X

ഡിയോണര്‍; മുംബൈയുടെ നിശബ്ദ കൊലയാളി

രമ ലക്ഷ്മി
(വാഷിങ്ടണ്‍ പോസ്റ്റ്)

വന്ദന ത്രിവേദിയുടെ പത്താംനില ഫ്‌ളാറ്റിലെ കര്‍ട്ടനുകള്‍ വൈകിട്ടത്തെ ഇളംകാറ്റില്‍ ഉലയുന്നു. ജോലി കഴിഞ്ഞു വന്ന് ചായ കുടിക്കുന്ന വന്ദനയ്ക്കു ചുറ്റും കളിക്കുന്ന കുട്ടികള്‍.

ഈ മനോഹരമായ കുടുംബാന്തരീക്ഷത്തെ അസ്വസ്ഥമാക്കുന്ന കാഴ്ച കര്‍ട്ടനുകള്‍ക്കപ്പുറത്താണ്. ഒരു കുന്നോളം വലിപ്പത്തിലുള്ള ചവറുകൂന. അത് ദിവസങ്ങളായി പുകഞ്ഞുകത്തികൊണ്ടിരിക്കുന്നു.

ഏഷ്യയിലെ ഏറ്റവും പഴക്കമുള്ളതും വലിപ്പമേറിയതുമായ മാലിന്യക്കൂനയാണ് ഡിയോണര്‍. ഈയിടെ അതിനു തീപിടിച്ചപ്പോള്‍ പുക ശൂന്യാകാശത്തുനിന്നുപോലും ദൃശ്യമായിരുന്നുവെന്ന് നാസ ചിത്രങ്ങള്‍ കാണിക്കുന്നു.

‘മുംബൈയുടെ നിശബ്ദ കൊലയാളി’, ‘ടോക്‌സിക് ടൈം ബോംബ്’ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ ചവറുകൂന അടുത്തകാലത്ത് പരിസരവാസികളില്‍ പരിസ്ഥിതി അവബോധം വര്‍ധിക്കാന്‍ കാരണമായിരിക്കുന്നു.

മാലിന്യക്കൂമ്പാരം അടയ്ക്കാനും മാലിന്യം നഗരത്തിനു പുറത്തേക്കു നീക്കാനും ആവശ്യപ്പെട്ട് സര്‍ക്കാരുമായി എല്ലാത്തരത്തിലും പൊരുതുകയാണ് പ്രദേശവാസികള്‍. മലിനീകരണത്തെപ്പറ്റിയും പൊതുജനാരോഗ്യത്തെപ്പറ്റിയും മധ്യവര്‍ഗക്കാരില്‍ വളരുന്ന ആശങ്കകള്‍ പല ഇന്ത്യന്‍ നഗരങ്ങളിലും ഒരു പുതിയ സിവിക് ആക്ടിവിസത്തിനു ജന്മം നല്‍കിയിട്ടുണ്ട്.

‘ഞങ്ങളുടെ വസ്ത്രങ്ങളിലും കര്‍ട്ടനുകളിലും വീട്ടുപകരണങ്ങളിലും ദുര്‍ഗന്ധം നിലനില്‍ക്കുന്നു,’ ത്രിവേദി പറയുന്നു. ഹാനികരമായ പുകയെപ്പറ്റിയുള്ള ഭയം മൂലം അവരുടെ ആറുവയസുകാരി മകള്‍ ഒരാഴ്ചയായി സ്‌കൂളില്‍പ്പോകുന്നില്ല. ഇരിപ്പുമുറിയില്‍ സോഫയ്ക്കും മേശയ്ക്കുമിടയില്‍ സ്‌കേറ്റിങ് നടത്തുകയാണ് അവള്‍.

‘ശ്വസന വായുവില്‍നിന്ന് എങ്ങനെയാണ് കുട്ടികളെ സംരക്ഷിക്കുക? അമ്മയെന്ന നിലയില്‍ എനിക്കു നിസ്സഹായത തോന്നുന്നു’.

1927 മുതല്‍ നിലവിലുള്ള ഡിയോണര്‍ മാലിന്യനിക്ഷേപം വളര്‍ന്ന് 300 ഏക്കര്‍ നിറയുന്ന തരംതിരിക്കാത്ത, സംസ്‌കരിക്കാത്ത ചവറുകൂനയായി മാറിയിരിക്കുന്നു. ദിനംപ്രതി മുംബൈ പുറന്തള്ളുന്ന 10,000 ടണ്‍ മാലിന്യത്തില്‍ പകുതിയിലേറെയും എത്തുന്നത് ഇവിടെയാണ്.

അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാത്ത ഇന്ത്യന്‍ നഗരങ്ങളുടെ ശോചനീയാവസ്ഥയുടെ ഉദാഹരണമാണ് ഡിയോണറിന്റെ സ്ഥിതി. 350 മില്യണിലധികം ഇന്ത്യക്കാര്‍ നഗരങ്ങളിലാണ് ജീവിക്കുന്നത്. ഇത് 2020 ആകുമ്പോഴേക്ക് 650 മില്യണായി ഉയരുമെന്നാണു കരുതുന്നത്. ഇപ്പോഴും നഗരമാലിന്യങ്ങളുടെ 23 ശതമാനം മാത്രമേ സംസ്‌കരിക്കപ്പെടുന്നുള്ളൂ.

ഈ വര്‍ഷം മാലിന്യക്കൂമ്പാരത്തില്‍ പല തവണ അഗ്നിബാധയുണ്ടായി. ചുറ്റുമുള്ള വായുവിന്റെ ഗുണനിലവാരം ഇതുമൂലം മാര്‍ച്ച് മാസത്തില്‍ പലപ്പോഴും വളരെ മോശമായി. ജനുവരിയില്‍ ഇവിടെനിന്നുള്ള വിഷപ്പുക കാഴ്ച മറയ്ക്കുകയും തദ്ദേശവാസികള്‍ക്ക് വിട്ടുമാറാത്ത ചുമയുണ്ടാക്കുകയും ചെയ്തു. സ്‌കൂളുകള്‍ അടച്ചിടേണ്ടിവന്നു. കഴിഞ്ഞ മാസം തീയണയ്ക്കാനായി തുടര്‍ച്ചയായി ജോലി ചെയ്തുകൊണ്ടിരുന്ന രണ്ട് അഗ്നിശമനസേനാംഗങ്ങളെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലാക്കേണ്ടിവന്നു.

കുപ്പക്കൂനയിലെ മീഥേന്‍ വാതകം മൂലമോ പ്ലാസ്റ്റിക്കും ലോഹവും തിരയുന്നവര്‍ തീയിട്ടതു മൂലമോ ആകാം അഗ്നിബാധയുണ്ടായതെന്നാണ് അധികൃതര്‍ പറയുന്നത്.

ഇതവരെ മാലിന്യക്കൂമ്പാരത്തെപ്പറ്റി ഉദാസീന സമീപനം സ്വീകരിച്ചിരുന്ന പ്രദേശവാസികള്‍ തുടരെ അഗ്നിബാധയുണ്ടായതോടെ പ്രശ്‌നത്തെപ്പറ്റി ബോധവാന്മാരായെന്ന് ഇതിനടുത്തു താമസിക്കുന്ന രാജേഷ് വളപ്പില്‍ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക് കത്തുന്നതോടെ അന്തരീക്ഷത്തില്‍ കലരുന്ന ഡയോക്‌സിനെപ്പറ്റിയാണ് തന്റെ ആശങ്കയെന്ന് രാജേഷ് പറയുന്നു.

പരിസരവാസികളില്‍ ഭൂരിപക്ഷം വരുന്ന പ്രഫഷനലുകള്‍ സ്വയം ‘വാരാന്ത്യ പോരാളികളായി’ രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്. പ്രതിഷേധ മാര്‍ച്ചുകളും ധര്‍ണകളും നടത്തുകയും ട്വിറ്ററിലൂടെയും ആയിരക്കണക്കിനാളുകള്‍ ഒപ്പിട്ട ഓണ്‍ലൈന്‍ അപേക്ഷകളിലൂടെയും ഔദ്യോഗിക ശ്രദ്ധനേടാന്‍ ശ്രമിക്കുകയും ചെയ്യുന്നു ഇവര്‍.

വായു ഗുണനിലവാര സൂചിക നിരന്തരം നിരീക്ഷിക്കുന്ന ഇവര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ നടത്തുന്നു. പുകയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നു. ‘മറ്റൊരു ദിനം, മറ്റൊരു അഗ്നിബാധ’ എന്ന തലക്കെട്ടില്‍.

മാലിന്യക്കൂനയ്ക്കടുത്ത ചേരിയില്‍ ക്രിക്കറ്റ് കളിക്കുന്ന കുട്ടികള്‍ പന്തിനായി പലതവണ ഓടിക്കയറുന്നത് ഈ ചവറ്റുകൂനയിലേക്കാണ്. ചീഞ്ഞഴുകിയ മാലിന്യങ്ങള്‍ തുറന്ന അഴുക്കുചാലുകളിലെത്തുന്നു. ഇവ വീടുകള്‍ക്കടുത്ത് ചെറുമാലിന്യക്കൂനകളാകുന്നു. മാലിന്യക്കൂന അടച്ചുപൂട്ടണമെന്നാവശ്യപ്പെടുന്ന ബില്‍ബോര്‍ഡുകള്‍ക്കു താഴെ ശിശുക്കള്‍ വിഷപ്പുകയേറ്റ് ചുമച്ചുകൊണ്ടേയിരിക്കുന്നു.

മാലിന്യക്കുന്നില്‍നിന്ന് 20അടി മാത്രം ദൂരെ ഏഴ് അംഗങ്ങളടങ്ങുന്ന കുടുംബത്തിനൊപ്പം താമസിക്കുന്ന സെയ്ത് ഷാ എന്നയാള്‍ക്ക് പക്ഷേ, ഈ കൂന ജീവനോപാധിയാണ്. ഇവിടെനിന്ന് പ്ലാസ്റ്റിക്കും ലോഹവും തേങ്ങാച്ചിരട്ടയും തരംതിരിച്ചെടുത്താണ് അയാള്‍ ജീവിക്കുന്നത്. ‘ നഗരം മുഴുവന്‍ ഈ കൂനയ്‌ക്കെതിരാണ്. പക്ഷേ ഞങ്ങള്‍ എന്തു ചെയ്യും? പെട്ടെന്നൊരിക്കല്‍ കൂന അടച്ചിട്ട് ഞങ്ങളെ പട്ടിണിയാക്കാന്‍ അവര്‍ക്കാകില്ല.’

മാലിന്യക്കൂമ്പാരത്തിലെ രാഷ്ട്രീയം നഗരത്തിന്റെ വര്‍ഗവ്യത്യാസം പുറത്തുകൊണ്ടുവരുന്നു. ‘ഏതാനും ആയിരം ചവറുനീക്കക്കാര്‍ക്കു ജീവിക്കാന്‍വേണ്ടി നഗരത്തിന്റെ മുഴുവന്‍ ആരോഗ്യം തകരാറിലാക്കുന്നതു ശരിയാണോ?’, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാവ് അക്ബര്‍ ഹുസൈന്‍ ചോദിക്കുന്നു.

പരിസരപ്രദേശങ്ങളിലെ ക്ലിനിക്കുകളില്‍ ശ്വാസകോശരോഗങ്ങളും വയറിളക്കവും മഞ്ഞപ്പിത്തവുമായെത്തുന്നവരുടെ തിരക്കാണ്. അഗ്നിബാധ പതിവായതോടെ പല ആസ്മ രോഗികള്‍ക്കും അവരുടെ പതിവു മരുന്നുകള്‍ ഫലം ചെയ്യാതായെന്ന് ഒരു ഡോക്ടര്‍ ചൂണ്ടിക്കാണിക്കുന്നു.

‘അഗ്നിബാധ പതിവാകുന്നത് മുംബൈയില്‍ പകര്‍ച്ചവ്യാധികള്‍ പരത്തും. അത് മാലിന്യക്കൂമ്പാരത്തിനടുത്തു ജീവിക്കുന്നവരെ മാത്രം ബാധിക്കുന്ന പ്രശ്‌നമായിരിക്കില്ല,’ പ്രതിഷേധങ്ങളുമായി രംഗത്തുള്ള പ്രതിപക്ഷ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് നിരുപം പറയുന്നു.

വായുവിന്റെ ഗുണനിലവാരം മോശമായി തുടരുകയാണെങ്കിലും നഗരത്തില്‍ ഇതുവരെ ആരോഗ്യ മുന്‍കരുതലുകളെപ്പറ്റി ഒരു നിര്‍ദേശവും നല്‍കപ്പെട്ടിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

നഗരത്തിനു പുറത്തുള്ള ഒരു സ്ഥലം മാലിന്യം നിക്ഷേപിക്കാനായി കണ്ടെത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ പ്രശ്‌നം പെട്ടെന്നു പരിഹരിക്കാനാകുന്നതല്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

‘യുദ്ധകാലാടിസ്ഥാനത്തില്‍ ജോലി നടത്തിയാല്‍പ്പോളും ഇവിടെ ചവറുകള്‍ ഇടുന്നതു തടയാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കും. പുതിയ സ്ഥലം മാലിന്യസംസ്‌കരണത്തിനു സജ്ജമാക്കേണ്ടതുണ്ട്. നിരുത്തരവാദപരമായി മാലിന്യം വലിച്ചെറിഞ്ഞ് ഇവിടത്തെ തെറ്റ് അവിടെയും ആവര്‍ത്തിക്കാനാകില്ല,’ മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശൈലേഷ് ഫാന്‍സെ പറയുന്നു.

അഗ്നിബാധ സ്വയം ഉണ്ടാകുന്നതാണോ ആരെങ്കിലും ഉണ്ടാക്കുന്നതാണോ എന്നു കണ്ടെത്താന്‍ 12 നിരീക്ഷണക്യാമറകള്‍ മാലിന്യക്കൂനയ്ക്കടുത്ത് സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടുണ്ട്.

മാലിന്യം പുറന്തള്ളുന്നവര്‍ അത് തരംതിരിക്കണമെന്നതു നിര്‍ബന്ധമാക്കാനും ശ്രമമുണ്ട്. എന്നാല്‍ മാലിന്യ സംസ്‌കരണവും പുനരുപയോഗവും അപൂര്‍വമായതിനാല്‍ ഇത് നടപ്പാക്കുക കഠിനമാകും. സ്ഥലവാസികള്‍ മാലിന്യം തരംതിരിച്ചാലും ഇവ ശേഖരിക്കാന്‍ വേണ്ടിവരുന്നത്ര എണ്ണം മാലിന്യ ട്രക്കുകളോ സംസ്‌കരണ ശാലകളോ കോര്‍പറേഷനില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ രാജ് കുമാര്‍ ശര്‍മ ചൂണ്ടിക്കാട്ടുന്നു.

പ്രശ്‌നം ഉയര്‍ത്തിക്കാട്ടുന്ന തദ്ദേശവാസികള്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കുന്നുവെന്ന ആരോപണവും കേള്‍ക്കേണ്ടിവരുന്നു. സമൂഹമാധ്യമങ്ങളില്‍ പരിഭ്രാന്തി പരത്തുന്നുവെന്നും ആരോപണമുയര്‍ന്നു.

ഈയിടെ നാലാം തവണയും അഗ്നിബാധയുണ്ടായപ്പോഴാണ് രാജേഷ് വളപ്പില്‍ ഓണ്‍ലൈന്‍ വഴി പോരാടാന്‍ തീരുമാനിച്ചത്. ‘ ദേവ്‌നാറിനെപ്പറ്റിയുള്ള വിക്കി പേജ് ഞാന്‍ പുതുക്കി. പിന്നീട് നാസയ്ക്ക് ഇമെയില്‍ അയച്ചു. പുതിയൊരു ചിത്രം റിലീസ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അത്രമാത്രം നിരാശരായിരുന്നു ഞങ്ങള്‍.’

അതേ ദിവസം ഇവിടെനിന്ന് വളരെ അകലെയല്ലാതെ ഹസ്‌നെയ്ന്‍ ഖാന്‍ എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞ് നിരന്തരം ചുമച്ചുതുടങ്ങി. മാലിന്യക്കൂനയുടെ അരികിലുള്ള അവന്റെ താമസസ്ഥലത്തിനടുത്ത് ദിവസം മുഴുവന്‍ വിഷപ്പുക തിങ്ങിനിറഞ്ഞിരുന്നു. അവന്റെ പിതാവ് കുട്ടിയെ വീടിനകത്താക്കി ജനലുകള്‍ അടച്ചെങ്കിലും ഫലമുണ്ടായില്ല. രാത്രി ഹസ്‌നെയ്ന്‍ ലോകത്തോടു വിട പറഞ്ഞു.

‘സ്വന്തം കുഞ്ഞിനെ സംസ്‌കരിക്കുന്ന വേദന ഇനിയെങ്കിലും മറ്റാര്‍ക്കും ഉണ്ടാകരുത്,’ കുഞ്ഞിന്റെ പിതാവ് സര്‍ഫരാസ് ഖാന്‍ പറഞ്ഞു. ‘മാലിന്യക്കൂന മാറ്റിയേ തീരൂ. എന്തു ചെയ്തിട്ടായാലും.’

This post was last modified on April 26, 2016 7:54 am

Related Post
Leave a Comment