X

സെക്‌സ് സിഡി കൈവശം വച്ചെന്ന് മന്ത്രിയുടെ പരാതി: ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അദ്ധ്യക്ഷനെതിരെ കേസ്

മാധ്യമപ്രവര്‍ത്തകരെ അധികൃതര്‍ ഭീഷണിപ്പെടുത്തുന്നതായുള്ള പരാതികള്‍ പരിശോധിക്കാന്‍ കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഡിലെത്തിയ വസ്തുതാന്വേഷണ സംഘത്തില്‍ അംഗമായിരുന്നു വിനോദ് വര്‍മ.

തന്റെ വീഡിയോ എന്ന് പറഞ്ഞ് വ്യാജ ദൃശ്യങ്ങള്‍ അടങ്ങിയ സെക്‌സ് സിഡി കൈവശം വച്ചെന്ന് ആരോപിച്ച് ബിജെപി നേതാവായ മന്ത്രി നല്‍കിയ പരാതിയില്‍ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഭൂപേഷ് ബഘേലിനെതിരെ പൊലീസ് കേസെടുത്തു. മന്ത്രി രാജേഷ് മുനാത് ആണ് പരാതി നല്‍കിയത്. തന്നെ ബ്ലാക്‌മെയില്‍ ചെയ്യുന്നതായുള്ള രാജേഷ് മുനാതിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം മന്ത്രിയുടെ സെക്സ് സിഡി കൈവശമുള്ളത് കൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് വിനോദ് വര്‍മ പറയുന്നത്.

ഛത്തീസ്ഗഡില്‍ നിന്നുള്ള പൊലീസ് സംഘം ഡല്‍ഹിക്ക് സമീപം ഗാസിയാബാദിലുള്ള വീട്ടിലെത്തിയാണ് വിനോദ് വര്‍മയെ അറസ്റ്റ് ചെയ്തത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ അംഗവുമാണ് വിനോദ് വര്‍മ. ഇത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്നും മന്ത്രിയെ സംരക്ഷിക്കാന്‍ വേണ്ടി മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കുകയാണെന്നും ഭൂപേഷ് ബഘല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നൂറ് കണക്കിന് സിഡികളും ലാപ് ടോപ്പും പെന്‍ഡ്രൈവുമെല്ലാം പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് അവകാശപ്പെടുന്നു. ഇത്തരം സിഡികള്‍ വിനോദ് വര്‍മ വിതരണം ചെയ്തിരുന്നതായാണ് പൊലീസ് പറയുന്നത്.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ വിനോദ് വര്‍മ നേരത്തെ അമര്‍ ഉജാലയില്‍ ഡിജിറ്റല്‍ എഡിറ്ററായി ജോലി ചെയ്തിരുന്നു. അതിന് മുമ്പ് ബിബിസി ഹിന്ദിയിലും ജോലി ചെയ്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ അധികൃതര്‍ ഭീഷണിപ്പെടുത്തുന്നതായുള്ള പരാതികള്‍ പരിശോധിക്കാന്‍ കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഡിലെത്തിയ വസ്തുതാന്വേഷണ സംഘത്തില്‍ അംഗമായിരുന്നു വിനോദ് വര്‍മ. മൂന്ന് ദിവസത്തെ കസ്റ്റഡിയിലാണ് കോടതി വിനോദ് വര്‍മയെ പൊലീസിനൊപ്പം വിട്ടിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വര്‍മയെ റായ്പൂരിലേയ്ക്ക് കൊണ്ടുപോകാനും അനുമതി നല്‍കിയിട്ടുണ്ട്.

This post was last modified on October 28, 2017 4:26 pm