X

20 വര്‍ഷം മുന്‍പുള്ള കേസുകള്‍ ശശികലയെ വേട്ടയാടുന്നു: വിടുതല്‍ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

അനധികൃത സ്വത്ത് സമ്പാദനവും പണമിടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത കേസില്‍ ശശികല നല്‍കിയ വിടുതല്‍ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.

ജയലളിതയുടെ മരണശേഷം എഐഎഡിഎംകെ നേതൃത്വം പിടിച്ച വികെ ശശികലയ്ക്ക് തലവേദനയായി 20 വര്‍ഷം മുമ്പത്തെ കേസുകള്‍. അനധികൃത സ്വത്ത് സമ്പാദനവും പണമിടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത കേസില്‍ ശശികല നല്‍കിയ വിടുതല്‍ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഭരണി ബീച്ച് റിസോര്‍ട്‌സുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഉത്തരവ്.

വിദേശത്തുള്ള സുഹൃത്ത് സുശീലയുടെ അക്കൗണ്ടില്‍ മൂന്ന് കോടി രൂപയാണ് അനധികൃതമായി ശശികല മാറ്റിയിരിക്കുന്നത്. ഈ തുക വീണ്ടും ശശികലയുടെ അക്കൗണ്ടിലേയ്ക്ക് തന്നെ മാറ്റുകയും അവര്‍ റിസോര്‍ട്ട് വാങ്ങുകയും ചെയ്തു. 2015 മേയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ഈ കേസില്‍ ശശികലയെ കുറ്റവിമുക്തയാക്കിയിരുന്നു. ശശികലയ്‌ക്കെതിരെ എ്ന്‍ഫോഴ്‌സ്‌മെന്റിന് തെളിവുകളൊന്നും മുന്നോട്ട് വയ്ക്കാനായിട്ടില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ഇത് ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ പുനപരിശോധന ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റെ ഉത്തരവ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം നേടി മുഖ്യമന്ത്രി പദം സ്വപ്‌നം കണ്ടിരിക്കുന്ന ശശികല ഇനി വിചാരണ നേരിടേണ്ടി വരും. ശശികലയുടെ അനന്തരവന്‍ ടിടിവി ദിനകരനെതിരെ ഉണ്ടായിരുന്ന വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ടുള്ള രണ്ട് കേസുകള്‍ തള്ളിയതിനെതിരെയും പുനപരിശോധന ഹര്‍ജി വന്നിട്ടുണ്ട്. ഇതും കോടതി പരിഗണിച്ച് വരുകയാണ്.

1996ലാണ് ശശികല ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ജെജെ ടിവിക്കെതിരായ ആരോപണങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ചത്. ജെജെ ടിവി പിന്നീട് പ്രവര്‍ത്തനം നിര്‍ത്തി. ചാനലിന്റെ അപ് ലിങ്കിംഗ് സംവിധാനങ്ങള്‍ക്കും ട്രാന്‍സ്‌പോണ്ടര്‍ വാടകയ്ക്ക് എടുക്കാനുമായി നടത്തിയ വിദേശ വിനിമയ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് ഒരു കേസ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ 1996 ജൂണ്‍ 20ന് അറസ്റ്റ് ചെയ്യപ്പെട്ട ശശികല 11 മാസം ജയിലില്‍ കിടന്നിരുന്നു.

This post was last modified on February 2, 2017 9:26 am