X

ചരിത്രത്തില്‍ ഇന്ന്: ഡല്‍ഹിയില്‍ സ്‌ഫോടനം; ഒഡീഷയില്‍ ചുഴലിക്കാറ്റ്

1999 ഒക്ടോബര്‍ 29 
ഒഡീഷയില്‍ ചുഴലിക്കാറ്റ് വീശുന്നു

ശക്തമായൊരു ചുഴലിക്കാറ്റ് 1999 ഒക്ടോബര്‍ 29 ന് ഒഡീഷയെ ചുഴറ്റിയെറിഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍തീരത്ത് ഇന്നുവരെ ഉണ്ടായതില്‍വെച്ച് ഏറ്റവും ഭീകരമായിരുന്നു 05ബി എന്നറിയപ്പെടുന്ന ഈ ചുഴലിക്കാറ്റ്. 1991 ല്‍ ബംഗ്ലാദേശില്‍ ഉണ്ടായതിനെക്കാള്‍ മാരകമായിരുന്നു ഇത്. കാറ്റഗറി 5 ല്‍ ഉള്‍പ്പെടുത്തിയ ഈ കാറ്റ് മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയിലാണ് കരയില്‍ വീശിയത്. പതിനായിരത്തോളം മനുഷ്യരാണ് ഈ ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ കൊല്ലപ്പെട്ടത്.

ഒക്ടോബര്‍ മധ്യത്തോടെ തെക്കന്‍ ചൈന കടലില്‍ രൂപംകൊണ്ട് ഈ ചുഴലിക്കാറ്റ് അവിടെ നിന്ന് സഞ്ചരിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി. തെക്കന്‍ മ്യാന്‍മാറിലേക്കുള്ള കാറ്റിന്റെ പ്രയാണത്തിനിടയിലാണ് ഒഡീഷ തീരത്ത് നാശം വിതച്ചത്.

2005 ഒക്ടോബര്‍ 29
ഡല്‍ഹിയില്‍ സ്‌ഫോടന പരമ്പര

ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡല്‍ഹിയെ വിറപ്പിച്ചുകൊണ്ട് 2005 ഒക്ടോബര്‍ 29 ന് സ്ഫോടന പരമ്പര അരങ്ങേറി. ഈ സ്‌ഫോടനങ്ങളില്‍ 62 പേര്‍ കൊല്ലപ്പെടുകയും 210 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദീപാവലിക്കു രണ്ടുദിവസം മുമ്പ് അരങ്ങേറിയ ഈ സ്ഫോടനം രാജ്യ വ്യാപകമായി പരിഭ്രാന്തി പരത്തി.

വൈകുന്നേരത്തോടെ ന്യൂഡല്‍ഹി റയില്‍വേസ്റ്റഷന് അടുത്ത് പഹര്‍ഗഞ്ജിലാണ് ആദ്യ സ്‌ഫോടനം നടക്കുന്നത്. അല്‍പ്പനേരത്തിനുശേഷം ഗോവിന്ദ്പുരിയിലും അതിനെത്തുടര്‍ന്ന് സരോജിനി നഗറിലും ബോംബുകള്‍ പൊട്ടി. ലഷ്‌കര്‍ ഇ തൊയ്ബയാണ് ഈ സ്‌ഫോടനങ്ങള്‍ക്കു പിന്നിലെന്നാണ് സംശയിക്കുന്നത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

This post was last modified on October 29, 2014 11:49 am