X

യാത്ര പറഞ്ഞ സൗമ്യസാന്നിധ്യം; ചാത്തന്നൂര്‍ മോഹനെ മുന്‍ സഹപ്രവര്‍ത്തകന്‍ എം ബി സന്തോഷ് ഓര്‍മിക്കുന്നു

അന്തരിച്ച മാധ്യമപ്രവര്‍ത്തകനും കവിയും നാടകഗാനരചയിതാവുമായ ചാത്തന്നൂര്‍ മോഹനെ മുന്‍ സഹപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ എം ബി സന്തോഷ് ഓര്‍ക്കുന്നു…

എപ്പോഴും പ്രസന്നവദനായി കാണുന്ന, തന്റെ മുന്നില്‍ വരുന്നവരോട് വലിപ്പം ചെറുപ്പം നോക്കാതെ ഇടപഴകുന്നൊരു വ്യക്തത്വമായിരുന്നു ചാത്തന്നൂര്‍ മോഹന് ഉണ്ടായിരുന്നത്. ഒരു സാധാരണക്കാരനായാലും ലബ്ധപ്രതിഷ്ഠ നേടിയ സാഹിത്യകാരനായാലും രണ്ടുപേരെയും ഒരേ മനസോടെ സ്വീകരിക്കാനുള്ള സഹൃദയത്വം അദ്ദേത്തിനുണ്ടായിരുന്നു. സാധാരണ സാഹിത്യകാരന്മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം ഉണ്ടാകുന്ന പല ശീലങ്ങളില്‍ നിന്നും സ്വയം ഒഴിഞ്ഞു നിന്നിരുന്നൊരാള്‍.

കൊല്ലത്തു നിന്നു പ്രസിദ്ധീകരിക്കുന്ന പ്രഭാതരശ്മി എന്ന മാസികയുടെ അസോഷ്യേറ്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. നാടകഗാനചനയില്‍ ശ്രദ്ധേയനായിരുന്ന മോഹന്‍ രണ്ടിലേറെ തവണ മികച് ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. അതുപോലെ കവിതയിലും പുരസ്‌കാരലബ്ധിക്കുടമായിയരുന്നു മോഹന്‍. കടലിരമ്പുന്ന ശംഖ് എന്ന കവിത സഹാമഹാരത്തിന് കെ ദാമോദരന്‍ അവാര്‍ഡ് ലഭിച്ചു. കവിതകള്‍ കൂടാതെ ലേഖന സമാഹാരങ്ങളും ബാലസാഹിത്യവും അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്.

മൂന്നുദശാബ്ദത്തോളം കേരള കൗമുദിയിലായിരുന്നു മോഹന്റെ പത്രപ്രവര്‍ത്തനജീവിതം. കൂടുതല്‍ കാലവും കൊല്ലത്തായിരുന്നു അദ്ദേഹം ചെലവിട്ടത്. ബ്യൂറോയിലും ഡെസ്‌കിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. കുറച്ചു കാലം കേരള കൗമുദി ആഴ്ചപതിപ്പിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തനജീവിതത്തില്‍ കെ പി അപ്പനുമായി നടത്തിയ അഭിമുഖം മോഹന് വളരെയേറെ ശ്രദ്ധനേടിക്കൊടുത്ത ഒന്നായിരുന്നു. ലിറ്റററി ജേര്‍ണലിസം ശാഖയിലായിരുന്നു മോഹന്‍ തന്റെ പ്രതിഭ കൂടുതലായി തെളിയിച്ചത്. നിരവധി അഭിമുഖങ്ങള്‍ അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്. 

അഴിമുഖം ഓണ്‍ലൈന്‍ പോര്‍ട്ടലിനുവേണ്ടി ഓരോ ആഴ്ചയും പുസ്തകനിരൂപണം നടത്തി വന്നിരുന്നു. ആഴ്ച പുസ്തകം എന്ന പേരിട്ട കോളമായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. അതിനൊരു നിമിത്തമാകാന്‍ എനിക്ക് കഴിഞ്ഞത് ഈയവസരത്തില്‍ ഓര്‍ക്കുകയാണ്.

വിയോഗവേളയില്‍ മോഹന്റെ സംഭാവനകളെ പലമേഖലകളില്‍ നിന്നും വിലയിരുത്തേണ്ടതുണ്ടെങ്കിലും വ്യക്തിസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ എന്നും ശ്രമിച്ചിരുന്ന സൗമ്യനായൊരു സുഹൃത്തിനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് എനിക്ക് അനുഭവപ്പെടുന്നത്.

This post was last modified on June 15, 2016 1:56 pm