X

വിരല്‍ത്തുമ്പിനുമപ്പുറം: ആശയങ്ങളുടെ ജുഗല്‍ബന്ദി

ഈ ആഴ്ചയിലെ പുസ്തകം
വിരല്‍ത്തുമ്പിനുമപ്പുറം (ലേഖനങ്ങള്‍)
വിമലാ രാജകൃഷ്ണന്‍
സൈന്ധവബുക്ക്‌സ്
വില: 270 രൂപ

ജീവിതത്തിന്റെ നേരറിവുകളിലേക്കും നേര്‍ക്കാഴ്ചകളിലേക്കും നടന്നുകയറുന്ന അന്വേഷണവ്യഗ്രമായ മനസ്സുള്ള വനിതാ പത്രപ്രവര്‍ത്തകയുടെ ഊര്‍ജ്ജമാണ് വിമലാ രാജകൃഷ്ണന്റേത്. പത്രാധിപയായ ഈ എഴുത്തുകാരി  ഭക്തിയുടെയും യുക്തിയുടെയും തലങ്ങളിലൂടെ സഞ്ചരിച്ച് സ്വയംവിമര്‍ശനം നടത്തി സമാഹരിച്ചിരിക്കുന്ന ലേഖനങ്ങളാണ് ‘വിരല്‍ത്തുമ്പിനുമപ്പുറം’. ആശയങ്ങളുടെ ജുഗല്‍ബന്ദിയാണ് ഈ പുസ്തകം. സംഘര്‍ഷഭരിതമായ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വ്യക്തികളെയും അവരുടെ അനുഭവങ്ങളെയും അടുത്തറിഞ്ഞ് അവതരിപ്പിക്കുന്ന രീതിയാണിവിടെ. ഉള്‍ക്കാഴ്ചയും ഉള്‍ത്താപവും സമന്വയിക്കുന്ന ആശയങ്ങളുടെ ഹൃദ്യമായ ആവിഷ്‌ക്കാരമാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്.

മൂന്നു ഭാഗങ്ങളുണ്ട് ഈ പുസ്തകത്തില്‍. ഒന്നാം ഭാഗം ‘സഹയാത്രികരുടെ കഥാകഥന’മാണ്. രണ്ടാം ഭാഗം ‘പ്രശ്‌നങ്ങളും പ്രതികരണങ്ങളും’. മൂന്നാം ഭാഗത്തില്‍ ‘കൊച്ചുകൊച്ചു വലിയ കാര്യങ്ങള്‍’ പ്രതിപാദിക്കുന്നു. നൂറിലേറെ ലേഖനങ്ങള്‍ പുസ്തകത്തിലുണ്ട്. വായനയുടെ സുഖവും സൗകര്യവും മുന്നില്‍ക്കണ്ട് ചെറിയ കുറിപ്പുകളാക്കിയാണ് വിമലാരാജകൃഷ്ണന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

രക്ഷിതാക്കള്‍ക്കും ഭാര്യമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും എന്നുവേണ്ട സമൂഹജീവിതത്തില്‍ ദൈനംദിനം നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുന്നു ലേഖിക. ജീവിതത്തില്‍ അറിയേണ്ട അടിസ്ഥാനപരമായ കാര്യങ്ങള്‍ വിവരിക്കുന്നുമുണ്ട് പുസ്തകത്തിലുടനീളം. വര്‍ത്തമാനകാല ഭീകരതയുടെ മുഖങ്ങള്‍ എടുത്തുകാട്ടി  അതിന്റെ ഭവിഷ്യത്തിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ലേഖിക ശ്രദ്ധിക്കുന്നുണ്ട്.

താന്‍ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങള്‍ വളരെ സൂക്ഷ്മമായിട്ടാണ് വിമലാ രാജാകൃഷ്ണന്‍ അവതരിപ്പിക്കുന്നത്. വീണ്ടുവിചാരമില്ലാതെ മനംനിറഞ്ഞ അഹങ്കാരത്തോടെ എടുക്കുന്ന ഏത് തീരുമാനവും നാശത്തിനേ വഴിതെളിക്കൂ. ക്രോധം വെടിഞ്ഞ് സമാധാനത്തിന്റേയും വിട്ടുവീഴ്ചയുടെയും പാതയില്‍ സഞ്ചരിച്ചാല്‍ സ്‌നേഹവും സംതൃപ്തിയും സമാധാനവും താനേ കൈവരുമെന്ന് ലേഖിക ഓര്‍മ്മിപ്പിക്കുന്നു.

‘അലസന്‍മാരുടെ മനസ് ചെകുത്താന്റെ പണിശാലയാണ്’ എന്ന ലേഖനം ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ നേര്‍ചിത്രമാണ്. ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന, അവിടത്തെ ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിച്ച്, അടുത്തുള്ള ടൗണില്‍ നിനക്ക് ബിരുദാനന്തരബിരുദം നേടി, ജീവിതമാര്‍ഗ്ഗം തേടി അയല്‍സംസ്ഥാനത്തേക്ക്  ചേക്കേറുവാന്‍ നിര്‍ബന്ധിതനായ മുരളീധരനിലൂടെയാണ് ഈ ലേഖനം ആവിഷ്‌ക്കരിക്കുന്നത്. വെറുതെയിരിക്കുന്ന ശരീരവും മനവും ചെകുത്താന്റെ ഉറവിടമാണെന്ന് ലേഖിക അടിവരയിട്ട് ഇവിടെ പറയുന്നു.

‘അര്‍ത്ഥപൂര്‍ണ്ണമായ അകലങ്ങള്‍’ എന്ന ലേഖനം ആലോചനാമൃതമാണ്. മകളുടെ നന്മ കാംക്ഷിക്കുന്ന ഏതമ്മയും അവളുടെ നിത്യജീവിതത്തില്‍ പരിധിയില്‍ കൂടുതല്‍ കൈകടത്തരുത്. നടക്കാന്‍ തുടങ്ങുന്ന ഒന്നുരണ്ടു തവണ വീണാലേ കാല് ശരിയാവണ്ണം ഉറപ്പിച്ച് നടക്കൂ. അതുപോലെ അനുഭവങ്ങള്‍ ആര്‍ജ്ജിച്ച് എടുത്താലേ സുസ്ഥിരമായ ജീവിതം പടുത്തുയര്‍ത്താനാവൂ. ഈ സന്ദേശമാണ് അര്‍ത്ഥപൂര്‍ണ്ണമായ അകലങ്ങള്‍ വിളംബരം ചെയ്യുന്നത്.

വീട്ടില്‍ ഒറ്റപ്പെട്ടുപോകുന്ന കുട്ടികളുടെ കാര്യത്തില്‍ രക്ഷകര്‍ത്താക്കള്‍ ജാഗ്രത പുലര്‍ത്തേണ്ടതിനെക്കുറിച്ചും ലേഖിക ഓര്‍മ്മിപ്പിക്കുന്നുണ്ട്.  സ്വന്തം മക്കള്‍ മിടുക്കരാണ്. അവര്‍ ഒരിക്കലും തെറ്റായ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കില്ല എന്ന രക്ഷിതാക്കളുടെ വിശ്വാസം നന്ന്. എങ്കിലും കുട്ടികളെ  കുറിച്ചുള്ള കാര്യങ്ങള്‍, അവരുടെ സുഹൃദ്ബന്ധങ്ങളെക്കുറിച്ച് ഒക്കെ രക്ഷിതാക്കള്‍ക്ക് അറിവുണ്ടാകണം. മനസ് തുറക്കാന്‍ ഇന്നത്തെ ടീനേജുകാര്‍ മടികാട്ടുമെങ്കിലും എന്തും അച്ഛനോടും അമ്മയോടും പറയാന്‍ കഴിയും എന്ന ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം. രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തില്‍ സത്യസന്ധത ഉണ്ടായിരിക്കണം. ബന്ധത്തിലെ സത്യവും വിശ്വാസവും കുട്ടികള്‍ക്ക് നല്‍കിയാല്‍ മാത്രമേ അവര്‍ നിങ്ങളെ വിശ്വസിക്കുകയുള്ളു. ഇന്നത്തെ കാലത്ത് ഏറെ പ്രസക്തവും പ്രാധാന്യമുള്ള ഒരു വിഷയത്തിലേക്കാണ് വിമലാ രാജകൃഷ്ണന്‍ കടന്നുചെല്ലുന്നത്.

പുരാണങ്ങളിലും തനിക്ക് നല്ല അവഗാഹമുണ്ടെന്ന് തെളിയിക്കുന്ന ലേഖനങ്ങളും വിമലാ രാജകൃഷ്ണന്‍ അവതരിപ്പിക്കുന്നു. സ്‌നേഹമാണ് ഭക്തി എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പറയുന്ന ലേഖിക സദ്പ്രവൃത്തികളാണ് എന്നും എവിടെയും ശ്രേഷ്ഠം എന്ന് ഉദ്‌ഘോഷിക്കുന്നു.  

‘കൊച്ചു കൊച്ചുവലിയകാര്യങ്ങള്‍’ എന്ന മൂന്നാം ഭാഗത്തിലെ ലേഖനങ്ങള്‍ പലതും കുഞ്ഞുണ്ണിക്കവതികളെ ഓര്‍മ്മിപ്പിക്കും. എന്നുവച്ചാല്‍ ചെറിയ ലേഖനങ്ങളിലൂടെ വലിയ കാര്യങ്ങളാണ് ലേഖിക അവതരിപ്പിക്കുന്നത്. വിവേകാനന്ദനും ധര്‍മ്മവും, ത്രിജഡയുടെ ബുദ്ധി, ഭഗവാന്‍ ശിരസ് നമിക്കുന്നു, ഭഗവാന്‍ അന്നദാതാവോ? തുടങ്ങിയ ലേഖനങ്ങളില്‍ ഈ വലിയ  കാര്യങ്ങള്‍ നമ്മെ ചിന്തിപ്പിക്കുംവിധം പകര്‍ന്നുവച്ചിട്ടുണ്ട്.

യാത്രകളിലും കാഴ്ചകളിലും ആനന്ദം കണ്ടെത്തുന്ന ലേഖിക സമകാലിക ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളെ ജാഗരൂകമായി സമീപിക്കുന്ന എഴുത്തുകാരിയാണ്. ഹൃദ്യമായ ശൈലി യില്‍ ലളിതമായി, സുതാര്യമായി കാര്യങ്ങള്‍ പറഞ്ഞു പോകുന്ന രീതി വായനക്കാരെ ആകര്‍ഷിക്കും. ഒപ്പം ജീവിതത്തിന്റെ ആഴങ്ങളിലേക്ക് നമ്മെ നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു എഴുത്തുരീതിയും സഹജമായുണ്ട്.

ഡോ. ടി കെ സന്തോഷ് കുമാര്‍

എഴുത്തുകാരനും ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനും മാധ്യമ അദ്ധ്യാപകനുമാണ് ഡോ. ടി കെ സന്തോഷ് കുമാര്‍

More Posts

This post was last modified on February 15, 2015 2:36 pm