X

ബാങ്ക് ലയനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ബാങ്ക് മരണങ്ങളോ? എന്തുകൊണ്ട് ബാങ്ക് സമരം

'കിട്ടാക്കടം' എന്ന കൊടുംവിപത്ത് ക്രമേണ ഉഗ്രരൂപം പൂണ്ട് നമ്മുടെ ബാങ്കുകളെ വിഴുങ്ങും എന്ന സാഹചര്യത്തില്‍ എത്തി നില്ക്കുമ്പോഴാണ് സര്‍ക്കാര്‍ വിഷയം മാറ്റാനായി വീണ്ടും ലയന അജണ്ട പൊടി തട്ടി എടുക്കുന്നത്.

രാജ്യവ്യാപകമായി ബാങ്കുകള്‍ 26 ന് പണി മുടക്കും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് നിര്‍ദ്ദിഷ്ട ലയനത്തില്‍ നിന്ന് പിന്‍മാറണം എന്നതാണ് പ്രധാന ആവശ്യം. ബാങ്ക് ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും 9 പ്രധാന യൂണിയനുകളുടെയും ഐക്യവേദി സംയുക്തമായാണ് ഈ ആഹ്വാനം നല്കിയിരിക്കുന്നത് എന്നതിനാല്‍, സ്വാഭാവികമായും ബാങ്കിംഗ് മേഖല അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാവും.

ബാങ്ക് ലയനങ്ങള്‍ ഇന്ത്യയില്‍ പുതുമയല്ല. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ ഏതാണ്ട് അമ്പതിനടുത്ത് ബാങ്ക് ലയനങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും, സാമ്പത്തിക/സാങ്കേതിക കാരണങ്ങള്‍ കൊണ്ട് നിലനില്പ് അസാധ്യമായ ചെറിയ സ്വകാര്യ ബാങ്കുകളെ, മറ്റ് പൊതുമേഖലാ ബാങ്കുകള്‍ ഏറ്റെടുത്ത് നിക്ഷേപകരുടെയും ജീവനക്കാരുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ചത് ആയിരുന്നു. ലോര്‍ഡ് കൃഷ്ണാ ബാങ്ക്, സെഞ്ചൂറിയന്‍ ബാങ്ക് ഓഫ് പഞ്ചാബ് വഴി എച്ച്.ഡി.എഫ്.സി. ബാങ്കില്‍ ലയിച്ചത് പോലെയുള്ള സ്വകാര്യ ബാങ്ക് ലയനങ്ങളും നടന്നിട്ടുണ്ട്. ഇത്തരം ലയനങ്ങള്‍ സാധാരണക്കാരെ ബാധിക്കുന്ന ഒരു വലിയ വിഷയമായി പലരും കണക്കാക്കുന്നുമില്ല.

ഉദാരവത്കരണ കാലം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച വിവിധ കമ്മിറ്റികളും അനേകം പഠനങ്ങളും പൊതുമേഖലാ ബാങ്കുകളുടെ ലയനവും കൂടുതല്‍ സ്വകാര്യ പങ്കാളിത്തവും ബാങ്കുകളുടെ ഉടമസ്ഥതയില്‍ നിന്ന് സര്‍ക്കാരിന്റെ പിന്‍വാങ്ങലുമാണ് ശുപാര്‍ശ ചെയ്തു വന്നിരുന്നത്. ബാങ്കുകള്‍ സാമ്പത്തിക സേവനകേന്ദ്രങ്ങള്‍ എന്നതില്‍ നിന്ന് മാറി ലാഭം മാത്രം ലക്ഷ്യമാക്കുന്ന ബിസിനസ് സ്ഥാപനങ്ങളിയി മാറ്റുക എന്നതാണ് വിവക്ഷ. നാലോ അഞ്ചോ വലിയ ബാങ്കുകള്‍ രാജ്യത്ത് മതി എന്നതാണ് വാദം. ഇതില്‍ കോണ്‍ഗ്രസ്, ബി.ജെ.പി. സര്‍ക്കാരുകളുടെ നിലപാടുകള്‍ എന്നും സമാനമായിരുന്നു. പൊതുമേഖലയില്‍ നിലനില്ക്കുന്ന മൂലധനവും നിക്ഷേപവും സ്വകാര്യ-കുത്തക മുതലാളിമാര്‍ക്ക് യഥേഷ്ടം കൈയാളാന്‍ തുറന്നു നല്കുക എന്നതാണ് ഈ ആവശ്യത്തിന്റെ അപ്രഖ്യാപിത ലക്ഷ്യം. 1969 ലെ ഐതിഹാസികമായ ബാങ്ക് ദേശസാത്കരണത്തിന്റെ ഗുണഫലങ്ങളെ അടച്ച് നിരാകരിക്കുന്ന ഈ നിര്‍ദ്ദേശം, പൊതുജനങ്ങളുടെയും, പ്രത്യേകിച്ച് ജീവനക്കാരുടെയും കടുത്ത എതിര്‍പ്പ് കാരണം ദീര്‍ഘകാലം ധനമന്ത്രാലയത്തിലെ അലമാരകളില്‍ പൊടി പിടിച്ച് കിടക്കുകയായിരുന്നു.

2008-09 കാലത്ത്, എസ്.ബി.ഐ.യുടെ അസോസിയേറ്റുകളായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോര്‍ എന്നിവയെ മാതൃബാങ്കില്‍ ലയിപ്പിച്ചതാണ് ഈ ദിശയില്‍ ആദ്യമുണ്ടായ നടപടി. ഉദ്ദേശിച്ച ഗുണഫലങ്ങള്‍ ഈ ലയനം കൈവരിച്ചില്ല എന്നു മാത്രമല്ല, ഇടപാടുകാരുടെ ഗണ്യമായ ഭാഗം പുതിയ ബാങ്ക് ഉപേക്ഷിക്കുകയും ചെയ്തു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ഒരേ പോലെ വിമര്‍ശനം ഏറ്റു വാങ്ങിയ, പരാജയപ്പെട്ട ഈ ലയനത്തിനു ശേഷം വീണ്ടും ലയന അജണ്ട ദീര്‍ഘകാലം മരവിപ്പിലായിരുന്നു. രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ അവസാനകാലം മുതല്‍ ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങളും പരിഷ്‌കാരങ്ങളും മൂലം പൊതുവില്‍ നമ്മുടെ സാമ്പത്തിക രംഗത്തിന്റെയും വിശിഷ്യ ബാങ്കുകളുടെയും ആരോഗ്യം കൂടുതല്‍ പരുങ്ങലിലായിക്കൊണ്ടിരുന്നു. നിലവിലെ എന്‍.ഡി.എ. സര്‍ക്കാരിനും ഈ രംഗത്ത് കാര്യമായ തിരുത്തല്‍ കൊണ്ടു വരാന്‍ കഴിഞ്ഞില്ല. വന്‍കിടക്കാരുടെ ബാധ്യതകള്‍ എഴുതിത്തള്ളിയും മനപൂര്‍വം കുടിശ്ശിക വരുത്തിയ വമ്പന്‍മാര്‍ക്കെതിരെ സമയത്ത് നടപടി എടുക്കാതെയുമുള്ള സര്‍ക്കാര്‍ സമീപനം സ്ഥിതി ഗുരുതരമാക്കി. നോട്ട് നിരോധനവും തജ്ജന്യമായ സാമ്പത്തിക വളര്‍ച്ചാ മുരടിപ്പും ഈ തകര്‍ച്ചയ്ക്ക് വീണ്ടും ആക്കം കൂട്ടി.

ബാങ്ക് പണിമുടക്കിന്റെ കാണാപ്പുറങ്ങള്‍

ഇതിനിടെയാണ് സര്‍ക്കാര്‍ എസ്.ബി.ഐ.യുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും ബലമായി 2017 ല്‍ എസ്.ബി.ഐ.യില്‍ ലയിപ്പിച്ചത്. കേരളത്തിന്റെ സ്വന്തം ബാങ്കായിരുന്ന എസ്.ബി.ടി. ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകള്‍ അതാത് പ്രദേശങ്ങളില്‍ ശക്തമായ സ്വാധീനവും സ്വീകാര്യതയും തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയും ആസ്തികളും ഉള്ളവയായിരുന്നു. പ്രാദേശികമായി ഉണ്ടായ വലിയ ജനകീയ പ്രക്ഷോഭങ്ങളും എതിര്‍പ്പുകളും അവഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ലയനം അടിച്ചേല്‍പ്പിച്ചത്. ആഗോള തലത്തില്‍ എണ്ണപ്പെടുന്ന ബാങ്കായി എസ്.ബി.ഐ.യെ മാറ്റുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ നടന്ന ലയനത്തിനു ശേഷവും ആദ്യത്തെ 50 ബാങ്കുകളുടെ പട്ടികയില്‍ എസ്.ബി.ഐ.ക്ക് കടക്കാനായിട്ടില്ല. ലയനം വിഭാവനം ചെയ്ത ഗുണഫലങ്ങള്‍ ഒന്നും തന്നെ ഇനിയും ദൃശ്യമായിട്ടില്ല എന്ന് മാത്രമല്ല രാജ്യത്തിനും ജനങ്ങള്‍ക്കും ആശങ്കയ്ക്ക് കാരണമായേക്കാവുന്ന നിരവധി ദുരന്ത ഫലങ്ങളാണ് ഈ ലയനം കൊണ്ടു വന്നത്.

ലയനാനന്തരം, ചരിത്രത്തിലാദ്യമായി എസ്.ബി.ഐ. 6547 കോടി രൂപ വാര്‍ഷിക അറ്റനഷ്ടം രേഖപ്പെടുത്തി. കിട്ടാക്കടം മുന്‍വര്‍ഷം ഒരു ലക്ഷത്തി പന്ത്രണ്ടായിരം കോടി രൂപ ആയിരുന്നത് രണ്ടു ലക്ഷത്തി ഇരുപത്തിമൂവായിരം കോടിയായി ഉയര്‍ന്നു. ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ പിന്‍വലിക്കപ്പെട്ടു. ആയിരക്കണക്കിന് ശാഖകള്‍ പൂട്ടി. നിലവിലുണ്ടായിരുന്ന ജോലികളുടെയും പ്രത്യക്ഷമായും പരോക്ഷമായുമുള്ള പുതിയ തൊഴിലവസരങ്ങളുടേയും കൂടി നഷ്ടം കണക്കാക്കിയാല്‍ അത് പതിനായിരക്കണക്കിലാവും. മിനിമം ബാലന്‍സ് നിബന്ധനകളും സര്‍വീസ് ചാര്‍ജുകളും കുത്തനേ കൂടി. ഇടപാടുകര്‍ക്ക് ലഭിക്കുന്ന സേവനത്തിന്റെ നിലവാരത്തില്‍ ഗുണപരമായ ഇടിവുണ്ടായി എന്ന് പരക്കെ വിമര്‍ശനം ഉയരുന്നു. സേവിംഗ്‌സ് പലിശ നിരക്കുകള്‍ കുറച്ചു. നിക്ഷേപത്തിലും വായ്പാ വിതരണത്തിലും പ്രതീക്ഷിക്കുന്ന വളര്‍ച്ച കൈവരിക്കാനാവുന്നില്ല. പ്രാദേശികമായി, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ നിക്ഷേപ-വായ്പാ അനുപാതം ഗണ്യമായി കുറഞ്ഞു. മുന്‍ഗണനാ മേഖലകള്‍ക്ക് വായ്പാ ലഭ്യതയില്‍ പുരോഗതി ഉണ്ടായില്ല. ലയനത്തിനിരയായ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ വേറേയും.

ലയനം നല്കിയ പാഠങ്ങള്‍ ഇതൊക്കയാണെങ്കിലും, ‘കിട്ടാക്കടം’ എന്ന കൊടുംവിപത്ത് ക്രമേണ ഉഗ്രരൂപം പൂണ്ട് നമ്മുടെ ബാങ്കുകളെ വിഴുങ്ങും എന്ന സാഹചര്യത്തില്‍ എത്തി നില്ക്കുമ്പോഴാണ് സര്‍ക്കാര്‍ വിഷയം മാറ്റാനായി വീണ്ടും ലയന അജണ്ട പൊടി തട്ടി എടുക്കുന്നത്. മുന്‍പ് നടന്ന ലയനങ്ങളുടെ ഫലങ്ങള്‍ പഠിക്കാനോ അവലോകനം ചെയ്യാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ലയനം ഇന്ന് ബാങ്കുകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമേയല്ല എന്നത് ഇതിനകം വ്യക്തമായിക്കഴിഞ്ഞുവെങ്കിലും ഇപ്പോള്‍ ലയനവുമായി മുന്നോട്ടു പോകുന്നത് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് തത്കാലം പൊതുശ്രദ്ധ തിരിച്ചു വിടാന്‍ മാത്രമാണ്. ബാങ്കുകളെ ശക്തിപ്പെടുത്താനാവശ്യമായ മൂലധനം നല്കുക, കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ കര്‍ശന നടപടികള്‍ എടുക്കുക, മനപൂര്‍വം വായ്പാക്കുടിശ്ശിക വരുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുക, വന്‍കിട വായ്പാക്കുടിശ്ശികകള്‍ വീണ്ടെടുക്കാനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കുക തുടങ്ങി നിരവധി ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് മുമ്പിലുണ്ടെങ്കിലും ഒന്നും പ്രായോഗിക തലത്തില്‍ എത്തിയിട്ടില്ല.

ലയനങ്ങള്‍ ബാങ്കുകളുടെ നടത്തിപ്പ് ചിലവുകള്‍ കുറയ്ക്കാന്‍ സഹായിക്കും, അതു വഴി ലാഭം കൂട്ടാം എന്ന വാദമാണ് പ്രധാനമായും സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരം ചിലവുകളല്ല ബാങ്കുകളെ നഷ്ടത്തിലാക്കിയിരിക്കുന്നത്. 2018 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ നമ്മുടെ പൊതുമേഖലാ ബാങ്കുകള്‍ 1,55,000 കോടി രൂപാ പ്രവര്‍ത്തന ലാഭം രേഖപ്പെടുത്തിയിരുന്നു. ഇത് 85000 കോടി അറ്റ നഷ്ടമായി മാറിയത് 2,40,000 കോടി കിട്ടാക്കടങ്ങള്‍ക്കായി നീക്കി വച്ചതു കൊണ്ട് മാത്രമാണ്. ലയനം നേരിടുന്ന വിജയാ ബാങ്ക് കഴിഞ്ഞ വര്‍ഷം സ്വന്തമായി 5001 കോടി പ്രവര്‍ത്തനലാഭവും 1259 കോടി രൂപാ അറ്റലാഭവും നേടിയ ബാങ്കാണ്.

ലയനങ്ങള്‍ വ്യാപകമായി ശാഖകളുടെ അടച്ചു പൂട്ടലിന് കാരണമാകും. ഒരു ബാങ്ക് ശാഖ പോലുമില്ലാത്ത ആയിരക്കണക്കിന് ഗ്രാമങ്ങളും ഒരു ബാങ്കിംഗ് സേവനവും ലഭ്യമാകാത്ത കോടിക്കണക്കിന് ജനങ്ങളുമുള്ള നമ്മുടെ രാജ്യത്ത് ഇന്നിന്റെ ആവശ്യം, ബാങ്കിംഗ് ശൃംഖലയുടെ വികസനമാണ്. സര്‍ക്കാര്‍ പാവപ്പെട്ടവരുടെ സാമ്പത്തിക ഉള്‍ക്കൊള്ളലിനായി നടപ്പിലാക്കിയ ജന്‍ ധന്‍ യോജന പോലുള്ള പദ്ധതികള്‍, അര്‍ത്ഥപൂര്‍ണ്ണമായി നടപ്പിലാക്കി വിജയിപ്പിച്ചതും ഇതേ പൊതുമേഖലാ ബാങ്കുകളാണ്. ലാഭം മാത്രം ലക്ഷ്യമാക്കാതെ, ജനാഭിമുഖ്യ ബാങ്കിംഗ് പരിപാടികള്‍ ഏറ്റെടുക്കാനും താരതമ്യേന ചിലവു കുറഞ്ഞ സേവനങ്ങള്‍ ലഭ്യമാക്കാനും പൊതുമേഖലാ ബാങ്കുകളുടെ ഗ്രാമഗ്രാമാന്തരങ്ങളിലുള്ള സാന്നിധ്യത്തിനേ കഴിയൂ.

വിജയ് മല്യയുടെ കടം എഴുതിത്തള്ളുന്ന ബാങ്ക് ലക്ഷംവീട് കോളനിയിലെ ഹമീദാ ബീവിയുടെ പെന്‍ഷന്‍ കാശ് കൊള്ളയടിക്കുന്നു

വന്‍കിട പദ്ധതികള്‍ക്ക് വമ്പന്‍ ലോണുകള്‍ നല്കാന്‍ കഴിവുള്ള വലിയ ബാങ്കുകളെ സൃഷ്ടിക്കുക എന്നതും ലയനത്തിന്റെ ഒരു ലക്ഷ്യമാണ്. വായ്പകളുടെ വലിപ്പം കൂടുന്തോറും അതിലടങ്ങിയിരിക്കുന്ന അപകടസാധ്യതയും കൂടും എന്നത് സത്യമാണ്. വന്‍കിട വായ്പകളുടെ തകര്‍ച്ച മൂലം നിലനില്പ് തന്നെ അപകടത്തിലായിരിക്കുന്ന ബാങ്കുകളെ, ഇനിയും കൂടുതല്‍ വലിയ വായ്പകള്‍ നല്കാന്‍ പരുവപ്പെടുത്താനാണ് ലയനം എന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല.

ബാങ്കുകളുടെ സ്ഥിരതയും വലിപ്പവും തമ്മില്‍ ബന്ധമുണ്ട് എന്നതും അംഗീകരിക്കാനാവുന്നതല്ല. വലിപ്പം ബാങ്കുകളുടെ സ്ഥിരത നിര്‍ണ്ണയിക്കുന്ന നിരവധി ഘടകങ്ങളില്‍ തുലോം അപ്രസക്തമായ ഒന്നു മാത്രമാണ്. ഫലപ്രദമായ ഭരണ നിര്‍വ്വഹണവും ഭേദപ്പെട്ട മേല്‍നോട്ടവും സാധ്യമാവുന്നത് താതമ്യേന ചെറിയ ബാങ്കുകളിലാണ്. കിട്ടാക്കടങ്ങളുടെയായാലും, തട്ടിപ്പുകളുടെയായാലും വലിപ്പവും ബാങ്കുകളുടെ വലിപ്പത്തിനനുസരിച്ച് ആനുപാതികമായി കൂടാനാണ് സാധ്യത. ലയന പ്രക്രിയയുടെ നൂലാമാലകള്‍ക്കിടയില്‍ കിട്ടാക്കടം പോലുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ കുറെക്കാലത്തേക്കെങ്കിലും വിസ്മൃതിയിലാവുന്നതും ഇന്നത്തെ സ്ഥിതിയില്‍ ബാങ്കുകള്‍ക്ക് താങ്ങാനാവില്ല.

ലയനങ്ങള്‍ നിലവിലുള്ള ജീവനക്കാരുടെ ജോലി സ്ഥിരതയെയും പ്രതികൂലമായി ബാധിക്കും. ശാഖകളും ഓഫീസുകളും പൂട്ടുന്നതും ഏകീകരിക്കുന്നതും വഴി, ജീവനക്കാരുടെ എണ്ണം ആവശ്യത്തിലധികമാകുന്നത് പിരിച്ചു വിടലിനും അകാരണമായ സ്ഥലം മാറ്റങ്ങള്‍ക്കും കാരണമാകും. തൊഴിലില്ലായ്മ പെരുകുകയും സ്ഥിരം ജോലി അന്യമായിക്കൊണ്ടുമിരിക്കുന്ന നമ്മുടെ രാജ്യത്ത്, ലക്ഷക്കണക്കിന് സുരക്ഷിത തൊഴിലവസരങ്ങളാണ് ബാങ്കിംഗ് മേഖലയില്‍ പരിഷ്‌കാരങ്ങള്‍ വഴി നഷ്ടമാകാന്‍ പോകുന്നത്.

ദേശസാത്കരണം മുതല്‍ ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ നിലനില്ക്കുന്ന പൊതുമേഖലാ ബാങ്കുകളുടെ സ്വാധീനം നഷ്ടപ്പെടാനും സ്വകാര്യ ബാങ്കുകളുടെ കടന്നുകയറ്റത്തിനും ലയനങ്ങള്‍ കാരണമാകും. ഇത് ബാങ്കിംഗ് സേവനങ്ങള്‍ ചിലവേറിയതും സാധാരണക്കാര്‍ക്ക് അപ്രാപ്യവുമാക്കിത്തീര്‍ക്കും. നമ്മുടെ രാജ്യത്തെ സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകള്‍ നേരിടുന്ന സ്ഥിരതയുടെയും കിട്ടാക്കടത്തിന്റെയും തട്ടിപ്പുകളുടെയും പ്രശ്‌നങ്ങളില്‍ നിന്ന് ഒട്ടും സുരക്ഷിതമല്ല എന്നതും ശ്രദ്ധേയമാണ്.

ചുരുക്കത്തില്‍, നോട്ട് നിരോധനവും ജി.എസ്.റ്റി.യുമൊക്ക പോലെ പ്രത്യക്ഷത്തില്‍ മഹത്തായി തോന്നുന്ന പ്രഖ്യാപിത ലക്ഷ്യങ്ങളുമായാണ് സര്‍ക്കാര്‍ ബാങ്ക് ലയന പദ്ധതിയും പൊതുസമക്ഷം അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മതിയായ മുന്നൊരുക്കങ്ങളില്ലാതെ, ഇന്ത്യന്‍ ബാങ്കിംഗിന്റെ അടിസ്ഥാനമായ പൊതുമേഖലാ ബാങ്കിംഗ് സംവിധാനത്തെ അസ്ഥിരപ്പെടുത്തുന്നതിന്റെ ദൂഷ്യഫലങ്ങള്‍ ദൂരവ്യാപകമാവും എന്നതാണ് വസ്തുത. അതിന്റെ ഭാരവും ആത്യന്തികമായി സാധാരണക്കാരന്റെ മേലാവും വന്ന് പതിക്കുക.

എസ്ബിടി ലയനം; മൂലധനശക്തികള്‍ക്കു പിടിമുറുക്കാനുള്ള തന്ത്രം; വി എസ്

സന്തോഷ് സെബാസ്റ്റ്യന്‍

സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ ജീവനക്കാരനും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനുമാണ്

More Posts

This post was last modified on December 25, 2018 12:30 pm