UPDATES

വിപണി/സാമ്പത്തികം

നഗരങ്ങളില്‍ മുഴുവന്‍ സമ്പൂര്‍ണ സിസിടിവി സുരക്ഷാ വലയം ;’ സെക്യൂര്‍ അവര്‍ സിറ്റി ‘പദ്ധതിയുമായി സെക്യൂര്‍ കാം

പദ്ധതിയുടെ ഭാഗമായി അഞ്ചില്‍ ഓരോ ഇന്ത്യന്‍ നഗരങ്ങളിലും കുറഞ്ഞത് 10,000 സി സി ടി വി കാമറകള്‍ സൗജന്യമായി നല്‍കും. പരമാവധി 30 ദിവസം വരെയുള്ള ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്ന എട്ടു ചാനലുള്ള ഹൈ ഡെഫനിഷന്‍ കാമറ യൂണിറ്റാണ് നല്‍കുന്നത്

യു എ ഇ ആസ്ഥാനമായ സെക്യൂരിറ്റി സര്‍വൈലന്‍സ്, ഐ ടി സൊല്യൂഷന്‍സ് കമ്പനിയായ സെക്യൂര്‍ കാമാം തങ്ങളുടെ ‘ സെക്യൂര്‍ അവര്‍ സിറ്റി ‘ എന്ന ആഗോള ക്യാമ്പയിന് തുടക്കം കുറിച്ചു. ഇന്ത്യന്‍ നഗരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യം വച്ചുള്ള ഈ പദ്ധതിയില്‍ ഏതാണ്ട് 200 കോടി രൂപ ചിലവഴിക്കും എന്നാണ് സൂചന. 2025 ഓടെ ലോകത്തെ 150 ഓളം രാജ്യങ്ങളിലെ ഓരോ നഗരത്തെയെങ്കിലും സമ്പൂര്‍ണ സി സി ടി വി സുരക്ഷാ വലയത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘സെക്യൂര്‍ അവര്‍ സിറ്റി’ അഥവാ ‘നമ്മുടെ നഗരങ്ങളെ സുരക്ഷിതമാക്കുക’ എന്ന ആഗോള സുരക്ഷാ കാമ്പയിന് കമ്പനി തുടക്കം കുറിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഓരോ നഗരത്തിലും 10,000 ത്തോളം കാമറകള്‍ സ്ഥാപിക്കും. ഏതാണ്ട് 1.5 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ കമ്പനിയുടെ പ്രവര്‍ത്തനം സെക്യൂര്‍ കാം ഇന്ത്യ എന്ന പേരിലാണ്.ഇതിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലും വ്യാപിപ്പിക്കുന്നതിന് ചുവടുപിടിച്ചാണ് കമ്പനിയുടെ കൊച്ചി ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കൊച്ചിക്കു പുറമെ ബെംഗളൂരുവിലും കമ്പനി ഓഫീസ് തുറന്നിട്ടുണ്ട്. യു എ ഇ ആസ്ഥാനമായ കമ്പനിയെ നയിക്കുന്നത് പ്രവാസി മലയാളിയായ റിജോയ് തോമസാണ്. കൊച്ചി നഗരം സ്വാഭാവികമായും ആദ്യ പരിഗണനയില്‍ തന്നെ ഉണ്ടായിരുന്നതായി സെക്യൂര്‍ കാം ചെയര്‍മാനും സി ഇ ഒ യുമായ റിജോയ് തോമസ് പറഞ്ഞു. ‘ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചുള്ള സെക്യൂര്‍ കാമിന്റെ പ്രവര്‍ത്തനങ്ങള്‍ പടിപടിയായി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും. താമസിയാതെ രാജ്യത്തിന്റെ നാലു വിദൂര കോണുകളിലും കമ്പനിയുടെ സജീവമായ സാന്നിധ്യം ഉണ്ടാകും,’ അദ്ദേഹം വ്യക്തമാക്കി.

ഐ ടി മേഖലയില്‍ ത്വരിതഗതിയിലുള്ള മുന്നേറ്റം രേഖപ്പെടുത്തുന്ന ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനെപ്പറ്റി വിശദീകരിച്ച അദ്ദേഹം സെക്യൂര്‍ കാമിന്റെ സാധ്യതകളെപ്പറ്റി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ‘അടുത്ത മൂന്നു വര്‍ഷത്തിനകം സര്‍വീലന്‍സ് കാമറ വ്യവസായം ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്തും. 15 മുതല്‍ 20 ശതമാനം വരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ നിര്‍ണായക പങ്കാണ് കമ്പനിക്ക് വഹിക്കാനുള്ളത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയടക്കമുള്ള പുതിയ വിപണികള്‍ കീഴടക്കാനാവും വിധത്തില്‍, സ്വന്തമായി വികസിപ്പിച്ചെടുത്ത നൂതന ബ്രാന്‍ഡഡ് ഉല്പന്നങ്ങള്‍ താമസിയാതെ കമ്പനി അവതരിപ്പിക്കും. ഇന്ത്യയില്‍ മാത്രം 20000 കോടി രൂപയ്ക്ക് മുകളിലുള്ള വിപണിയാണ് തങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നതെന്നും 2019 അവസാനത്തോടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ സെക്യൂര്‍ കാം ചുവടുറപ്പിക്കുമെന്നും റിജോയ് തോമസ് പറയുന്നു. ആഗോള തലത്തില്‍ 1.5 മില്യണ്‍ കെട്ടിടങ്ങള്‍ക്ക് സൗജന്യ സി സി ടി വി സുരക്ഷ നല്‍കാനുള്ള വിപുലമായ പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചിട്ടുണ്ട്. ദുബായില്‍ വെച്ചണ് കഴിഞ്ഞ ഒക്ടോബറില്‍ പദ്ധതിയുടെ ലോഞ്ചിങ് നടന്നത്. ഒന്നാം ഘട്ടത്തില്‍ ഇന്ത്യയുള്‍പ്പെടെ 13 രാജ്യങ്ങളില്‍ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയില്‍ പദ്ധതി നടപ്പിലാക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് സെക്യൂര്‍ കാം സി ഒ ഒ എമില്‍ ജോസ് പറഞ്ഞു. ‘ഘട്ടം ഘട്ടമായി അഞ്ചു നഗരങ്ങളിലാണ് സെക്യൂര്‍ ഔര്‍ സിറ്റി പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ നഗരം ഏതെന്ന് ജൂണില്‍ പ്രഖ്യാപിക്കും. പദ്ധതിയുടെ ഭാഗമാവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് securecam.org ല്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഏറ്റവുമധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്ത നഗരത്തിനാവും മുന്‍ഗണന നല്‍കുന്നത്,’ എമില്‍ വ്യക്തമാക്കി.

ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നഗര സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആവുമെന്നും, നഗരങ്ങളുടെ സുരക്ഷിതത്വം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നുമുള്ളപ്രചരണത്തിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നഗരങ്ങളിലെ സാമ്പത്തിക വളര്‍ച്ചയെ പിറകോട്ടടിപ്പിക്കുന്ന ഒരു ഘടകം കുറ്റകൃത്യങ്ങളിലെ വര്‍ധനവാണ്. ഇക്കാര്യത്തില്‍ യു എ ഇ ഒരു മാതൃകാ രാജ്യമാണ്. പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്താല്‍ എമിറേറ്റ്‌സിന്റെ ക്രമസമാധാന ചുമതലയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം ഒരു ആഗോള കാമ്പയിന് തുടക്കം കുറിക്കാന്‍ പ്രചോദനമായത് യു എ ഇ അനുഭവങ്ങളാണ്,’ യു എ ഇ പൗരനും വ്യാപാര പങ്കാളിയും സെക്യൂര്‍ കാം ഐ ടി സൊല്യൂഷന്‍സ് വിഭാഗം മാനേജിങ് ഡയറക്ടറുമായ അഹ്മദ് സരൂര്‍ അല്‍ മരാര്‍ വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി അഞ്ചില്‍ ഓരോ ഇന്ത്യന്‍ നഗരങ്ങളിലും കുറഞ്ഞത് 10,000 സി സി ടി വി കാമറകള്‍ സൗജന്യമായി നല്‍കും. പരമാവധി 30 ദിവസം വരെയുള്ള ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്ന എട്ടു ചാനലുള്ള ഹൈ ഡെഫനിഷന്‍ കാമറ യൂണിറ്റാണ് നല്‍കുന്നത്. നിലവിലുള്ള സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നഗരസുരക്ഷ ഉറപ്പാക്കുകയും പൗരന്മാര്‍ക്ക് സമാധാന ജീവിതം കൈവരുത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിജോയ് പറഞ്ഞു. തുടക്കത്തില്‍ ഓരോ രാജ്യത്തും ഓരോ നഗരം എന്ന നിലയില്‍ ഇത് പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍