X

ഗാന്ധിജിയെ ആട്ടിന്‍പാല്‍ കുടിപ്പിച്ച കസ്തൂര്‍ബാ ഗാന്ധി!

സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി സമരം ചെയ്തത്‌ വിദേശ രാജ്യത്ത് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന ആദ്യ ഇന്ത്യന്‍ വനിത കൂടിയാണ് കസ്തൂര്‍ബ.

ചരിത്രത്തിലായാലും സ്ത്രീ പലപ്പോഴും അരികുവല്‍ക്കരിക്കപ്പെടുക പതിവാണ്. ചരിത്ര പുരുഷന്മാരുടെ ജീവിതത്തിലെ നിഴലും വെളിച്ചവുമായി എഴുതപ്പെട്ടവരുണ്ടെങ്കിലും സ്വന്തം പേരിനപ്പുറം അവരുടെ ശബ്ദവും പോരാട്ടങ്ങളും സഹനങ്ങളുമെല്ലാം അടഞ്ഞ പുസ്തകമായി തന്നെ കിടക്കും.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പത്‌നി കസ്തൂര്‍ബാ ഗാന്ധിയും ചരിത്രവായനകളില്‍ ഏറെയൊന്നും ഇടം നേടാത്ത വ്യക്തിത്വങ്ങളില്‍ ഒന്നാണ്. കസ്തൂര്‍ബയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന അവരുടെ ജീവചരിത്രമാണ് ഗിരിരാജ് കിഷോര്‍ രചിച്ച ‘കസ്തൂര്‍ബാ ഗാന്ധി’. മനീഷ ചൗധരി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ പുസ്തകം ഫിക്ഷനല്‍ ബയോഗ്രഫി വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.

ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളിലോ ഗാന്ധിജിയെ കുറിച്ചുള്ള മറ്റുപുസ്തകങ്ങളിലോ ഏറെയൊന്നും വെളിപെടാത്ത ഒരു കസ്തൂര്‍ബയെയാണ് ഗ്രന്ഥകാരന്‍ തുറന്നുകാട്ടുന്നത്്. കസ്തൂര്‍ബയുടെ കുട്ടിക്കാലം, ഗാന്ധിജിയുമായുള്ള വിവാഹം, അവര്‍ തമ്മിലുണ്ടായിരുന്ന മാനസിക അടുപ്പം, ഗാന്ധിജിയുടെ കടുംപിടിത്തങ്ങള്‍, പിതാവെന്ന നിലയില്‍ അദ്ദേഹം നിറവേറ്റിയ കടമകള്‍ തുടങ്ങി ഗാന്ധിയുടെയും കസ്തൂര്‍ബയുടെയും പച്ചയായ ജീവിതത്തെ കിഷോര്‍ ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

‘ബാ’ എന്ന വിളിപ്പേര് കൂടിയുണ്ടായിരുന്ന കസ്തൂര്‍ബ പോര്‍ബന്തറില്‍ മഹാത്മജിയുടെ അയല്‍വാസിയായിരുന്നു. 14ാം വയസ്സിലാണ് ഇരുവരും വിവാഹിതരാവുന്നത്. വിവാഹ ശേഷം ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്ന കസ്തൂര്‍ബ അദ്ദേഹത്തിനൊപ്പം പല സമരങ്ങളിലും പങ്കെടുക്കുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി സമരം ചെയ്തത്‌ വിദേശ രാജ്യത്ത് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന ആദ്യ ഇന്ത്യന്‍ വനിത കൂടിയാണ് കസ്തൂര്‍ബ.

ഗാന്ധി എങ്ങനെ ആട്ടിന്‍ പാല്‍ കുടിക്കാന്‍ തുടങ്ങി എന്നത് പുസ്തകത്തില്‍ ഒരിടത്ത് ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. ആരോഗ്യം ക്ഷയിച്ച് അവശനായിരുന്ന ഗാന്ധിജിയ്ക്ക് ഒരു ശസ്ത്രക്രിയ ആവശ്യമായി വന്നിരുന്നു. പക്ഷേ ശരീരം പുഷ്ടിപ്പെടാതെ ശസ്ത്രക്രിയ നടത്താന്‍ പറ്റില്ലെന്ന് ഡോകടര്‍ അറിയിച്ചു. ആരോഗ്യം വീണ്ടെടുക്കാനായി ഗാന്ധിജിയോട് പശുവിന്‍പാല്‍ കുടിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും കറവ പശുക്കളോട് കാണിക്കുന്ന ക്രൂരതകളില്‍ പ്രതിഷേധിച്ച് പാല്‍ കുടിക്കുന്നത് അദ്ദേഹം നേരത്തെ ഉപേക്ഷിച്ചിരുന്നു.

ഇത്  കസ്തൂര്‍ബയെ പ്രതിസന്ധിയിലാക്കുന്നു. ഗാന്ധിയുടെ തീരുമാനങ്ങള്‍ക്ക് കോട്ടം തട്ടാതെ അദ്ദേഹത്തെ പാല്‍ കുടിപ്പിക്കാന്‍ കസ്തൂര്‍ബ കണ്ടു പിടിച്ച സൂത്രമായിരുന്നു പശുവിന്‍ പാലിനു ബദലായി ആട്ടിന്‍ പാല്‍ നല്‍കാം എന്നത്. ഡോക്ടറും ഗാന്ധിജിയും അതിന് സമ്മതം മൂളുകയും ചെയ്തു. ഇത്തരത്തില്‍ ഒട്ടേറെ സംഭവങ്ങളും കസ്തൂര്‍ബാ ഗാന്ധിയുടെ വേറിട്ട ജീവിതവുമെല്ലാം പുസ്്തകത്തില്‍ അനാവൃതമാവുന്നുണ്ട്.

ഒരേസമയം രാഷ്ട്രത്തിനുവേണ്ടിയും മഹാത്മജിക്ക് വേണ്ടിയും സ്വയം സമര്‍പ്പിക്കുകയായിരുന്നു കസ്തൂര്‍ബ ഗാന്ധിയെന്നാണ് ഗ്രന്ഥകാരന്‍ പറയുന്നത്. തോണ്‍ബേര്‍ഡ് ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തിന് 795 രൂപയാണ് വില.

*IANS

വസ്ത്രം നെയ്യുന്ന തറിയില്‍ തീര്‍ത്ത സംഗീത വിസ്മയവുമായി മെക്‌സിക്കന്‍ ആര്‍ട്ടിസ്റ്റ് താനിയ കാന്ദിയാനി

ദക്ഷിണേന്ത്യന്‍ ചരിത്രം അവഗണിക്കപ്പെട്ടു, അവിടുത്തെ ഭാഷകളുടെ വേര്‌ സംസ്‌കൃതത്തേക്കാള്‍ ദ്രാവിഡ ഭാഷകളിലാണ്: രാജ്‌മോഹന്‍ ഗാന്ധി

 

 

This post was last modified on December 14, 2018 2:05 pm