X

അരുവിക്കരയിലെ പടുകുഴികള്‍; ആര് വീഴും? ആര് വാഴും?

കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനാണെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കിക്കൊണ്ടാണ് അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചത്. അരുവിക്കര നിയമസഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടകനായി ആദ്യം അംഗീകരിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്തതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ വി എസ് പിന്നീട് ഇടതുമുന്നണിയുടെ  അനിവാര്യ നേതൃസാന്നിദ്ധ്യമായി. ഈ തിരഞ്ഞെടുപ്പിലെ അജണ്ട നിശ്ചയിച്ചതും വി എസ് ആണ്. യു ഡി എഫ് സര്‍ക്കാരിന് ‘എപ്‌ളസ്’ നല്‍കിയ എ കെ ആന്റണിയോട് ‘ഒരാഴ്ച മുമ്പ് അഴിമതിയെക്കുറിച്ച് പറഞ്ഞത് മറന്നുപോയോ’ എന്നുചോദിച്ച് സംസ്ഥാന സര്‍ക്കാരിന് സരിതാനായരുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് വി എസ്  പരിഹസിച്ചപ്പോള്‍ യു ഡി എഫിന് ഉത്തരം മുട്ടി. രണ്ടാംവരവില്‍, ‘പ്രതിപക്ഷനേതൃസ്ഥാനത്തിനുവേണ്ടി  വി എസ് പാര്‍ട്ടിക്കു കീഴടങ്ങി പഴയതെല്ലാം മറന്നു’ എന്നുകളിയാക്കിയ ആന്റണിക്ക് ‘അഴിമതിയുടെ ആറാട്ടിനമുമ്പില്‍ വിളക്കുതെളിക്കുന്ന ആറാട്ടുമുണ്ടനാണ് ആന്റണി’യെന്ന കുറിക്കുകൊള്ളുന്ന പരിഹാസമായിരുന്നു മറുപടി.’അറുക്കാന്‍ കൊണ്ടുനിര്‍ത്തിയിരിക്കുന്ന ആടാണ്’  വി എസ് എന്നു പരിഹസിച്ച കെ പി സി സി പ്രസിഡന്റ് വി എം സുധീരനെ ‘കേരളത്തെ കശാപ്പുചെയ്യാന്‍ കൊണ്ടുനിര്‍ത്തിയിരിക്കുന്ന ഇറച്ചിക്കടക്കാരനാണ് ‘ എന്ന് തിരിച്ചടിക്കുകയായിരുന്നു വി എസ്. അതോടെ മൊഴിമുട്ടിയ യു ഡി എഫ് നേതൃത്വം ആന്റണിയെ അപമാനിച്ചു എന്നുപറഞ്ഞ് രംഗത്തിറങ്ങിയിട്ടുണ്ട്. പ്രചാരണം അവസാനിക്കുന്നതിന്റെ തലേന്ന് വി എസ് ഇല്ലായെങ്കിലും കുഴപ്പമില്ലെന്ന നിലപാടില്‍ രംഗത്തിറങ്ങിയ എല്‍ ഡി എഫിന് യു ഡി എഫ് നേതാക്കള്‍ കളം നിറഞ്ഞതോടെ വീണ്ടും തൊണ്ണൂറുപിന്നിട്ട ജനകീയനേതാവിനെ അഭയം പ്രാപിക്കേണ്ടിവന്നു. അങ്ങനെ പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റോഡ്‌ഷോക്കെത്തിച്ച് വി എസ് ആണ് എല്‍ ഡി എഫിന്റെ മുഖ്യതാരം എന്ന് ഒരിക്കല്‍കൂടി പ്രഖ്യാപിച്ചു.

മറുവശത്ത് എ കെ ആന്റണിയെ ഇറക്കി തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യിപ്പിച്ച യു ഡി എഫിന്റെ പ്രചാരണത്തിന്റെ ചരടുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കൈകളിലായിരുന്നു. അരവിക്കരയുടെ ഭൂമിശാസ്ത്രം നന്നായറിയാവുന്ന, തന്റെ വിശ്വസ്തരായ തമ്പാനൂര്‍ രവിയേയും പാലോടു രവിയേയും ഉമ്മന്‍ചാണ്ടി ചുമതലകള്‍ ഏല്പിച്ചു. വി എസ് പ്രചാരണരംഗത്തിറങ്ങിയതോടെ പൊതുയോഗങ്ങളില്‍നിന്ന് മുഖ്യമന്ത്രി പിന്‍വലിഞ്ഞു. ബുദ്ധിപൂര്‍വ്വമായിരുന്നു അത്. മുഖ്യമന്ത്രിയുടെയും വി എസ്സിന്റെയും പൊതുയോഗങ്ങളിലെ ആള്‍ക്കൂട്ടം താരതമ്യം ചെയ്യപ്പെടുമെന്ന് ഉമ്മന്‍ചാണ്ടി തിരിച്ചറിഞ്ഞു. വി എസ്സിന്റെ പൊതുയോഗങ്ങളിലെ ആള്‍ക്കൂട്ടം തന്റെ പൊതുയോഗങ്ങള്‍ക്കുണ്ടാവില്ലെന്ന യാഥാര്‍ത്ഥ്യം അദ്ദേഹം ഉള്‍ക്കൊണ്ടു. അങ്ങനെയാണ് കുടുംബയോഗങ്ങളിലേക്ക് ഉമ്മന്‍ചാണ്ടി തിരിഞ്ഞത്. ആദിവാസിക്കുടിലും കപ്പതീറ്റയുമായി അത് പൊലിപ്പിച്ചെടുക്കാന്‍ മാദ്ധ്യമ ഭീമന്‍മാര്‍ കാത്തുകെട്ടിക്കിടക്കുകയാണല്ലോ. അങ്ങനെ പൊതുയോഗ താരതമ്യം എന്ന കടമ്പ മുഖ്യമന്ത്രി ഭംഗിയായി മറികടന്നു.

വികസനം ആയിരുന്നു യു ഡി എഫിന്റെ പ്രചാരണത്തിലെ തുറപ്പുചീട്ട്. 400 കോടി രൂപയുടെ വികസനം അരുവിക്കരയില്‍ നടന്നു എന്ന യു ഡി എഫ് അവകാശവാദം അവര്‍ക്കുതന്നെ വിനയായില്ലെങ്കില്‍ ഭാഗ്യം. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ മുതല്‍ ഒരു സര്‍ക്കാര്‍ കോളേജുപോലുമില്ലാത്ത മണ്ഡലം എന്നിങ്ങനെ പരാധീനതകള്‍ മാത്രമുള്ളിടത്താണ് വികസനത്തിന്റെ എഴുന്നള്ളത്തിനെക്കുറിച്ചുള്ള വായ്ത്താരി. അതിനുപുറമേയാണ് വിഴിഞ്ഞം യാഥാര്‍ത്ഥ്യമാവുന്നു എന്ന പ്രചാരണം. 5500 കോടി രൂപ മുടക്കുന്നത് സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകള്‍. അദാനി മുടക്കുന്നത് 2450 കോടി രൂപ. എന്നിട്ടും വരുമാനത്തിന്റെ 90 ശതമാനം അദാനിക്ക് പോവുന്നതെങ്ങനെ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല.

ബി ജെ പിക്ക് പ്രചാരണത്തിന് അവസാനം സുരേഷ്‌ഗോപിയെ ആശ്രയിക്കേണ്ടിവന്നു. ബി ജെ പിയുടെ കേരള നേതൃത്വവുമായ ഒട്ടും രസത്തിലല്ല സുരേഷ്‌ഗോപി. നരേന്ദ്രമോദിയുമായി നേരിട്ട് ബന്ധം സ്ഥാപിച്ച താന്‍ സംസ്ഥാന ബി ജെ പിയെക്കാള്‍ മുകളിലാണ് എന്ന നിലപാടിലാണ് താരം. ഒ  രാജഗോപാലിനെ ഏതെങ്കിലും സംസ്ഥാനത്ത് ഗവര്‍ണറാക്കാന്‍ പലവട്ടം ഇടപെടല്‍ നടത്തി പരാജയപ്പെട്ട സംസ്ഥാന നേതൃത്വത്തിന്റെ മുകളില്‍കൂടി സുരേഷ്‌ഗോപി എന്‍ എഫ് ഡി സി അദ്ധ്യക്ഷനാവുകയും ചെയ്തു. അരുവിക്കരയില്‍ ഒ രാജഗോപാല്‍ സ്ഥാനാര്‍ത്ഥിയാക്കിയതു മുതല്‍ അത്യദ്ധ്വാനം ചെയ്തുവന്ന സംസ്ഥാന നേതൃത്വം കേന്ദ്രമന്ത്രിമാരെയും സീരിയല്‍ താരങ്ങളെയും ഒക്കെ ഇറക്കിയെങ്കിലും എശാത്ത സാഹചര്യത്തിലാണ് സുരേഷ്‌ഗോപിയെ രംഗത്തിറക്കിയത്.

വി എസ് അച്യുതാനന്ദന്റെ അസംതൃപ്തി ആയിരുന്നു ഒ രാജഗോപാലിനെ രംഗത്തിറക്കുമ്പോള്‍ ബി ജെ പിയുടെ മനസ്സിലുണ്ടായിരുന്നത്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ വി എസ് ‘കരുണ’ ചൊരിയുകയും ചെയ്തു. ആ പ്രതീക്ഷ പക്ഷേ, അരുവിക്കരയില്‍ അസ്ഥാനത്തായിപ്പോയി. അരുവിക്കരയില്‍ എം വിജയകുമാറിനുവേണ്ടി വി എസ് പ്രായം മറന്ന് പൊരുതുകയായിരുന്നു.വി എസ് – പിണറായി പക്ഷ പോരിനെ തുടര്‍ന്ന് അരുവിക്കര മണ്ഡലത്തില്‍ സി പി എമ്മില്‍നിന്ന് പുറത്താക്കിയവരില്‍ വലിയൊരു വിഭാഗം അഭയം പ്രാപിച്ചത് ബി ജെ പിയിലായിരുന്നല്ലോ. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇവിടെ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് പഴയ സി പി എം പ്രാദേശികനേതാവാണ്. സി പി എമ്മില്‍നിന്ന് രാജിവച്ചാല്‍ ബി ജെ പിയിലേക്കും ബി ജെ പിയില്‍നിന്ന് മടുക്കുന്നവര്‍ക്ക് സി പി എമ്മിലേക്കും മാറാന്‍ കഴിയുന്ന തരത്തിലാണല്ലോ പുതിയകാല സമവാക്യങ്ങള്‍. ചുവപ്പും കാവിയും തമ്മിലുള്ള അകലം കുറയുന്നുവെന്നാണോ ഇതില്‍നിന്ന് മനസ്സിലാക്കേണ്ടതെന്ന ചോദ്യത്തിന് ഇനിയാണ് ഉത്തരം ലഭിക്കേണ്ടത്. ഒ രാജഗോപാലിനെ ഇനി അടുത്ത പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ കാണാമെന്ന് പരിഹസിച്ച്  വി എസ് രംഗത്തിറങ്ങിയെങ്കിലും ബി ജെ പി ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. വി എസ്സിനെതിരെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയം വീണ്ടും അച്ചടിച്ച് വീടുവീടാന്തരം കയറിയിറങ്ങുകയാണ്.

ഈ തിരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ വിജയിച്ചില്ലെങ്കില്‍ ഉറപ്പിക്കാം – കേരളവും ബംഗാളിന്റെ വഴിയേ തന്നെയാണ്. രണ്ടുമാസത്തിനുള്ളില്‍ വരാന്‍പോവുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, അടുത്തവര്‍ഷം ആദ്യം നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പിലും സി പി എമ്മിന്റെ പതനത്തിന്റെ തുടക്കമാവും അത്. കോണ്‍ഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ടിന് വിജയിച്ച മണ്ഡലം എന്ന ന്യായീകരണമെന്നും വിലപ്പോവില്ല. ഒരുകാലത്തും കേരളം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അഴിമതി – അശ്‌ളീലതകള്‍ അരങ്ങേറിയ ഒരു സര്‍ക്കാരിനെതിരെ ഒരു ഉപതിരഞ്ഞെടുപ്പിലും വിജയിക്കാനായില്ലെങ്കില്‍ ജനം ഈ പ്രസ്ഥാനത്തെ തിരസ്‌കരിച്ചു എന്ന് തിരിച്ചറിയേണ്ടിവരും.

എന്നാല്‍, എം വിജയകുമാര്‍ വിജയിച്ചാല്‍ ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞേ മതിയാവൂ. ഇതിനകം നേതൃമാറ്റ മുദ്രാവാക്യമുയര്‍ത്തിയ ഐ ഗ്രൂപ്പ് ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി അവരോധിക്കും. കെ എം മാണിയുടെ നില കൂടുതല്‍ പരിതാപകരമാവും. സി പി എം കൂടുതല്‍ കരുത്തോടെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. വി എസ്സിനെതിരായ അച്ചടക്കനടപടി ചില ശാസനകളിലൊതുങ്ങും. സമാനമായ ചില ശാസനകള്‍ സി പി എം സംസ്ഥാന നേതൃത്വത്തിനും കിട്ടുന്നതോടെ ഗോള്‍രഹിത സമനിലയില്‍ അടുത്ത തിരഞ്ഞെടുപ്പിലേക്ക് സി പി എമ്മിന് കടക്കാനാവുമെന്ന് പ്രവചിക്കാന്‍ പാഴൂര്‍ പടിപ്പുരയില്‍ കാത്തുകെട്ടി കിടക്കേണ്ടതില്ല. ബി ജെ പിക്ക് ഇക്കുറിയും നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാന്‍ നിര്‍വാഹമില്ല. തോല്‍ക്കുന്നത് കോണ്‍ഗ്രസ് ആയാലും സി പി എം ആയാലും അരുവിക്കരയില്‍ രണ്ടാമതെത്തിയില്ലെങ്കില്‍ ഇനി നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി പലേടത്തും ഒന്നാമതെത്തുമെന്നതും ഉറപ്പാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:

This post was last modified on December 15, 2016 11:39 pm