X

സാംസങിനെ സിയോമി തോല്‍പ്പിച്ചു; അവസാനിച്ചത് ആറു വര്‍ഷത്തെ ഇന്ത്യന്‍ മേധാവിത്വം

2017 വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഇന്ത്യന്‍ കമ്പോളത്തിന്റെ 25 ശതമാനം വിഹിതവും സിയോമി നേടി

കൊറിയന്‍ കമ്പനിയായ സാംസങിന് ഇന്ത്യന്‍ മൊബൈല്‍ കമ്പോളത്തിലുണ്ടായിരുന്ന ആറു വര്‍ഷത്തെ മേധാവിത്വം അവസാനിപ്പിച്ചുകൊണ്ട് ചൈനീസ് കമ്പനിയായ സിയോമി ഒന്നാം സ്ഥാനം കരസ്ഥമാക്കി. എന്നാല്‍ തങ്ങളാണ് ഇന്ത്യയിലെ ഒന്നാമത്തെ മൊബൈല്‍ വ്യാപാരികളെന്ന് സാംസങ് അവകാശപ്പെട്ടു. സാമ്പത്തിക വര്‍ഷത്തിന്റെ ഡിസംബറില്‍ അവസാനിച്ച പാദത്തിലാണ് സാംസങിനെ സിയോമി കടത്തിവെട്ടിയതെന്നാണ് കനാലിസ് ആന്റ് കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

2017 വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഇന്ത്യന്‍ കമ്പോളത്തിന്റെ 25 ശതമാനം വിഹിതവും സിയോമി നേടിയതായാണ് കണക്ക്. മുന്‍ വര്‍ഷത്തില്‍ ഇതേ പാദത്തില്‍ ഉണ്ടായതിനെക്കാള്‍ വില്‍പനയില്‍ ഏഴ് ശതമാനം വര്‍ദ്ധനയാണ് കമ്പനിയുടെ ഉല്‍പന്നങ്ങള്‍ നേടിയെടുത്തത്. എന്നാല്‍ മുന്‍ വര്‍ഷത്തെ 24 ശതമാനത്തില്‍ നിന്നും സാംസങ് മൊബൈലുകളുടെ കച്ചവടം 23 ശതമാനമായി ഇടിഞ്ഞു. ലെനോവ, വിവ, ഓപ്പോ എന്നീ കമ്പനികളാണ് ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്. എന്നാല്‍ 2017 വര്‍ഷത്തെ മൊത്തം കണക്കെടുത്താല്‍ 24 ശതമാനം കമ്പോളവിഹിതവുമായി സാംസങ് തന്നെയാണ് മുന്നില്‍. പത്തൊമ്പത് ശതമാനം വിഹിതമുള്ള സിയോമി രണ്ടാം സ്ഥാനത്തെത്തി.

എന്നാല്‍ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വമ്പിച്ച വിലക്കുറവുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് തങ്ങളുടെ കമ്പോളവിഹിതം ഫലപ്രദമായി വര്‍ദ്ധിപ്പിക്കാന്‍ സിയോമിക്ക് സാധിച്ചതായി കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ അസോസിയേറ്റ് ഡയറക്ടര്‍ തരുണ്‍ പഥക് പറഞ്ഞു. 2017 അവസാനത്തോടെ ശക്തമായ സന്ദേശമാണ് സിയോമി എതിരാളികള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും പഥക് വ്യക്തമാക്കി. പ്രതിവര്‍ഷം 259 ശതമാനമാണ് കമ്പനിയുടെ വളര്‍ച്ച. 2017ല്‍ ഏറ്റവും കൂടുതല്‍ വിറ്റ സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടികയില്‍ സിയോമിയുടെ മൂന്ന് മോഡലുകളുണ്ട്. ആദ്യത്തെ പത്ത് മോഡലുകളില്‍ സാംസങ് മോഡലുകളാണ് ഏറ്റവും കൂടുതല്‍ വിറ്റുപോയത്. എന്നാല്‍ വര്‍ഷത്തിന്റെ നാലാം പാദത്തില്‍ സിയോമിയുടെ 8.2 ദശലക്ഷം ഫോണുകള്‍ വിറ്റുപോയപ്പോള്‍ സാംസങിന്റെ 7.3 ദശലക്ഷം ഫോണുകള്‍ മാത്രമാണ് ഇന്ത്യന്‍ കമ്പോളത്തില്‍ വിറ്റഴിച്ചത്.