X

ബൊക്കോ ഹറാം കൂട്ടക്കൊലയുടെ ഞെട്ടിപ്പിക്കുന്ന കാഴ്ചകളുമായി ഉപഗ്രഹ ചിത്രങ്ങള്‍

ആദം ടെയ്‌ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

വടക്കുകിഴക്കന്‍ സംസ്ഥാനമായ ബോര്‍നോയില്‍ നടന്നുകൊണ്ടിരിക്കുന്ന ബൊകൊ ഹറാം കൂട്ടക്കൊല നൈജീരിയ നേരിടുന്ന ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങളെയാണ് സൂചിപ്പിക്കുന്നത്. കൂട്ടക്കൊല നടന്നതിന്റെ ഒരാഴ്ച കഴിഞ്ഞിട്ടും അതിനെക്കുറിച്ചുള്ള കൃത്യമായ ഔദ്യോഗിക വാര്‍ത്തകളൊന്നും പുറത്തു വന്നില്ല. രണ്ടായിരത്തിലധികം ആളുകള്‍ മരിച്ചതായി ഒരു പ്രാദേശിക നേതാവ് ബി.ബി.സിയോട് പറഞ്ഞു. എന്നാല്‍ മറ്റൊരു കൂട്ടര്‍ പറയുന്നതു വെറും പന്ത്രണ്ടു പേരുമാത്രമാണ് കൊല്ലപ്പെട്ടതെന്നാണ്. 

‘ബൊകൊ ഹറാം യോദ്ധാക്കളടക്കം ഇതുവരെ 150 പേരാണ് കൊല്ലപ്പെട്ടത്’ നൈജീരിയയുടെ പ്രതിരോധ വാര്‍ത്താവിനിമയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ആംനെസ്റ്റി ഇന്റര്‍നാഷണലും മനുഷ്യാവകാശ സംഘടനയായ എച്ച്. ആര്‍. ഡബ്ല്യുവും പുറത്തിറക്കിയ ഉപഗ്രഹ നിരീക്ഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബോര്‍നോ സംസ്ഥാനത്തെ ബാകയിലും ബോറോ ഗോവോണിലും ഈ കലാപം വലിയ നഷ്ടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 

‘ഉപഗ്രഹ ചിത്രങ്ങളും മറ്റു തെളിവുകളും പരിശോധിച്ചാല്‍ മരണ നിരക്ക് 700 കവിഞ്ഞെന്ന് വ്യക്തമാണ്’ അമേരിക്കയിലുള്ള ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ സര്‍ക്കാര്‍ വകുപ്പ് തലവന്‍ അഡോട്ടി അക്വേ പറഞ്ഞു. മരണ നിരക്ക് രണ്ടായിരത്തിലധികമായെന്നുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . 

എച്ച്.ആര്‍.ഡബ്ല്യു കണക്കു പ്രകാരം ഏറ്റവും വലിയ പട്ടാള താവളമായ ബോറോ ഗോവോണില്‍ പാര്‍പ്പിടങ്ങളും കച്ചവട കെട്ടിടങ്ങളുമടക്കം 57 ശതമാനത്തിലധികവും പട്ടണം നശിച്ചിരിക്കുകയാണ്. കൂടാതെ ബാക പട്ടണം തെക്കന്‍ പ്രദേശങ്ങളും കിഴക്കന്‍ മേഖലയിലും വാസസ്ഥലങ്ങളടക്കം 11 ശതമാനത്തോളം നാശത്തിന് ഇരയായിരിക്കുകയാണെന്നും ഇതേ കണക്കുകള്‍ സൂചിപ്പിക്കുന്നു. 

തികച്ചും ഞെട്ടിപ്പിക്കുന്ന കഥകളാണ് വിവിധ ദൃക്‌സാക്ഷി വിവരണങ്ങളിലൂടെ പുറത്തു വരുന്നത്. കാട്ടിലേക്ക് ഓടി രക്ഷപ്പെടുന്ന സമയത്ത് ഏകദേശം നൂറു പേരെങ്കിലും മരിച്ചത് നേരില്‍ കണ്ടിട്ടുണ്ടെന്ന് ആംനസ്റ്റിയോട് ഒരു ദൃക്‌സാക്ഷി മൊഴി കൊടുത്തു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ ഈ അവസരത്തില്‍ വളരെ ബുദ്ധിമുട്ടാണ്. ബൊകൊ ഹറാമുകള്‍ക്കെതിരെ ഇപ്പോഴും നൈജീരിയന്‍ പട്ടാളം പോരാടിക്കൊണ്ടിരിക്കുകയാണ്. ഒരു മാസം മുമ്പ് ആ പ്രദേശത്തിലെ മൊബൈല്‍ ടവറുകള്‍ ബൊകൊ ഹറാം പോരാളികള്‍ നശിപ്പിച്ചതിനാല്‍ ഫോണ്‍ വഴിയുള്ള വിവരങ്ങള്‍ ശേഖരിക്കാനും സാധിക്കാത്ത സാഹചര്യമാണുള്ളത്. 

നൈജീരിയന്‍ സര്‍ക്കാര്‍ പുറത്തു വിടുന്ന കുറച്ചു വിവരങ്ങള്‍ പോലും സംശയത്തോടെയാണ് പലരും സമീപിക്കുന്നത്. അടുത്ത മാസം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്‍ നിര്‍ത്തി ഈ അവസരത്തെ സര്‍ക്കാര്‍ ദുര്യുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. ബാക പ്രദേശത്ത് 2013 ല്‍ പട്ടാള പരിശോധനയുടെ ഭാഗമായി ഇരുന്നൂറോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അവിടുത്തെ നാട്ടുപ്രമാണി മനുഷ്യാവകാശ സംഘടനയെ അറിയിച്ചിട്ടുണ്ട്. 

ഉപഗ്രഹ ചിത്രങള്‍ സൂചിപ്പിക്കുന്നതുപോലെ ബൊകൊ ഹറാം കൂട്ടക്കൊല രണ്ടു പട്ടണങ്ങളെയും ഭീകരമായി ബാധിച്ചിട്ടുണ്ട്. 

‘ഈ ദാരുണ സംഭവം രണ്ടു പട്ടണങ്ങളെയും ഭൂപടത്തില്‍ നിന്നു തന്നെ തുടച്ചു നീക്കും വിധം അപായപ്പെടുത്തിയിട്ടുണ്ടെന്ന് ഉപഗ്രഹ ചിത്രങള്‍ പരിശോധിച്ചാലറിയാം’ ആംനെസ്റ്റി ഇന്റര്‍നാഷണലിലെ നൈജീരിയയെ ക്കുറിച്ച് ഗവേഷണം ചെയ്യുന്ന ഡാനിയല്‍ ഐര്‍ പറഞ്ഞു. ബൊകൊ ഹറാം കലാപങ്ങളുടെ പരമ്പര പരിശോധിച്ചാല്‍ ഏറ്റവും നാശം വിതച്ചത് ഒടുവിലത്തെ സംഭവമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

This post was last modified on January 18, 2015 11:45 am