X

അവര്‍ ഒരേയൊരു ചുംബന സീന്‍ കാണാന്‍ വേണ്ടി മാത്രം ഒരു സിനിമക്ക് പോകും; “ലിപ് ലോക്ക് സ്പെഷ്യൽ” എന്ന നിലയ്ക്ക് മാത്രം അവരുടെ ഉള്ളില്‍ ആ ചിത്രം മാര്‍ക്കറ്റ്‌ ചെയ്യപ്പെടും

ഒരു ലിപ് ലോക്ക് രംഗത്തില്‍ ഒതുങ്ങുന്നതായിരിക്കില്ല, മാറുന്ന സിനിമാക്കാഴ്ചകളുടെ മുഖമായ കുറേ ചെറുപ്പക്കാരുടെ ഒരുപാടു നാളത്തെ പരിശ്രമം നമ്മോട് സംവദിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയം

ഒരു ബസ് യാത്രയില്‍ കേട്ട സംഭാഷണമാണ്..
“ടൊവിനോയുടെ ലൂക്ക എങ്ങനെയുണ്ട് അണ്ണാ ??”
“അറിയില്ലഡേ, പക്ഷേ പടത്തിൽ മറ്റേതൊണ്ട്‌”
“യേത്??”
“ഉമ്മ ഉമ്മ”
“lip lock ആണോ??”
“പിന്നല്ലാതെ”

“ഓ..!! യെന്റെ അണ്ണാ , അവന്റെ യോഗം..!! ഓരോ പടത്തില്‍ ഓരോ പെണ്ണുങ്ങളെ..!! ഞാൻ ഏതായാലും ടിക്കറ്റ് ബുക്ക് ചെയ്യാ.. ഇതൊക്കെ വല്യ സ്ക്രീനില്‍ കണ്ടില്ലേല്‍ എന്താ ഒരു രസം.. അണ്ണന്‍ വരുന്നാ?? ”

“ഹേയ് ഞാനില്ലഡേ, കിസ്സ് മാത്രമേ ഉള്ളൂ, മായാനദി പോലെ പിടുത്തവും കളിയും ഒന്നും ഇല്ല.. നിനക്ക് പിന്നെ ഉമ്മ കണ്ടാല്‍ മതിയല്ലോ.. നീ പൊക്കോ. ”

“ഓ..!! നിങ്ങള് കൂടിയ ഐറ്റം അല്ലേ.. കീര്‍ത്തിചക്രയിലെ റേപ്പ് സീന്‍ കാണുമ്പോ മൂഡ് വരുന്ന ആളല്ലേ.. നമ്മള് അത്രയ്ക്കങ്ങ് വളര്‍ന്നിട്ടില്ല അണ്ണാ.. ”

പ്രായം മുപ്പതുകളിലാണ്.. നിര്‍ഭാഗ്യവശാല്‍ മനുഷ്യരാണ്..

അവര്‍ ഒരേയൊരു ചുംബന സീന്‍ കാണാന്‍ വേണ്ടി മാത്രം ഒരു സിനിമക്ക് പോവും..”ലിപ് ലോക്ക് സ്പെഷ്യൽ” എന്ന നിലയ്ക്ക് മാത്രം അവര്‍ക്കു മുന്നില്‍ ആ ചിത്രം മാര്‍ക്കറ്റ്‌ ചെയ്യപ്പെടും.. ഹൃദയമുള്ളവരത്രയും നടുങ്ങിപ്പോകുന്ന, കീര്‍ത്തിചക്രയിലെ അതിക്രൂരമായ ബലാത്സംഗരംഗം വരെ അവരെ ഉത്തേജിപ്പിക്കും.. ഒന്നര വര്‍ഷം മുമ്പ് ഇറങ്ങിയ മായാനദി എന്ന സിനിമ അവരോട് സംസാരിച്ചത് ” അവള് അവനെ ആവശ്യത്തിന് ഉപയോഗിച്ച്, കുറേ കളിച്ച്, അവസാനം തേച്ചു” എന്ന, ജീർണിച്ച ഫിലോസഫി മാത്രമായിരിക്കും..

ആ തീയറ്ററിലെ ഇരുട്ടില്‍, തന്റെ മുന്നിലോ തൊട്ടടുത്ത സീറ്റിലോ ഇരിക്കുന്ന പെണ്ണുങ്ങളെ അവർ തോണ്ടും.. തരം കിട്ടിയാല്‍ അവരുടെ ചന്തിക്ക് തട്ടും..

ലിപ് ലോക്ക് കണ്ട നിമിഷം മുതൽ ആ നായിക അവര്‍ക്ക് “വെടി” ആയിമാറും.. അവളുടെ മുഖമൊഴികെ മറ്റെല്ലാം അവര്‍ക്കിടയില്‍, ഒരിക്കലും തീരാത്ത ഒരു അശ്ലീലച്ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കും..നാറുന്ന കമന്റുകൾ കൊണ്ട്‌ അവളുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പോസ്റ്റുകള്‍ നിറയും..

സിനിമ കഴിഞ്ഞിറങ്ങി ടൗണിലേക്ക് ബസ് കേറും.. മുകളിലെ കമ്പിയില്‍ കൈ പിടിച്ച് നില്‍ക്കുന്ന സ്ത്രീകളെ പ്രായഭേദമന്യേ കണ്ണുകൾകൊണ്ട് ബലാത്സംഗം ചെയ്യും.. കാണാൻ കഴിയുന്നതെല്ലാം വസ്ത്രങ്ങൾക്കിടയിലൂടെയും മുകളിലൂടെയും നോക്കിക്കണ്ട് ആസ്വദിക്കും.. അവർ തറപ്പിച്ചൊന്ന് നോക്കിയാല്‍, കണ്ണിറുക്കി ഒരു വഷളന്‍ ചിരി തിരിച്ചുകൊടുക്കും..

കപ്പലണ്ടി കൊറിച്ച് പാര്‍ക്കിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ അലഞ്ഞു നടക്കും.. ഒരുമിച്ചിരുന്നു ചിരിക്കുകയും സൗഹൃദം പങ്കുവെക്കുകയും പ്രണയിക്കുകയും ചെയ്യുന്ന ഏതൊരു ആണിനെയും പെണ്ണിനെയും ചോദ്യം ചെയ്യും.. അവളെ പൊതു ഇടത്തില്‍ വെച്ച് സ്പര്‍ശിച്ചു എന്ന കുറ്റത്തിന് അവനെക്കൊണ്ട് നിരുപാധികം മാപ്പു പറയിക്കും.. “ഞങ്ങളിവിടെ ഉള്ളിടത്തോളം കാലം നിന്റെയൊന്നും അഴിഞ്ഞാട്ടം നടക്കില്ലെടീ” എന്ന് അവളുടെ മുഖത്ത് നോക്കി അഭിമാനത്തോടെ ആക്രോശിക്കും .. തരം കിട്ടിയാല്‍ ആര്‍ഷഭാരത സംസ്കാരവും ഭാരതസ്ത്രീയുടെ ഭാവശുദ്ധിയും നാല് മിനിറ്റില്‍ കുറയാതെ ഉപന്യസിക്കും..

സദാചാര പ്രസംഗം നടത്തി വരണ്ടുപോയ തൊണ്ട നനയ്ക്കാൻ ബാറിൽ കയറും.. മദ്യത്തിനൊപ്പം തൊട്ടുകൂട്ടാൻ എരിവുള്ള ഒരു വിഷയത്തിനായി തിരയുമ്പോള്‍ വീടിനടുത്തുള്ള ഗള്‍ഫുകാരന്റെ ഭാര്യയെ ഓര്‍മ വരും.. “അവന്‍ വർഷത്തിൽ ഒരു തവണ മാത്രം വരുന്നതുകൊണ്ട് അവളുടെ കാര്യങ്ങളൊക്കെ എങ്ങനാണാവോ നടക്കണേ” എന്ന് ആത്മഗതം ചെയ്യും.. ലഹരി തലയ്ക്ക് പിടിച്ചാല്‍, ഒരു പടി കൂടി മുന്നോട്ട് പോയി, അവൾക്കില്ലാത്ത ഒരു ബന്ധത്തിന്റെ കഥ സ്വയം മെനഞ്ഞുണ്ടാക്കി, നാലു പേരെക്കൊണ്ട് അത് വിശ്വസിപ്പിച്ച് അവളെ നാട്ടിലെ “പോക്കുകേസ്” ആക്കിത്തീര്‍ത്ത് പുളകം കൊള്ളും..

നേരം ഇരുട്ടിത്തുടങ്ങിയാല്‍ വീട്ടിലേക്ക് വെച്ചുപിടിക്കും.. വഴിയില്‍ തനിച്ച് നടക്കുന്ന, ബസ് കാത്തുനില്‍ക്കുന്ന സ്ത്രീകളോട് “ഒറ്റയ്ക്കു പോകാൻ പേടിയാണോ” എന്ന് ചോദിക്കും.. ഉദാരമനസ്കനായ സഹയാത്രികനാകാൻ തയാറാണെന്ന് പറയാതെ പറയും, ഒരു ഉളുപ്പുമില്ലാതെ സൗജന്യയാത്രക്ക് ക്ഷണിക്കും..

ഒടുക്കം വീട്ടിലെത്തും..”ഈ അസമയത്ത് നീ എന്തിനാടീ ഓൺലൈൻ ഇരിക്കുന്നേ, പെണ്ണായാല്‍ എല്ലാത്തിനും ഒരു സമയമുണ്ട് ” എന്നും പറഞ്ഞ്‌ സ്വന്തം പെങ്ങളെയോ ഭാര്യയെയോ ശകാരിക്കും.. ടിവി ചാനലിലെ റിയാലിറ്റി ഷോയിൽ പരസ്പരം ആലിംഗനം ചെയ്യുന്നവര്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ അല്ലെങ്കിൽ ഞരമ്പിലെ രക്തം തിളക്കും.. അവരെല്ലാം സംസ്കാരമില്ലാത്തവരായും കുടുംബത്തിൽ കേറ്റാൻ കൊള്ളാത്തവരായും ചാപ്പകുത്തപ്പെടും..

ശേഷം സ്വന്തം മുറിയുടെ ഇരുട്ടില്‍, സ്മാര്‍ട്ട് ഫോണിന്റെ അരണ്ട വെളിച്ചത്തില്‍, ഫേസ്ബുക്കിലെ തനിക്കറിയാത്ത പെണ്‍ പ്രൊഫൈലുകളോട് “എന്നെ ഫ്രണ്ട് ആക്കാമോ?? Married ആണോ??? വൈകീട്ടെന്താ പരിപാടി??? ഏത് ഡ്രസ് ആണ് ഇട്ടിരിക്കുന്നേ ??? ” എന്നിങ്ങനെ അശ്ലീലതയുടെ കെട്ടഴിക്കും.. ചൂണ്ടയില്‍ കൊത്തില്ലെന്ന് ബോധ്യമായാല്‍ “നീയത്ര വെടിപ്പൊന്നും അല്ലെന്ന് എനിക്കറിയാം, അല്ലെങ്കിൽ പിന്നെ എന്തിനാടീ നീ ഈ പാതിരാത്രി ഇവിടെ കുത്തിയിരിക്കുന്നേ” എന്നിങ്ങനെ, പുറമേ കേട്ടാലറയ്ക്കുന്ന പുലഭ്യം കൊണ്ട് അവരെ പ്രണയിക്കും.. പുഴുക്കുത്തുകള്‍ കൊണ്ട് പ്രാപിക്കും..

എല്ലാത്തിനും ഒടുവില്‍ സ്വന്തം ആണത്തത്തെക്കുറിച്ചോർത്ത് അഭിമാനം പൂണ്ട്, എല്ലാ വൈകൃതങ്ങളെയും പുതച്ചു മൂടിയുറങ്ങും..

ആ വൈകൃതങ്ങള്‍ അനുനിമിഷം പെറ്റുപെരുകും.. പലയിടത്തും പല രീതിയിലും ആവര്‍ത്തിക്കപ്പെടും..

ഒരുമിച്ച് ഒരു ബൈക്കില്‍ സഞ്ചരിക്കുന്ന ആണും പെണ്ണും വിചാരണ ചെയ്യപ്പെടും.. ചോദ്യമോ തെളിവെടുപ്പോ ഇല്ലാതെ മര്‍ദ്ദിക്കപ്പെടും..

ഒരു പെണ്ണ് തനിച്ച് താമസിക്കുന്ന വീട്ടില്‍ സന്ധ്യാസമയത്ത്‌ പോയി എന്ന മഹാപാതകത്തിന് അവളുടെ ആൺസുഹൃത്തിന് ആള്‍ക്കൂട്ടകോടതി ശിക്ഷ വിധിക്കും.. നടപ്പാക്കും.. കെട്ടിയിട്ട് തല്ലും.. കാലും കൈയും ഒടിക്കും.. തല തകര്‍ക്കും.. വേണ്ടിവന്നാല്‍ കൊല്ലും..

നിര്‍ഭയയും പെരുമ്പാവൂരും സൂര്യനെല്ലിയും പല പേരുകളില്‍, ഒരേ നിറത്തില്‍ ആവര്‍ത്തിക്കപ്പെടും.. അനവധി പെണ്‍ ജീവിതങ്ങള്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടും.. എന്തിന്, ഒന്നും രണ്ടും മൂന്നും വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങൾ വരെ ലൈംഗികമായി പീഡിപ്പിക്കപ്പെടും.. ഹനിക്കപ്പെടും..

ഇങ്ങനെയുള്ളവർ എണ്ണത്തിൽ വളരെ കുറവാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ.. ?? ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ..?? അതങ്ങനെയല്ലെന്ന് ബോധ്യപ്പെടണമെങ്കിൽ, വീട്ടിലുള്ള പെണ്ണുങ്ങളോട് ഒന്ന് ചോദിച്ചു നോക്കിയാൽ മതി.. എന്തിനോടെല്ലാം, ആരോടെല്ലാം പടവെട്ടിയാണ് ഒരു സ്ത്രീ ഒരു ദിവസം ജീവിച്ചു തീർക്കുന്നത് എന്ന് മനസ്സിലാക്കാൻ പറ്റും.. പൊതുനിരത്തിൽ, തൊഴിലിടങ്ങളിൽ, ബസ് യാത്രകളിൽ, സിനിമാ തിയേറ്ററുകളിൽ, സോഷ്യൽ മീഡിയകളിൽ അങ്ങനെ എല്ലായിടത്തും സ്ത്രീത്വം കണ്ണുകളാലും കൈകളാലും വാക്കുകളാലും വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ പറ്റും.. പാവപ്പെട്ടവളെന്നോ പണക്കാരിയെന്നോ വ്യത്യാസമില്ലാതെ, അവളുടെ കാൽനഖം മുതൽ തലമുടി വരെ, ചുരിദാറിന്റെ ഷാൾ മുതൽ ബ്ലൗസിനു പുറത്ത് കാണുന്ന അടിവസ്ത്രത്തിന്റെ വള്ളി വരെ, അങ്ങനെ എന്തെല്ലാമെന്തെല്ലാമാണ് ആള്‍ക്കൂട്ടത്തിന്റെ ഓഡിറ്റിങ്ങിന് വിധേയമാക്കപ്പെടുന്നത് എന്ന് മനസ്സിലാക്കാന്‍ പറ്റും..

“നിര്‍ഭാഗ്യവശാല്‍ മനുഷ്യരായ” അവര്‍ക്ക് ഇല്ലാതെ പോകുന്ന ബോധ്യങ്ങൾ പലതാണ്..

പരസ്പര സമ്മതത്തോടെ ഒരാണും പെണ്ണും പങ്കുവെക്കുന്ന സൗഹൃദത്തിലോ പ്രണയത്തിലോ തലയിടാനോ അവരുടെ സ്വകാര്യതയിലേക്ക് മണം പിടിച്ചു ചെല്ലാനോ അവര്‍ക്ക് അവകാശമില്ലെന്ന്.. നാടിന്റെ നിയമവ്യവസ്ഥ ആ ആണിനും പെണ്ണിനും കൽപ്പിച്ചു കൊടുത്തിട്ടുള്ള അവകാശത്തിന് പേര് സ്വാതന്ത്ര്യം എന്നാണെന്ന്..

ലൈംഗികത കണ്ടാസ്വദിക്കാന്‍ ഒരാള്‍ക്ക് ഏറ്റവും നല്ല വഴി, മൊബൈൽ ഫോണിൽ വിരലൊന്നോടിച്ചാൽ മുന്നില്‍ തെളിയുന്ന മുന്തിയ നീലച്ചിത്രങ്ങൾ ആണെന്ന് മനസ്സിലാക്കാത്തവരല്ല ഇവിടുത്തെ സെന്‍സിബിളായ സിനിമാക്കാര്‍ എന്ന്.. അത്‌ മനസ്സിലായിട്ടും, തങ്ങളുടെ സിനിമയിൽ അത്തരം രംഗങ്ങൾ കാണിക്കുന്നതിലൂടെ അവർ പറയുന്നത് പ്രണയത്തിന്റെയും സ്വാതന്ത്യത്തിന്റെയും തെളിച്ചമുള്ള രാഷ്ട്രീയമാണെന്ന്.. നിങ്ങൾക്ക് ഇനിയും മനസ്സിലാകാത്ത ആ രാഷ്ട്രീയത്തിന്റെ മെറിറ്റിലാണ് അത്തരം സിനിമകൾ വിലയിരുത്തപ്പെടേണ്ടത് എന്ന്..

ഒരു സിനിമയിലെ കിടപ്പറരംഗത്തിൽ അഭിനയിച്ച നായികയും, ഐറ്റം ഡാൻസറും, ബസ് യാത്രക്കാരിയും, ഗൾഫുകാരന്റെ ഭാര്യയും, പാര്‍ക്കിലെ പെണ്‍കുട്ടിയും, ഫേസ്ബുക്കിലെ പെണ്‍ പ്രൊഫൈലുകളും വെറും ശരീരങ്ങൾ മാത്രമല്ലെന്ന്.. തന്റേതായ കാഴ്ചപ്പാടുകളും ധാരണകളും സ്വകാര്യതയും സർവ്വോപരി ആത്മാഭിമാനവും കൈമുതലായുള്ള മനുഷ്യർ തന്നെയാണെന്ന്.. അവരുടെ എതിര്‍പ്പിന്റെ അർത്ഥം നിങ്ങള്‍ക്ക് അവരിലേക്കെത്താനുള്ള അധികാരമില്ല എന്ന് തന്നെയാണെന്ന്..

പുരുഷന് മാത്രം സഞ്ചാരസ്വാതന്ത്ര്യവും സംസാരസ്വാതന്ത്ര്യവും ലൈംഗികസ്വാതന്ത്ര്യവും അനുവദിക്കപ്പെട്ട ഒരു സമയത്തിന്റെ പേരല്ല “രാത്രി” എന്ന്.. അസമയം എന്ന വാക്കിനർത്ഥം നിങ്ങളിലെ വൈകൃതങ്ങൾ ഉണരുന്ന സമയം എന്നു മാത്രമാണെന്ന്..

ഈ ബോദ്ധ്യങ്ങൾ മനസ്സിലുറച്ച കുറേയേറെ മനുഷ്യര്‍ ഉറക്കെ പ്രതികരിച്ചു തുടങ്ങുന്നതുവരെ ഇക്കൂട്ടര്‍ നിശബ്ദരാക്കപ്പെടാതെ തന്നെയിരിക്കും.. തങ്ങളുടെ ആണത്തം ആഘോഷിക്കും.. സ്വന്തം പ്രിവിലേജുകളുടെ നടുവില്‍ കിടന്നു പുളച്ചു മറിയും..”നിലപാടുകള്‍” എന്ന വാക്ക് ഇന്നാട്ടിലെ നാലാം തരം തെറിയായി ഒടുങ്ങും.. സ്വാതന്ത്ര്യവും സ്വകാര്യതയും സ്നേഹവും കൊഞ്ഞനംകുത്തപ്പെടും.. കെട്ടകാലം തുടരും..

NB : ലൂക്ക ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട്‌ നല്ലതാണെന്നോ മോശമാണെന്നോ അവകാശവാദങ്ങളുമില്ല.. പക്ഷേ ഒരു കാര്യത്തില്‍ നല്ല ഉറപ്പുണ്ട്.. ഒരു ലിപ് ലോക്ക് രംഗത്തില്‍ ഒതുങ്ങുന്നതായിരിക്കില്ല, മാറുന്ന സിനിമാക്കാഴ്ചകളുടെ മുഖമായ കുറേ ചെറുപ്പക്കാരുടെ ഒരുപാടു നാളത്തെ പരിശ്രമം നമ്മോട് സംവദിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയം എന്ന്.. ആ ശ്രമം വിജയിച്ചാലും ഇല്ലെങ്കിലും, അവർ പ്രതിനിധാനം ചെയ്യുന്ന, വരും കാലം ശരിയെന്നു തന്നെ വിധിയെഴുതുന്ന ആ രാഷ്ട്രീയബോധ്യം ഇവിടെ തന്നെ തുടരുമെന്ന്..

* ഫേസ്ബുക്ക് കുറിപ്പ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read More: യഥാര്‍ത്ഥത്തില്‍ ആരായിരുന്നു രാജ് കുമാര്‍? ഹരിത ഫിനാന്‍സ് കബളിപ്പിച്ചത് നെടുങ്കണ്ടം പഞ്ചായത്തിനെ ഒന്നടങ്കം; വായ്പയ്ക്കായി പണം നിക്ഷേപിച്ചവരില്‍ അഞ്ച് വനിത മെംബര്‍മാരും

കിരണ്‍ എ ആര്‍

പോസ്റ്റല്‍ വകുപ്പില്‍ ജോലി ചെയ്യുന്നു. തിരുവനന്തപുരം

More Posts

This post was last modified on July 4, 2019 11:52 am