X

കാവേരി; രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി സ്വത്വരാഷ്ട്രീയം തിമിര്‍ത്താടുമ്പോള്‍

ടീം അഴിമുഖം/എഡിറ്റോറിയല്‍

മറ്റ് പല ജനാധിപത്യ രാജ്യങ്ങളിലെന്ന പോലെ ഇന്ത്യയിലും ചിലപ്പോള്‍ രാഷ്ട്രീയക്കാര്‍ എന്തു ചെയ്താലും തടിയൂരിപ്പോകും. ഒരുദാഹരണം നോക്കൂ; പൊതുമുതലുകളുടെ വന്‍തോതിലുള്ള നാശനഷ്ടത്തില്‍ കലാശിച്ച കര്‍ണാടകത്തില്‍ നടന്ന രണ്ടു ദിവസത്തെ കടുത്ത അക്രമങ്ങള്‍ക്കുശേഷം കര്‍ണാടക മുഖ്യമന്ത്രിയെ സിദ്ധരാമയ്യ ചൊവ്വാഴ്ച്ച സമാധാനാഭ്യര്‍ത്ഥനയുമായി വന്നിരിക്കുന്നു. പക്ഷേ ഈ അഭ്യര്‍ത്ഥന സത്യസന്ധമായി തോന്നുന്നില്ല. കാരണം തമിഴ്നാടിന് സെപ്റ്റംബര്‍ 20-വരെ പ്രതിദിനം 12,000 ഘനയടി വെള്ളം കാവേരിയില്‍ നിന്നും വിട്ടുനല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് അന്യായമാണെന്നും ഉത്തരവ് നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം തന്നെ പറയുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് നഗരത്തില്‍ ആളിപ്പടര്‍ന്ന അക്രമങ്ങള്‍ മൂലം ബംഗളൂരുവില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നു. രാജ്യത്തിന്റെ ഐ ടി തലസ്ഥാനത്ത് ആളൊഴിഞ്ഞ തെരുവുകളില്‍ നിശാ നിയമം നടപ്പാക്കാന്‍ 15000 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കല്ലേറും വണ്ടികള്‍ കത്തിക്കലും മറ്റക്രമങ്ങളും ഒരുവട്ടം കഴിഞ്ഞിരിക്കുന്നു.

ഇത്തരത്തില്‍ ‘ഞങ്ങളാണ് ഇരകള്‍’ എന്ന മട്ടിലുള്ള വൈകാരിക പ്രതികരണമല്ല, കൃത്യമായ, കാര്യങ്ങള്‍ വ്യക്തമാക്കുന്ന പ്രതികരണമാണ് സിദ്ധരാമയ്യ നടത്തേണ്ടിയിരുന്നത്; ജനം പരമോന്നത കോടതിയുടെ ഉത്തരവ് മാനിക്കണം. ആക്രമങ്ങളില്‍ ഏര്‍പ്പെടരുത്. സംസ്ഥനത്തുണ്ടാകുന്ന കുറവുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ജങ്ങള്‍ക്കൊപ്പമുണ്ടാകും.

കര്‍ണാടക മുഖ്യമന്ത്രിയുടെ അര്‍ദ്ധമനസ്സോടെയുള്ള സമാധാനാഭ്യര്‍ത്ഥന സംസ്ഥാന സര്‍ക്കാരിന്റെ മറ്റൊരു നിര്‍ണായക പരാജയത്തെ മറച്ചുവെക്കുന്നില്ല; കാവേരി നദീജലതര്‍ക്കം അതിവൈകാരികമായ ഒരു പ്രശ്നമാണെന്നും കാലവര്‍ഷം ശോഷിച്ച നാളുകളില്‍ വെള്ളം വിട്ടുനല്‍കുന്നത് പ്രതിഷേധങ്ങള്‍ക്കിടയാക്കും എന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ ഇടയാക്കിയത്?

124 വര്‍ഷത്തെ ഈ നദീജലതര്‍ക്കം ഇനിയും പരിഹരിക്കാത്ത അപൂര്‍വം നദീജല തര്‍ക്കങ്ങളിലൊന്നാണ്; കാരണം അപര്യാപ്തമായ മഴയുമായാണ് അത് ബന്ധപ്പെട്ടിരിക്കുന്നത്. വാസ്തവത്തില്‍ 1991-വരെ തര്‍ക്കം അക്രമ പ്രതിഷേധങ്ങളിലേക്ക് എത്തിയിരുന്നില്ല. രണ്ടു സംസ്ഥാന സര്‍ക്കാരുകളും പരസ്പരം ചര്‍ച്ചകള്‍ നടത്തി വിട്ടുനല്കേണ്ട വെള്ളത്തിന്റെ അളവ് നിശ്ചയിക്കുകയായിരുന്നു പതിവ്. പക്ഷേ 1991-നു ശേഷം ഇരുവശത്തും രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി സ്വത്വവാദ രാഷ്ട്രീയം തിമിര്‍ത്താടാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.

ചൊവ്വാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ‘തര്‍ക്കം നിയമപരമായ പരിധിക്കുള്ളില്‍ മാത്രമേ പരിഹരിക്കാനാകൂ’ എന്നാണ്. നിയമപരമായ പരിഹാരത്തിനൊപ്പം ദീര്‍ഘകാല പരിഹാരത്തിന് മറ്റ് പല ശ്രമങ്ങളും ഒപ്പം തന്നെ നടത്തേണ്ടതുണ്ട്. ആദ്യം ചെയ്യേണ്ടത്, രാഷ്ട്രീയകക്ഷികള്‍ സങ്കുചിതമായ സ്വത്വരാഷ്ട്രീയം കളിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുക എന്നാണ്. രണ്ടാമതായി 2002-03 മുതല്‍ ഏതാണ്ട് 2012 വരെ കാവേരി കുടുംബ സംഭാഷണം പോലെ ആവശ്യങ്ങള്‍ പരസ്പരം മനസിലാക്കാന്‍ എല്ലാ തത്പരകക്ഷികളുമായി സംഭാഷണം നടക്കണം. മൂന്ന്, കര്‍ണാടകത്തിലും തമിഴ്നാടിലും കുറഞ്ഞ തോതില്‍ വെള്ളം ആവശ്യമുള്ള വിളകളിലേക്ക് കൃഷിരീതി മാറണം. അവസാനമായി, നദീതടത്തില്‍ വേണ്ടത് മെച്ചപ്പെട്ട ജലവിഭ കൈകാര്യമാണ്.

This post was last modified on September 14, 2016 5:16 pm