X

എന്തിനാണിങ്ങനെയൊരു വി സി? കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ചോദിക്കുന്നു

സുഫാദ് ഇ മുണ്ടക്കൈ

കാലിക്കറ്റ് യൂണിവേര്‍സിറ്റി ഇന്ന് വിവാദങ്ങളൂടെ പറുദീസയാണ്. യഥാര്‍ത്ഥത്തില്‍ ഉന്നതപഠന ഗവേഷണങ്ങളുടെ വിളനിലമാകേണ്ടുന്ന ഇടം, കാലികമായ സംവാദങ്ങളും ചര്‍ച്ചകളും കൊണ്ട് അഭിപ്രായ രൂപീകരണങ്ങളുടെ ഉറവയാകേണ്ടുന്ന ഇടം, രാജ്യത്ത് ജ്ഞാനവിപ്ലവങ്ങള്‍ക്ക് തിരി കൊളുത്തേണ്ടുന്ന ഇടം ഇന്ന് വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാമിന്റെ സ്വേച്ഛാധിപത്യ നടപടികള്‍ മൂലം അദ്ധ്യാപക-ഗവേഷക-വിദ്യാര്‍ത്ഥികളുടെ നിരന്തരമായ സമരങ്ങള്‍ക്ക് വേദിയായിരിക്കുകയാണ്. അശാസ്ത്രീയമായ ഭരണപരിഷ്‌കാരങ്ങളും ഏകാധിപത്യ നിലപാടുകളും ജനാധിപത്യ ശീലങ്ങളോടും പ്രതികരണങ്ങളോടുമുള്ള അസഹിഷ്ണുതയും കൊണ്ട് സിന്‍ഡിക്കേറ്റ് തന്നെ വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി എന്നത് ഒരു പക്ഷെ കേരളത്തിന്‍റെ വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരിക്കാം.

പുതുതായി അപേക്ഷിക്കുന്ന ഗവേഷക വിദ്യാര്‍ത്ഥികള്‍ ഫെലോഷിപ്പ് വേണ്ട എന്ന് എഴുതിക്കൊടുത്താല്‍ മാത്രം ഗവേഷണത്തിന് അനുമതികൊടുക്കുക, സമരക്കാരുടെ ഫെലോഷിപ്പ് ബില്ലുകള്‍ പാസാക്കാതിരിക്കുക, ഗവേഷണ ആവശ്യങ്ങള്‍ക്കുവേണ്ടി പുറത്തു പോകുമ്പോള്‍ ഗൈഡിന്റേയോ, ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡിന്റേയോ അനുമതിക്കുമപ്പുറം വൈസ് ചാന്‍സലറുടെ തന്നെ നേരിട്ടുള്ള സമ്മതം വേണം എന്ന കാര്‍ക്കശ്യം, രാത്രിസമയത്ത് ലൈബ്രറി പ്രവര്‍ത്തിക്കുമെങ്കില്‍ പോലും പെണ്‍കുട്ടികള്‍ ഇരുട്ടുന്നതിന് മുമ്പ് ഹോസ്റ്റലില്‍ കയറിയിരിക്കണം തുടങ്ങിയ തുഗ്ലക്ക് നയങ്ങള്‍ക്ക് ഒരറുതിയുമില്ലാത്ത അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് ഗവേഷക വിദ്യാര്‍ത്ഥികള്‍ രണ്ടാം വൈറ്റ് റോസ് വിപ്ലവത്തിന് തുടക്കം കുറിച്ചത്. 1942ല്‍ ജര്‍മ്മനിയിലെ മ്യുണിച്ച് സര്‍വ്വകലാശാലാവിദ്യാര്‍ത്ഥികള്‍ ഹിറ്റ്‌ലര്‍ക്കെതിരെ നടത്തിയ സമരമാണ് The White Rose എന്ന പേരില്‍ ചരിത്ര പ്രസിദ്ധമായത്. സമാനമായ അന്തരീക്ഷമായിരുന്നു കാലിക്കറ്റ് സര്‍വ്വകലാശാലയിലും. ദിവസങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍ ചില കാടന്‍ നിലപാടുകളിലെങ്കിലും വിട്ടുവീഴ്ചയാകാം എന്നു പറയുമ്പോഴും ഇത്തരം സമീപനങ്ങള്‍ ഇടതടവില്ലാതെ ഉടലെടുക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ആര് ഉത്തരം നല്‍കും? അക്കാദമിക്ക് കൗണ്‍സിലിനെയും ബോര്‍ഡ് ഓഫ് സ്റ്റഡീസിനെയും അദ്ധ്യാപകരേയും നോക്കുകുത്തിയാക്കിക്കൊണ്ട് ഫെലോഷിപ്പുകള്‍ക്കുവേണ്ടി വൈസ് ചാന്‍സലറെ അദ്ദേഹത്തിന്റെ ചേംബറില്‍ പോയി തൃപ്തിപ്പെടുത്തണം എന്നൊക്കെയുള്ള ബാലിശമായ അക്കാദമികാവസ്ഥ ഒരു സര്‍വ്വകലാശാലയില്‍ എന്തുകൊണ്ട് ഉണ്ടാവുന്നു?

ഗവേഷണത്തിനുള്ള യോഗ്യത പി ജിയില്‍ 55% മാര്‍ക്കില്‍ നിന്നും 50% ആക്കി കുറച്ച് ഗവേഷണത്തിന്റെ ഗൗരവം തന്നെ കുറച്ചതിന്റെ പിന്നിലെ കച്ചവടതാല്പര്യങ്ങള്‍ പകല്‍ പോലെ വ്യക്തമാണ്. തനിക്കെതിരെ പരാതി നല്‍കിയ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലര്‍ തനിക്കെതിരെയുള്ള പരാതിയില്‍ നടപടിയെടുത്ത ഗവര്‍ണ്ണര്‍ക്ക് ഫയല്‍ പഠിക്കാനറിയില്ലെന്ന് മാധ്യമ വിളമ്പരം നടത്തുകയും ചെയ്തു. ഐ ടി ആക്റ്റിനെതിരെ വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച കട്ടൗട്ട്  ‘തന്നെ മാത്രം’ ഉദ്ദേശിച്ചാണെന്ന വിശ്വവിഖ്യാതമായ കണ്ടെത്തല്‍ നടത്തി നടപടിയെടുത്ത വി സി സ്വയം പരിഹാസ്യനാവുകയായിരുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം 

അധ്യാപകന്‍റെ ആത്മഹത്യകൊണ്ട് വിവാദമായ മുന്നിയൂര്‍ സ്‌കൂളില്‍ നിന്ന് മറ്റൊരു അധ്യാപക പീഡനകഥ
ചൂരല്‍ വടികളില്‍ നിന്ന് അദ്ധ്യാപക കാടത്തം പട്ടിക്കൂടുകളിലേക്ക്
മിസ്റ്റര്‍ വിദ്യാഭ്യാസ മന്ത്രി, താങ്കള്‍ നഗ്നനാണ്
വിദ്യാർത്ഥികൾ പഠിപ്പു മുടക്കേണ്ട സമയം
പാഠപുസ്തകങ്ങള്‍ക്കും പാഠ്യപദ്ധതികള്‍ക്കുമപ്പുറം ഒരധ്യാപകന്‍റെ ജീവിതം

സര്‍വ്വകലാശാലയിലെ പി ജി-ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി വ്യായാമ മുറകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു എന്ന കൗതുകകരമായ തീരുമാനവും വി സിയുടേതായി വന്നു. ദിവസത്തില്‍ ഒരു മണിക്കൂറും ഒരു അദ്ധ്യയന വര്‍ഷത്തില്‍ 80% പ്രവര്‍ത്തി ദിനങ്ങളിലും വിദ്യാര്‍ത്ഥികള്‍ സ്വന്തം ആരോഗ്യ പരിപാലനത്തിനായി ഇറങ്ങിയാല്‍ ഓരോ പേപ്പറിനും അഞ്ചു മാര്‍ക്ക് വീതം സൗജന്യമായി നല്‍കുമെത്രേ! എന്നാല്‍ എന്തു മാനദണ്ഡമുപയോഗിച്ച് ഫിറ്റ്‌നെസ്സ് അളക്കും, അതിലെ ആണ്‍-പെണ്‍ മാനദണ്ഡമെന്ത്, അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥികളുടെ ശാരീരികക്ഷമത എങ്ങനെ അളക്കും എന്നൊന്നും ചോദിച്ചു പോയേക്കരുത്. എല്ലാത്തിനും വ്യക്തമായ ഉത്തരം നല്‍കുന്ന ത്രികാല ജ്ഞാനിയാണ് സര്‍വ്വകലാശാല ഭരിക്കുന്നത്. അദ്ദേഹം കേരളത്തിലെ ഏറ്റവും മികച്ച അമ്മയെ കണ്ടെത്തുന്നതിനുള്ള ഗോള്‍ഡന്‍ മണ്ടത്തരങ്ങള്‍ക്ക് പിറകെ പായുന്ന തിരക്കിലാണ്.

ഉദ്ദ്യോഗസ്ഥ നിയമനം, ഭൂമി ഇടപാടുകള്‍, സ്വകാര്യ കോളേജുകള്‍ക്ക് സ്വയം ഭരണാനുമതി തുടങ്ങിയ എല്ലാ തരം പ്രവര്‍ത്തനങ്ങളിലും അഴിമതി വാര്‍ത്തകള്‍ പുറത്ത് വരുന്നത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള സര്‍വ്വകലാശാലയുടെ അന്തഃസ്സത്തക്ക് ചേര്‍ന്നതാണോ? എന്തു കൊണ്ടാണ് ഉന്നതമായ അക്കാദമികപാരമ്പര്യമുള്ള ഒരു സര്‍വ്വകലാശാല ഇത്തരത്തിലുള്ള വിവാദച്ചുഴികളിലകപ്പെടുന്നത്? കാമ്പസ്സില്‍ സംഘടനാ രാഷ്ട്രീയം വിലക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങിയപ്പോള്‍ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നിട്ടിറങ്ങിയതോ, ഒടുവില്‍, അവസാന സിന്‍ഡിക്കേറ്റ് യോഗങ്ങളിലൊന്നില്‍ ‘തന്നെ കൊല്ലാന്‍ ശ്രമിച്ചു’ എന്ന് വി സി തന്നെ മാധ്യമങ്ങള്‍ക്ക് നടുവിറങ്ങി നിലവിളിക്കേണ്ടി വന്നതോ ഇവിടത്തെ പ്രതിപക്ഷത്തിന്റെ ഇടപെടലുകള്‍ കൊണ്ട് മാത്രമായിരുന്നില്ല. മറിച്ച് മുസ്ലിം ലീഗടക്കമുള്ള ഭരണപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധ പ്രതികരണങ്ങള്‍ മൂലമാണ്. ഇത് തെളിയിക്കുന്നത് സര്‍വ്വകലാശാലയെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങള്‍ കേവല രാഷ്ട്രീയ താല്പര്യങ്ങള്‍ക്കും അതീതമാണെന്നതാണ്. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുക എന്ന ജനാധിപത്യ മര്യാദ പാലിക്കാതെ, സിന്‍ഡിക്കേറ്റടക്കം സര്‍വ്വകലാശാലക്കകത്തും പുറത്തുമുള്ള ഭരണപക്ഷത്തിന്റെ പോലും പിന്തുണയില്ലാതെ, സാമ്പത്തികാരോപണങ്ങളില്‍ ഗവര്‍ണ്ണര്‍ തന്നെ ഇടപെട്ട് വിശദീകരണം ആവശ്യപ്പെട്ട ഒരാള്‍ ഇനിയും സര്‍വ്വകലാശാലയുടെ തലപ്പത്തിരിക്കുന്നുവെങ്കില്‍ അയാള്‍ക്ക് പിന്നില്‍ ഏത് തമ്പ്രാക്കന്മാരാണുള്ളത്?

സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസസൗകര്യം ഒരുക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയവര്‍ക്കെതിരെ ഇപ്പോള്‍ ശക്തമായ സമരം നടക്കുകയാണ്. പഠന വകുപ്പുകളും ഹോസ്റ്റലുകളും അടച്ചിട്ട് പ്രതികാര നടപടികളുമായി അധികാരികള് മുന്നോട്ട് പോകുമ്പോള്‍ പഠന ദിനങ്ങളില്ലാതെ മറ്റൊരു സെമെസ്റ്റര്‍ പരീക്ഷക്ക് കൂടെ തയ്യാറെടുക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ത്ഥികള്‍. മാസങ്ങള്‍ക്ക് മുമ്പ് മാത്രം ഉദ്ഘാടനം ചെയ്ത വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലും, ഗസ്റ്റ് ഹൗസിനോട് ചേര്‍ന്ന് മുമ്പ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച ഹോസ്റ്റലും അടഞ്ഞു കിടക്കുമ്പോള്‍ ഇവിടങ്ങളില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പകരം റഗുലര്‍ വിദ്യാര്‍ത്ഥികളെ അടക്കം ഹോസ്റ്റലില്‍ നിന്നും പുറത്താക്കുന്ന നടപടികളാണ് അധികാരികള്‍ സ്വീകരിച്ചത്. സ്വാശ്രയ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുകയെന്നത് ഈ കോഴ്‌സുകള്‍ക്ക് ഫീസിനത്തില്‍ തന്നെ ലക്ഷങ്ങള്‍ ഈടാക്കുന്ന സര്‍വ്വകലാശാലയുടെ ബാധ്യതയാണ്.  വിദ്യാര്‍ത്ഥികളെ തമ്മിലടിപ്പിച്ച് കൊണ്ട് കായിക വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങളോടുകൂടിയുള്ള ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതില്‍ നിന്നും തന്ത്രപൂര്‍വ്വം ഒഴിഞ്ഞ് മാറുകയാണ് സര്‍വകലാശാല അധികൃതര്‍ ഇതിലൂടെ ചെയ്യുന്നത്.

അരാഷ്ട്രീയത്തിന്റെയും കപട സദാചാരത്തിന്റെയും അക്കാദമിക സ്വാതന്ത്ര്യ ധ്വംസനങ്ങളുടെയും കൂത്തരങ്ങായി കാലിക്കറ്റ് സര്‍വ്വകലാശാല മാറുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ വി സിക്ക് സാധിക്കില്ല. കാരണം തുടര്‍ച്ചയായുള്ള ഇത്തരം സമരങ്ങള്‍ യൂണിവേര്‍സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായിരിക്കും. സമരങ്ങളും പ്രതിഷേധങ്ങളും അതിന്റെ പരകോടിയില്‍ എത്തിയിട്ടും നമ്മുടെ വിദ്യാഭ്യാസ വകുപ്പിന്റെ കുറ്റകരമായ മൗനവും, സരിതയിലും താരദമ്പതിമാരുടെ മക്കളുടെ പേരിടല്‍ കര്‍മ്മങ്ങളില്‍ പോലും കൂലങ്കഷമായ ചര്‍ച്ച നടത്തുന്ന പൊതുസമൂഹത്തിന്റെ നിശ്ശബ്ദതയും നമുക്ക് സംഭവിച്ച സാമൂഹികാധപതനത്തിന്റെ ഉദാഹരണങ്ങളല്ലാതെ മറ്റെന്താണ്.

 

*Views are personal

(കോഴിക്കോട് സര്‍വകലാശാലയില്‍ ജേര്‍ണലിസം വിദ്യാര്‍ഥിയാണ് ലേഖകന്‍)

This post was last modified on October 14, 2014 9:49 am