X

ബിഎസ്എഫ് ജവാന്മാര്‍ക്ക് കൊടുക്കുന്നത് നല്ല ഭക്ഷണം: തെറ്റായ ആരോപണം പ്രചരിപ്പിക്കുന്നത് ഐഎസ്ഐ എന്നും സേനാ മേധാവി

തേജ് ബഹദൂര്‍ യാദവ് പോസ്റ്റ് ചെയ്ത വീഡിയോ പാക് ചാരസംഘടനയായ ഐഎസ്‌ഐ ദുരുപയോഗം ചെയ്ത് ദുഷ്പ്രചരണം നടത്തുകയായിരുന്നുവെന്നും കെകെ ശര്‍മ ആരോപിച്ചു.

ബിഎസ്എഫ് ജവന്മാര്‍ക്ക് എല്ലായ്‌പോഴും നല്ല ഭക്ഷണമാണ് നല്‍കി വരുന്നതെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെകെ ശര്‍മ. ആര്‍ക്കും ഇത് ഏത് ബിഎസ്എഫ് പോസ്റ്റിലും വന്ന് പരിശോധിക്കാം. ബിഎസ്എഫ് ജവാന്മാര്‍ക്ക് നല്‍കുന്നത് മോശം ഭക്ഷണമാണെന്ന് ആരോപിച്ച് നേരത്തെ കോണ്‍സ്റ്റബിള്‍ തേജ് ബഹദൂര്‍ യാദവ് പോസ്റ്റ് ചെയ്ത വീഡിയോ പാക് ചാരസംഘടനയായ ഐഎസ്‌ഐ ദുരുപയോഗം ചെയ്ത് ദുഷ്പ്രചരണം നടത്തുകയായിരുന്നുവെന്നും കെകെ ശര്‍മ ആരോപിച്ചു. ബിഎസ്എഫിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഐഎസ്‌ഐ നടത്തുന്നതെന്നും ശര്‍മ കുറ്റപ്പെടുത്തി. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ശര്‍മ ഇക്കാര്യം പറയുന്നത്. തേജ് ബഹാദൂര്‍ യാദവിനെ ഈ വീഡിയോവിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത് വിവാദമായിരുന്നു.

ബിഎസ്എഫില്‍ വളരെ ആരോഗ്യകരമായ സംവിധാനങ്ങളാണുള്ളത്. ബിഎസ്എഫ് കിച്ചണുകളില്‍ ഉണ്ടാക്കുന്ന ഭക്ഷണം കൃത്യമായി പരിശോധിക്കാറുണ്ട്. ഭക്ഷണം ഒരു പ്രശ്‌നമേ അല്ല. വീട്ടിലുണ്ടാക്കാവുന്ന പോലുള്ള ഭക്ഷണമാണ് കൊടുക്കുന്നത്. ഇത് ആര്‍ക്കും പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. തേജ് ബഹദൂറിന്റെ ആരോപണം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതാണെന്നും ശര്‍മ അവകാശപ്പെട്ടു. തേജ് ബഹദൂറിന്റെ വീഡിയോയ്ക്ക് ശേഷം സോഷ്യല്‍ മീഡിയുടെ ഇത്തരത്തിലുള്ള ദുരുപയോഗ സാദ്ധ്യതകള്‍ സംബന്ധിച്ച് സേനയ്ക്ക് ജാഗ്രകയുണ്ടായെന്നും ശര്‍മ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ കാണുന്നതെല്ലാം വിശ്വസിക്കരുതെന്ന് ജവാന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മോശം ഭക്ഷണം നല്‍കുന്നു എന്നതിന് പുറമെ സര്‍ക്കാര്‍ ജവാന്മാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങളും സംവിധാനങ്ങളും ഉന്നതഉദ്യോഗസ്ഥര്‍ ചട്ടവിരുദ്ധമായി ദുരുപയോഗം ചെയ്യുന്നതായും തേജ്ബഹദൂര്‍ ആരോപിച്ചിരുന്നു.

This post was last modified on August 27, 2017 7:03 pm