X

ദളിതരെ കൊത്തിവിഴുങ്ങുന്ന തമിഴകത്തെ സവര്‍ണഹിന്ദുക്കള്‍

ജാതിയുടേയും മതത്തിന്റേയും പേരില്‍ മനുഷ്യര്‍ക്കിടയില്‍ മതില്‍ക്കെട്ടുകള്‍ തീര്‍ക്കുന്ന തമിഴ്മക്കളുടെ വികാരം മനസ്സിലാക്കിയാണ് 1929-ല്‍ തന്തപ്പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കര്‍ സ്വയംമര്യാദ പ്രസ്ഥാനം (Self Respect  Movement) ആരംഭിക്കുന്നത്. സവര്‍ണ്ണഹിന്ദുക്കളുടെ കുടിലപ്രവര്‍ത്തനങ്ങള്‍ കൊണ്ടു ജീവിതം താറുമാറായ അവര്‍ണ്ണഭൂരിപക്ഷത്തിന്റെ മോചനമായിരുന്നു ഇ വി ആറിന്റെ സ്വപ്നം. ജസ്റ്റിസ് പാര്‍ട്ടിയില്‍ നിന്നുള്ള ദ്രാവിഡകഴകത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുപോലും ജാതിയുടെ പേരില്‍ പുറന്തള്ളപ്പെട്ടവന്റെ രോദനത്തില്‍ നിന്നായിരുന്നു. പക്ഷേ ആ സ്വപ്നങ്ങളുടെ കൊടിതോരണങ്ങള്‍ക്കോ, സ്വാതന്ത്യാനന്തര ജാഗ്രതകള്‍ക്കോ തമിഴകത്തെ രക്ഷിക്കാനായില്ല. ഇന്നും ജാതിയുടേയും മതത്തിന്റേയും ഭീകരതകളില്‍ അവര്‍ണ്ണഭൂരിപക്ഷം നെഞ്ചടിച്ചുവീഴുകയാണ്, തലപൊക്കാനാകാത്തവിധത്തില്‍.

കഴിഞ്ഞ ദിവസങ്ങളില്‍ മധുര ജില്ലയിലെ ഉത്തപുരത്തും ഏഴുമലയിലും നടന്ന സംഘര്‍ഷങ്ങള്‍ ജാതിസ്പര്‍ദ്ധയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. മുത്തലമ്മന്‍ ക്ഷേത്രത്തിലെ ഉത്സവനാളില്‍ ദളിതരെ കയറ്റാനോ അവര്‍ക്ക് പ്രാത്ഥിക്കാനോ അനുവദിക്കാത്ത നീചരായ ഉന്നതകുല ഹിന്ദുക്കളുടെ (സവര്‍ണ്ണഹിന്ദുക്കള്‍) മുഖംമൂടിയാണ് ഇവിടെ തകര്‍ന്നു വീണത്. സാധാരണക്കാരായ ദളിതരെ പൊതുവഴിയില്‍ പ്രവേശിക്കാതിരിക്കാന്‍ 150 മീറ്റര്‍ നീളത്തില്‍ ‘തൊട്ടുകൂടായ്മയുടെ മതില്‍’കെട്ടി ഉയര്‍ത്തിയ കുപ്രസിദ്ധ ചരിത്രമുള്ള ഗ്രാമമാണ് ഉത്തപുരം. നാനൂറോളം വരുന്ന ദളിത് കുടുംബങ്ങളെ പൊതുനിരത്തിലോ മുത്തലമ്മന്‍ ക്ഷേത്രത്തിലോ പ്രവേശിപ്പിക്കാന്‍ കഴിയാത്ത വിധം, സവര്‍ണ്ണഹിന്ദുക്കള്‍ കെട്ടിപ്പൊക്കിയ ഈ ജാതിമതില്‍ 2008 ല്‍ പുതിയ നിയമത്തിന്റെ പിന്‍ബലത്തില്‍ അന്നത്തെ മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധിയാണ് പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടത്. ഉത്സവകാലമാകുന്നതോടെ തമിഴകത്തെ തെക്കന്‍ ജില്ലകളില്‍ ദളിതരോടുള്ള വിദ്വേഷം വര്‍ദ്ധിക്കുക സ്വാഭാവികം. അവരുടെ ജീവന്‍ എന്നും വിദ്വേഷബോംബിന്റെ മുകളിലാണ്.

ഏഴുമല മുത്തലമ്മന്‍ ക്ഷേത്രത്തിലെ ഉത്സവവേളയില്‍ ദളിതരെ പ്രവേശിപ്പിക്കന്‍ 25 കുടുംബങ്ങള്‍ അടങ്ങിയ സവര്‍ണ്ണഹിന്ദുക്കള്‍ വിസമ്മതിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. രണ്ട് ദശകങ്ങളായി ദളിതര്‍ക്ക് പ്രവേശനമില്ലാത്ത ഈ ക്ഷേത്രത്തില്‍ നിരന്തരമായ നിയമയുദ്ധത്തിനു ശേഷം 2011 നവംബറിലാണ് ആദ്യമായി നാനൂറോളം വരുന്ന ദളിത് കുടുംബങ്ങളെ കയറ്റാന്‍ ധാരണയായത്. എന്നാല്‍ ഇക്കുറി ക്ഷേത്രത്തിലെ ബോധിവൃക്ഷത്തില്‍ ദളിതര്‍ മാല ചാര്‍ത്തല്‍ ചടങ്ങിനു എത്തിയതോടെ സംഘര്‍ഷത്തിനു കളമൊരുങ്ങി. സവര്‍ണ്ണര്‍ രംഗത്തു വന്നു ചാര്‍ത്തിയ മാലകള്‍ അഴിച്ചുമാറ്റിയതോടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. തങ്ങളുടെ കണ്ണിലെ കരടായ ഭൂരിപക്ഷം ദളിതരെ ഒറ്റപ്പെടുത്തുകയായിരുന്നു സവര്‍ണ്ണഹിന്ദുക്കളുടെ ഉന്നം. ദളിതര്‍ സംഘം ചേര്‍ന്ന് റോഡ് ഉപരോധിച്ചു. എന്തായാലും സംഘടിതരായ ദളിതര്‍ പിന്തിരിയാന്‍ വിസ്സമ്മതിച്ചു. അവരുടെ പിന്നില്‍ അധികാരികള്‍ നിരക്കുകയും സമാധാനചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്തതോടെ സവര്‍ണ്ണവിഭാഗത്തിനു പിന്മാറേണ്ടി വന്നു. തെക്കന്‍ ജില്ലകളില്‍ സമാധാനത്തിന്റെ ഭിത്തികള്‍ തകര്‍ക്കുന്ന മറ്റൊന്നാണ് ഒക്‌ടോബര്‍ 30 നു അരങ്ങേറുന്ന തേവര്‍ ജയന്തി. എല്ലാവര്‍ഷവും ഈ കാലയളവില്‍ ദളിതരാണ് അക്രമങ്ങള്‍ക്ക് വിധേയരാകുന്നത്.  

ദുരന്ത വാര്‍ത്തകള്‍ കൂടുതലും എത്തുന്നത് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നാണ്.  കഴിഞ്ഞ വര്‍ഷം ദളിതര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ 19 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ദേശീയ ക്രൈം റിക്കോഡ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. 47064 കേസുകളാണ് രാജ്യത്താകമാനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2013 ല്‍ ഇത് 39408 മാത്രമായിരുന്നു. എന്നാല്‍ ഇത്തരം കണക്കുകളെ ഞെട്ടിപ്പിക്കുന്നതാണ് തമിഴ്‌നാട്ടിലെ ദളിത് ആക്രമണങ്ങള്‍. ജാതിയുടേയും മതത്തിന്റേയും പേരില്‍ ഇവിടെ നടക്കുന്ന സവര്‍ണ്ണഹിന്ദു വിളയാട്ടങ്ങള്‍ അതിഭീകരമാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ആനാചാരങ്ങളാണ് ജാതിയുടെ പേരില്‍ ഇന്നും നിലനില്‍ക്കുന്നത്. തലക്കനം ഉറഞ്ഞുതുള്ളുന്ന സവര്‍ണ്ണര്‍ ദളിതരോടു കാണിക്കുന്ന നിഷ്ഠൂരത പല വിധത്തിലാണ്. മതിലുകള്‍ കെട്ടി താഴ്ന്ന ജാതിക്കാരുടെ ഗ്രാമങ്ങള്‍ വേര്‍തിരിക്കുക. ദൈവങ്ങളുടെ തിരുസന്നിധിയെന്നറിയപ്പെടുന്ന ക്ഷേത്രങ്ങളില്‍ അവര്‍ക്ക് പ്രവേശനം നിഷേധിക്കുക. ചായക്കടകളില്‍ ദളിതര്‍ക്കു മാത്രമായി പ്രത്യേകം വിലക്കുറഞ്ഞ കപ്പുകള്‍ സൂക്ഷിക്കുക. ചെരുപ്പിട്ടുപോകുന്ന അവര്‍ണനെ തടയുക. ദളിതനു സൈക്കിള്‍ സവാരി നിഷേധിക്കുക. സവര്‍ണര്‍ പഠിക്കുന്ന സ്‌കൂളുകളില്‍ ദളിതര്‍ക്ക് പ്രവേശനം നല്‍കാതിരിക്കുക. പ്രവേശിപ്പിച്ചാല്‍പോലും ബഞ്ചിലിരുത്താതെ വെറും നിലത്തിരുത്തുക. അങ്ങനെ നീളുന്ന ഉന്നതകുല ജാതരുടെ ദളിത്‌വിരുദ്ധ വിക്രിയകള്‍. 

ജാതിയുടെ പേരില്‍ നടന്ന ഒരു കൊലപാതകത്തിനു ശേഷം തിരുനെല്‍വേലി ജില്ലയിലെ ഗോപാലസമുദ്രം ഗ്രാമത്തിലെ സ്ത്രീകള്‍ അടുത്തിടെ കളക്ടറേറ്റിനു മുന്നില്‍ വിചിത്രമായ ഒരു ധര്‍ണ നടത്തുകയുണ്ടായി. 2013 നു ശേഷം തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ലെന്നും ദളിതര്‍ക്ക്  മാത്രമായി സ്‌കൂള്‍ ആരംഭിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. അതാകട്ടെ ഇന്നും കാറ്റില്‍ പാറിപ്പറക്കുന്നു. അടുത്തിടെ മധുരക്ക് സമീപം സവര്‍ണഹിന്ദുക്കളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളില്‍ ദളിതരുടെ മക്കളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ദേശീയതലത്തില്‍വരെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് തൂത്തുക്കുടിയിലെ വേലായുധപുരത്തുണ്ടായ സംഭവത്തെ മുന്‍നിര്‍ത്തി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍, പത്രറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസ്സെടുത്തപ്പോള്‍ തമിഴകം വീണ്ടും ജാതി-മത സ്പര്‍ദ്ധയുടെ നാറ്റം വമിക്കുന്ന ഭാണ്ഡക്കെട്ടുകള്‍ അഴിച്ചുവച്ചത് ജനം കണ്ടതാണ്. അന്‍പതോളം ദളിതകുടുംബങ്ങള്‍ താമസിക്കുന്ന വേലായുധപുരമെന്ന ഗ്രാമത്തെ സമീപവാസികളായ സവര്‍ണ്ണഹിന്ദുക്കള്‍ മുള്ളുവേലികെട്ടി ഒറ്റപ്പെടുത്തിയതായിരുന്നു മനുഷ്യാവകാശ കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ട വാര്‍ത്ത. കുടിവെള്ളം, കക്കൂസ് പോലുള്ള അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാത്ത പാവപ്പെട്ട ദളിതര്‍ ഗ്രാമത്തില്‍ പൂര്‍ണമായി ഒറ്റപ്പെട്ടിരുന്നു. സമീപഗ്രാമങ്ങളിലൊന്നും അവര്‍ക്ക് പണിയെടുക്കാന്‍ അനുവാദമില്ല. സവര്‍ണ്ണരുടെ ഈ ‘മൃഗയാവിനോദങ്ങള്‍’ക്കെതിരെ പരാതിപ്പെട്ടാല്‍ പിന്നെ അവരുടെ ശവശരീരങ്ങളാകും ദളിത്ഗ്രാമത്തെരുവുകളിലും പൊന്തക്കാടുകളിലും വീര്‍ത്തുപൊങ്ങുക. തൊട്ടുകൂടായ്മയുടെ പേരില്‍ ദളിതര്‍ അനുഭവിക്കുന്ന കഷ്ടതകള്‍ക്കെതിരെ ചെറുവിരല്‍ ഉയര്‍ത്താന്‍പോലും സാമൂഹ്യസംഘടനകള്‍ രംഗത്തുവരുന്നില്ല എന്നത് ധര്‍മ്മസങ്കടം. ദളിതര്‍ക്കെതിരെ തമിഴക ഗ്രാമങ്ങളില്‍ മുള്ളുവേലികെട്ടുകളല്ല, വന്‍മതിലുകളാണ് ഉയര്‍ന്നു പൊങ്ങുന്നത്.

വിരുദനഗര്‍ ജില്ലയിലെ കൊട്ടക്കച്ചിയെന്തല്‍ പഞ്ചായത്ത് പ്രസിഡന്റ് കറുപ്പനു (48) പഞ്ചായത്തിലെ ഔദ്യോഗികനടപടികള്‍ക്ക് കസേരയിലിരിക്കാന്‍ അനുവദിക്കാത്ത നടപടി ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. വൈസ് പ്രസിഡന്റു ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ സവര്‍ണര്‍ ആയതിനാലാണ് 2011-ല്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത കറുപ്പനു ഇരിക്കാന്‍ കസേര ലഭിക്കാതിരുന്നത്. വൈസ് പ്രസിഡന്റു ഉമാമഹേശ്വരിയും ഭര്‍ത്താവ് മാരിക്കണ്ണുമാണ് പഞ്ചായത്തു ഭരിക്കുന്നത്. എവിടെയെങ്കിലും പരാതിപ്പെട്ടാല്‍ അതോടെ ജീവിതത്തിന്റെ അന്ത്യമാകുമെന്നു കറുപ്പനറിയാം. കറുപ്പന്‍ എ ഐ എ ഡി എം കെ കക്ഷിക്കാരനാണെന്നതാണ് ഏറെ തമാശ. ഉന്നതങ്ങളില്‍ പരാതിപ്പെട്ടിട്ടും ഒന്നും സംഭവിച്ചില്ല. കറുപ്പന്റെ ഭാര്യ ചിത്രയാകട്ടെ തന്റെ ഭര്‍ത്താവിനും കുട്ടികള്‍ക്കും സംഭവിക്കാന്‍പോകുന്ന ദുരന്തങ്ങളെക്കുറിച്ച് വേവലാതിപ്പെടുകയാണ്. 

ദളിതര്‍ ജയിച്ചുവന്ന ഒട്ടുമിക്ക പഞ്ചായത്തുകളിലും ഇതുതന്നെയാണ് സ്ഥിതി. മധുരയിലെ കണ്ടെനേരി, ലക്ഷ്മിപുരം കൊട്ടാണിപ്പട്ടി തുടങ്ങിയ നിരവധി പഞ്ചായത്തുകളില്‍ ജാതിപ്രശ്‌നം അതിശക്തമായി മുന്നേറുകയാണ്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് തങ്ങളുടെ കൈയില്‍ നിരവധി തെളിവുകള്‍ ഉണ്ടെന്നാണ് തെരഞ്ഞെടുക്കപ്പെട്ട ദളിത് പഞ്ചായത്ത് പ്രസിഡനറുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍വേണ്ടി രൂപീകരിച്ച ‘എവിഡന്‍സ്’ എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ വിന്‍സെന്റ് രാജ്കതിര്‍ ഒരിക്കല്‍ പറഞ്ഞത്. തമിഴ്‌നാട്ടിലെ 3136 സംവരണപഞ്ചായത്തില്‍ 98 ശതമാനത്തിലും തൊട്ടുകൂടായ്മയുടെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണെന്നു കതിര്‍ പറയുന്നു. സവര്‍ണരായ പഞ്ചായത്ത് സെക്രട്ടറിമാരാണ് ഇത്തരം അനീതികള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്.

എന്നാല്‍ പഞ്ചായത്തുകളുടെ പ്രശ്‌നമിതാണെങ്കില്‍ അതിനേക്കാള്‍ ഭീകരമാണ് തമിഴകത്തെ മെഡിക്കല്‍ കോളെജുകള്‍ പോലുള്ള ഉന്നതവിദ്യാഭ്യാസ രംഗത്തു നടക്കുന്നത്. മധുരയിലെ രാജാജി മെഡിക്കല്‍ കോളെജിലെ ഓര്‍ത്തോപീഡിക്- ട്രോമറ്റോളജി സര്‍ജന്‍ പ്രൊഫസര്‍ വി പുകഴേന്തിയാണ് (53) അതില്‍ ഏറ്റവും പുതിയ ഇര. 2010-ല്‍ ഈ വിഭാഗത്തിന്റെ തലവനായി ചാര്‍ജ്ജെടുത്ത പുകഴേന്തി ദളിതനായതില്‍ അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങള്‍ക്ക് കണക്കില്ല. മറ്റു ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസിനെതിരെ അഭിപ്രായം പറഞ്ഞതും പുകഴേന്തിക്കു വിനയായി. സവര്‍ണ്ണഹിന്ദുക്കള്‍ തന്നെ പരസ്യമായി ആക്ഷേപിക്കാനും കൈയേറ്റം ചെയ്യാനും ശ്രമിച്ചിട്ടും ഉന്നതസ്ഥാനത്തുള്ളവര്‍ അനങ്ങിയില്ല എന്നാണ് പുകഴേന്തി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങളോടു പറഞ്ഞത്. 

ചെന്നൈയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള കഡലൂരിലെ ജനറല്‍ ആശുപത്രിയിലെ ഇരുപതോളം ദളിത് ഡോക്ടര്‍മാരും ഇതേതരത്തിലുള്ള പീഡനങ്ങള്‍ സവര്‍ണ്ണഹിന്ദുക്കളില്‍ നിന്ന് ഏറ്റുവാങ്ങുന്നതായാണ് മുന്‍പൊരിക്കല്‍ വന്ന റിപ്പോര്‍ട്ട്. സ്വന്തം ജാതിയിലുള്ള ഡോക്ടര്‍മാരെയാണ് രോഗികള്‍ ചികിത്സക്ക് തെരഞ്ഞെടുക്കുന്നത് എന്നുകൂടി അറിയുമ്പോള്‍ തമിഴകത്തിന്റെ ദുര്യോഗം മനസ്സിലാക്കാവുന്നതേയുള്ളു. വിദ്യാസമ്പന്നരായ ദളിതര്‍ക്കുനേരേയുള്ള വിവേചനവും ആക്രമണവും ഇത്തരത്തിലാണെങ്കില്‍ സാധാരണക്കാരുടെ ഗതിയെന്തായിരിക്കും?

തമിഴകം ജാതിക്കോമരങ്ങളുടെ വിളനിലവും ദളിതര്‍ തകര്‍ന്നുവീഴുന്ന പടനിലവുമാണ്. ഭാരതീയ സാംസ്‌ക്കാരിക പൈതൃകത്തിനുപോലും മാനക്കേടു സൃഷ്ടിക്കുന്ന ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ പൊതുസമവായം സൃഷ്ടിക്കാന്‍ ആരും മുന്നോട്ടുവരുന്നില്ല. ജാതിയുടെ പേരില്‍ ഇടപെട്ടാല്‍ തങ്ങളുടെ വോട്ടുബാങ്കുകള്‍ നഷ്ടപ്പെടുമോയെന്ന ഭയത്തിലാണ് ഇവിടെത്തെ ദ്രാവിഡ രാഷ്ട്രീയപ്പാര്‍ട്ടികള്‍. ജാതിയുടെ പേരില്‍ ഇത്രമാത്രം രാഷ്ട്രീയപ്പാര്‍ട്ടികളുള്ള സംസ്ഥാനവും തമിഴകംപോലെ വേറേയുണ്ടോ എന്നും സംശയമാണ്. (സമത്വപുരങ്ങള്‍ സൃഷ്ടിച്ച് ജാതിക്കോമരങ്ങളെ ആട്ടിയോടിക്കാന്‍ കരുണാനിധി ശ്രമിച്ചിരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ത്തന്നെ ജാതിക്കാണ് മേല്‍ക്കോയ്മയെന്ന് അടുത്തിടെ മറ്റൊരു നേതാവു പറഞ്ഞതും വിസ്മരിക്കുന്നില്ല).

കീഴ്ജാതിക്കാരുടെ ആത്മാഭിമാനത്തിനുവേണ്ടി പെരിയാര്‍ ഇ വി രാമസ്വാമി രൂപീകരിച്ച  സ്വയംമര്യാദ പ്രസ്ഥാനം തമിഴകഗ്രാമങ്ങളില്‍ അന്ത്യശ്വാസം വലിക്കുകയാണ്. ഇനിയൊരിക്കലും മഹത്തായ ആശയമാകാന്‍ അതിന് കഴിഞ്ഞെന്നുവരില്ല. നൂറ്റാണ്ടുകളായി നിരവധി മാനുഷികമൂല്യങ്ങളെ മുലയൂട്ടി വളര്‍ത്തിയ തമിഴകം ഇന്ന് ജാതിയുടെ പേരില്‍ അരാജകത്വത്തിന്റെ വിഷവിത്തുകള്‍ വാരിവിതറുന്നു. ദളിതന്റെ ശവക്കല്ലറയില്‍ അവ പൂത്തുലഞ്ഞു കിടക്കുന്നതു കാണാന്‍ സവര്‍ണമേധാവികള്‍ കാത്തിരിക്കുകയാണ്. ഇവിടെ, തമിഴകത്ത്, കാലംപോലും ദളിത്പീഡനത്തിന്റെ പേരില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on December 16, 2016 12:11 am