സി സിക്ക് ഓഫീസ് പണിയുന്നു; വാര്‍ത്ത പുറത്തുവന്നതോടെ തമ്മിലടി മൂര്‍ച്ഛിച്ച് കണ്ണൂര്‍ കോണ്‍ഗ്രസ്സ്

പത്ര വാർത്ത കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല തങ്ങൾക്കും അപമാനം വരുത്തിവെച്ചുവെന്നാണ് നിർമാണ കമ്മിറ്റിക്കാരുടെ ആക്ഷേപം

കെ എ ആന്റണി

കെ എ ആന്റണി

തമ്മിലടി കോൺഗ്രസ് പാർട്ടിയിൽ ഒരു പുതിയ കാര്യമല്ല. പക്ഷെ ഇപ്പോൾ കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയിൽ നടക്കുന്ന തമ്മിലടി അല്പം സീരിയസ് ആണ്. കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി സ്വന്തം വീടും പറമ്പും വിറ്റു കിട്ടിയ പണമെടുത്തു കണ്ണൂർ ഡി സി സിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമാണം പൂർത്തീകരിക്കാൻ വേണ്ടി വിനിയോഗിക്കുന്നു എന്ന മട്ടിലുള്ള ഒരു പത്രവാർത്തയെ തുടർന്നാണ് തമ്മിലടിയെന്നതിനാൽ ഇതിനെ ഒരു വാർത്ത വരുത്തി വെച്ച വിന എന്ന് വേണമെങ്കിൽ പറയാം. ‘വീട് വിറ്റിട്ടായാലും ഓഫിസ് പണിയും: പാച്ചേനി അതു ചെയ്തു’ എന്നതായിരുന്നു പത്ര വാർത്തയുടെ തലക്കെട്ട് എന്നതിനാൽ വീട്ടുകാര്യം പാർട്ടിക്കാര്യം ആകുമ്പോൾ എന്നോ പാർട്ടിക്കാര്യം വീട്ടു കാര്യം ആകുമ്പോൾ എന്നോ വേണമെങ്കിൽ ഈ തമ്മിലടിയെ വിശേഷിപ്പിക്കാം.

ആരൊക്കെ എങ്ങിനെയൊക്കെ വിളിച്ചാലും വിശേഷിപ്പിച്ചാലും വാർത്തയെച്ചൊല്ലി ഉണ്ടായ വിവാദവും തമ്മിലടിയും അനുദിനം കൊഴുക്കുകയാണ്. പാച്ചേനി വാർത്ത നൽകി കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയെയും പ്രവർത്തകരെയും അപമാനിച്ചുവെന്ന് ആരോപിച്ചു ഡി സി സി വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ സ്ഥാനം രാജിവെച്ചു. ഡി സി സി സി ഭാരവാഹികളും ഓഫിസ് നിർമാണ കമ്മിറ്റിയുടെ ചുമതലക്കാരുമായ ചിലർ രാജി ഭീഷണിയുമായി രംഗത്തുമുണ്ട് എന്നതിനാൽ ഒരു നല്ല കാര്യം ചെയ്യാനായി ഇറങ്ങിത്തിരിച്ച പാച്ചേനി വല്ലാത്തൊരു വെട്ടിലാണ് വീണിരിക്കുന്നത്.

സ്വന്തം കട ബാധ്യതകൾ തീർക്കാനാണ് സത്യത്തിൽ ഡി സി സി പ്രസിഡന്റ് തളിപ്പറമ്പിലുണ്ടായിരുന്ന വീടും സ്ഥലവും വിറ്റത്. കിട്ടിയ പണത്തിൽ നിന്നും 11 ലക്ഷം രൂപ ഡി സി സി ആസ്ഥാന മന്ദിരത്തിന്റെ ആദ്യ നിലയുടെ പണി വേഗത്തിൽ തീർക്കുന്നതിനുവേണ്ടി നിര്‍മ്മാണ കമ്മിറ്റിക്കു കടമായാണ് നൽകിയത്. ഡി സി സി പ്രസിഡന്റ് ആയി സ്ഥാനമേറ്റപ്പോൾ സ്വന്തം വീട് വിറ്റിട്ടായാലും ഡി സി സി ആസ്ഥാന മന്ദിരത്തിന്റെ നിർമാണം പൂർത്തിയാകുമെന്ന് പാച്ചേനി വെറുതെ ഒരാവേശത്തിൽ പറഞ്ഞിരുന്നു. ഡി സി സി അധ്യക്ഷ സ്ഥാനത്തു നിന്നും ‘എ’ വിഭാഗം നേതാവ് പി രാമകൃഷ്ണനെ മാറ്റി കെ സുധാകരന്റെ വലം കൈയ്യായ കെ സുരേന്ദ്രൻ ആ സ്ഥാനത്തു വന്നപ്പോഴാണ് കണ്ണൂർ തളാപ്പിലുണ്ടായിരുന്ന പഴയ ഓഫിസ് പൊളിച്ചു പുതിയതൊന്ന് കെട്ടാൻ തീരുമാനിച്ചത്. പണം പിരിവു തകൃതിയായി നടന്നെങ്കിലും പുതിയ ഓഫിസ് നിർമാണം എങ്ങുമെത്താതെ തുടരുന്നതിനിടയിലാണ് സതീശൻ പാച്ചേനി ഡി സി സി അധ്യക്ഷനായി ചുമതലയേറ്റതും ഇനങ്ങനെയൊരു പ്രഖ്യാപനം നടത്തിയതും.

കോണ്‍ഗ്രസ്സ് രാഷ്ട്രീയം വടക്കോട്ട് നീങ്ങുമ്പോള്‍; മുല്ലപ്പള്ളിയുടെ ചരിത്രഭാരം

എങ്ങുമെത്താതെ വര്‍ഷങ്ങളായി പണിതീരാതെ നിൽക്കുന്ന കെട്ടിടത്തിന്റെ തൂണുകൾ നോക്കി പല്ലിളിച്ചതുകൊണ്ടോ എന്നറിയില്ല വീടും പറമ്പും വിറ്റ പണം കൈയ്യിൽ വന്നപ്പോൾ അതിൽ നിന്നും ഒരു 11 ലക്ഷമെടുത്തു നിർമാണ കമ്മിറ്റിയെ ഏൽപ്പിച്ചു. പാർട്ടി കോൺഗ്രസ്സല്ലേ. പോരെങ്കിൽ ഓഫിസ് നിർമാണത്തിനായി ഇതുവരെ പിരിച്ച പണത്തിനു തന്നെ കൃത്യമായ കണക്കുമില്ല. കൊടുത്ത പണം തിരികെ കിട്ടണമെന്നുള്ളതിനാലാവണം സംഗതി വാർത്തയാക്കിച്ചത് (വാർത്ത പാച്ചേനി നേരിട്ട് കൊടുപ്പിച്ചതാണെന്നും അല്ലെന്നും രണ്ടു വാദങ്ങളുണ്ട്).

പത്ര വാർത്ത കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല തങ്ങൾക്കും അപമാനം വരുത്തിവെച്ചുവെന്നാണ് നിർമാണ കമ്മിറ്റിക്കാരുടെ ആക്ഷേപം. എന്നാൽ നിർമാണ കമ്മിറ്റിയുടെ അധ്യക്ഷൻ കെ പി സി സി വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് കൂടിയായ കെ സുധാകരൻ ആണെങ്കിലും അദ്ദേഹം ഇത് വരെ പ്രതികരിച്ചിട്ടില്ല. എ ഗ്രൂപ്പ് കാരനായിരുന്ന സതീശൻ പാച്ചേനിയെ ഐ ഗ്രൂപ്പിൽ എത്തിച്ചു ഡി സി സി പ്രസിഡന്റ് ആക്കുന്നതിൽ നിർണായക പങ്കു വഹിച്ചയാളാണ് സുധാകരൻ. അതുകൊണ്ട് തന്നെ, എന്നാലും പാച്ചേനി, നീയും ….’ എന്ന് സുധാകരൻ മനസ്സുകൊണ്ടെങ്കിലും പറയുന്നുണ്ടാകണം.

കെഎം ഷാജിയുടെ അയോഗ്യത; ചിരിച്ചത് നികേഷ് മാത്രമല്ല, കണ്ണൂര്‍ ലീഗ് കൂടിയാണ്

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍