UPDATES

വിപണി/സാമ്പത്തികം

സിഎംഎഫ്ആര്‍ഐയുടെ പ്രവര്‍ത്തനം ഇനി ലക്ഷദ്വീപിലും

ദ്വീപ് നിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന തരത്തില്‍ ലക്ഷദ്വീപിലെ കാര്‍ഷിക-അനുബന്ധ വിഭവങ്ങള്‍ വിനിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന്സിഎംഎഫ്ആര്‍ഐ നേതൃത്വം നല്‍കും.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പ്രവര്‍ത്തന മണ്ഡലം ലക്ഷദ്വീപിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. കവരത്തി ദ്വീപിലെ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ (കെവികെ) നടത്തിപ്പ് ചുമതല ഇനി സിഎംഎഫ്ആര്‍ഐ വഹിക്കും. ദ്വീപ് നിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന തരത്തില്‍ ലക്ഷദ്വീപിലെ കാര്‍ഷിക-അനുബന്ധ വിഭവങ്ങള്‍ വിനിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന്സിഎംഎഫ്ആര്‍ഐ നേതൃത്വം നല്‍കും.കാര്‍ഷിക ഉല്‍പാദനവും കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ചെറുകിട സംരംഭങ്ങളിലൂടെ മൂല്യവര്‍ധിത ഉല്‍പാദനം മെച്ചപ്പെടുത്തുക, വിപണന ശൃംഖല ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സിഎംഎഫ്ആര്‍ഐക്ക് കീഴില്‍ കെവികെ പ്രവര്‍ത്തിക്കുക. ലക്ഷദ്വീപിലെ നാളികേരം, ചൂരമീന്‍ എന്നിവയുടെ കയറ്റുമതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇവയ്ക്ക് അന്താരാഷ്ട്ര ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കാനും കെവികെ ഊന്നല്‍ നല്‍കും.

കെവികെയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിന് ഉന്നതതല സംയുക്ത യോഗം ഇന്ന് (ശനി- മാര്‍ച്ച് 9) കവരത്തിയില്‍ നടക്കും. ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ എ കെ സിംഗ്, ലക്ഷദ്വീപ് ഭരണകൂടം കൃഷി വകുപ്പ് സെക്രട്ടറി ദാമോദര്‍ എ ടി, ലക്ഷദ്വീപിലെ ജനപ്രതിനിധികള്‍, ഐസിഎആര്‍ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍, കര്‍ഷക പ്രതിനിധികള്‍, എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. കൂടാതെ, ചെറുകിട സംരംഭകര്‍ക്ക് മത്സ്യാവശിഷ്ടങ്ങളില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ത്രിദിന പരിശീലനവും ശനിയാഴ്ച തുടങ്ങും.

കെവികെയുടെ പ്രവര്‍ത്തന ചുമതല ഏറ്റെടുക്കുന്നതോടെ സിഎംഎഫ്ആര്‍ഐയുടെ ലക്ഷദ്വീപ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും. ലക്ഷദ്വീപിലെ മത്സ്യമേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് നിരവധി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സിഎംഎഫ്ആര്‍ഐ നടത്തിവരുന്നുണ്ട്. പവിഴപ്പുറ്റുകളുമായി ബന്ധപ്പെട്ട ജൈവവൈവിധ്യ പഠനം, ഫിഷറീസ് പരിപാലന പദ്ധതി തുടങ്ങിയവ ഇതില്‍പെടും. എറണാകുളം കെവികെ സിഎംഎഫ്ആര്‍ഐക്ക് കീഴിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇന്ത്യയിലെ എല്ലാ തീരദേശ സംസ്ഥാനങ്ങളിലും സിഎംഎഫ്ആര്‍ഐക്ക്് ഗവേഷണ കേന്ദ്രങ്ങളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍