X

തിരുവനന്തപുരം നഗരസഭയുടെ മാലിന്യസംസ്‌കരണ പരിപാടികള്‍ക്ക് നിരന്തരം തുരങ്കം വയ്ക്കുന്നവര്‍ക്കുള്ള മറുപടിയാണ് നിലമ്പൂര്‍ കാണിച്ചുതന്നത്

ബൈപ്പാസ് പണിക്കായി എടുത്തിട്ട സ്ഥലത്ത് നഗരസഭ സ്ഥാപിച്ച ഇന്‍സിനറേറ്ററിനെ നോക്കുകുത്തിയാക്കിയാണ് ഞങ്ങള്‍ അവിടം വൃത്തിയാക്കിയത്.

Reduce, Reuse, Recycle എന്നതാണ് മാലിന്യസംസ്‌കരണത്തിന്റെ ഏറ്റവും പ്രസക്തമായ ആപ്തവാക്യം. അത് എത്രമാത്രം അര്‍ഥവത്താണെന്ന് നിലമ്പൂര്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്ന മൂന്നു ദിവസങ്ങളാണ് കടന്നുപോയത്. തിരുവനന്തപുരം നഗരസഭയുടെ മാലിന്യസംസ്‌കരണ പരിപാടികള്‍്ക്ക് നിരന്തരം തുരങ്കം വച്ചിരുന്നവര്‍ക്കും വയ്ക്കുന്നവര്‍ക്കുമുള്ള മറുപടി കൂടിയാണ് നിലമ്പൂര്‍ അനുഭവം. ഇക്കാര്യത്തില്‍ അവിടുത്തെ മാധ്യമങ്ങള്‍ നല്‍കിയ പിന്തുണയും വളരെ വലുതാണ്.

തിരുവനന്തപുരം നഗരസഭയിലെ പ്രൊജക്ട് സെക്രട്ടേറിയറ്റിന്റെ ചുമതലയില്‍ ജീവനക്കാരും ഗ്രീന്‍ ആര്‍മി വോളന്റിയര്‍മാരും കണ്ടിജന്റ് തൊഴിലാളികളുമടങ്ങുന്ന അന്‍പത്തഞ്ച് അംഗം സംഘം തിങ്കളാഴ്ച രാവിലെയാണ് നിലമ്പൂരില്‍ എത്തിയത്. നഗരത്തിന്റെ ഒരുഭാഗത്തുനിന്ന് മാത്രം ആളുകള്‍ മാലിന്യം കൊണ്ടുവന്നു കൂട്ടിയിട്ട ബൈപ്പാസായിരുന്നു ഞങ്ങളുടെ പണിയിടം. നിലമ്പൂര്‍ നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാരും തൊഴിലുറപ്പു തൊഴിലാളികളും സഹായത്തിനുണ്ടായിരുന്നു. കൂടിക്കിടക്കുന്ന മാലിന്യം എങ്ങനെ തരംതിരിക്കണമെന്നതിനെപ്പറ്റി വ്യക്തമായ നിര്‍ദ്ദേശം അവര്‍ക്കു നല്‍കി. പ്ലാസ്റ്റിക്കും തുണിയും മറ്റും ചെളി നീക്കി പുനഃചംക്രമണത്തിനു നല്‍കുകയായിരുന്നു പദ്ധതി. കടലാസും പൂല്‍പായയും പോലുള്ള ജൈവ വസ്തുക്കള്‍ ചാണകവെള്ളം തളിച്ച് കുഴിച്ചിടാനും തീരുമാനിച്ചു, അത് കമ്പോസ്റ്റ് ആയിക്കൊള്ളുമല്ലോ.

കൂടിക്കിടന്ന മാലിന്യത്തില്‍ ഒരുദിവസംപോലും ഉപയോഗിക്കാത്തതുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ വരെ ധാരാളമായിരുന്നു. വിലയേറിയ സാരികളും കുഞ്ഞുടുപ്പുകളുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. പാവകളും ധാരാളം. അവയൊക്കെ പവര്‍ വാഷിംഗിലൂടെ വൃത്തിയാക്കി ഉണക്കാനിട്ടു. നിമിഷ നേരം കൊണ്ടാണ് ഉണക്കാനിട്ടിടത്തുനിന്ന് അവ ആളുകള്‍ എടുത്തുകൊണ്ടുപോയത്. ബ്ലീച്ച് ചെയ്തോ തിളച്ച വെള്ളത്തിലിട്ട് കഴുകിയോ ഇവ ഉപയോഗിക്കാവൂ എന്ന നിര്‍ദ്ദേശം മാത്രമേ ഞങ്ങള്‍ നല്‍കിയുള്ളു. പരിസരവാസികളായ സാധാരണക്കാരായ സ്ത്രീകളും കുട്ടികളുമെത്തിയാണ് ആ വസ്ത്രങ്ങളത്രയും കൊണ്ടുപോയത്. പുനഃചംക്രമണത്തിനു നല്‍കാമെന്നു കരുതിയ സാധനങ്ങള്‍ പുനരുപയോഗിക്കപ്പെടാനായി ആളുകള്‍തന്നെ കൊണ്ടുപോകുന്ന സ്ഥിതി മാലിന്യസംസ്‌കരണത്തിന് പുതിയ പാഠമാണ് പകര്‍ന്നു നല്‍കുന്നത്. പാവകള് നിലമ്പൂരിലെ ഹരിത സഹായസംഘമായ ശുദ്ധിക്ക് കൈമാറി. നഗരത്തിലുടനീളം രണ്ടുതവണയായി കൊതുകിനെതിരേയുള്ള ഫോഗിംഗും നടത്തി.

ഭക്ഷണം ഉണ്ടാക്കാനുള്ള സാധനങ്ങളുള്‍പ്പെടെ ഞങ്ങള്‍ കൊണ്ടുപോയിരുന്നു. പക്ഷേ, ആദ്യദിനം വൈകുന്നേരത്തോടെ നഗരസഭ ഞങ്ങളെ പൂര്‍ണമായും ഏറ്റെടുത്തു. ഭക്ഷണം ഞങ്ങള്‍ വച്ചുകഴിക്കേണ്ട, അവര്‍ ഉണ്ടാക്കിത്തന്നുകൊള്ളാമെന്നായി. അത്രയും സമയംകൂടി ഞങ്ങള്‍ അവരെ മാലിന്യ സംസ്‌കരണത്തില്‍ സഹായിച്ചാല്‍ മതിയത്രെ. ഞങ്ങള്‍ക്കും സന്തോഷം. അതോടെ ഭക്ഷണത്തിനും പ്രമോഷന്‍ കിട്ടി. ചെന്നിറങ്ങുമ്പോള്‍ താമസ സ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഞങ്ങള്‍ക്ക് വൈകുന്നേരത്തോടെ വനംവകുപ്പിന്റെ ഡോര്‍മെട്ടറിയും തയ്യാറായി.

മേയര്‍ വി.കെ.പ്രശാന്ത് ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നതിനാല്‍ ഞങ്ങള്‍ക്കൊപ്പം വന്നില്ല. അതിന്റെ പരിഭവം നിലമ്പൂരുകാര്‍ പങ്കുവയ്ക്കുകയും ചെയ്തു. തിരുവനന്തപുരത്തു നിന്നു ചെന്ന ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിനും സ്ഥിരം സമിതി അധ്യക്ഷരായ പുഷ്പലത, സുദര്‍ശനന്‍, പ്രതിപക്ഷ ഉപനേതാവ് ഗിരികുമാര്‍ എന്നിവര്‍ക്കുമൊപ്പം നിലമ്പൂര്‍ നഗരസഭ അധ്യക്ഷ പത്മിനി ഗോപിനാഥിന്റെ നേതൃത്വത്തില്‍ കുറച്ച് കൗണ്‍സിലര്‍മാരും ഞങ്ങള്‍ക്കൊപ്പം കൂടി. നഗരസഭയിലെ 33ല്‍ 28 വാര്‍ഡുകളും പ്രളയത്തില്‍ മുങ്ങിയിരുന്നു. അവശേഷിക്കുന്നിടത്തെ കൗണ്‍സിലര്‍മാരാണ് മാലിന്യസംസ്‌കരണത്തിനായി രംഗത്തിറങ്ങിയത്. പ്രളയത്തില്‍ വീടു മുങ്ങിപ്പോയിട്ടും വൈസ് ചെയര്‍മാന്‍ ഹംസാക്കയൊക്കെ കട്ടയ്ക്ക് കൂടെനിന്നു. കരാറുകാരന്‍ റോസ്, ടിപ്പറും ജെസിബിയും വിട്ടുതന്നു.

അത്ഭുതപ്പെടുത്തിയത് നഗരസഭ സെക്രട്ടറി എം.എസ്. ആകാശാണ്. വിശ്രമമില്ലാതെ മുഴുവന്‍ സമയവും അദ്ദേഹം ചുറുചുറുക്കോടെ ഞങ്ങള്‍ക്കൊപ്പം നിന്നു. ഒന്നിനും ഒരു കുറവും വരുത്തിയില്ല. ഡോര്‍മെട്ടറിയില്‍ താമസസൗകര്യം തികയാതെ വന്നപ്പോള്‍ നാലഞ്ചുപേരെ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്സില്‍ താമസിപ്പിച്ചു. നഗരസഭാധികൃതര്‍ക്കും ആകാശ് ആവേശമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പണി പൂര്ത്തിയാക്കിയശേഷം തേക്ക് മ്യൂസിയം സന്ദര്ശിക്കാന് അവസരമൊരുക്കിയിരുന്നെങ്കിലും സമയക്കുറവു മൂലം നടന്നില്ല. ഇനിയൊരിക്കല് ചെല്ലാമെന്ന് വാക്കു നല്കിയാണ് പോന്നത്. ഹൃദ്യമായ യാത്രയയപ്പും നഗരസഭ ഞങ്ങള്ക്ക് നല്കി.

ബൈപ്പാസ് പണിക്കായി എടുത്തിട്ട സ്ഥലത്ത് നഗരസഭ സ്ഥാപിച്ച ഇന്‍സിനറേറ്ററിനെ നോക്കുകുത്തിയാക്കിയാണ് ഞങ്ങള്‍ അവിടം വൃത്തിയാക്കിയത്. ഇനി ആ ഇന്‍സിനറേറ്റര്‍ ഉപയോഗിക്കില്ലെന്ന തീരുമാനത്തിലാണ് നഗരസഭ. അത്രയും നല്ലത്. മാറ്റങ്ങള്‍ ഉണ്ടാകുന്നത് ഇങ്ങനെയൊക്കെയാണല്ലോ.

This post was last modified on August 29, 2019 10:42 pm