X

മാധ്യമ നഭസില്‍ മുന്പേ പറന്നവരെക്കുറിച്ച് പി സുജാതന്‍റെ ‘ചരിത്ര സാക്ഷികള്‍’

ഈ ആഴ്ചയിലെ പുസ്തകം
ചരിത്രസാക്ഷികള്‍: മാധ്യമനഭസ്സില്‍ മുമ്പേ പറന്നവര്‍ (പഠനം)
പി. സുജാതന്‍
കേരള പ്രസ് അക്കാദമി
വില: 200.00 രൂപ

മികവുറ്റ മാധ്യമ പ്രവര്‍ത്തകനും കഴിവുറ്റ കാര്‍ട്ടൂണിസ്റ്റുമാണ് പി സുജാതന്‍. ആനുകാലികങ്ങളില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ പ്രസിദ്ധപ്പെടുത്തിക്കൊണ്ട് പ്രവേശിച്ച സുജാതന്‍ ഇടയ്‌ക്കെപ്പോഴോ കാര്‍ട്ടൂണ്‍ വരകളെ വഴിയിലുപേക്ഷിച്ച് മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തകനായി മാറുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ആര്‍ജ്ജിച്ച അനുഭവങ്ങളും അന്വേഷണ തൃഷ്ണമായ മനസ്സും സംഗമിച്ചപ്പോഴുണ്ടായ സംഭാവനയാണ് ‘ചരിത്രസാക്ഷികള്‍’ എന്ന പുസ്തകം. മാധ്യമ നഭസില്‍ മുമ്പേ പറന്നവരെക്കുറിച്ചാണ് സുജാതന്‍ എഴുതിയിരിക്കുന്നത്. മാധ്യമ വിദ്യാര്‍ഥികള്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും ഇനി മാധ്യമമേഖലയിലേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ പുസ്തകം ഒരു സാക്ഷ്യപത്രമാണ്. 

മാധ്യമരംഗത്തെ കുലപതികളെയും കൊടുമുടികളെയും അടുത്തും അകലെയും നിന്ന് കാണാന്‍ ശ്രമിക്കുന്ന അന്വേഷണ വ്യഗ്രമായ, അസ്വസ്ഥജനകമായ രചനാരീതിയാണ് സുജാതന്‍ അവലംബിച്ചിട്ടുള്ളത്. പോയ നൂറ്റാണ്ടിലെ അച്ചടിപ്പത്രങ്ങളിലെ മഹാരഥന്മാരെ അവതരിപ്പിച്ചുകൊണ്ട് സുജാതന്‍ നടത്തിയ ഈ ശ്രമകരമായ സംരംഭം തീര്‍ച്ചയായും ചരിത്ര നഭസിലെ നക്ഷത്രമായി മാറിയേക്കാം.

പ്രാദേശികം, ദേശീയം, വൈദേശികം എന്നിങ്ങനെ വിഭജിച്ചുകൊണ്ടാണ് മാധ്യമ പ്രതിഭകളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രാദേശിക വിഭാഗത്തില്‍ കേസരിബാലകൃഷ്മപിള്ളയെ തന്നെയാണ് ആദ്യം അവതരിപ്പിക്കുന്നത്. പിന്നീട് കാമ്പിശ്ശേരി, കെ. ബാലകൃഷ്ണന്‍, കെ.പി. കേശവമേനോന്‍, കെ. സുകുമാരന്‍ തുടങ്ങിയവരെയും. ദിവാന്‍ സി.പി. രാമസ്വാമി അയ്യരെ അദ്ദേഹത്തിന്റെ ഭവനത്തില്‍ചെന്ന് തന്നെ കളിയാക്കി വിമര്‍ശിച്ച പത്രാധിപരായിരുന്നു കേസരി ബാലകൃഷ്ണപിള്ള. കെ.പി. അപ്പന്‍ വിശേഷിപ്പിച്ചതുപോലെ ‘പ്രൊമിത്യൂസിന്റെ കരളുള്ളു’ കേസരി പത്രപ്രവര്‍ത്തനരംഗത്തും സാഹിത്യരംഗത്തും നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്.

ദേശീയം എന്ന വിഭാഗത്തില്‍ എം. ശിവറാം, പോത്തന്‍ജോസഫ്, ഖുശ്‌വന്ത്‌സിംഗ്, സി.പി. രാമചന്ദ്രന്‍, എടത്തട്ട നാരായണന്‍, ശങ്കര്‍, ചലപതിറാവു തുടങ്ങിയവരെ അവതരിപ്പിക്കുന്നു. ‘തിരിച്ചുവരാത്ത തീര്‍ത്ഥാടനം’ എന്ന ശീര്‍ഷകത്തിലാണ് എം. ശിവറാമിനെ അവതരിപ്പിച്ചിരിക്കുന്നത്. സുജാതന്‍ എഴുതുന്നു. ”റോയിട്ടേഴ്‌സ് ആഘോഷിച്ച ഏകമലയാളിയാണ് എം. ശിവറാം. ഈ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയുടെ ലണ്ടന്‍ ആസ്ഥാനമന്ദിരത്തിന്റെ പൂമുഖത്ത് സ്വര്‍ണ്ണഫലകത്തില്‍ എം. ശിവറാമിന്റെ മികവിനെപ്പറ്റി അഭിമാനത്തോടെ രേഖപ്പെടുത്തിവച്ചിട്ടുണ്ട്”.

‘ഓവര്‍ എ കപ് ഓഫ് ടീ’ എന്ന പോത്തന്‍ ജോസഫിന്റെ കോളം വളരെ പ്രശസ്തമായിരുന്നു. ഇന്ത്യയില്‍ പ്രതിദിന കോളമെഴുത്ത് അവതരിപ്പിച്ചത് പോത്തനാണ്. രൂക്ഷമായ പരിഹാസംകൊണ്ട് സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലും വിഷമിപ്പിച്ച എഡിറ്ററായിരുന്നു പോത്തന്‍ ജോസഫ്. സ്വാതന്ത്ര്യസമരകാലത്ത് ഒരു എ.ഐ.സി.സി. സമ്മേളനത്തില്‍ നെഹ്‌റു ഒരു പ്രമേയം കൊണ്ടുവന്നത്. മദ്യനിരോധന പ്രഖ്യാപനം നടത്തി. പിറ്റേന്ന്, പോത്തന്റെ ‘ഓവര്‍ എ കപ് ഒഫ് ടീ’ യില്‍ വന്ന കമന്റ് ഇങ്ങനെ: ”പ്രിയപ്പെട്ട ജവഹര്‍, മഴപെയ്യുമ്പോള്‍ രണ്ടു പെഗ്ഗ് വിസ്‌കിയും വിഴുങ്ങി, മഴയും നനഞ്ഞ്, ചൂളവുമടിച്ച്. റോഡിലൂടെ നടന്നുപോകുന്നതിന്റെ രസം താങ്കള്‍ക്കറിഞ്ഞു കൂടല്ലോ.” ……. ഇതായിരുന്നു പോത്തന്‍ ജോസഫ്.

വൈദേശികം എന്ന ഭാഗത്തില്‍ ഓറിയാന ഫല്ലാസി, ആര്‍ട്ബുച്ച് വാള്‍ഡ്, ബോബ്‌വുഡ്വേര്‍ഡ്, ഹരോള്‍ഡ് ഇവാന്‍സ്, വാള്‍ട്ടര്‍ലിപ്മാന്‍, ജോസഫ് പുലിറ്റ്‌സര്‍ എന്നിവരാണ് പ്രത്യക്ഷപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും പേരുകേട്ട അഭിമുഖക്കാരിയായ ഓറിയാനാ ഫല്ലാസിയെക്കുറിച്ചെഴുതുമ്പോള്‍ സുജാതന്റെ എഴുത്തിന് വല്ലാത്ത ഒരു പോരാട്ടവീര്യം. ഇന്ദിരാഗാന്ധി, അമേരിക്കയിലെ കിസിന്‍ജെര്‍, പാകിസ്ഥാനിലെ സുള്‍ഫിക്കര്‍ അലിഭൂട്ടോ, ഇസ്രയേലിലെ ഗോള്‍ഡാമെയ്ര്‍, അറാഫത്ത്, ഇറാനിലെ വൊമേനി തുടങ്ങിയവരുമായുള്ള ഓറിയാനയുടെ അഭിമുഖങ്ങള്‍ ‘അഗ്രസീവ്’ ആയിരുന്നു. ചോദ്യങ്ങളൊക്കെ പ്രകോപനപരങ്ങളായിരിക്കും. വിയറ്റ്‌നാം യുദ്ധം ഒരു പ്രയോജനവുമില്ലാതെപോയെന്ന് ഓറിയാന കിസിന്‍ജയെകൊണ്ട് പറയിച്ചു. ഇന്ദിരാഗാന്ധിയുമായുള്ള അഭിമുഖവും വിവാദമുണ്ടാക്കി. താന്‍ ഫിറോസ് ഗാന്ധിയെ വിവാഹം കഴിച്ചത് പ്രേമം കൊണ്ടല്ല, മക്കള്‍ക്ക് അച്ഛനുണ്ടാവണമെന്നതിനാലാണെന്ന് മിസിസ് ഗാന്ധിയെ കൊണ്ട് പറയിച്ചതായി ഓറിയാന എഴുതി. എന്നാല്‍ ഭൂട്ടോ പ്രതികരിച്ചത് ഇന്ദിരാഗാന്ധിക്ക് ഒരു നോട്ടെഴുതാന്‍പോലും അറിയാത്ത കൈവിരലുകളാണെന്നാണത്രേ – ‘അഭിമുഖ യുദ്ധഭൂമിയിലെ നായിക’ എന്നാണ് സുജാതന്‍ ശീര്‍ഷകം നല്‍കിയിരിക്കുന്നത്.

ലോക നേതാക്കളെ അഭിമുഖസംഭാഷണങ്ങളിലൂടെ വട്ടം ചുറ്റിയ ഇറ്റാലിയന്‍ പത്രപ്രവര്‍ത്തക ഓറിയാനാഫല്ലാസി അര്‍ബുദരോഗം ബാധിച്ച് കിടപ്പിലായപ്പോള്‍ അന്ത്യാഭിലാഷമെന്ന നിലയില്‍ ഇങ്ങനെ പറഞ്ഞു: ”സ്റ്റാലിനെയും ഹിറ്റ്‌ലറെയും കണ്ട് സംസാരിക്കാന്‍ കഴിഞ്ഞെങ്കില്‍….. യേശുക്രിസ്തുവുമായി ഒരു ഇന്റര്‍വ്യൂ തരപ്പെട്ടിരുന്നെങ്കില്‍….” 2006 സെപ്തംബര്‍ 14 ന് യുദ്ധഭൂമിയിലെ നായിക മരണത്തിന്റെ തണുത്ത ഭൂമിയിലേയ്ക്ക് യാത്രയായി.

അച്ചടിപ്പത്ര ലോകത്തെ സവ്യസാചികളോടൊപ്പം സുജാതന്‍ വായനക്കാരെ കൊണ്ടുപോകുന്ന അനുഭവം അവിസ്മരണീയമാണ്. വലിയ കാലങ്ങളും അതിലും വലിയ പ്രതിഭാശാലികളും, അതിലും വലിയ സംഭവങ്ങളും എല്ലാം കൂടിച്ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ മറ്റൊരു ഭൂഖണ്ഡം കാണിച്ചുതരുകയാണ് സുജാതന്‍.

മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തന രീതിയും അടിമുറി മാറിവരുന്ന ആധുനിക സൈബര്‍ യുഗത്തില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട വ്യക്തികളെയും അനുഭവങ്ങളേയും സംഭവങ്ങളേയും ചരിത്രസാക്ഷ്യമാക്കിവച്ചിട്ടുള്ള ഈ പുസ്തകം മാധ്യമ ഗ്രന്ഥപ്പുരയിലെ കാലത്തിന്റെ ചിതലെടുക്കാത്ത പ്രമാണരേഖയായി ചരിത്രം സൂക്ഷിച്ചുവയ്ക്കും. പ്രശസ്ത പത്രപ്രവര്‍ത്തകനും കലാകൗമുദി എഡിറ്ററുമായിരുന്ന എന്‍.ആര്‍.എസ്. ബാബുവിന്റെ പ്രൗഢമായ അവതാരിക ഈ പുസ്തകത്തിന്റെ ഒസ്യത്താണ്.

ഡോ. ടി കെ സന്തോഷ് കുമാര്‍

എഴുത്തുകാരനും ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനും മാധ്യമ അദ്ധ്യാപകനുമാണ് ഡോ. ടി കെ സന്തോഷ് കുമാര്‍

More Posts

This post was last modified on February 3, 2015 10:45 pm