UPDATES

ട്രെന്‍ഡിങ്ങ്

1975ല്‍ ഇന്ദിര ഗാന്ധിയുടെ മുഖത്ത് കണ്ട അതേ ഭയം മോദിയുടെ കണ്ണിലും

ഇപ്പോള്‍ നിലനില്‍ക്കുന്ന പാതി നിശബ്ദമായ അടിയന്തിരാവസ്ഥക്കുമേല്‍ പ്രകടമായ ഒരു അടിയന്തിരാവസ്ഥ വന്നുചേരുമോ എന്ന ഭയം ചുറ്റിലും പടരുന്നു

കെ എ ആന്റണി

കെ എ ആന്റണി

മറ്റൊരു ഭാരത യുദ്ധത്തിന് കളം സജ്ജമായിക്കൊണ്ടിരിക്കുന്നു. എന്ന്? എപ്പോള്‍? എന്നൊന്നും പറയാനാവില്ലെങ്കിലും, കൂടി വന്നാല്‍ രണ്ടോ മൂന്നോ മാസം മാത്രമെയുള്ളൂ മുന്‍പില്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ തന്നെ അങ്കം കുറിച്ചെങ്കിലും തീയ്യതി നിര്‍ണയിക്കേണ്ടത് ഇന്ത്യ മഹാ രാജ്യത്തെ തിരെഞ്ഞെടുപ്പ് കമ്മീഷനാണ്. ഇലക്ട്രോണിക് യന്ത്രം സംബന്ധിയായ ഹാക്കിങ് വിവാദവും, റാഫേല്‍ വിഷയവും, നോട്ട് നിരോധനവും, ജി എസ് ടിയും എന്നു വേണ്ട ഇന്ത്യയില്‍ നിന്നും പുറത്തേക്കു കടത്തിയ ഓരോ ചില്ലിക്കാശും തിരിച്ചെത്തിക്കുമെന്നു പറഞ്ഞ മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങളൊന്നും പാലിക്കാനാവാതെ രാജ്യത്തെ വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും സിബിഐയെയും സുപ്രീം കോടതിയെയും തിരെഞ്ഞെടുപ്പ് കമ്മീഷനെയുമൊക്കെ വരുതിയില്‍ നിറുത്താന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ വീണ്ടും ഒരു അടിയന്തിരാവസ്ഥയുടെ സാധ്യതയും തള്ളിക്കളയാന്‍ പറ്റുന്നതല്ല.

സിക്‌സ് പാക്ക് എന്നൊക്കെ പ്രചരിപ്പിക്കപ്പെടുന്ന നെഞ്ച് വിരിച്ചു നിന്ന് ‘ഭായിയോം ബഹനോം’ എന്ന മുഖവുരയോടെ 2014 ല്‍ ആരംഭിച്ച മോദിജിയുടെ സമീപകാല പ്രസംഗങ്ങളില്‍ ഒരു പരാജിതന്റെ ഭീതി ഒളിഞ്ഞിരിക്കുന്നുവെന്നത് എത്ര പേര്‍ ശ്രദ്ധിച്ചുവെന്നറിയില്ല. പക്ഷെ അങ്ങനെ ഒന്നുണ്ടെന്നത് ഒരു യാഥാര്‍ഥ്യം തന്നെയാണ്. 1975ല്‍ ഇന്ദിര ഗാന്ധിയുടെ മുഖത്ത് പ്രകടമായ അതേ ഭയം മോദിയുടെ മുഖത്തും കണ്ണിലും സ്ഫുരിക്കുന്നതായി തോന്നുന്നു.

മോദിയുടെ ഇപ്പോഴത്തെ അവസ്ഥ കാണുന്നുമ്പോള്‍ പഴയ റോമന്‍ ഭരണാധികാരിയായിരുന്ന പോംപെയോട് ഉപമിക്കുന്നതാണ് എളുപ്പമെന്നു തോന്നുന്നു. പരാജയങ്ങള്‍ ഒന്നൊന്നായി ഏറ്റുവാങ്ങി അക്കാലത്ത് റോമന്‍ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന ഈജിപ്റ്റിലേക്ക് പലായനം ചെയ്ത പോംപെയെ അവിടെ കാത്തിരുന്നതും വിധി വൈപര്യതമായിരുന്നു. പലായനം ചെയ്തു വരുന്ന പോംപെയ്ക്കു അഭയം ഒരുക്കണമോ അതോ പട നയിച്ചെത്തുന്ന ജൂലിയസ് സീസ്സറിനെ അംഗീകരിക്കണമോ എന്ന ഈജിപ്റ്റുകാരുടെ ചോദ്യത്തിന് അന്ന് ഒരു റോമന്‍ പടയാളി നല്‍കിയ മറുപടി പോംപെയെ വധിക്കൂ സീസറെ വരവേല്ക്കൂ എന്നതായിരുന്നു എന്നു ചരിത്രം രേഖപ്പെടുത്തുന്നു.

ഏതാണ്ട് ഇതേ അവസ്ഥയില്‍ തന്നെയാണ് നമ്മുടെ മോദിജിയും എന്നത് അദ്ദേഹവും ഊത്തുകാരും നന്നായി മനസ്സിലാക്കുന്നതുകൊണ്ടു കൂടിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന പാതി നിശബ്ദമായ അടിയന്തിരാവസ്ഥക്കുമേല്‍ പ്രകടമായ ഒരു അടിയന്തിരാവസ്ഥ വന്നുചേരുമോ എന്നു ഭയപ്പെടുന്നത്. ഈ ഭയം എന്റേത് മാത്രം എന്നു കരുതേണ്ടതില്ല; ദില്ലിയിലെയും മുംബയിലെയും എന്നല്ല ഹിന്ദി ഹൃദയ ഭൂമി എന്നറിയപ്പെടുന്ന യുപി യില്‍ നിന്നുപോലുമുള്ള ചില നല്ല സുഹൃത്തുക്കള്‍ പങ്കു വെക്കുന്ന വലിയ ഒരു ആശങ്കയാണ്. ആരെടെയും പേരുകള്‍ ഇവിടെ കുറിക്കാത്തത് അവരുടെ സുരക്ഷ ഉദ്ദേശിച്ചു മാത്രമാണ്.

അവര്‍ മുന്നോട്ടു വെക്കുന്ന വാദങ്ങള്‍ തികച്ചും യാഥാര്‍ഥ്യ ബോധത്തോടെയുള്ളതു തന്നെയാണ്. അവരുടെ വാദങ്ങളില്‍ പ്രസക്തമായവ ഇങ്ങനെ പോകുന്നു. ഉത്തരേന്ത്യ ഏതാണ്ട് ബിജെപിയെ കൈവിട്ടിരിക്കുന്നു. കോണ്‍ഗ്രസിന്റെ തിരിച്ചുവരവല്ല പകരം പ്രാദേശിക കക്ഷികളുടെ ശക്തി സംഭരണം തന്നെ. യുപിയില്‍ മായാവതിയും അഖിലേഷ് യാദവും ചേര്‍ന്നുണ്ടാക്കിയ പദ്മവ്യൂഹത്തെ ഭേദിക്കാന്‍ താമരയാണ് ചിഹ്നമെങ്കിലും മോദി പാര്‍ട്ടിക്ക് വലിയ പ്രയാസമായിരിക്കും. ബീഹാറിലും മഹാരാഷ്ട്രയിലും താമര പാര്‍ട്ടിക്ക് ഉള്ളതും കൂടി പോകും. പഞ്ചാബിലും ചണ്ഡീഗത്തിലും ദില്ലിയിലുമൊക്കെ മോദി ഗ്രാഫ് താഴേക്കു തന്നെ. ബംഗാളില്‍ മമത വിജയ തരംഗം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. നേരെത്തെ അതീവ ശ്രദ്ധ കേന്ദ്രീകരിച്ച ദക്ഷിണ ഭാരത്തിലും ഒരു പക്ഷെ കര്‍ണാടകത്തിലൊഴികെ ഒരു നേട്ടവും കൈവരിക്കാന്‍ ബിജെപിക്കാവില്ല.

അവരുടെ നിഗമങ്ങള്‍ ശരിയോ തെറ്റോ ആയിരിക്കാം. പ്രിയങ്ക ഗാന്ധിയെ വടക്കന്‍ ഉത്തര്‍പ്രദേശിന്റെ ചാര്‍ജുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തുക വഴി കോണ്‍ഗ്രസ് എന്തോ വലിയ കാര്യം ചെയ്തുവെന്ന് സഹോദരന്‍ രാഹുലും അമ്മ സോണിയയും കരുതുമ്പോഴും അതിനെയും അത്ര കണ്ടു വിഴുങ്ങാന്‍ എന്റെ നല്ല സുഹൃത്തുക്കളില്‍ പലരും തയ്യാറല്ല. അവര്‍ ഗ്രാമങ്ങളില്‍ ജോലി ചെയ്യുന്നവരാണ് എന്നത് തന്നെ പ്രധാന കാരണം. പക്ഷെ ‘അവരല്ല പ്രശനം അവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര തന്നെയാണ് പ്രശനം’ എന്നു പറയുമ്പോഴും അവര്‍ ഒരു കാര്യം ഉറപ്പിച്ചു പറയുന്നു. അത് ജനത്തെ കൈലെടുക്കാനുള്ള പ്രിയങ്കയുടെ പ്രത്യേക വൈഭവത്തെക്കുറിച്ചു തന്നെ.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍