X

നിസാമിന്റെ സാമ്രാജ്യത്തിലെ പറ്റുകാര്‍ ആരെല്ലാം?

പി കെ ശ്യാം

പണക്കൊഴുപ്പിന്റെ ബലത്തിൽ സെക്യൂരി​റ്റി ജീവനക്കാരൻ ചന്ദ്രബോസിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ വിവാദ വ്യവസായി നിസാമിനെ രക്ഷിച്ചെടുക്കാനുള്ള രാഷ്ട്രീയ നേതൃത്വത്തിന്റേയും ഉന്നത ഉദ്യോഗസ്ഥരുടേയും തീവ്രശ്രമങ്ങള്‍ കണ്ട് തരിച്ചുനിൽക്കുകയാണ് കേരളം. പത്തുവർഷം കൊണ്ട് ശതകോടീശ്വരനായി വളർന്ന നിസാമിന്റെ സാമ്രാജ്യത്തിലെ പങ്കുകാരും കൂട്ടുകച്ചവടക്കാരും അടുപ്പക്കാരും സംരക്ഷകരുമെല്ലാം ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഈ കളികളെ വെല്ലുന്ന രാഷ്ട്രീയനീക്കങ്ങളാണ് ഏതാനും ദിവസങ്ങളായി അണിയറയിൽ നടക്കുന്നതെന്ന് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ധനമന്ത്രി കെ.എം.മാണിയുടെ അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യം ഉടച്ചുവീഴ്ത്തിയ ബാർകോഴക്കേസിന്റെ മുനയൊടിക്കാനാണ് ചീഫ് വിപ്പ് പി.സി.ജോർജ്ജ് പുതിയ ആരോപണങ്ങളുമായി രംഗത്തിറങ്ങിയെന്നതാണ് ഏ​റ്റവും ഒടുവിലത്തേത്. കോഴക്കേസിൽ മാണിയെ ആദ്യം വെട്ടിയ ജോർജ്ജ് തന്നെ രക്ഷകനായും അവതരിച്ചതാണ് പുതിയ കാഴ്ച. 

കേരളം കണ്ട അതിക്രൂരമായ കൊലപാതകക്കേസിലെ പ്രതിയെ രക്ഷപ്പെടുത്തിയെടുക്കാൻ പൊലീസ് മേധാവി അരയുംതലയും മുറുക്കി രംഗത്തിറങ്ങിയെന്നും അതിനുള്ള തെളിവുകളുണ്ടെന്നുമാണ് ജോർജ്ജ് വെളിപ്പെടുത്തിയത്. തൃശൂർ ആസ്ഥാനമായുള്ള വൻ വസ്ത്ര സ്വർണവ്യാപാരിയും ഡി.ജി.പിയും നിസാമും പങ്കുകച്ചവടക്കാരാണെന്ന ഗുരുതരമായ ആരോപണമാണ് ജോർജ്ജ് ഉയർത്തുന്നത്. അതേസമയം രാഷ്ട്രീയ ലാഭം കൊയ്യാൻ കേരളാ കോൺഗ്രസും ഡി.ജി.പി കസേര ലക്ഷ്യമിട്ട് ചില ഉന്നതഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഗൂഢാലോചനയാണിതെന്നും ആരോപണമുണ്ട്. അടുത്തിടെ ഡി.ജി.പി റാങ്കിൽ വിരമിച്ച കർണാടക സ്വദേശിയായ ഉദ്യോഗസ്ഥന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ഇന്റലിജൻസ് സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡി.ജി.പി കെ.എസ്.ബാലസുബ്റമണ്യനും ഈ ഉദ്യോഗസ്ഥനും തമ്മിൽ ഏറെനാളായി ശത്രുതയിലായിരുന്നു. പി.സി.ജോർജ്ജ് മുഖ്യമന്ത്രിക്ക് നൽകിയ തെളിവുകളടങ്ങിയ സിഡിയിൽ ആഭ്യന്തരമന്ത്രി രമേശിനെതിരേയും പരാമർശമുണ്ടെന്നാണ് അറിയുന്നത്. ബാർകോഴ വിഷയത്തിൽ മാണിക്കെതിരേ നീക്കംനടത്തുന്ന രമേശിനെ വെട്ടിലാക്കുകയെന്നതും കേരളാ കോൺഗ്രസിന്റെ തന്ത്രമാണ്.

ജോർജ്ജ് സ്പീക്കിംഗ്
നിസാമിനെ രക്ഷിക്കാൻ എ.ഡി.ജി.പി വഴിയും കമ്മിഷണർ ജേക്കബ് ജോബിനോട് നേരിട്ടും ഡി.ജി.പി സമ്മർദ്ദം ചെലുത്തി. കോടികളുടെ ബ്ലേഡ് ഇടപാടുകളാണ് ഈ മൂവർ സംഘം നടത്തുന്നത്. പത്തുവർഷം കൊണ്ട് ഇന്ത്യയിലെ ഏ​റ്റവും വളർച്ചനേടിയ ബിസിനസുകാരാണ് ഡി.ജി.പിയുടെ സുഹൃത്തുക്കൾ. തൃശൂരിൽ സ്വർണം ഉരയ്ക്കുന്ന ജോലിയിൽ നിന്ന് ഒറ്റയടിക്ക് രാജ്യത്തുടനീളവും വിദേശത്തുമടക്കം വസ്ത്ര സ്വർണ വ്യാപാര ശൃംഖലകൾ കെട്ടിപ്പടുത്തയാളാണ് വ്യവസായി. ബീഡി വ്യവസായത്തിന്റെ മറവിൽ കോടാനുകോടികളുടെ ബിസിനസ് സാമ്രാജ്യം നിസാമും സ്വന്തമാക്കി. എല്ലാവരും പങ്കുകച്ചവടക്കാരാണ്. ശോഭാസി​റ്റിയിൽ ഡി.ജി.പി നിരന്തരം സന്ദർശനം നടത്തുന്നുണ്ട്. ചന്ദ്രബോസിന്റെ കൊലപാതകത്തിന് ശേഷം വസ്ത്ര സ്വർണ വ്യാപാരിയുടെ ഗസ്​റ്റ് ഹൗസിൽ മൂന്നുദിവസം തങ്ങിയാണ് ഡി.ജി.പി നിസാമിനെ രക്ഷിക്കാനുള്ള ഓപ്പറേഷൻ നടത്തിയത്. തുടക്കത്തിൽ തൃശൂർ കമ്മിഷണറായിരുന്ന ജേക്കബ്‌ജോബിന്റെ അടുത്തയാളായിരുന്ന ഡി.ജി.പി പിന്നീട് ജോബുമായി തെ​റ്റിപ്പിരിഞ്ഞു. തൃശൂരിലെ ബാങ്കറിൽ നിന്ന് ഗുണ്ടാനേതാവ് തട്ടിയെടുത്ത രണ്ടരക്കോടിയെച്ചൊല്ലിയായാരിന്നു ഉടക്ക്. പണം തിരികെ നൽകണമെന്ന് കോടതിവിധിയുണ്ടായിട്ടും ഗുണ്ടാനേതാവ് നൽകാത്തതിനെച്ചൊല്ലി പരാതിയുണ്ടായപ്പോൾ ജേക്കബ്‌ജോബ് മദ്ധ്യസ്ഥനായി കേസൊതുക്കാനാണ് ഡി.ജി.പി നിർദ്ദേശിച്ചത്. രണ്ടുവട്ടം വിളിച്ചപ്പോഴും ജോബ് കാര്യമായി എതിർത്തുപറഞ്ഞില്ല. മൂന്നാം വട്ടം ഡി.ജി.പി വിളിച്ചപ്പോൾ തനിക്ക് മധ്യസ്ഥനാവാനാവില്ലെന്ന് ജേക്കബ്‌ജോബ് തീർത്തുപറഞ്ഞു. ക്ഷുഭിതനായ ഡി.ജി.പി ‘തന്നെ എന്തിനു കൊള്ളാം, തൃശൂരിലേക്ക് ഞാൻ വേറെ ആളെ നോക്കിക്കോളാം’ എന്ന ഭീഷണിയോടെ ഫോൺ വച്ചതായും ജോബ് പറഞ്ഞു. 

കഥയുടെ മറുവശം ഇങ്ങനെ
നിസാമിനെ രക്ഷിച്ചെടുക്കാൻ ആഞ്ഞു ശ്രമിച്ച ജേക്കബ്‌ജോബിനെ നിരവധി ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്നാണ് സസ്‌പെൻഡ് ചെയ്തതെന്ന് പൊലീസ് ആസ്ഥാനം വ്യക്തമാക്കി. നിസാമുമായി ജോബ് ഒരുമണിക്കൂർ തനിച്ച് ചർച്ചചെയ്തതിനെക്കുറിച്ച് അന്വേഷിച്ച ഐ.ജി ടി.ജെ.ജോസിന്റെ റിപ്പോർട്ടിൽ ഗുരുതരവീഴ്ചകൾ അക്കമിട്ട് നിരത്തിയിരുന്നു. ഉത്തരമേഖലാ എ.ഡി.ജി.പി ശങ്കർറെഡ്ഡി ജേക്കബ്‌ജോബിനെ ഉടനടി സ്ഥലംമാ​റ്റണമെന്നാണ് ശുപാർശ ചെയ്തതെങ്കിലും ഡി.ജി.പിയാണ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനമെടുത്തത്. പക്ഷേ അത് നിയമ പ്രകാരമായിരുന്നുവെന്നും ഉന്നതഉദ്യോഗസ്ഥർ പറയുന്നു. പത്തനംതിട്ടയിലേക്ക് സ്ഥലംമാ​റ്റപ്പെട്ടപ്പോൾ ജേക്കബ്‌ജോബ് സർക്കാരിലും ആഭ്യന്തരവകുപ്പിലും വൻസമ്മർദ്ദമാണ് ചെലുത്തിയത്. സ്ഥലംമാ​റ്റ ഉത്തരവിറങ്ങിയയുടൻ അവധിയിൽ പ്രവേശിക്കുകയാണ് ജോബ് ചെയ്തത്. കൊച്ചി സി​റ്റിയിൽ നിന്ന് തൃശൂരിലേക്ക് നിയോഗിച്ച് നിശാന്തിനിക്ക് അവിടെ ചുമതലയേൽക്കാൻ പോലുമായില്ല. കൊച്ചിയിലെ ലഹരിമരുന്ന് കേസുകളുടെ അന്വേഷണം അട്ടിമറിക്കാനാണ് നിശാന്തിനിയെ മാ​റ്റുന്നതെന്ന് പ്രചാരണം ഒരുവിഭാഗം അഴിച്ചുവിട്ടു. ഡി.ജി.പി മുൻകൈയ്യെടുത്താണ് നിശാന്തിനിയെ തൃശൂരിലെത്തിച്ചതെന്നും പ്രചാരണമുണ്ടായതായി ഉദ്യോഗസ്ഥർ പറയുന്നു. തൃശൂരിലെ കോൺഗ്രസ് നേതൃത്വത്തിന്റേതടക്കം നൂറുകണക്കിന് ശുപാർശകൾ കിട്ടിയിട്ടും ജേക്കബ്‌ജോബിന്റെ സ്ഥലംമാ​റ്റം റദ്ദാക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉറച്ചനിലപാടെടുക്കുകയായിരുന്നു. ഒടുവിൽ മനസില്ലാമനസോടെയാണ് ജേക്കബ്‌ജോബ് തൃശൂരിലെത്തി നിശാന്തിനിക്ക് ചുമതല കൈമാറിയത്.

പൊളി​റ്റിക്കൽ ട്വിസ്​റ്റ്
കേരളാ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.സിയുടെ സജീവ പ്രവർത്തകനും നേതാവുമായിരുന്നു ജേക്കബ്‌ ജോബ്. എസ്.ബി.കോളേജിൽ യൂണിയൻ ഭാരവാഹിയായും പ്രസിഡന്റായും ജോബ് പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് പൊലീസിലെത്തിയപ്പോൾ എസ്.ഐയായി ജോബിന് ആദ്യനിയമനം ലഭിച്ചത് പാലായിൽ. അവിടെ മാണിയുടെ ബലത്തിൽ ജോബ് അടിച്ചുപൊളിക്കുകയായിരുന്നു. കേരളാ കോൺഗ്രസുകാരുടെ പരാതി കൂടിക്കൂടി വപ്പോൾ ജോബിനെ മാണി സ്ഥലംമാ​റ്റിച്ചു. കാഞ്ഞിരപ്പള്ളിയിൽ സി.ഐയായും ഡിവൈ.എസ്.പിയായുമൊക്കെ മാണിയുടെ തണലിലായിരുന്നു ജോബ്. ഇടയ്ക്ക് വിജിലൻസ് കേസിൽ കുടുങ്ങിയപ്പോൾ പി.ജെ.കുര്യനൊപ്പം ചേർന്ന് കോൺഗ്രസിന്റെ ഭാഗമായി നിന്ന് ജോബ് തലയൂരി. അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണെന്ന് എ.സി.ആറിൽ വിൻസൺ എം പോൾ എഴുതിവച്ചിട്ടും ജേക്കബ് ജോബ് പിന്നീട് ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു.  രാഷ്ട്രപതിയുടെ മെഡലും ഐ.പി.എസുമടക്കം മാണിയുടെ തണലിലാണ് ജോബ് നേടിയത്. മനുഷ്യാവകാശ കമ്മിഷനിൽ എസ്.പിയായിരുന്ന ജേക്കബ്‌ ജോബിന് ഐ.പി.എസ് ലഭിച്ചതോടെ കേരള കോൺഗ്രസിന്റെ സമ്മർദ്ദഫലമായാണ് ജില്ലാചുമതലയിലേക്ക് മാ​റ്റിയത്. ഇടുക്കിയും കോട്ടയവുമായിരുന്നു ജോബിന്റെ ആവശ്യം. എന്നാൽ തൃശൂരിലേക്കാണ് രമേശ് ചെന്നിത്തല ജോബിനെ അയച്ചത്. ജോബിനെ തൊട്ടതോടെ കേരളാ കോൺഗ്രസുകാരുടെ രക്തംചൂടായി. ഒപ്പം രമേശിനെ പേടിപ്പിച്ച് കൂടെനിറുത്താനും വിജിലൻസ് അന്വേഷണം ചുരുട്ടിക്കെട്ടാനും വഴിയും തെളിഞ്ഞു. 

കണ്ണ് ഡി.ജി.പിക്കസേരയിൽ
വരുന്ന മേയിൽ ബാലസുബ്രഹ്മണ്യൻ വിരമിക്കുമ്പോൾ ഡി.ജി.പിയുടെ കസേര കാത്തിരിക്കുന്ന നിരവധിപേരുണ്ട്. ടി.പി വധക്കേസിലെ പ്രതികൾ ജയിലിൽ ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിട്ടത് ന്യായീകരിച്ചതിനെത്തുടർന്ന് പൊലീസ് കൺസ്ട്രക്ഷൻ കോർപറേഷനിലേക്ക് മാ​റ്റപ്പെട്ട അലക്സാണ്ടർ ജേക്കബും മേയിൽ വിരമിക്കും. ബാലസുബ്രഹ്മണ്യത്തിനെ മാ​റ്റി അദ്ദേഹത്തിന് രണ്ടുമാസത്തേക്ക് ഡി.ജി.പി കസേരനൽകണമെന്നാണ് പ്രധാന ആവശ്യം. ഡി.ജി.പി കസേരയിലേക്കെത്താൻ ഏ​റ്റവും സീനിയറായ മഹേഷ് കുമാർസിംഗ്ല ഇപ്പോൾ ബി.എസ്.എഫിൽ ഡെപ്യൂട്ടേഷനിലാണ്. നിസാം വിവാദം ഉരുണ്ടുകൂടുന്നതറിഞ്ഞ് ആദ്യം പ്രതികരണവുമായെത്തിയതും സിംഗ്ലയാണ്. ഡി.ജി.പിയായി തന്നെ പരിഗണിച്ചാൽ ഡെപ്യൂട്ടേഷൻ റദ്ദാക്കി മടങ്ങിയെത്താൻ തയ്യാറാണെന്ന് സിംഗ്ല സർക്കാരിനെ അറിയിച്ചുകഴിഞ്ഞു.

അഭയക്കേസിന്റെ തനിയാവർത്തനം
സംസ്ഥാന പൊലീസിന് വൻ നാണക്കേടുണ്ടാക്കിയ സിസ്​റ്റർ അഭയ കേസന്വേഷണത്തിന്റെ തനിയാവർത്തനമാണ് ചന്ദ്രബോസ് കൊലക്കേസിലും. വിവാദവ്യവസായി നിസാം വാഹമിടിച്ചും അടിച്ചും കുത്തിയും കൊലപ്പെടുത്തിയ ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രം പോലും നശിപ്പിക്കപ്പെട്ടുകഴിഞ്ഞു. 1992 മാർച്ച് 27ന് പയസ് ടെൻത് കോൺവെന്റിലെ കിണറ്റിനരികിൽ മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടെ അഭയ കിണ​റ്റിൽ വീണ് മരിച്ചുവെന്നാണ് കോട്ടയം ഫയർഫോഴ്സ് ഓഫീസിലെ ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയിരുന്നത്. അഭയയുടെ ഇൻക്വസ്​റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്​റ്റ് സ്‌​റ്റേഷനിൽ എ.എസ്.ഐയായിരുന്നു അഗസ്​റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം ആദ്യം പയസ് ടെൻത് കോൺവെന്റിലെത്തിയ അഗസ്​റ്റിൻ കേസ് സംബന്ധിച്ച നിർണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന് പിന്നീട് സി.ബി.ഐ കണ്ടെത്തി. സബ്ഡിവിഷണൽ മജിസ്ട്രേ​റ്റ് കൂടിയായ ആർ.ഡി.ഒയുടെ അനുവാദം നേടിയശേഷം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.ടി. മൈക്കിളിന്റെ നേതൃത്വത്തിൽ അഭയയുടെ ഡയറി, ചെരുപ്പ്, വസ്ത്രങ്ങൾ തുടങ്ങിയ തൊണ്ടിമുതലുകൾ 1993 മേയ് 16ന് കത്തിച്ചു നശിപ്പിച്ചു. ഇത് തുടരന്വേഷണത്തെ പ്രതികൂലമായി ബാധിച്ചതായി സി.ബി.ഐ. ഡിവൈ.എസ്.പി. വർഗീസ് പി. തോമസ് പിന്നീട് വ്യക്തമാക്കിയിരുന്നു.

*Views are Personal

This post was last modified on March 6, 2015 7:54 am