X

പ്രണോയ് റോയിക്കെതിരേ സിബിഐ റെയ്ഡ്; കേന്ദ്രത്തിന്റെ പ്രതികാരമെന്ന് ആക്ഷേപം

പ്രണോയ് റോയ്‌ക്കെതിരെയും ഭാര്യ രാധിക റോയ്‌ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു

എന്‍ഡിടിവി സഹ സ്ഥാപകനും എക്‌സിക്യൂട്ടീവ് കോ ചെയര്‍പേഴ്‌സണും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പ്രണോയ് റോയിക്കെതിരേ സിബിഐ റെയ്ഡ്. ഇന്നു രാവിലെയാണ് സിബിഐ സംഘം റെയ്ഡ് ആരംഭിച്ചത്. പ്രണോയ് റോയ്‌ക്കെതിരെയും ഭാര്യ രാധിക റോയ്‌ക്കെതിരെയും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സ്വകാര്യ ബാങ്കില്‍ നിന്ന് എടുത്ത് വായ്പ് തിരിച്ചടയ്ക്കാത്തതിനും വിദേശ വിനിമയ ചട്ട ലംഘനം നടത്തിയതിനുമാണ് കേസ്‌

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ് ഈ റെയ്ഡ് എന്നാരോപിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറയുന്നു. ഇന്ത്യ ഔദ്യോഗികമായി തന്നെ ഒരു ഗൂണ്ട രാജ് ആയി കഴിഞ്ഞെന്നും ആരെങ്കിലും സര്‍ക്കാരിനെതിരേ സംസാരിച്ചാല്‍ അവരെ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ക്കും എന്നുമായിരുന്നു പ്രണോയ് റോയിക്കെതിരേയുള്ള നടപടിയെ വിമര്‍ശിച്ച് കോളമിസ്റ്റും മുന്‍ ആര്‍മി കേണലുമായ അജയ് ശുക്ല ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് കന്നുകാലി കശാപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരേ കേരളത്തില്‍ നടന്ന പ്രതിഷേധങ്ങളെ ബന്ധപ്പെടുത്തി എന്‍ഡിടിവിയില്‍ നടന്ന തത്സമയ ചര്‍ച്ചയില്‍ നിന്നും ബിജെപി ദേശീയ വക്താവ് സാമ്പിത് പാത്രയെ എന്‍ഡിടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ നിധി റസ്ദാന്‍ പുറത്താക്കിയത്. ഇതടക്കം പലഘട്ടങ്ങളിലും കേന്ദ്രസര്‍ക്കാരും ബിജെപിയുമായി എന്‍ഡിടിവി ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ട്.

This post was last modified on June 5, 2017 10:31 am