X

ഇമിഗ്രേഷന്‍ നിയമത്തില്‍ കുടുങ്ങി മൂന്നു വയസുകാരന്‍

അഴിമുഖം പ്രതിനിധി

ചില സാങ്കേതിക തടസങ്ങള്‍ മൂലം മൂന്ന് വയസുകാരനായ സ്വന്തം കുഞ്ഞിനെ കാനഡയിലേക്ക് കൊണ്ടു പോകാന്‍ സാധിക്കാത്ത ദുഃഖത്തിലാണ് ഈ ഇന്ത്യന്‍ ദമ്പതികള്‍. കാനഡയില്‍ റസിഡന്‍സി വിസയുള്ള അമന്‍ സൂദും ഭാവന ബജാജുമാണ് കുഞ്ഞിനെ ഇന്ത്യയില്‍ നിന്നും കൊണ്ടുപോകാനാകാതെ വലയുന്നത്. ഇമിഗ്രേഷന്‍ നിയമങ്ങള്‍ വ്യാഖ്യാനിക്കുന്നതില്‍ വരുന്ന സാങ്കേതികതയാണ് ഇവരെ വെട്ടിലാക്കിയിരിക്കുന്നത്. മകന്‍ ദക്ഷിനെ കാനഡയിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കണമെന്ന് മന്ത്രാലയത്തോട് പരസ്യ അഭ്യര്‍ത്ഥന നടത്തി കാത്തിരിക്കുകയാണ് ഭാവനയും അമനും ഇപ്പോള്‍.

2011 ല്‍ റസിഡന്‍സി വിസയ്ക്കായി അപേക്ഷിക്കുമ്പോള്‍ താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന് ഭാവന പറയുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം കാനഡ സര്‍ക്കാര്‍ അപേക്ഷ അംഗീകരിക്കുമ്പോഴേക്കും മകന്‍ പിറന്ന് കഴിഞ്ഞിരുന്നു. കാനഡയില്‍ എത്തിയതിന് ശേഷം കുഞ്ഞിനെ സ്‌പോണ്‍സര്‍ ചെയ്താല്‍ മതിയെന്ന് ഒരു ഇമിഗ്രേഷന്‍ ഉപദേശകന്‍ ദമ്പതിമാരോട് പറഞ്ഞു. എന്നാല്‍ കാനഡയില്‍ എത്തിക്കഴിഞ്ഞപ്പോഴാണ് സംഭവം നിയമവിരുദ്ധമാണെന്ന് ദമ്പതിമാര്‍ അറിയുന്നത്.

എന്നാല്‍ ശിശുക്കളെ അനഃധികൃതമായി കടത്തുന്നത് തടയാനാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നതെന്ന് കാനഡ സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ വക്താവ് സിബിസി ന്യൂസിനോട് പറഞ്ഞു. മനുഷ്യകടത്ത് തടയുകയാണ് നിയമത്തിന്റെ ഉദ്ദേശം. ഈ കേസിനെ കുറിച്ച് വിശദാംശങ്ങള്‍ പറയാനാവില്ലെങ്കിലും പൊതുവില്‍ നിയമം അനുശാസിക്കുന്നത് അങ്ങനെയാണെന്ന് മന്ത്രാലയത്തിന്റെ വക്താവ് കെവിന്‍ മെനാര്‍ഡ് പറഞ്ഞു. ‘ഈ നയപ്രകാരം തങ്ങളുടെ കുടുംബത്തില്‍ എല്ലാവരെയും കുറിച്ചുള്ള വിവരങ്ങള്‍ അപേക്ഷയില്‍ വ്യക്തമാക്കേണ്ടതുണ്ട്. ഇതുവഴി അനധികൃത കുടിയേറ്റവും ശിശു കടത്തലും തടയാന്‍ സിഐസിക്ക് സാധിക്കും.’ ആദ്യത്തെ അപേക്ഷയില്‍ കാണിച്ച വിവരങ്ങളില്‍ എന്തെങ്കിലും മാറ്റം സംഭവിക്കുന്നുണ്ടെങ്കില്‍ അത് അറിയിക്കാനും അപേക്ഷകര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കാനഡയിലേക്ക് കുടിയേറുന്നതിന് മുമ്പ് കുട്ടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതും ഇമിഗ്രേഷന്‍ അധികൃതരെ അറിയക്കണം,’ അദ്ദേഹം പറഞ്ഞു. കാനഡയിലേക്ക് കുടിയേറുന്നവര്‍ തങ്ങളുടെ അശ്രിതരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും കൈമാറേണ്ടതുണ്ട്. പെര്‍മനെന്റ് റസിഡന്‍സിക്ക് അപേക്ഷിക്കുന്ന സമയത്ത് അപേക്ഷയില്‍ കാണിച്ചിട്ടുള്ള അശ്രിതരെ ഒഴികെ ആരെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ലെന്നും വക്താവ് അറിയിച്ചു.

അപേക്ഷിക്കുന്ന സമയത്ത് ഗര്‍ഭാവസ്ഥ മറച്ചുവെച്ചതാണ് തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായ പിഴവെന്ന് ദമ്പതിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മനുഷ്യത്വപരവും വൈകാരികവുമായ കാരണങ്ങള്‍ മുന്‍നിറുത്തി തങ്ങളുടെ മകനെ കാനഡയിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കണമെന്ന് അവര്‍ സിറ്റിസണ്‍ ആന്റ് ഇമിഗ്രേഷന്‍ മന്ത്രി ക്രിസ് അലക്‌സാണ്ടറോട് അഭ്യര്‍ത്ഥിച്ചു.

This post was last modified on December 30, 2014 12:06 pm